കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ സംഘപരിവാറുകാര്‍ സംവിധായകന്‍ കമലിന് പിന്നാലെയായിരുന്നു. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ കമലിനെ പാക്കിസ്ഥാനിലേക്ക് പറഞ്ഞു വിടണം എന്നു എന്നു പ്രസ്താവിച്ചത് വിമത ശബ്ദം പുറപ്പെടുവിക്കുന്ന സാംസ്കാരിക നായകന്മാരെ പാക്കിസ്ഥാനിലേക്ക് ‘കയറ്റുമതി’ ചെയ്യുന്ന ഏര്‍പ്പാടിന്റെ തുടര്‍ച്ച മാത്രമായിരുന്നില്ല. അത് കമല്‍ എന്ന പേരിനുള്ളിലെ കമാലുദ്ദീനെ പുറത്തു കൊണ്ടുവരല്‍ കൂടിയായിരുന്നു. തങ്ങളുടെ ഉള്ളില്‍ പുളിച്ചു തികട്ടുന്ന അതിദേശീയത ഛര്‍ദ്ദിക്കാന്‍ കേരളത്തിലെ സംഘപരിവാറുകാര്‍ക്ക് ഒരു കാരണം വേണമായിരുന്നു. കമല്‍ അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതു പോലെ ‘നല്ലൊരു ഇര’ വേണമായിരുന്നു. (ഈ അഭിമുഖത്തിന്റെ പൂര്‍ണരൂപം ഉടന്‍ പ്രസിദ്ധീകരിക്കും)
കേരള ലച്ചിത്രോത്സവ വേളയില്‍ തിയറ്ററില്‍ ദേശിയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ വിവാദം ഒടുവില്‍ കമല്‍ എന്ന ചലച്ചിത്ര സംവിധായകന്റെ സ്വപ്ന പദ്ധതിയായ ‘ആമി’ എന്ന ചലച്ചിത്രത്തിന് തുരങ്കം വെക്കുന്നത് വരെ എത്തി. കമലാ സുരയ്യയായി മതപരിവര്‍ത്തനം ചെയ്ത മാധവിക്കുട്ടിയുടെ ജീവിതം ബോളിവുഡ് നടി വിദ്യാ ബാലന്‍ അഭിനയിച്ച് ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കെയാണ് നടിയുടെ പിന്‍മാറ്റത്തിലൂടെ ചിത്രം അനിശ്ചിതത്വത്തിലായത്. മോദിയുടെ സ്വച്ഛ ഭാരത് ബ്രാന്‍ഡ് അംബാസിഡര്‍ ആയ നായികയുടെ പിന്‍മാറ്റം സിനിമാ രംഗത്ത് സാധാരണ സംഭവിക്കാറുള്ള കാരണങ്ങള്‍ കൊണ്ടാണ് എന്നു വിശ്വസിക്കാന്‍ കമല്‍ തയ്യാറല്ല. അതിനെ കുറിച്ച് കമല്‍ അഴിമുഖത്തോട് പറഞ്ഞതിങ്ങനെയാണ്, ‘കമല സുരയ്യയായി മത പരിവര്‍ത്തനം നടത്തിയാല്‍ അത് ഹിന്ദി സിനിമയിലെ തന്റെ നിലനില്‍പ്പിനെ ബാധിക്കുമോ എന്നവര്‍ ഭയപ്പെട്ടിരുന്നു. പ്രത്യേകിച്ചും ഹിന്ദി സിനിമാ മേഖലയില്‍ തീവ്ര ഹിന്ദുത്വ ഭീഷണി വര്‍ധിച്ചു വരുന്ന ഒരു സാഹചര്യത്തില്‍ എന്തിന് പോയി തലവെച്ചു കൊടുക്കണം എന്ന ചിന്ത അവര്‍ക്കുണ്ടായിട്ടുണ്ട്. ഈ ചിന്ത അവരില്‍ ഇഞ്ചെക്ട് ചെയ്തതിന് പിന്നില്‍ ആളുകളുണ്ട്. കൂടാതെ അവര്‍ ബിജെപി സര്‍ക്കിളില്‍ ഉള്ള നടിയാണ്. പ്രധാന മന്ത്രിയുടെ സ്വച്ഛ ഭാരത പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്. ഇതും കാരണമായിട്ടുണ്ടാകാം എന്നു ഞാന്‍ വിശ്വസിക്കുന്നു’. കമലിനെയല്ല മറിച്ച് കമല സുരയ്യയെ ആണ് ബിജെപി ഭയപ്പെട്ടത് എന്നു വ്യക്തം.
ഏറ്റവുമൊടുവില്‍ ഹിന്ദി സിനിമാ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ജയ്പൂരില്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പത്മാവതി എന്ന ചിത്രത്തിന്റെ സെറ്റില്‍ കയറി കര്‍ണിക് സേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുണ്ടാക്കിയ കുഴപ്പവും ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരെയും കലാകാരന്‍മാരെയും നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്. കമലില്‍ നിന്നും ബന്‍സാലിയിലേക്കുള്ള ദൂരം എത്ര പെട്ടെന്നാണ് സംഘപരിവാര്‍ താണ്ടിക്കഴിഞ്ഞത് എന്നത് സാംസ്കാരിക മേഖലയില്‍ അവര്‍ നടപ്പിലാക്കുന്ന ഹിന്ദുത്വ പദ്ധതിയുടെ ഭയാനക രൂപത്തെയും വേഗത്തെയുമാണ് കാണിക്കുന്നത്.
ദബോല്‍ക്കര്‍, കല്‍ബുര്‍ഗി, പന്‍സാര എന്നിവരെ കൊല ചെയ്തുകൊണ്ടും അന്തരിച്ച യു ആര്‍ അനന്തമൂര്‍ത്തിയെയും ഇപ്പോള്‍ എംടി വാസുദേവന്‍ നായരുമടക്കമുള്ള ജ്ഞാനപീഠം ജേതാക്കളായ സാഹിത്യകാരന്‍മാരെ ഭീഷണിപ്പെടുത്തിയും ഭയരഹിതമായി തങ്ങളുടെ ചിന്തകളെയും ഭാവനയെയും ആവിഷ്ക്കരിക്കാനുള്ള കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും ചിന്തകരുടെയും സ്വാതന്ത്ര്യത്തെയാണ് സംഘപരിവാര്‍ ഹനിക്കാന്‍ ശ്രമിക്കുന്നത്. എഴുത്തിന്റെ മേഖലയില്‍ ഒരാള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുമെങ്കിലും വലിയ തോതില്‍ പണം ഉള്‍പ്പെട്ട സിനിമ പോലുള്ള മേഖലയില്‍ സംഘപരിവാര്‍ ഭീഷണി ഫലിക്കും എന്നു തന്നെയാണ് കരുതേണ്ടത്. പാക് താരങ്ങളെ അഭിനയിപ്പിച്ചതിന്റെ പേരില്‍ കരണ്‍ ജോഹറിന് മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുമായി സന്ധി ചെയ്യേണ്ടി വന്നത് ഓര്‍ക്കുക.
സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയില്‍ അല്ലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ചിത്രീകരിക്കുന്നു എന്ന കിംവദന്തി പരന്നതിനെ തുടര്‍ന്നാണ് കര്‍ണിക് സേന ചിത്രീകരണ സെറ്റിലേക്ക് ഇരച്ചു കയറിയത്. അതേ സമയം ഈ റാണി പത്മാവതി പതിനാറാം നൂറ്റാണ്ടിലെ സൂഫി കവി മാലിക് മുഹമ്മദ് ജയസിയുടെ സൃഷ്ടിയാണ് എന്നതാണു വിരോധാഭാസം. ചരിത്രവും കഥയും കൊണ്ട് സമകാലീന ജീവിതത്തെ കലുഷിതമാക്കാനുള്ള കളി സംഘപരിവാര്‍ തുടരും എന്നു തന്നെയാണ് ബന്‍സാലിയുടെ അനുഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.