July 17, 2025 |
Share on

‘സർക്കാർ വാ​ഗ്ദാനം നൽകി കബളിപ്പിച്ചു, പരിഹാരം കാണാൻ ഒരാൾ എത്ര തവണ നിരാഹാരമിരിക്കണം?’

രൂപേഷിനെ മരണത്തിലേക്ക് തള്ളിവിടരുതെന്ന് ഭാര്യ

ജയിലിൽ വെച്ചെഴുതിയ നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് വീണ്ടും നിരാഹാരസമരത്തിനൊരുങ്ങി രാഷ്ട്രീയ തടവുകാരൻ രൂപേഷ്. രൂപേഷിന് നൽകിയ വാ​ഗ്ദാനം സർക്കാർ ലംഘിച്ചതിനാലാണ് വീണ്ടും നിരാഹാര സമരം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് ഭാര്യയും ജസ്റ്റിസ് ഫോർ പ്രിസണേർസ് അംഗവുമായ അഡ്വ. ഷൈന പി. എ അഴിമുഖത്തോട് പ്രതികരിച്ചു. രൂപേഷിന് വീണ്ടും നീതി നിഷേധിക്കപ്പെടുന്നുവെന്നും സർക്കാർ വാക്ക് പാലിക്കാൻ തയ്യാറാകണമെന്നുമാണ് അഴിമുഖത്തോട് സംസാരിച്ചപ്പോൾ ഷൈന പറഞ്ഞത്. പത്ത് വർഷത്തോളമായി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുകയാണ് രൂപേഷ്.

‘ഒരു വിഷയത്തിന് പരിഹാരം കാണുന്നതിനായി എത്ര തവണയാണ് ഒരാൾ നിരാഹാരമിരിക്കുന്നത്? സർക്കാർ ഞങ്ങളോട് ഇങ്ങോട്ട് പറഞ്ഞ കാര്യമാണ് ലംഘിച്ചിരിക്കുന്നത്. രൂപേഷ് ആശുപത്രിയിൽ കിടന്നിരുന്ന സമയത്ത് രാത്രി 10 മണിക്ക് ഡിജിപിയുടെ ഓഫീസിൽ നിന്ന് അവിടത്തെ വെൽഫെയർ ഓഫീസറെ ആശുപത്രിയിലേക്ക് അയക്കുകയും ജൂൺ മൂന്നിനകം പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അനുമതി നൽകുമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു. അങ്ങനെയാണ് മെയ് 30ന് രൂപേഷ് നിരാഹാരം അവസാനിപ്പിക്കുന്നത്. കാരണം ഇത് ഔദ്യോ​ഗികമായി അറിയിച്ചതാണ്. പറഞ്ഞിരുന്ന തീയതി കഴിഞ്ഞിട്ടും ഞങ്ങൾ കാത്തിരുന്നു. ശേഷം അധികൃതരെ കണ്ട് കാര്യമന്വേഷിച്ചപ്പോൾ സർക്കാർ കാര്യത്തിന് കുറച്ച കാലതാമസമെടുക്കുമെന്നാണ് അറിയിച്ചത്. തുടർന്ന് രൂപേഷ് വിവരാവകാശത്തിന് അപേക്ഷിച്ചപ്പോഴാണ് ​ഗവൺമെന്റിൽ നിന്നും ഡിജിപി ഓഫീസിൽ ഇതു സംബന്ധിച്ച് ഒരു ഉത്തരവും ലഭിച്ചിട്ടില്ല എന്ന് അറിയുന്നത്.

രൂപേഷിന്റെ കാര്യം അവതരിപ്പിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമമന്ത്രിയെ കണ്ടപ്പോൾ താൻ അടുത്തതായി എന്തിനെങ്കിലും അനുമതി നൽകാൻ ഒരു ഫയൽ ഒപ്പിടുന്നുണ്ടെങ്കിൽ അത് രൂപേഷിന്റേതായിരിക്കും എന്നാണ് സംസ്ഥാന മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞത്. ഈ വിഷയത്തിൽ മുൻപ് ഇടപെട്ടിരുന്നതും മുഖ്യമന്ത്രിയോട് ഞങ്ങൾക്ക് വേണ്ടി സംസാരിച്ചതും ബിനോയ് വിശ്വമാണ്. അദ്ദേഹത്തിന് നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഡിജിപിയുടെ ഓഫീസിലേക്ക് അങ്ങനെയൊരു ഫയൽ ചെന്നിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. എന്തിനാണ് ജനങ്ങളെ ഇങ്ങനെ വാ​ഗ്ദാനം നൽകി കബളിപ്പിക്കുന്നത്.

ജയിലിൽ കഴിയുന്ന ഒരാളെ സംബന്ധിച്ച് അയാൾക്ക് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ജയിലിൽ കിടന്നുകൊണ്ട് തന്നെ രൂപേഷ് പരാതി നൽകുകയും വിവരാവകാശത്തിന് അപേക്ഷിക്കുകയും നിരാഹാരം കിടക്കുകയും ചെയ്തു. ഇനിയെന്താണ് ഒരാൾക്ക് ചെയ്യാൻ കഴിയുക. രൂപേഷിന് ഇനി മുന്നിലുള്ള ഏക വഴി വീണ്ടും നിരാഹാരം കിടക്കുക എന്നതാണ്.

കഴിഞ്ഞ തവണ നിരാഹാരം കിടന്നപ്പോഴാണ് മഞ്ഞപ്പിത്തം പിടിപെടുന്നത്. തുടർന്ന് കാര്യമായ കരൾ വീക്കം ഉണ്ടായിട്ടുണ്ട് എന്നാണ് ഡോക്ടർ അറിയിച്ചിരുന്നത്. 30 വർഷം മദ്യം കഴിച്ചിരുന്ന ഒരു വ്യക്തിയുടെ കരളിനുണ്ടാകുന്ന പ്രശ്നങ്ങളാണ് നിലവിൽ രൂപേഷിന്റെ കരളിനുണ്ടായിരിക്കുന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്. ഇത്രയും തീവ്രമായ കരൾ രോ​ഗമുള്ള ഒരാൾ വീണ്ടും നിരാഹാരം തുടർന്നാൽ എന്താണ് സംഭവിക്കുക. ആ വ്യക്തിയെ മരണത്തിലേക്ക് തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതെല്ലാം മനസിലാക്കിയിട്ടാണ് രൂപേഷിന്റെ ആവശ്യം സർക്കാർ നിഷേധിക്കുന്നതും. ഒരു സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് പൗരന്മാർ പ്രതീക്ഷിക്കുന്ന ഒരു സമീപനമല്ല ഉണ്ടായിരിക്കുന്നത്.

പുസ്തകം പ്രസിദ്ധീകരിക്കാൻ എന്ത് നിയമ തടസമാണ് നിലവിലുള്ളത് എന്ന് എനിക്ക് മനസിലാകുന്നില്ല. അഥവാ അങ്ങനെയൊരു തടസമുണ്ടെങ്കിൽ അത് എന്താണെന്ന് പറയാനുള്ള മര്യാദയെങ്കിലും സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകേണ്ടതാണ്. ഒന്നുകിൽ അനുവാദം നൽകണം അല്ലെങ്കിൽ എന്താണ് നിഷേധിക്കാനുള്ള കാരണമെന്ന് വ്യക്തമാക്കണം. കലാ സാംസ്കാരിക രാഷ്ട്രീയ രം​ഗത്തുള്ള നിരവധി പേർ വിഷയത്തിൽ മുന്നോട്ട് വന്നിരുന്നു. അവരോടും കൂടിയാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. ഇതിൽ വീണ്ടും ഇടപെടണമെന്നാണ് എന്റെ അഭ്യർത്ഥന.

ആശ സമരത്തിനോട് സർക്കാർ കൈക്കൊണ്ട നിലപാട്, നിലപാട് ആദിവാസി ഭൂസമരത്തിൽ എടുത്തിരിക്കുന്ന നിലപാട് ഇതെല്ലാം ഞങ്ങൾ കാണുന്നതാണ്. വാ​ഗ്ദാന ലംഘനങ്ങളുടെ ഒരു പരമ്പരയാണ് ഈ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഞങ്ങൽ അധികം പ്രതീക്ഷവെയ്ക്കുന്നില്ല. എന്നാൽ കൂടി ഇത് നീതി നിഷേധമാണ്. രൂപേഷിന്റേത് തികച്ചും നിയമപരമായ ഒരാവശ്യമാണ്. ഫോണിലൂടെ മാത്രമാണ് രൂപേഷുമായിട്ട് എനിക്ക് ബന്ധപ്പെടാൻ സാധിക്കുന്നത്. രൂപേഷ് തൻ്റെ കേസുകൾ എല്ലാം സ്വയം വാദിക്കുന്നതിനാൽ അദ്ദേഹം നിരാഹാരം നടത്തിയാൽ വിചാരണയുടെ അവസാന ഘട്ടത്തിലുള്ള കേസുകൾ അടക്കമുളളവയുടെ നടത്തിപ്പ് മുടങ്ങി പോകാൻ സാധ്യതയുണ്ട്. രൂപേഷിന് ശിക്ഷ വിധിച്ച കേസിൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. തമിഴ്നാട്ടിലെ 16 കേസുകളിൽ ആണ് രൂപേഷിന് ഇനി ജാമ്യക്കാരെ നിർത്തേണ്ടത്. എല്ലാ രേഖകളും ശരിയാക്കി ജാമ്യക്കാരെ ഹാജരാക്കിയിട്ടും കഴിഞ്ഞ ദിവസം ഉദുമൽപേട്ടൈ കോടതി വൈകീട്ട് ആറര വരെ എല്ലാവരേയും കാത്തു നിർത്തിയ ശേഷം ബോണ്ട് ഒപ്പിടുവിക്കാൻ സാധ്യമല്ല എന്നറിയിക്കുകയായിരുന്നു. നികുതിച്ചീട്ട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഔദ്യോഗിക പരിഭാഷകൻ അല്ല എന്നതാണ് ഇതിനു കാരണമായി പറഞ്ഞത്. മറ്റെല്ലാ കേസുകളിലെ ജാമ്യക്കാരെ വിളിപ്പിച്ച് ജാമ്യം അനുവദിച്ചു പറഞ്ഞയച്ച ശേഷവും ഈ കേസിലെ ജാമ്യക്കാരെ കാണാൻ മജിസ്ട്രേറ്റ് തയ്യാറായില്ല. ജാമ്യം ലഭിച്ചാലും ഇത്തരം തൊടുന്യായങ്ങൾ പറഞ്ഞ് ജാമ്യ ബോണ്ട് ഒപ്പിടുവിക്കാതിരിക്കുന്നത് ഇത്തരം കേസുകളിലെ ഒരു സ്ഥിരം രീതിയാണ്.
ഒരാൾക്ക് നിറവേറ്റാൻ കഴിയാത്ത വ്യവസ്ഥകൾ ജാമ്യത്തിന് അപേക്ഷിക്കുമ്പോൾ വെയ്ക്കാൻ പാടില്ല എന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ജയിലിൽ കഴിയുന്നവർക്ക് ജാമ്യം അനുവദിക്കുകയാണ് വേണ്ടത്. രൂപേഷ് പുറത്തുവരുന്നത് പരമാവധി തടയാനുള്ള ​ഗൂഢാലോചനകൾ നടക്കുന്നുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. പത്ത് വർഷം കഴിഞ്ഞിട്ടും ജാമ്യത്തിന്റെ കാര്യത്തിൽ നടപടി സ്വീകരിക്കാൻ എന്തുകൊണ്ടാണ് ഇത്രയും വൈകുന്നത്,’ ഷൈന പി. എ അഴിമുഖത്തോട് പറഞ്ഞു.

ജയിലിൽ വെച്ചെഴുതിയ ബന്ദിതരുടെ ഓർമക്കുറിപ്പുകൾ എന്ന നോവൽ പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് രൂപേഷ് നിരാഹാരം പ്രഖ്യാപിച്ചത്. നിരാഹാരത്തെ തുടർന്ന് ആരോ​ഗ്യം മോശമായ രൂപേഷിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ അനുമതി നൽകുമെന്ന മുഖ്യമന്ത്രിയുടെ വാ​ഗ്ദാനത്തിന് പിന്നാലെ നിരാഹാരം അവസാനിപ്പിച്ചത്.

Content Summary: Maoist leader roopesh is set to begin another hunger strike; wife accuses government of breaking promises

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×