‘തലാലിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ നിമിഷ പ്രിയയുടെ മോചനം സാധ്യം’

കാന്തപുര ത്തിന്റെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ നിലപാടറിയിച്ചിരിക്കുന്നത്. നിലവിലെ യെമനിലെ സാഹചര്യം കണക്കിലെടുത്ത് നയതന്ത്ര ഇടപെടൽ സാധ്യമല്ലെന്നാണ് ഇതിന് ന്യായീകരണം നൽകിയിരിക്കുന്നതും.

വിഷയത്തിൽ യെമൻ ഭരണകൂടവുമായി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ ഇടപെട്ടുവെന്ന് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സേവ് നിമിഷപ്രിയ കൗൺസിൽ നടത്തുന്ന ശ്രമങ്ങളോടൊപ്പം കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

കൊല്ലപ്പെട്ട യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളിലൂടെയാണ് കാന്തപുരം ബന്ധപ്പെട്ടത്.
യെമന്‍ ഭരണകൂടവുമായും ബന്ധപ്പെട്ടിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമമുണ്ടാകുമെന്ന് ഉറപ്പു നല്‍കിയതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞദിവസം ചാണ്ടി ഉമ്മന്‍ എംഎല്‍എ കാന്തപുരവുമായി ബന്ധപ്പെട്ട് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു.

അതേസമയം, നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക യോ​ഗം നടക്കുന്നു. സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് യോ​ഗം നടക്കുന്നതെന്നാണ് റിപ്പോർട്ട്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ചർച്ചയ്ക്ക് യെമന്‍ ഭരണകൂട പ്രതിനിധികളും ഗോത്രത്തലവന്‍മാരും തയ്യാറായത്.

കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാൻ തയ്യാറായാൽ മോചനം സാധ്യമാകുമെന്നും  കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല അഴിമുഖത്തോട് പ്രതികരിച്ചു.

‘ഒരു വിദേശ രാജ്യത്തെ കോടതിയും ഭരണകൂടവുമാണ് നിമിഷപ്രിയയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ ബ്ലഡ് മണി സ്വീകരിച്ച് അവർക്ക് മാപ്പ് നൽകാൻ തയ്യാറായാൽ മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനാവുക. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടതിൽ എന്താണ് അവസ്ഥയെന്ന് എനിക്ക് പറയാൻ കഴിയില്ല. തലാല്‍ അബ്ദുമഹ്ദിയുടെ സഹോദരമുമായി സംസാരിച്ചിട്ടുണ്ട്. യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ഷെയ്ഖ് ഉമര്‍ ഹഫീളുമായാണ് കാന്തപുരം ഇടപെട്ടത്. അത്തരത്തിൽ നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ നടത്തുന്നുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടുള്ള ഇടപെടൽ ആദ്യമായാണ്. പ്രതീക്ഷ നൽകുന്ന ഒരു ശ്രമമായിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നത്. സുപ്രീം കോടതിയിൽ കേസ് പരി​ഗണിക്കുന്നുണ്ട്.

ഒരു വിദേശ പൗരൻ നമ്മുടെ നാട്ടിലെത്തി ക്രമിനിൽ കുറ്റം ചെയ്ത ശേഷം, ഇന്ത്യയിലെ കോടതിയിൽ ഒരു വിധി പ്രസ്താവിച്ച് കഴിഞ്ഞാൽ മറ്റൊരു രാജ്യം ഇടപെട്ടത് കൊണ്ട് മാത്രം ശിക്ഷയിൽ ഇളവ് വരുത്താൻ കഴിയില്ലല്ലോ? അതേസമയം, ഒരു സാധ്യത നിലനിൽക്കുന്നുണ്ട്. കോഴിക്കോട് റഹീമിന്റെ കേസിൽ ചെയ്തപോലെ കൊല്ലപ്പെട്ടവരുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാൻ തയ്യാറാകണം. മറ്റൊരു കാര്യം റഹീമിൻ്റെ കേസിൽ അയാൾക്ക് പറ്റിയത് ഒരു കൈയ്യബദ്ധമായിരുന്നു. എന്നാൽ നിമിഷപ്രിയയുടെ പേരിലുള്ളത് അത്തരത്തിലുള്ള കുറ്റമല്ല. ബോധപൂർവ്വമായ കൊലപാതകമാണ് നിമിഷപ്രിയയുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്.

മറ്റൊരു രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും നീതിന്യായ വ്യവസ്ഥയിലും ഇടപെടുന്നതിൽ നമ്മുടെ രാജ്യത്തിന് പരിമിതികളുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽകൂടി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലാണ് ചെറിയൊരു പ്രതീക്ഷയെങ്കിലും ബാക്കിവെയ്ക്കാൻ കാരണമായത്. വിഷയത്തിൽ ഇടനിലക്കാരനായി വലിയൊരു പണ്ഡിതനുമുണ്ട്. ബ്ലഡ് മണി സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ കുടുംബം തയ്യാറായാൽ അത് എത്ര തന്നെയായാലും അത് സമാഹരിച്ച് നൽകാൻ കേരളത്തിലെ ജനത തയ്യാറാണ്. അതിൽ മതമോ ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാതെ കേരളീയർ ഒറ്റക്കെട്ടായി നിന്ന് നിശ്ചയിച്ച സമയത്തിനുള്ളിൽ നൽകുമെന്നതിൽ സംശയമില്ല’, എന്‍ അലി അബ്ദുല്ല അഴിമുഖത്തോട് പ്രതികരിച്ചു.

2017 മുതൽ യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ പബ്ലിക് പ്രോസിക്രൂട്ടർ ഉത്തരവിട്ടിരിക്കുകയാണ്. ഈ മാസം 16ന് വധശിക്ഷ നടപ്പാക്കാനാണ് തീരുമാനം. 2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ സൂക്ഷിച്ചുവെന്ന കേസിനാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ വധശിക്ഷ നേരിടുന്നത്.

Content Summary: Kanthapuram intervenes in Nimishapriya case; victim’s family have to accept blood money

This post was last modified on July 15, 2025 12:43 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment