കര്‍മ ന്യൂസിലെ പിരിച്ചുവിടല്‍; ജീവനക്കാരെ പുറത്താക്കിയത് ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അറിവോടെ

മറ്റ് ചാനലുകളിലെ പ്രമുഖരെ എത്തിക്കാനും നീക്കം

കര്‍മ ന്യൂസ് പോര്‍ട്ടലിന്റെ ചാനലായ പ്രജ്ഞ ന്യൂസ് 16 പേരെ പിരിച്ചുവിട്ട സംഭവം സ്ഥാപനത്തിലെ തന്നെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകരായ ജീവനക്കാരെ പിരിച്ചുവിടുന്നതിന് ഒരുമാസം മുമ്പേ തന്നെ സ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം നല്‍കി പുതിയ നിയമനം നടത്തി അഞ്ച് മാസത്തിനകം ചാനല്‍ പ്രവര്‍ത്തനമാരംഭിക്കാനും നീക്കം.  ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കമ്പനി സിഇഒ സോംദേവിന്റെ നേതൃത്വത്തില്‍ ഓരോ വിഭാഗത്തിന്റെയും മേധാവിമാരുടെ മീറ്റിങ്ങും നടത്തിയിരുന്നു.

ജനം ടിവി മുന്‍ ചീഫ് എഡിറ്ററെ വാര്‍ത്താവിഭാഗം മേധാവിയാക്കാനും സീ കേരളത്തിന്റെ കേരള ഹെഡിനെ സമാനമായ സ്ഥാനത്തേക്ക് കൊണ്ടുവരാനുമാണ് നീക്കം.  ഇതില്‍ നിലവിലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്ക് ശക്തമായ വിയോജിപ്പുകള്‍ ഉള്ളതായാണ് സൂചന.

അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ട നടപടി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് അഴിമുഖത്തോട് പറഞ്ഞ എക്സിക്യൂട്ടീവ് എഡിറ്റര്‍ താനൊരു തൊഴിലാളി മാത്രമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.

മാനേജ്മെന്റിനൊപ്പം സ്ഥാപന മേധാവിമാരും ചേര്‍ന്ന് നടത്തിയ നാടകമാണ് കൂട്ടപ്പിരിച്ചുവിടല്‍ എന്നാണ് ആരോപണം. സാമ്പത്തിക പ്രതിസന്ധി എന്ന കാരണം പറഞ്ഞാണ് മാനേജ്മെന്റ് 16 ജീവനക്കാരെ പിരിച്ചുവിട്ടതായി ഇ മെയില്‍ അയച്ചത്. എന്നാല്‍ മെയ് 31 ന് പിരിച്ചുവിട്ട് ജൂണ്‍ നാലിന് ലക്ഷങ്ങള്‍ മുടക്കി പുതിയ ജീവനക്കാരെ നിയമിക്കുന്നത് മാനേജ്മെന്റിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുന്നതാണ്.

അതേസമയം, തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തക കൂട്ടായ്മയായ കെയുഡബ്യുജെക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ അവസ്ഥ ദയനീയമാണെന്നും ഇത്രയും ജീവനക്കാരുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പറഞ്ഞാണ് മാനേജ്മെന്റ്, കെയുഡബ്യുജെ സംസ്ഥാന സെക്രട്ടറിക്ക് കത്ത് അയച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി എന്ന് പറയുമ്പോഴും ഒരുലക്ഷം രൂപ മുതല്‍ മുകളിലേക്ക് ശമ്പളം വാങ്ങുന്ന മാധ്യമപ്രവര്‍ത്തകരെ നിലനിര്‍ത്തുകയും ഓഫീസിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ മുടക്കം കൂടാതെ നടക്കുന്നതും എങ്ങനെയാണെന്നും പിരിച്ചുവിടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു.

ഇക്കഴിഞ്ഞ മെയ് 21-ാം തീയതി രാത്രി 12 മണിക്കാണ് ജീവനക്കാര്‍ക്ക് മെയ് 31 ന് പിരിഞ്ഞുപോകണമെന്ന് കാണിച്ച് 16 ജീവനക്കാര്‍ക്കാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണമായി പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് വിശദമായ വാര്‍ത്ത അഴിമുഖം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.

നോട്ടീസ് തരുകപോലും ചെയ്യാതെ പിരിച്ചുവിട്ട മാനേജ്‌മെന്റ് നടപടിക്കെതിരെ ജീവനക്കാര്‍ എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. 16 ജീവനക്കാര്‍ക്ക് പുറമെ പ്രജ്ഞ ന്യൂസിന്റെ ദക്ഷിണേന്ത്യയിലെ എക്‌സിക്യൂട്ടീവ് ബിസിനസ് അഡ്മിനിട്രേറ്ററായി കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ജോലി ചെയ്തുവന്ന സ്വപ്‌ന സുരേഷിനെയും പുറത്താക്കിയിട്ടുണ്ട്.

ഒമ്പത് മാധ്യമപ്രവര്‍ത്തകരും രണ്ട് വീഡിയോ എഡിറ്റേഴ്സ്, രണ്ട് ഗ്രാഫിക് ഡിസൈനര്‍മാരും, കാമറാമാന്‍, രണ്ട് മാര്‍ക്കറ്റിംഗ് സ്റ്റാഫുകളെയും സ്വപ്ന സുരേഷിനെയുമാണ് പിരിച്ചുവിട്ടത്. ജീവനക്കാരില്‍ പലരും 2025 ജനുവരി മുതല്‍ പ്രജ്ഞയില്‍ ജോലി ചെയ്യുന്നവരാണ്.

Content Summary: Karma news; employees fired with the knowledge of senior journalists at the channel

This post was last modified on June 5, 2025 10:14 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment