‘ഹൃദയത്തില്‍ വിനയവും ചുണ്ടുകളില്‍ പ്രാര്‍ത്ഥനയുമായാണ് ഞങ്ങള്‍ സുവര്‍ണ്ണക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിച്ചത്, കോപത്തോടെയല്ല, ദുഃഖത്തോടെയാണ് ഞങ്ങള്‍ ഈ തീരുമാനം എടുത്തത്’
അമൃത് സര്‍, ജൂണ്‍ 05, 1984.
ഇന്ത്യന്‍ സൈനിക മേധാവി, ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി
സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര സൈനിക നടപടിയും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക വഴിത്തിരിവുകളിലൊന്നുമാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. പഞ്ചാബിലെ അമൃത്സറിലെ സിഖുകാരുടെ പുണ്യ ദേവാലയമായ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ രക്തം ചൊരിഞ്ഞിട്ട് 41 വര്‍ഷങ്ങള്‍.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, പഞ്ചാബിന്റെ തെരുവുകളില്‍ ശേഷം വീണ്ടും വിഘടനവാദത്തിന്റെ ആശങ്കകള്‍ പുകയുകയാണ്. അമൃത് പാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ വീണ്ടും ഖാലിസ്ഥാന്‍ വാദം ഉയരുകയും അക്രമത്തിന്റെ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യുമ്പോള്‍ പഴയ മുറിവിന്റെ ഓര്‍മ്മകള്‍ രാജ്യത്തെ ഇന്നും നീറ്റുന്നുണ്ട്. ഒരു നേതാവിന്റെ പരിവേഷം കിട്ടിയ പുതിയ വിഘടനവാദി അമൃതപാല്‍ സിംഗ് സന്ധു ഓരോ പ്രസംഗത്തിലും ഭിന്ദ്രന്‍ വാലയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി പഞ്ചാബില്‍ ഇന്നും പ്രസംഗിക്കുന്നു. ഭിന്ദ്രന്‍ വാല ഇന്നും മരിച്ചിട്ടില്ല, ഇവിടെയെല്ലാം ജീവിക്കുന്നു.
ആരാണ് ഭിന്ദ്രന്‍ വാല?
സ്വതന്ത്ര ഇന്ത്യയില്‍ തീവ്രവാദത്തിന് പുതിയ നിറം നല്‍കിയ ഭീകരതയുടെ പ്രവാചകനായി മാറിയ, സന്ത് ജെര്‍ണല്‍ സിംഗ് ഭിന്ദ്രന്‍ വാല ജനിച്ചത് 1947ല്‍, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷമാണ്. പഞ്ചാബിലെ മോഗയില്‍ റൊഡെ ഗ്രാമത്തില്‍ ഒരു ജാട്ട് കര്‍ഷകനായ ജോഗീന്ദര്‍ സിംഗിന്റെ ഒമ്പത് മക്കളിലൊരാളായിരുന്നു അയാള്‍. ജോഗീന്ദറിന് ഇത്രയും മക്കളെ പോറ്റാന്‍ ധനസ്ഥിതിയില്ലാത്തതിനാല്‍ നാലോ അഞ്ചോ വയസുള്ളപ്പോള്‍ ഭിന്ദ്രനെ മതപഠനകേന്ദ്രമായ ‘ദംദമി തക്സലി’ലാക്കി.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം സുവർണ ക്ഷേത്രം പട്ടാളത്തിൻ്റെ നിയന്തണത്തിൽ
അച്ചടക്കവും അര്‍പ്പണബോധവും സഹനശീലവും സ്വഭാവ നൈര്‍മല്യവുമുള്ള സിഖ്മത പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് ഈ മതപഠന കേന്ദ്രത്തിന്റെ ലക്ഷ്യം. 25 വയസ് വരെ ഈ മതപഠന കേന്ദ്രത്തില്‍ അജ്ഞാതനായി, നിശബ്ദനായി ഭിന്ദ്രന്‍ ജീവിച്ചു. ഇക്കാലത്ത് വിവാഹിതനാവുകയും, രണ്ട് കുട്ടികളുടെ പിതാവാകുകയും ചെയ്തു. ഏറെ കഴിയും മുമ്പ് ലൗകിക ജീവിതം വിട്ട് സന്യാസിയെപ്പോലെയായി.
‘സദാ സമയവും അദേഹം ചിന്തയിലായിരുന്നു. ഗോതമ്പ് വയലില്‍ അതികഠിനമായി പണിയെടുക്കും. ഏപ്രില്‍ മാസത്തിലാണ് കൊയ്ത്ത് തുടങ്ങുന്നത്. വെളുപ്പിന് നാലു മണി മുതല്‍ ഉച്ചയ്ക്ക് പതിനൊന്നര വരെയാണ് കൊയ്ത്ത്. നട്ടുച്ചയ്ക്ക് തീവെയിലത്ത് ആര്‍ക്കും കൊയ്യാന്‍ കഴിയില്ല. എന്നാല്‍ ഭിന്ദ്രന്‍ അങ്ങനെയായിരുന്നില്ല. വൈകുന്നേരം വരെ ഭക്ഷണം പോലും കഴിക്കാതെ, അദ്ദേഹം പണിയെടുക്കും. അന്നേ ദൃഢനിശ്ചയമുള്ള ആളായിരുന്നു അദ്ദേഹം ‘ദംദമി തക്സലി’ലെ അക്കാലത്തെ ഒരു അന്തേവാസി ഓര്‍ക്കുന്നു.
1977 ല്‍ ഭിന്ദ്രന്‍ വാല ദംദമി തക്സലിന്റെ തലവനായി. സന്ത് ജേര്‍ണല്‍ സിംഗ് ഭിന്ദ്രന്‍ വാല, ആറടി ഒരിഞ്ച് ഉയരത്തില്‍ മെലിഞ്ഞ ദേഹപ്രകൃതക്കാരന്‍, തീക്ഷ്ണമായ കണ്ണുകള്‍, മൂര്‍ച്ചയുള്ള ചിന്തയും ഭാഷയും. സന്ത് എന്നാല്‍ ജനറല്‍ എന്നര്‍ത്ഥം. 1978 ഏപ്രില്‍ 13 നാണ് ആദ്യമായി ജെര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍ വാലയെന്ന പേര് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏപ്രില്‍ 13 സിഖുകാരുടെ പ്രധാനപ്പെട്ട ദിവസമാണ്. വാര്‍ഷിക വിളവെടുപ്പ് ദിവസം. അത് കൂടാതെ ഗുരു ഗോബിന്ദ് സിങ് ആളുകളെ സിഖ് മതത്തില്‍ ചേര്‍ത്ത ദിവസം എന്ന നിലയിലും പ്രാധാന്യമുള്ള നാള്‍. സിഖുകാര്‍ക്കിടയിലെ ഒരു വിഭാഗമായിരുന്ന നിരങ്കാരികളുമായുണ്ടായ സംഘര്‍ഷമാണ് ഭിന്ദ്രന്‍ വാലയെ പ്രശസ്തനാക്കിയത്.
ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ ഷെല്ലാക്രമണത്തിൽ തകർന്ന അകാൽ തക്ത്
ദള്‍ ഖല്‍സ എന്ന സംഘടനയുമായി രംഗത്ത് വന്ന ഭിന്ദ്രന്‍ വാലയുടെ അനുയായികള്‍ ഏപ്രില്‍ 13 ന് സിഖുകാരുടെ പുണ്യ നഗരമായ അമൃത്സറില്‍ വെച്ച് നിരങ്കാരികളുമായി ഏറ്റുമുട്ടി. നിരങ്കാരികളുടെ ഗുരുവായ ഗുരു ബച്ചന്‍ സിംഗിനെ വാള്‍ വലിച്ചൂരി വെട്ടാന്‍ ചെന്ന ഭിന്ദ്രന്‍ വാലയുടെ അനുയായി ഫൗജാസിംഗിനെ നിരങ്കാരി ഗുരുവിന്റെ അംഗരക്ഷകര്‍ വെടിവെച്ചു കൊന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ മൂന്ന് നിരങ്കാരികളും, ഭിന്ദ്രന്റെ പക്ഷക്കാരായ പന്ത്രണ്ട് സിഖുകാരും കൊല്ലപ്പെട്ടു. തുടര്‍ന്ന് പഞ്ചാബ് രാഷ്ട്രീയം അക്രമാസക്തമായി. കേന്ദ്ര സര്‍ക്കാരാകട്ടെ വേണ്ട നടപടിയെടുക്കാതെ നോക്കി നിന്നു.
1975 ലെ, അടിയന്തരാവസ്ഥക്ക് ശേഷം അധികാരം നഷ്ടമായ ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തില്‍ വന്നതോടെ പ്രധാന പ്രതിപക്ഷമായ ജനതാ പാര്‍ട്ടിയേയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും ദുര്‍ബലമാക്കാന്‍ ശ്രമമാരംഭിച്ചു. ജനതാ പാര്‍ട്ടിക്ക് പ്രധാന പിന്തുണ നല്‍കിയിരുന്ന പഞ്ചാബിലെ അകാലി നേതൃത്വത്തിനെ ഒതുക്കാന്‍ വഴികള്‍ തേടി. പ്രകാശ് സിംഗ് ബാദല്‍, ഹര്‍ചരണ്‍ സിംഗ് ലോംഗോ വാള്‍, ഗുരു ചരണ്‍ സിംഗ് എന്നിവരായിരുന്നു അകാലികള്‍ക്ക് നേതൃത്വം നല്‍കിയത്.
പഞ്ചാബില്‍ മതപരമായ എല്ലാ പിന്തുണയുമുള്ള ഈ സഖ്യത്തിനെ പൊളിക്കാന്‍ ഇന്ദിരാ ഗാന്ധിയുടെ ഇളയ മകന്‍ സഞ്ജയ് ഗാന്ധി, പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പിന്നീട് ഇന്ദിരാ ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയുമായ ഗ്യാനി സെയില്‍ സിങ്ങിനോട് വഴി തേടി. പഞ്ചാബ് രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ നന്നായറിയാവുന്ന സെയില്‍ സിങ്ങാണ് ഭിന്ദ്രന്‍ വാലയെ രംഗത്തിറക്കാന്‍ സഞ്ജയ് ഗാന്ധിക്ക് ഉപദേശം നല്‍കിയതെന്ന് 1985 ല്‍ ബി.ബി.സി ലേഖകന്മാരായ മാര്‍ക്ക് ടള്ളിയും സതീഷ് ജേക്കബും ചേര്‍ന്നെഴുതിയ Amritsar, The last battle of Mrs.Gandhi എന്ന വിവാദ പുസ്തകത്തില്‍ പറയുന്നു. അങ്ങനെ ഇന്ദിരാ ഗാന്ധിയുടേയും സഞ്ജയ് ഗാന്ധിയുടേയും മനസ് പോലെ ഏറെ താമസിക്കാതെ, അയാള്‍ ദേശീയ രാഷ്ട്രീയത്തില്‍ അകാലി നേതാക്കള്‍ക്ക് ബദലായി പ്രത്യക്ഷപ്പെട്ടു.
1980 ഏപ്രില്‍ 24 ന് ഡല്‍ഹിയില്‍ വച്ച് നിരങ്കാരി നേതാവ് ഗുരു ബച്ചന്‍ സിംഗിനെ ഭിന്ദ്രന്‍ വാലയുടെ അനുയായികള്‍ വധിച്ചു. അതോടെ ഖലിസ്ഥാന്‍ വാദം, സ്വന്തമായി സിഖുകാര്‍ക്ക് പ്രത്യേക രാഷ്ട്രം എന്ന വിഘടന വാദവുമായി ഭിന്ദ്രന്‍ വാല പരസ്യമായി രംഗത്ത് വന്നു. യാഥാസ്ഥിതിക സിഖുകാരും യുവതലമുറയിലെ സിഖുകാരും അയാള്‍ക്ക് പിന്തുണ നല്‍കിയതോടെ കാര്യങ്ങള്‍ മാറി മറയാന്‍ തുടങ്ങി.
തീവ്രവാദി നേതാവിൻ്റെ കാർമ്മികത്വത്തിൽ സുവർണ ക്ഷേത്രത്തിനുള്ളിൽ നടന്ന ഓൾ ഇന്ത്യാ സിക്ക് സ്റ്റുഡൻസ് ഫെഡറേഷൻ സെക്രട്ടറിയായ ഹരിന്ദർ സിങ്ങിൻ്റെ വിവാഹ ചടങ്ങിൽ സന്ത് ജെർണൽ സിങ്ങ് ഭിന്ദ്രൻ വാല
നിരങ്കാരികളെ മാത്രമല്ല. തന്നെ എതിര്‍ക്കുന്നവരെയെല്ലാം അയാള്‍ കശാപ്പു ചെയ്യാന്‍ തുടങ്ങി. ഭിന്ദ്രന്‍ വാലയെ തന്റെ പത്രത്തിലൂടെ നിരന്തരം വിമര്‍ശിച്ചതിന് പിന്നാലെ, പഞ്ചാബിലെ ഹിന്ദു സമാചാര്‍ പത്ര ഗ്രൂപ്പിന്റെ എഡിറ്ററായ ലാലാന ജഗജിത്ത് നാരായണനെ വെടിവച്ചു കൊന്നു. ഇതിനകം തീവ്രവാദത്തിലേക്ക് വഴുതി വീണു കഴിഞ്ഞ അനുയായികളും ഭിന്ദ്രന്‍ വാലയും പഞ്ചാബിലെ സമാധാനപരമായ ജീവിതത്തിന് വെല്ലുവിളിയായി മാറി. ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രിയായ ദര്‍ബാറ സിംഗ്, ഭിന്ദ്രന്‍ വാലയെ അറസ്റ്റ് ചെയ്യാന്‍ രംഗത്തെത്തുകയും വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. അപ്പോള്‍ അയാള്‍ ഹരിയാനയില്‍ മത പ്രഭാഷണം നടത്തുകയായിരുന്നു. പോലീസ് വരുന്നതിന് അല്‍പ്പം മുന്‍പ് സൂചന ലഭിച്ച അയാള്‍ അവിടെ നിന്ന് മുങ്ങി. തങ്ങളുടെ സംസ്ഥാനത്ത് പ്രശ്നം വേണ്ട എന്ന് കരുതി ഹരിയാന സര്‍ക്കാര്‍ തന്നെ അയാളെ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് പിന്നാമ്പുറ കഥ.
പ്രതിയെ കിട്ടാത്ത ദേഷ്യത്തിന് പോലീസ് അയാളുടെ വാഹനങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും തീയിട്ടു നശിപ്പിച്ചു. കൂടാതെ അവിടെ കൂടിയ ജനങ്ങളെ പിരിച്ചു വിടാന്‍ വെടിവയ്പ്പ് നടത്തി. 34 പേരാണ് അതില്‍ കൊല്ലപ്പെട്ടത്. തങ്ങളെ വാളുമായി സിഖുകാര്‍ ആക്രമിച്ചു എന്നായിരുന്നു പോലീസ് ഭാഷ്യം. ഈ അവസരം മുതലെടുത്തു ഭിന്ദ്രന്‍ വാല അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലേക്ക് വന്നു. അവിടെ ഗുരുനാനാക്ക് നിവാസില്‍ സസുഖം താമസിക്കാന്‍ ആരംഭിച്ചു.
1982 ജൂലൈ 25 ന് ഭിന്ദ്രന്‍ വാല ഒരു പ്രഖ്യാപനം നടത്തി. ‘സിഖുകാര്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുകയാണ്. ഒരു കപ്പ് വെള്ളം കിട്ടണമെങ്കില്‍ അവര്‍ ഒരു കപ്പ് രക്തമൊഴുക്കേണ്ടിവരുന്നു.’ കേന്ദ്രത്തിന്റെയും പഞ്ചാബ് സര്‍ക്കാരിന്റെയും സിഖുകാര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് താന്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ തുടരുമെന്നും അയാള്‍ പ്രഖ്യാപിച്ചു.
ഇന്ത്യൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങ് ബ്ലൂസ്റ്റാർ നടന്ന ശേഷം സുവർണ ക്ഷേത്രം സന്ദർശിച്ചപ്പോൾ
ഒരു സൂചന കൂടിയായിരുന്നു അത്. കാരണം ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിഖുകാരനായ ഗ്യാനി സെയില്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്ത ദിവസമായിരുന്നു അന്ന്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും അയാള്‍ ആയുധധാരികളായ അനുയായികളൊത്ത് ഡല്‍ഹിയില്‍ ഒരു കൂസലും കൂടാതെ പരസ്യമായി സഞ്ചരിച്ചത് ഭരണകൂടവും ഭയപ്പെട്ടു തുടങ്ങിയെന്നതിന്റെ സൂചനയായിരുന്നു. ഭിന്ദ്രന്‍ വാല സുവര്‍ണ്ണ ക്ഷേത്രം തന്റെ ആയുധപ്പുരയും അധിനിവേശ കേന്ദ്രവുമാക്കി ഭരണമാരംഭിച്ചു. വിശുദ്ധ വിശ്വാസത്തിന്റെ പ്രചാരനായ താന്‍ സിഖ് മതത്തെ രക്ഷിക്കാനെത്തിയ പതിനൊന്നാമത്തെ ഗുരുവാണെന്ന് സ്വയം പ്രഖ്യാപിച്ചു. സിഖുകാരാകട്ടെ, സവിശേഷ ഗുണങ്ങളുടെ മൂര്‍ത്തരൂപമായി അയാളെ അംഗീകരിച്ചു.
സുവര്‍ണ്ണ ക്ഷേത്രത്തില്‍ കള്ളക്കടത്തിലൂടെ ആയുധങ്ങള്‍ കൊണ്ടുവന്നു. മികച്ച ആയുധങ്ങളും, സ്ഫോടന വസ്തുക്കളും കൊണ്ട് ഒരു കോട്ടപോലെയാക്കി മാറ്റി. ഏതാണ്ട് സുവര്‍ണക്ഷേത്രത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ അയാള്‍ താമസം ക്ഷേത്രത്തിനുള്ളിലെ പരിപാവനമായ ‘അകാല്‍ തക്തിലേക്ക്’ മാറ്റി. ആറാമത്തെ ഗുരുവായ ഹര്‍ ഗോബിന്ദ് സിംഗ് നിര്‍മ്മിച്ചതാണ് ‘കാലാതീതമായ സിംഹാസനം’ എന്നര്‍ത്ഥമുള്ള, അകാല്‍ തക്ത്. സുവര്‍ണക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലായ ദര്‍ബാര്‍ സാഹിബിനെതിര്‍വശത്തുള്ള ഈ മന്ദിരം ആദ്യമായി ഒരാളുടെ വസതിയായി.
ഭിന്ദ്രന്‍ വാലയുടെ പ്രധാന സൈനിക ഉപദേഷ്ടാവ് ഷാബെഗ് സിംഗ് എന്നൊരു പ്രഗല്‍ഭനായിരുന്നു. ഇന്ത്യന്‍ കരസേനയിലെ ഒരു മേജര്‍ ജനറലായിരുന്ന ഇയാള്‍ 1971 ലെ ബംഗ്ലാദേശ് വിമോചന സേനയായ മുക്തി ബാഹിനിയില്‍ അഭിമാനകരമായ ധീരസേവനം നടത്തി ബഹുമതി നേടിയ സൈനിക മേധാവിയായിരുന്നു. പിന്നീട് അയാള്‍ കുഴപ്പത്തില്‍ പെട്ടു. സൈന്യ സേവനകാലത്ത് സാമ്പത്തിക തിരിമറി നടത്തിയെന്ന് അയാള്‍ക്കെതിരെ ആരോപണമുണ്ടായി. ഏതാനും സൈനിക ട്രക്കുകള്‍ മറിച്ച് വിറ്റ കുറ്റം ശരിയാണെന്ന് കണ്ടെത്തിയ സൈനിക കോടതി കോര്‍ട്ട് മാര്‍ഷല്‍ നടത്തി അയാളെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതികാരദാഹിയായ അയാള്‍ നേരെ ചെന്ന് ഭിന്ദ്രന്‍ വാലയുടെ സൈനിക നേതൃത്വം ഏറ്റടുത്തു. പിന്നീട് സുവര്‍ണ്ണ ക്ഷേത്രത്തെ സായുധവല്‍ക്കരിച്ചത് ഷാ ബെഗ് സിംഗായിരുന്നു.
1984 ല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഭിന്ദ്രന്‍ വാലയുടെ തീപ്പൊരി പ്രസംഗത്തില്‍ ആകൃഷ്ടരായി സിഖ് യുവാക്കള്‍ സുവര്‍ണ ക്ഷേത്രത്തിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ക്ഷേത്ര സമുച്ചയത്തിലെ അടുക്കളകളിലൊന്നായ ‘രാംദാസ് ലങ്കാറി’നു മുന്നിലെ മൈതാനത്ത് പലകകള്‍ കെട്ടി മറച്ച് ഷാ ബെഗ് സിംഗ് യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കി. പതിനായിരത്തോളം യോദ്ധാക്കളെ വാര്‍ത്തെടുത്തു. അതോടെ ഭിന്ദ്രന്‍ വാല കൂടുതല്‍ ശക്തനായി. ക്ഷേത്രത്തിനകത്ത് ഭക്തിയേക്കാള്‍ ഭീതി വിതച്ചു കൊണ്ട് ഭിന്ദ്രന്‍ വാലയുടെ ആയുധധാരികളായ ഭീകരര്‍ വിലസി. ശരീര പരിശോധന നടത്താതെ ഒരാള്‍ക്കും സിഖ് നേതാവിനെ കാണാനാവില്ല. ഇതിനായി പ്രവേശന കവാടത്തില്‍ സായുധരായ ഒരു സംഘം തന്നെ മേല്‍നോട്ടം വഹിച്ചു.
1983 ഏപ്രിലില്‍ 23 ന് അമൃത്സറിലെ പോലീസ് ഡി.ഐ.ജി ആയിരുന്ന എ.എസ് അത്വാള്‍ സുവര്‍ണ്ണ ക്ഷേത്രത്തിലെ ദര്‍ശനത്തിനിടെ പടി കയറുന്ന വേളയില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു വീണു. സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് മേധാവിയെ വധിച്ചത് ആരാണെന്ന് സംശയമില്ലായിരുന്നെങ്കിലും ഘാതകനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഘാതകന്‍ കൃത്യം നടത്തി ക്ഷേത്രസമുച്ചയത്തിനുള്ളില്‍ മറഞ്ഞു. സിഖുകാരനായ അത്വാളിന്റെ വെടിയുണ്ടകളേറ്റ് തുളഞ്ഞ മൃതശരീരം രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം അധികാരികള്‍ക്ക് കൈമാറി.
സന്ത് ജെർണൽ സിങ്ങ് ഭിന്ദ്രൻ വാല തൻ്റെ അനുയായികളോടൊത്ത് സുവർണ ക്ഷേത്രത്തിൽ
ഡല്‍ഹി ഗുരുദ്വാര കമ്മറ്റിയുടെ പ്രസിഡന്റ് ഹര്‍ബന്‍ സിംഗ് മാന്‍ ചന്ദയായിരുന്നു അടുത്ത ഇര. ഡല്‍ഹിയില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അടുത്ത് വച്ച് കാറില്‍ സഞ്ചരിച്ച മാന്‍ചന്ദയെ രണ്ട് സിഖ് യുവാക്കള്‍ കാറിനുള്ളിലേക്ക് നിറയൊഴിച്ചു വകവരുത്തി മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. അതും പകല്‍ വെളിച്ചത്തില്‍. അമൃത്സറിലെ ബിജെപി പ്രസിഡന്റും എംഎല്‍എയുമായിരുന്ന ഹര്‍ബര്‍സ് ലാല്‍ ഖന്ന സ്വന്തം മെഡിക്കല്‍ ഷോപ്പില്‍ ഇരിക്കുമ്പോള്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട് സിഖ് യോദ്ധാക്കള്‍ സുവര്‍ണക്ഷേത്രത്തിന്റെ പരമാധികാരികളായി മാറി. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അകാലികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.
കാര്യങ്ങള്‍ അങ്ങേയറ്റം നിയന്ത്രണമില്ലാതായതോടെ പഞ്ചാബ് സംസ്ഥാനം കലാപബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പരിപൂര്‍ണമായ അധികാരമുള്ള സിഖ് രാഷ്ട്രം എന്ന അനന്ത്പൂര്‍ പ്രമേയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 1984 ജൂണ്‍ 3 ന് സിഖുകാര്‍ നേതാവായ ലോംഗോവാളിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഗവണ്‍മെന്റ് കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. പ്രസിഡന്റ് ഭരണം പരാജയപ്പെട്ട അവസ്ഥയില്‍ സൈനിക നടപടി അനിവാര്യമാണെന്ന് ഇന്ദിരാ ഗാന്ധിക്ക് ഉറപ്പായി.
ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്തതും സങ്കീര്‍ണവും അപകടകരവും വിഷമകരവുമായ തീരുമാനമായിരുന്നു അത്. ആ തീരുമാനത്തിന് അവരും രാജ്യവും വലിയ വില കൊടുക്കേണ്ടിയും വന്നു. ഭിന്ദ്രന്‍ വാലയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതും ആ തീരുമാനത്തിലൂടെയായിരുന്നു. പോലീസ് സേനയെ ഉപയോഗിച്ച് പ്രക്ഷോഭം നേരിടുമെന്നായിരുന്നു അയാള്‍ കരുതിയത്. പക്ഷേ 1984 ജൂണ്‍ 2ന് ഇന്ദിരാ ഗാന്ധി അവസാന തീരുമാനം കൈക്കൊണ്ടു. എന്ത് പ്രത്യാഘാതമുണ്ടായാലും, സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയച്ച് തീവ്രവാദികളെ പുറത്ത് ചാടിക്കുക.
സൈനിക നടപടിയെ കുറിച്ച് രണ്ട് വിവാദ പുസ്തകങ്ങൾ
ഇതേക്കുറിച്ച് പ്രസിഡന്റ് സെയില്‍ സിങ്ങുമായി അവര്‍ സംസാരിച്ചപ്പോള്‍ സെയില്‍ സിംഗ് ഇതിനെ ശക്തിയായി എതിര്‍ത്തു. തന്ത്രപരമായി, സൈനിക നടപടികളിലൂടെയല്ലാതെ വേണം എന്നായിരുന്നു സെയില്‍ സിംഗ് ഉപദേശിച്ചത്. പട്ടാള നടപടിയുണ്ടായാല്‍ ജനരോഷം ഉയരും. അത് ഒഴിവാക്കണമെന്ന് ശക്തിയായി അദ്ദേഹം വാദിച്ചു. തീര്‍ച്ചയായും അത് പരിഗണിക്കാമെന്ന് അവര്‍ പറഞ്ഞെങ്കിലും തീരുമാനം മറ്റൊന്നായിരുന്നു. പട്ടാള നടപടികള്‍ വേഗത്തിലായി. ഭിന്ദ്രന്‍ വാലയെയും അനുയായികളെയും പുറത്ത് ചാടിക്കാനുള്ള സൈനിക നടപടി ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍’ ആസൂത്രണം ചെയ്യപ്പെട്ടു.
അതിന് മുന്‍പ് ഇന്ത്യയുടെ പാകിസ്താനുമായുള്ള അതിര്‍ത്തികള്‍ പട്ടാളം ഭദ്രമായി അടച്ചു. സൈനിക തലങ്ങളില്‍. ഇത് ‘ഓപ്പറേഷന്‍ വുഡ് റോസ്’ എന്ന രഹസ്യനാമത്തിലറിയപ്പെട്ടു. സുരക്ഷാ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ കൊച്ചുമക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരെ സ്‌കൂള്‍ ബോര്‍ഡിങ്ങില്‍ നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാറ്റി.
1984 ജൂണ്‍ 2ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ടിവിയിലൂടെയും, റേഡിയോയിലൂടെയും ജനങ്ങളെ അഭിസംബോധന ചെയ്തു. ‘അകാലികളോട് പ്രക്ഷോഭം ഉപേക്ഷിക്കാനും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന പരിഹാരങ്ങള്‍ സ്വീകരിച്ച്, സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനും അഭ്യര്‍ത്ഥിച്ചു. ‘മുറിവുകളുണക്കാന്‍ നാം ഒരുമിച്ച് കൈകോര്‍ക്കണം’ പ്രക്ഷേപണത്തിനൊടുവില്‍ വികാരാധീനയായി പറഞ്ഞവസാനിപ്പിച്ചു. അതിന്റെ തലേന്ന് വൈകീട്ട് സൈന്യവും ഭീകരരും തമ്മില്‍ കനത്ത വെടിവയ്പ്പാരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിനകം ഇന്ത്യന്‍ പട്ടാളം സുവര്‍ണ ക്ഷേത്രത്തിന് ചുറ്റും നിലയുറപ്പിച്ചിരുന്നു.
സന്ത് ജെർണൽ സിങ്ങ് ഭിന്ദ്രൻ വാലയുടെ ബോർഡി ഗാർഡുകൾ
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് തൊട്ട് മുന്‍പ് സുവര്‍ണക്ഷേത്രത്തിനകത്ത് അകാല്‍ തക്തില്‍ ഭിന്ദ്രനുമായി അവസാനമായി അഭിമുഖം നടത്തിയ സുഭാഷ് കൃപേക്കര്‍ എന്ന പത്രപ്രവര്‍ത്തകന്‍ ചോദിച്ചു – ‘ബൃഹത്തായ ഇന്ത്യന്‍ സൈനിക ശക്തിക്ക് മുന്‍പില്‍ സിഖുകാര്‍ നിഷ്പ്രഭരാവില്ലേ ?’ ഭിന്ദ്രന്‍ ഒരു പ്രവാചകനെപ്പോലെ മറുപടി പറഞ്ഞു: ‘ആയിരം ആടുകളെ നേരിടാന്‍ ഒരൊറ്റ സിംഹം മതി. സിംഹം ഉറങ്ങുമ്പോള്‍ പക്ഷികള്‍ ചിലയ്ക്കും. ഉറങ്ങിയെഴുന്നേറ്റ നിമിഷം അവ പറന്നു പോകും. ‘അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ എന്ത് ചെയ്യും ?’ അതിനുത്തരവാദികളോടാണ് ഇത് ചോദിക്കേണ്ടത്.’ എന്നായിരുന്നു മറുപടി മരണഭയത്തെ കുറിച്ച് കൃപേക്കറുടെ ചോദ്യത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു- ‘ഒരു സിഖുകാരന്‍ മരണത്തെ ഭയപ്പെടുന്നില്ല. ഭയപ്പെടുന്നവന്‍ സിഖുകാരനുമല്ല’
എന്നാല്‍ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ മേജര്‍ ജനറലായ ഷാ ബെഗ് പറഞ്ഞു. ‘തീര്‍ച്ചയായും അതുണ്ടാകും, മിക്കവാറും ഇന്ന് അര്‍ദ്ധരാത്രി തന്നെ.’ ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ മേജര്‍ ജനറലായ ഷാ ബെഗിന് കൃത്യമായി വസ്തുതകള്‍ അറിയാമായിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ പങ്കെടുത്ത മുഖ്യ സൈനിക വ്യൂഹമായ 9 ഡിവിഷന്റെ കമാന്‍ഡര്‍ മറ്റൊരു മേജര്‍ ജനറലായിരുന്നു. കുല്‍ദീപ് സിംഗ് ബ്രാര്‍. യാദൃച്ഛികമെന്ന് പറയട്ടെ. അദ്ദേഹം ഭിന്ദ്രന്‍ വാലയുടെ നാട്ടുകാരനും അതേ സമുദായക്കാരനുമായിരുന്നു. ഭിന്ദ്രന്‍ കൊടും പാപമെന്ന് വിളിച്ച, ഒരിക്കലും പൊറുക്കാത്ത കാര്യങ്ങള്‍. മുടി മുറിക്കുക, താടി ഷേവ് ചെയ്യുക. ഇത് രണ്ടും ചെയ്ത സിഖുകാരനായിരുന്നു കുല്‍ദീപ് സിംഗ് ബ്രാര്‍.
മീററ്റില്‍ നിന്ന് തന്റെ ഡിവിഷനുമായി അമൃത്സറിലെത്തിയപ്പോള്‍. ആ നഗരം തികച്ചും ബാഹ്യലോകവുമായി ബന്ധം വിഛേദിച്ച നിലയിലായിരുന്നു. കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും തീവണ്ടി വിമാന സര്‍വീസുകളും റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. വിദേശ പത്ര ലേഖകരുള്‍പ്പെടെ എല്ലാ പത്ര പ്രതിനിധികളേയും പ്രത്യേകം ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ അമൃത്സറില്‍ നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്തു.
ആക്രമണത്തിൽ തകർന്ന ഗോപുരം
ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ തൊട്ടു മുന്‍പ് കുല്‍ദീപ് സിങ്ങ് ബ്രാര്‍ സൈനികരെ അഭിസംബോധന ചെയ്തു. ഇന്ത്യന്‍ സൈന്യത്തില്‍ 60% സിക്കുകാരാണ്. അതിനാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഈ സൈനിക നടപടി വരുത്തിയേക്കാം. സിക്കുകാരുടെ വികാരങ്ങള്‍ക്ക് മുറിവേല്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിര്‍ണ്ണായകമായ ഒരു നീക്കമായിരുന്നു ബ്രാറിന്റെത് ‘നിങ്ങളില്‍ ആരെങ്കിലും മതപരമായ കാരണത്തില്‍ അകത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ദയവായി മുന്നോട്ട് വരിക. നിങ്ങളോട് ഓപ്പറേഷനില്‍ പങ്കെടുക്കാന്‍ ഒരിക്കലും ആവശ്യപ്പെടില്ല, നിങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല. ഞാന്‍ ഉറപ്പ് തരുന്നു.’ വികാരഭരിതമായി കടന്നുപോയ ആ നിമിഷത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ പോലും എതിര്‍പ്പുമായി മുന്നോട്ട് വന്നില്ല.
ജൂണ്‍ 5ന് വൈകീട്ട് 7 മണിക്ക് ഇന്ത്യന്‍ സൈന്യത്തിലെ 16-ാം റെജിമെന്റിന്റെ ടാങ്കുകള്‍ സുവര്‍ണ്ണ ക്ഷേത്രസമുച്ചയത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ ആരംഭിച്ചു. ‘ഹൃദയത്തില്‍ മനുഷ്യത്വവുമായി, ചുണ്ടുകളില്‍ പ്രാര്‍ത്ഥനയുമായാണ് ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചത്’ ഇതേക്കുറിച്ച് ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി പിന്നീട് പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ അന്ന് അഞ്ചാമത്തെ സിഖ് ഗുരുവായ അര്‍ജ്ജുന്‍ സിംഗിന്റെ രക്തസാക്ഷി ദിനമായിരുന്നു. സിഖുകാര്‍ക്ക് മതപരമായ പ്രധാനപ്പെട്ട ദിനം. ഇത് പ്രമാണിച്ച് പതിനായിരക്കണക്കിന് സാധാരണക്കാരായ സിഖ് ഭക്തന്മാര്‍, ഗ്രാമീണര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി തിങ്ങിക്കൂടിയിരുന്നു. സൈനിക മേധാവികള്‍ ഉച്ചഭാഷിണിയില്‍ ഇവരോട് ക്ഷേത്രത്തിന് പുറത്തേക്ക് വരാന്‍ അഭ്യര്‍ത്ഥിച്ചു. പക്ഷെ, അവര്‍ക്കതിനു കഴിഞ്ഞില്ല. ഭീകരര്‍ അവരെ രക്ഷാകവചമായി ഉപയോഗിച്ചു. വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം അകത്ത് പെട്ടു പോയി. പിന്നീട് കനത്ത ഷെല്ലാക്രമണത്തിലും വെടിവെപ്പിലും ഇവര്‍ ബലിയാടുകളായി.
അര്‍ദ്ധരാത്രിയില്‍ ഹെലികോപ്റ്ററില്‍ വളരെ ഉയരത്തില്‍ നിന്ന് പാരച്യൂട്ടില്‍ ചാടി അകാല്‍ തക്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ പാരാകമാന്‍ഡോകളെ എതിരേറ്റത് ഭീകരരുടെ മെഷീന്‍ ഗണ്ണില്‍ നിന്നുള്ള വെടിയുണ്ടകളായിരുന്നു. വളരെ രഹസ്യമായി ആസൂത്രണം ചെയ്ത ഈ ഓപ്പറേഷനൊക്കെ കൃത്യമായി തീവ്രവാദികള്‍ അറിഞ്ഞുയെന്നതൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. അപ്രതീക്ഷിതമായ ഈ തിരിച്ചടിയില്‍ ഒട്ടെറെ കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ മോര്‍ട്ടോറുകളും മെഷീന്‍ ഗണ്ണുകളുകളുമുപയോഗിച്ച് തിരിച്ചടിച്ചു.
ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർത്ത – ഹിന്ദുസ്ഥാൻ ടൈംസിൽ
അതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ ടാങ്കുകള്‍ ഇരച്ചുകയറി ഷെല്ലാക്രമണമാരംഭിച്ചു. തീവ്രവാദികള്‍ മോര്‍ട്ടോറുകളും മെഷീന്‍ ഗണ്ണുകളുകളുമുപയോഗിച്ച് തിരിച്ചടിച്ചു. ഒടുവില്‍ രണ്ട് ദിവസത്തെ, കനത്ത പോരാട്ടത്തിനു ശേഷം സൈന്യം ക്ഷേത്ര സമുച്ചയത്തില്‍ ആധിപത്യം സ്ഥാപിച്ചു. ഒടുവില്‍ ഭിന്ദ്രന്‍ വാലയുടേയും, ഓള്‍ ഇന്ത്യാ സിഖ് സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രസിഡന്റ് അമറിക്ക് സിംഗ് എന്നിവരുടെയും മൃതശരീരം വെട്ടിയുണ്ട തുളഞ്ഞു കയറിയ നിലയില്‍ സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ നിന്ന് കണ്ടെടുത്തു. ഒടുവില്‍ രണ്ട് ദിവസത്തെ, കനത്ത പോരാട്ടത്തിനുശേഷം സൈന്യം ക്ഷേത്ര സമുച്ചയത്തില്‍ ആധിപത്യം സ്ഥാപിച്ചു.
സൈനിക നടപടി രക്തചൊരിച്ചിലിലൂടെ അവസാനിച്ചപ്പോള്‍ 250 സിഖ് തീവ്രവാദികള്‍ കീഴടങ്ങി. കീഴടങ്ങിയ കുറെ പേരെ അവിടെ വെച്ചു തന്നെ കൂട്ടക്കൊല ചെയ്തുവെന്നും പിന്നീട് ആരോപണമുയര്‍ന്നിരുന്നു. വിദേശ മുദ്രയിലുള്ള ആയുധങ്ങള്‍ വന്‍ തോതില്‍ പിടിച്ചെടുത്തു. ലക്ഷക്കണക്കിന് വിലയുള്ള സ്വര്‍ണ്ണവും കോടിക്കണക്കിന് കറന്‍സിയും പിടിച്ചെടുത്തു.
സര്‍ക്കാര്‍ പുറത്തുവിട്ട ധവളപത്രമനുസരിച്ച് 493 തീവ്രവാദികളും 4 ഓഫീസറുമുള്‍പ്പടെ 83 സൈനികര്‍ കൊല്ലപ്പെട്ടു. 249 പേര്‍ക്ക് പരിക്കേറ്റു. ശരിക്കും കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്. ഇന്ത്യന്‍ സേനയുടെ സുപ്രീം കമാന്ററായ ഇന്ത്യന്‍ രാഷ്ട്രപതി ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് അറിഞ്ഞതെന്നത് ഏറ്റവും വലിയ ദുരന്തമാണ്.
പഞ്ചാബിനെ കലാപ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതിനാല്‍ പട്ടാളത്തെ വിളിക്കാന്‍ പ്രസിഡന്റിന്റെ ആവശ്യമില്ല എന്ന സാങ്കേതിക കാരണത്താല്‍ ഇന്ത്യന്‍ പ്രസിഡന്റ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. രണ്ട് ദിവസം കഴിഞ്ഞ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, രാഷ്ട്രപതി സെയില്‍ സിങ്ങിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ നേരിട്ട് കണ്ട്, മനസിലാക്കാന്‍ അമൃത്സറില്‍ പോകണമെന്ന് നിര്‍ദ്ദേശിച്ചു. ഒരു സിഖുകാരനായ രാഷ്ട്രപതിയുടെ അപ്പോഴത്തെ മനോനില രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഇന്ദിരാ ഗാന്ധിക്ക് നന്നായി അറിയാമായിരുന്നു.
രാഷ്ട്രപതി സ്ഥാനം രാജിവെയ്ക്കാന്‍ ഇതിനകം സിഖ് സമുദായത്തില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിരുന്നു. പക്ഷേ, സെയില്‍ സിംഗ് വഴങ്ങിയില്ല. ഒടുവില്‍ രാഷ്ട്രപതി സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രതികരണങ്ങളറിയാന്‍ ഇന്ദിരാ ഗാന്ധിയുടെ സ്പെഷല്‍ അസിസ്റ്റന്റ് ആര്‍.കെ. ധവാന്‍ കൂടെ തന്നെ നടന്നു.
ഭിന്ദ്രൻ വാലയുടെ സൈനിക മേധാവി ഷാ ബേഗ് സിങ്ങ്
സെയില്‍ സിംഗ് തന്റെ ഓര്‍മ്മക്കുറിപ്പില്‍ എഴുതി: ‘പൊള്ളുന്ന ചൂട്, ക്ലോക്ക് ടവറിന് സമീപത്തെ മേല്‍ക്കൂരയുള്ള കവാടത്തിലൂടെ ഞാന്‍ സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ പ്രവേശിച്ചു. കീര്‍ത്തനാലാപനം കേട്ടു. സിഖ് സൈനികരാണ് പാടിയിരുന്നത് പിന്നീട് ഞാനറിഞ്ഞു. ഞാന്‍ കടന്നുപോകുന്ന വഴിയും പരിസരവും വൃത്തിയാക്കാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. എങ്കിലും വെന്തു കരിഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ തങ്ങി നിന്നു. താഴെ യുദ്ധം നടന്ന മുക്കിലും മൂലയിലുമെല്ലാമുള്ള മൃതദേഹങ്ങള്‍ എടുത്തു മാറ്റാന്‍ സമയം പിടിക്കും. എത്ര ശുചിയാക്കിയാലും ആ അത്യുഷ്ണത്തില്‍ ചീഞ്ഞു തുടങ്ങിയ ശവശരീരങ്ങളുടെ ദുര്‍ഗന്ധമകറ്റാന്‍ സാധ്യമല്ല തന്നെ.’
ഏതൊരു സിഖ് സ്ഥാപനത്തിലും പാദരക്ഷകളണിഞ്ഞു കൊണ്ട് പ്രവേശിക്കാന്‍ പാടില്ല. ഞാനും ഷൂസ് ഊരി മാറ്റി. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എ എന്‍ വൈദ്യ, വെസ്റ്റണ്‍ കമാന്റ് ജി.ഒ.സി ഇന്‍ ചാര്‍ജ് ലെഫ്.ജനറല്‍ കെ. സുന്ദര്‍ജി. ലഫ്. ജനറല്‍ ടി.എസ്. ഒബ്റോയ്, മേജര്‍ ജനറല്‍ കുല്‍ദീപ് സിംഗ് ബ്രാര്‍ തുടങ്ങിയവര്‍ അവിടെയുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ, ആ പുണ്യ സ്ഥാപനത്തിന് സംഭവിച്ച കേടുപാടുകള്‍ കണ്ടു ഞാന്‍ ഞെട്ടിപ്പോയി. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയത്തിന് ഈ ദുര്‍ഗതി വരുത്തി വെച്ച തീവ്രവാദികളുടെ മതഭ്രാന്തും നശീകരണ വാസനയും കണ്ട് ഞാന്‍ അമ്പരന്നു. സ്ഥിതിഗതികള്‍ ശരിക്ക് വിലയിരുത്താതെ ദുരുപദിഷ്ടമായ അറ്റ കൈ പ്രയോഗത്തിനൊരുങ്ങിയ സര്‍ക്കാരിന്റെ ബുദ്ധിശൂന്യതയില്‍ എനിക്ക് ദു:ഖമുണ്ടായി.’
തുടര്‍ന്ന് ക്ഷേത്ര സമുച്ചയം നടന്ന് കണ്ട സെയില്‍ സിംഗിന് തന്നെ സര്‍ക്കാര്‍ അറിയിച്ചതിന്റെ പത്തിരട്ടി നാശനഷ്ടമാണ് സുവര്‍ണക്ഷേത്രത്തിന് സംഭവിച്ചിരിക്കുന്നതെന്ന് മനസിലായി. തീര്‍ത്ഥക്കുളത്തിനു ചുറ്റുമുള്ള, പ്രദക്ഷിണം വെയ്ക്കുന്ന, നടപ്പാതയിലേക്ക് രാഷ്ട്രപതി കാലെടുത്തു വെച്ചപ്പോള്‍ ഒരു വെടിയൊച്ച കേട്ടു. രാഷ്ട്രപതിക്കു ചുറ്റുമുള്ള സുരക്ഷക്കായി നില്‍ക്കുന്ന കേണല്‍ ചൗധരിയെന്ന ഓഫീസര്‍ ആ വെടിയേറ്റ് നിലം പതിച്ചു. ഒരു ഇന്ത്യന്‍ പ്രസിഡന്റ് നേരിട്ട ആദ്യത്തെയും അവസാനത്തെയും വധശ്രമമായിരുന്നു അത്. കീഴടങ്ങാന്‍ വിസമ്മതിച്ച ഒറ്റപ്പെട്ട ഭീകരരാണ് ഇന്ത്യന്‍ രാഷ്ട്രപതി സെയില്‍ സിങ്ങിനെ വകവരുത്താന്‍ ശ്രമിച്ചത്. ഒരു ഇന്ത്യന്‍ പ്രസിഡന്റിന് നേരയുണ്ടായ ആദ്യത്തെ വധശ്രമമാണിത്.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബ്ലൂസ്റ്റാർ നടന്ന ശേഷം സുവർണ ക്ഷേത്രം സന്ദർശിച്ചപ്പോൾ
വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട, രാഷ്ട്രപതി ഡല്‍ഹിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കയച്ച കത്തിലൂടെ രൂക്ഷമായി പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ, രക്തപങ്കിലമായ സൈനിക നടപടി അങ്ങനെ അവസാനിച്ചു. തീര്‍ത്ഥാടകരായ നിരപരാധികളായ സിഖുകാരടക്കം, 1600 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ, വധത്തിനും, തുടര്‍ന്നുണ്ടായ ഡല്‍ഹിയിലെ സിഖ് കൂട്ടക്കൊലക്കും കാരണമായ സൈനിക നടപടിയായി ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍.
ബ്ലൂ സ്റ്റാര്‍ ദുരന്തകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി. ഓപ്പറേഷന് ഉത്തരവിട്ട പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, നാല് മാസങ്ങള്‍ക്ക് ശേഷം അവരുടെ സിഖ് അംഗരക്ഷകരാല്‍ വധിക്കപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ അക്കാലത്തെ സൈനിക മേധാവിയുമായിരുന്ന ജനറല്‍ അരുണ്‍ വൈദ്യ, രണ്ട് വര്‍ഷത്തിന് ശേഷം പൂനെയില്‍ വച്ച് സിക്കുകാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് ശേഷം ഇന്ത്യൻ സൈനികർ സുവർണക്ഷേത്ര പരിസരം വൃത്തിയാക്കുന്നു
ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും ധീരനായ ജനറല്‍മാരില്‍ ഒരാളായ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ കുല്‍ദീപ് സിംഗ് ബ്രാര്‍, ഉയര്‍ന്ന ഇന്ത്യന്‍ സൈനിക ബഹുമതിയായ വീര്‍ചക്ര നേടി. ഒരിക്കല്‍ ലണ്ടനില്‍ വെച്ച് സിഖ് തീവ്രവാദികളുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ബ്രാര്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നടന്ന് 51 വര്‍ഷങ്ങള്‍ക്ക് ശേഷവും ഖാലിസ്ഥാന്‍ വിഘടനവാദികളുടെ വധഭീക്ഷണിയില്‍ ഇപ്പോഴും കനത്ത സുരക്ഷാ വലയത്തില്‍ ജീവിക്കുന്നു.
ഭീകരവാദത്തിന് പുതിയ മുഖം നല്‍കിയ, വെറുപ്പിന്റെ പ്രവാചകന്‍ എന്ന് വിളിക്കപ്പെടുന്ന സന്ത് ജേര്‍ണല്‍ സിംഗ് ഭിന്ദ്രന്‍വാലയും അയാളുടെ ചെയ്തികളും ഇന്നും പഞ്ചാബിനെ വേട്ടയാടുന്നു.
Content Summary: Operation blue star; 41years since blood was shed in the golden temple