ആഗോള ബോക്സ് ഓഫീസിൽ 200 കോടി ഗ്രോസ് പിന്നിട്ട് സൂര്യ ചിത്രം കറുപ്പ്. സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് കറുപ്പ്. സൂര്യയുടെ വമ്പൻ കംബാക്ക് ആണ് ചിത്രം എന്നാണ് സിനിമ കണ്ടിറങ്ങിയ ആരാധകരുടെ അഭിപ്രായങ്ങൾ. ഇതോടെ സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമായി മാറിയിരിക്കുകയാണ് കറുപ്പ്. എല്ലായിടത്തും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. 207 കോടിയോളം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്. നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
‘സിങ്കം 2’-ന്റെ റെക്കോഡുകൾ തകർത്തുകൊണ്ടാണ് കറുപ്പ് ഇപ്പോൾ തിയറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 15.50 കോടിയാണ്. തിയറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ സൂര്യ വീണ്ടും തിരിച്ചെത്തുന്ന കാഴ്ചയാണ് ഇപ്പോൾ ഇത് തമിഴകത്തിന്. സിങ്കം 2ന്റെ കളക്ഷൻ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയറ്റർ കളക്ഷൻ. വെറും 4 ദിനം കൊണ്ടാണ് കറുപ്പ് ഇപ്പോൾ ഈ കളക്ഷനെ മറികടന്നിരിക്കുന്നത്. തമിഴ് മണ്ണിന്റെ നടിപ്പിൻ നായകനാണ് സൂര്യയെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി മികച്ച ബോക്സ് ഓഫീസ് പ്രകടനങ്ങൾ നടത്തിയ ചിത്രങ്ങളൊന്നും സൂര്യയ്ക്ക് ഉണ്ടായിരുന്നില്ല. ‘കങ്കുവ’, ‘റെട്രോ’ തുടങ്ങി തിയറ്ററിലെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങളുണ്ടാക്കിയില്ല. സൂര്യയുടെ ‘സൂരരൈ പോട്ര്’, ‘ജയ് ഭീം’ തുടങ്ങിയ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടിയെങ്കിലും കോവിഡ് മഹാമാരി കാരണം അവ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്തത്.
മെയ് 15 ന് ആയിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുൻപ് വരെ പ്രതിസന്ധികളിലൂടെയായിരുന്നു കറുപ്പ് കടന്നു പോയത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തിനും ഏറെ കയ്യടികൾ ലഭിച്ചിട്ടുണ്ട്.
This post was last modified on May 22, 2026 3:35 pm
Leave a Comment