June 04, 2026 |

കശ്മീർ ശാന്തം; എംഎൽഎമാർ കേരളത്തിലേക്ക് നാളെ യാത്ര തിരിക്കുമെന്ന് ടി സിദ്ദിഖ്

ശ്രീന​ഗർ താഴ്വര, ധാൽ പ്രദേശം എന്നിവടങ്ങളിലെ അന്തരീക്ഷം നിലവിൽ ശാന്തമാണ്

നിയമസഭ അഷ്വറൻസ് കമ്മിറ്റിയുടെ പര്യടന പരിപാടിയുടെ ഭാ​ഗമായി കശ്മീരിലേക്ക് പുറപ്പെട്ട കേരളത്തിൽ നിന്നുള്ള നാല് എംഎൽഎമാർ കശ്മീരിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൊല്ലം എംഎൽ എം മുകേഷ്, കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ എന്നിവരാണ് നിലവിൽ കാശ്മീരിലുള്ളത്.

ഭീകരാക്രമണത്തെ തുടർന്ന് റദ്ദാക്കിയ കശ്മീർ നിയമസഭ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച കശ്മീരിൽ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ന് നടക്കുമെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് അഴിമുഖത്തോട് വ്യക്തമാക്കി. എംഎൽഎമാരുടെ സംഘം നാളെ കേരളത്തിലേക്ക് യാത്ര തിരിക്കുമെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.

ഈ രണ്ട് ദിവസത്തിനിടയിൽ കശ്മീരിൽ കുടുങ്ങി കിടക്കുന്ന നിരവധി മലയാളികളാണ് സഹായമഭ്യർത്ഥിച്ച് ഞങ്ങളെ ബന്ധപ്പെട്ടത് അവരുടെ മടക്കയാത്രയ്ക്കുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ശ്രീന​ഗർ താഴ്വര, ധാൽ പ്രദേശം എന്നിവടങ്ങളിലെ അന്തരീക്ഷം നിലവിൽ ശാന്തമാണ്. ഭീകരാക്രമണത്തിന് എതിരെ കശ്മീർ ജനതയുടെ പ്രതിഷേധത്തിന്റെ ഭാ​ഗമായി ഇന്നലെ കടകമ്പോളങ്ങൾ അടച്ചിട്ടിരുന്നെങ്കിലും ഇന്ന് കശ്മീർ പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കഴി‍ഞ്ഞു. ഞങ്ങൾക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ​ഗതാ​ഗത സംവിധാനങ്ങളെല്ലാം പുനഃസ്ഥാപിച്ചുവെന്ന് ടി സിദ്ദിഖ് പറഞ്ഞു.

22ാം തീയതി വൈകിട്ടോടെ കശ്മീരിലെത്തിയ ഇവരെ കാത്തിരുന്നത് ഭീകരാക്രമണത്തിന്റെ വാർത്തയായിരുന്നു. ഞങ്ങൾ കശ്മീരിലെത്തിയ ഉടനെ ഞങ്ങൾക്ക് കടുത്ത സുരക്ഷ ഒരുക്കുകയും, സർക്യൂട്ട് ഹൗസിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. അന്ന് രാത്രിയിലാണ് മലയാളിയായ രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വിവരമറിയുന്നത്. വിവരം അറിഞ്ഞയുടനെ ടി ജെ വിനോദ് എംഎൽഎയുമായി ബന്ധപ്പെട്ട് രാമചന്ദ്രന്റെ മകൾ ആരതിയുടെ നമ്പർ സംഘടിപ്പിക്കുകയും ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി.

”പിതാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞ് എല്ലാ തരത്തിലുള്ള ക്രമീകരണങ്ങൾ നടത്താനും ആരതിയാണ് മുന്നിൽ നിന്നത്. എനിക്ക് ആ കുട്ടിയെ ഓർത്ത് അഭിമാനം തോന്നുന്നു. എന്ത് തരത്തിലുള്ള തിരിച്ചടികൾക്കും നമ്മുടെ രാജ്യത്തെ തകർക്കാനാവില്ലെന്ന് ആ പെൺകുട്ടിയിലൂടെ എനിക്ക് മനസിലായി” ടി സിദ്ദിഖ് പറഞ്ഞു.

ഞങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ സാധിക്കില്ലെങ്കിൽ ഞങ്ങളെ എന്തിനാണ് ഇങ്ങോട്ട് വിളിച്ചു വരുത്തിയതെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ കരഞ്ഞു കൊണ്ട് കശ്മീരിനോട് ചോദിക്കുന്ന ദൃശ്യങ്ങളും ഞങ്ങൾ കാണുകയുണ്ടായി. കുടുംബങ്ങളെയെല്ലാം ചേർത്ത് പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കർണാടകയിലെ തൊഴിൽവകുപ്പ് മന്ത്രി സന്തോഷ് ലാഡും സംഭവസ്ഥലത്ത് എത്തിയിരുന്നു.

ഇന്നലെ രാവിലെയോട് കൂടി ആശുപത്രിയിലുണ്ടായിരുന്ന മൃതശരീരങ്ങൾ എല്ലാം കശ്മീരിലെ സെൻട്രൽ പോലീസ് കൺട്രോൾ റൂമിലേക്ക് കൊണ്ടുവരാനുള്ള നടപടി സൈന്യം സ്വീകരിച്ചിരുന്നു. കൊല്ലപ്പെട്ട എല്ലാവരുടെയും മൃതശരീരങ്ങൾ അവിടെ പൊതുദർശനത്തിന് വയ്ക്കുകയും ഞങ്ങൾ നാല് എംഎൽഎമാരും മരണപ്പെട്ടവർക്ക് അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.

ഒ‌മർ അബ്ദുള്ളയുമായി എംഎൽഎമാരായ ഞങ്ങൾ സംസാരിച്ചിരുന്നു. സുരക്ഷ സംബന്ധിച്ച ആശങ്കകളും മരണപ്പെട്ടവരിൽ ഒരു മലയാളി ഉൾപ്പെട്ട വിവരും ഒമർ അബ്ദുള്ളയുമായി പങ്കു വയ്ക്കാനും ഞങ്ങൾക്ക് സാധിച്ചു. ഭീകരാക്രമണത്തിൽ ഞങ്ങൾക്കുണ്ടായ ആശങ്കയും പ്രയാസവും വേദനയുമെല്ലാം ഞങ്ങൾ രേഖപ്പെടുത്തി. ”ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്, ആക്രമണം അപ്രതീക്ഷിതമായിരുന്നു” ഒമർ അബ്ദുള്ള ഞങ്ങളോട് പറഞ്ഞു. പരമാവധി സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നാണ് ഒമർ അബ്ദുള്ളയുടെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ട് കണ്ട് കെ സി വേണു​ഗോപാൽ സംസാരിച്ചതായും ടി സിദ്ദിഖ് വ്യക്തമാക്കി.

കേരളത്തിലെ അസംബ്ലിയിലെ അഷ്വറൻസ് കമ്മിറ്റിയുടെ പ്രതിനിധികളായാണ് കൊല്ലം എംഎൽ എം മുകേഷ്, കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ എന്നിവ‌‍ർ കശ്മീരിലെത്തുന്നത്. നിയമസഭ നടപടികളുടെ ഭാ​ഗമായി എംഎൽഎമാർ ഇടയ്ക്ക് അന്തർസംസ്ഥാന സന്ദർശനങ്ങൾ നടത്താറുണ്ട്. അത്തരത്തിൽ കാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് എത്തിയതായിരുന്നു എംഎൽഎമാർ
content summary: Kashmir witnesses the restoration of peace T. Siddique MLA said they would be returning to Kerala soon

Leave a Reply

Your email address will not be published. Required fields are marked *

×