കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയുടെ സർക്കാരിനെതിരായ പ്രതിഷേധത്തിൽ പുകഞ്ഞ് കെനിയ. പ്രസിഡന്റിന്റെ ഭരണവിരുദ്ധ നയങ്ങൾക്കെതിരെ നൂറുക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധത്തിനിടയിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതായും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 400ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കടുത്ത എതിർപ്പിനിടെ നികുതി ഉയർത്താനുള്ള വിവാദ ധന ബിൽ കഴിഞ്ഞ വർഷം പാസാക്കിയിരുന്നു. ഈ നടപടിയ്ക്കെതിരെ 2024 ജൂൺ 25ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നെയ്റോബിയിലെ ഗവർണറുടെ ഓഫീസിനും പാർലമെന്റിനും പ്രതിഷേധക്കാർ തീയിട്ടു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയും പൊലീസ് വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ അനുസ്മരിച്ച് കൊണ്ടാണ് രാജ്യവ്യാപകമായ ഈ വർഷവും പ്രതിഷേധം സംഘടിപ്പിച്ചത്.
റൂട്ടോ ഒഴിഞ്ഞു പോകണമെന്ന ആവശ്യം ഉയർത്തിക്കൊണ്ടായിരുന്നു ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധങ്ങളുടെ തത്സമയ ടിവി, റേഡിയോേ സംപ്രേഷണം രാജ്യത്തുടനീളം സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ സർക്കാർ നടപടിയ്ക്ക് കൂച്ചുവിലങ്ങിട്ട് നെയ്റോബി കോടതി രംഗത്തു വന്നിരുന്നു. സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന കെനിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മരണസംഖ്യ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആംനസ്റ്റി കെനിയയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇറുങ്‌ഗു ഹൗട്ടൺ പറഞ്ഞു. മിക്കവരെയും പൊലീസ്, വെടിവയ്പ്പിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ഇറുങ്‌ഗു ഹൗട്ടൺ പറഞ്ഞു.
പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളുടെ സംയുക്ത പ്രസ്താവനയിൽ 83 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും എട്ട് പേർ വെടിയേറ്റ് ചികിത്സയിലാണെന്നും പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള നീതിയ്ക്കായി കെനിയൻ ജനം ഇപ്പോഴും പോരാടുകയാണ്, അവരെ ഓർത്ത് ഞങ്ങളുടെ ഹൃദയം ഇപ്പോഴും വേദനിക്കുന്നു. ലോ സൊസൈറ്റി ഓഫ് കെനിയയുടെ പ്രസിഡന്റ് ഫെയ്ത്ത് ഒഡിയാംബോ എക്സിൽ കുറിച്ചു. പോലീസ് ക്രൂരത അതിരു കടക്കുന്നതായും ഫെയ്ത്ത് ഒഡിയാംബോ വ്യക്തമാക്കി. നെയ്‌റോബിയിൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള പ്രധാന റോഡുകൾ പോലീസ് ബാരിക്കേഡ് വച്ച് അടച്ചിരുന്നു. ഇതിന് പുറമേ നഗരമധ്യത്തിലേക്ക് കടക്കാതെ ഒരുപാട് അകലെ നിന്ന് തന്നെ ബസുകളും മിനിബസുകളും വഴിതിരിച്ചുവിടുകയും ചെയ്തു. പാർലമെന്റ്, പ്രസിഡന്റിന്റെ ഔദ്യോഗിക വസതി, വില്യം റൂട്ടോ എന്നിവടങ്ങലിലേക്കുള്ള പ്രവേശനവും അവർ തടഞ്ഞിരുന്നു.
നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന കടകമ്പോളങ്ങളടക്കം അടച്ചിട്ട് കൊണ്ടാണ് ആളുകൾ പ്രതിഷേധത്തിനെത്തിയത്. കഴിഞ്ഞ വർഷത്തെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകളും കെനിയൻ പതാകകളും ഉയർത്തിപ്പിടിച്ച് ആയിരക്കണക്കിന് ആളുകൾ മാർച്ചിൽ ഒത്തുകൂടി. പ്രതിഷേധക്കാർ തെരുവുകളിൽ തീയിടുകയും റൂട്ടോയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.ഇതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും പ്രതിഷേധക്കാരെ ലാത്തികൊണ്ട് അടിക്കുകയും ചെയ്തു, അതേസമയം പ്രതിഷേധക്കാർ കല്ലുകളും മറ്റ് വസ്തുക്കളും എറിയുകയും ചെയ്തു. നെയ്‌റോബിയിലെ കെനിയാട്ട ദേശീയ ആശുപത്രി നിലവിൽ 56 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൊംബാസ, നകുരു, കിസുമു നഗരങ്ങളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സിവിലിയന്മാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളുണ്ടായി. കിയാംബു കൗണ്ടിയിലെ കികുയു പട്ടണത്തിലെ കോടതി കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു.
content summary: Kenyans questioned President Ruto through a protest, during which police killed eight people who were participating