April 25, 2025 |
Share on

‘സീരിയൽ’ ചർച്ച തുടരുന്നു : പ്രേംകുമാർ വില്ലനോ നായകനോ?

പ്രേംകുമാറിനെ കലാസമൂഹം വിമര്‍ശനസ്വരത്തോടെ വില്ലനായി ചിത്രീകരിക്കുകയാണോ? ഇതിന് മുന്‍പും ഭരണത്തിലിരുന്ന സര്‍ക്കാരും സാംസ്‌കാരിക നായകന്മാരും സീരിയലിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

സീരിയല്‍സിനിമാലോകം മെഗാചര്‍ച്ചകളിലേക്ക് കടക്കുകയാണ്. വിഷയം സീരിയല്‍ സെന്‍സറിങ് തന്നെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ നടന്‍ പ്രേംകുമാര്‍ നല്‍കിയ പ്രസ്താവന വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചത്. പ്രേംകുമാറിനെ കലാസമൂഹം വിമര്‍ശനസ്വരത്തോടെ വില്ലനായി ചിത്രീകരിക്കുകയാണോ? ഇതിന് മുന്‍പും ഭരണത്തിലിരുന്ന സര്‍ക്കാരും സാംസ്‌കാരിക നായകന്മാരും സീരിയലിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എന്തുകൊണ്ട് പ്രേംകുമാറിനെ മാത്രമിങ്ങനെ ക്രൂശിക്കുന്നുവെന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. serial

പ്രസ്താവന ഇങ്ങനെയാണ്.

‘ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെ പറഞ്ഞിട്ടുള്ള കാര്യമാണ്. പല മലയാള സീരിയലുകളും എന്‍ഡോസള്‍ഫാനെ പോലെ സമൂഹത്തിന് മാരകമാണ്.
എല്ലാ സീരിയലുകളെയും അടച്ച് ആക്ഷേപിക്കുന്നില്ല. കല കൈകാര്യം ചെയ്യുന്നവര്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവണം. ബോധപൂര്‍വ്വം എത്രത്തോളം സെന്‍സറിങ് പ്രായോഗികമാകുമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സീരിയല്‍ മേഖലയിലെ സെന്‍സറിങ് പ്രായോഗികമാണോ എന്നത് ഒരു പ്രശ്‌നമാണ്. അന്ന് ഷൂട്ട് ചെയ്തത് വൈകീട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നു. ഇതിനിടയ്ക്ക് എവിടെയാണ് സെന്‍സറിങ് എന്ന് ബന്ധപ്പെട്ടവര്‍ ചോദിക്കുന്നുണ്ട്.’

കലാരംഗത്തെ വിമര്‍ശനസ്വരം

‘ഞാന്‍ മൂന്ന് മെഗാസീരിയലുകള്‍ എഴുതിയയാളാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ടെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു. സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്ന പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ കടന്ന് വന്നയാളാണ്. ഒരു സ്ഥാനം കിട്ടി എന്ന് വെച്ച് തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ..പാവപ്പെട്ടവര്‍ ജീവിച്ചുപൊക്കോട്ടെ ചേട്ടായെന്നും ധര്‍മജന്‍  ഫെയ്‌സ്ബുക്കില്‍ പരിഹസിച്ചു.
പ്രേംകുമാര്‍ ജീവിക്കുന്ന ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകം. ആ മാരകമായ ജീവിതത്തില്‍ നിന്നാണ് മെഗാസീരിയലിലെ തിരക്കഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകള്‍ തെരഞ്ഞെടുക്കുന്നതെന്നും നടന്‍ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇവിടെ നടക്കുന്നത് രാഷ്ട്രീയക്കളികളാണെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കാര്യങ്ങളേക്കാളും എത്രയോ ഭേദമാണ് സീരിയലെന്നും സീമ ജി നായര്‍ പ്രതികരിച്ചു. എന്നാല്‍ സീരിയല്‍ സെന്‍സറിങില്‍ വനിതാകമ്മീഷന് തീരുമാനമെടുക്കാനാകില്ല. അത് കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന നിയമമാണ്. പായോഗികതലത്തില്‍ സെന്‍സറിങ് സാധ്യമല്ലെന്നായിരുന്നു സീരിയല്‍ നടന്‍ കിഷോര്‍ സത്യയുടെ പ്രതികരണം.

സീരിയലുകളുടെ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ പതിപ്പിക്കാതെ വെറും കയ്യടിക്ക് വേണ്ടി നടത്തുന്ന ആരോപണങ്ങള്‍ ഉയര്‍ത്തിയ നിലപാടിനെ അപലപിക്കുന്നു. നിരവധി സാധാരണക്കാരുടെ ഉപജീവനത്തിന് മുകളിലാണ് പ്രേംകുമാര്‍ എന്‍ഡോസള്‍ഫാന്‍ വാരി വിതറിയതെന്ന് അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ടിസ്റ്റ്‌സ് അഥവാ ആത്മ എന്ന സംഘടന തുറന്ന കത്തിലൂടെ വിമര്‍ശിച്ചിരുന്നു.

പ്രസ്താവന ചര്‍ച്ചയായതെങ്ങനെ ?

ഈയിടക്കാണ് വനിതാകമ്മീഷന്‍ സീരിയല്‍ സെന്‍സറിങ് ആവശ്യമാണോ എന്നറിയാന്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പഠനം നടത്തിയവരില്‍ പകുതിയോളം പേര്‍ സീരിയലുകള്‍ തെറ്റായ സന്ദേശമുണ്ടെന്നും സെന്‍സറിങ് ആവശ്യമാണെന്നും പറയുന്നുണ്ട്. കൊച്ചിയില്‍ ഒരാഴ്ച മുന്‍പെ ചലച്ചിത്ര അക്കാദമിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ വെബ് സീരിസ് സെന്‍സറിങ്ങിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ അഭിപ്രായം പ്രേംകുമാര്‍ ആവര്‍ത്തിച്ചത്. സീരിയല്‍ രംഗത്തുണ്ടായിരുന്ന വ്യക്തിയുടെ പ്രതികരണം കലാകാരന്മാരെ അസ്വസ്തരാക്കി. അവര്‍ നിശിതം വിമര്‍ശിച്ചു.

സീരിയലിനെതിരായ വിമര്‍ശനം വര്‍ഷങ്ങളായി കേരളം കേള്‍ക്കുന്നതാണ്. വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ പലരുടെ തീരുമാനങ്ങളും നിര്‍ദേശങ്ങളുമുണ്ടാകും. പക്ഷേ ഒരുനിയമവും നടപ്പിലാവുകയുമില്ല. വനിതാകമ്മീഷന്‍ നേരത്തെ ഈ വിഷയം കൈകാര്യം ചെയ്തിട്ടും ഒരു നിഗമനത്തിലെത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. ഇന്നും സീരിയലുകളിലെ സെന്‍സര്‍ഷിപ്പിനെ അനുകൂലിക്കുന്നവര്‍ സീരിയല്‍ രംഗത്ത് തന്നെ വിരളമാണെന്ന് പറയാം.

കലാസൃഷ്ടികള്‍ സമൂഹത്തിന്റെ കണ്ണാടിയോ ?

സീരിയലുകളും സിനിമകളും കൂടാതെയെല്ലാ കലാസൃഷ്ടികളും നിര്‍മ്മിക്കപ്പെടുന്നത് പച്ചയായ അനുഭവങ്ങളില്‍ നിന്നാണെന്ന് എഴുത്തുകാരും കഥാകൃത്തുകളും ആവര്‍ത്തിക്കാറുണ്ട്. സമൂഹത്തിലെ സമകാലികപ്രശ്‌നങ്ങളുടെ സ്വാധീനത്തില്‍ സംഭവിച്ച കഥകള്‍ സിനിമകളാകുന്നുമുണ്ട്. സീരിയലിലേക്ക് വരുമ്പോള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലേക്ക് പ്രമേയങ്ങളെ സങ്കീര്‍ണമാക്കുന്നതായും ചിലര്‍ വിലയിരുത്തുന്നു. അമ്മായിയമ്മ പോരും മരുമകളുടെ വേദനകളും കാലം തെറ്റാതെ മിനിസ്‌ക്രീനുകളില്‍ തെളിയിക്കുന്ന കഥാവിഷ്‌കാരങ്ങളിലൊന്നാണ്. ഇവ ഒരിക്കലും മലയാളിക്ക് മടുക്കുന്നില്ലെങ്കില്‍ അത് ഈ സമൂഹത്തില്‍ തുടര്‍ന്നും സംഭവിക്കുന്നുണ്ട് എന്ന് ചിന്തിക്കേണ്ടതായി വരും.

സീരിയലിന്റെ സ്വീകാര്യത

പ്രായമായവരും മദ്ധ്യവയസ്‌കരായ സ്ത്രീപുരുഷന്മാരുമാണ് കേരളത്തിലെ സീരിയലുകളുടെ മുഖ്യപ്രേക്ഷകര്‍. അവര്‍ കണ്ട് വളര്‍ന്ന കാലത്തെ കഥകള്‍ തന്നെയാണ് സീരിയലുകളില്‍ മികച്ച റേറ്റിങ്ങിലൂടെ ജനം കാണുന്നത്. സോഷ്യല്‍ മീഡിയയുടെ ഉപയോഗവും വ്യാപനവും വര്‍ദ്ധിച്ചതോടെ സീരിയലുകള്‍ വീണ്ടും യുവതലമുറ ചര്‍ച്ച ചെയ്യുന്നുണ്ട്. ചില സീരിയലുകള്‍ക്കെതിരെ അനുകൂലമായും പ്രതികൂലമായി അഭിപ്രായം പ്രകടിപ്പിക്കുന്ന യൂട്യൂബര്‍മാര്‍ക്കും കാണികളേറെയാണ്. മലയാളിയുടെ ഒരു ദിവസത്തെ തിരക്കുകള്‍ക്ക് ശേഷം സ്വീകരണമുറിയിലേക്കെത്തി വീട്ടമ്മമാരെയും ഗൃഹനാഥനെയും കുട്ടികളെയും വരവേല്‍ക്കുന്ന കഥാപാത്രങ്ങളായാണ് പ്രേക്ഷകര്‍ സീരിയല്‍ താരങ്ങളെ കാണുന്നത്. സിനിമയേക്കാള്‍ സ്വന്തം വീട്ടിലെ കുട്ടി എന്ന പോലെ സീരിയല്‍ താരങ്ങളെ കാണുന്നവരുമുണ്ട്. വ്യക്തിപരമായ ഒരാളുടെ സ്‌പേസിലേക്ക് കടന്നുവരുന്ന കഥകളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. തലമുറ മാറ്റം വരുമ്പോള്‍ ഈ ചിന്താഗതികളില്‍ മാറ്റമുണ്ടായേക്കാം.

മാറ്റങ്ങള്‍ അനിവാര്യം

കണ്ടുപരിചയിച്ച കഥകളെ ഇഷ്ടപ്പെടാത്ത കലാസൃഷ്ടികളെ പൊളിറ്റിക്കല്‍ കറക്ട്‌നസ് നോക്കി വിലയിരുത്തുന്ന സമൂഹവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇത്തരം യുവതലമുറയും ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളും സീരിയലിലെ സങ്കീര്‍ണമായ കഥകളെ വിമര്‍ശിക്കും. സ്ത്രീകള്‍ നെഗറ്റീവ് റോളുകളിലോ അല്ലെങ്കില്‍ അബലയായ, സര്‍വ്വവും സഹിക്കുന്ന കുലസ്ത്രീയായോ കണക്കിലെടുക്കാനാകില്ലെന്ന് വിമര്‍ശനങ്ങള്‍ തെളിയിക്കുന്നുണ്ട്.

എല്ലാ പ്രേക്ഷകര്‍ക്കും സ്വീകാര്യമായ, പുതുമ നിറഞ്ഞ പ്രമേയങ്ങളും സീരിയല്‍ രംഗത്തെ കഥാകൃത്തുക്കളും മറ്റ് അണിയറപ്രവര്‍ത്തകരും തെരഞ്ഞെടുക്കണം. വേറിട്ട റിയാലിറ്റി ഷോകള്‍, പ്രോഗ്രാമുകള്‍, ലൈവ് സ്‌കിറ്റുകള്‍ തുടങ്ങി എല്ലാം പരിഷ്‌കരിക്കപ്പെടുന്നുണ്ട്. സീരിയലുകളുടെ കഥകളിലും വ്യത്യസ്തത കൊണ്ടുവന്നാല്‍ പ്രേക്ഷകര്‍ കൂടാനും കാരണമാകും.

സെന്‍സറിങ്ങിന്റെ പ്രായോഗികത

സിനിമാ സെന്‍സറിങ്ങിന്റെ അടിസ്ഥാനം ജനങ്ങള്‍ പണം മുടക്കുന്നതും എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും ഉദ്ദേശിച്ചിട്ടുള്ള കഥകളാകില്ല എന്നതുമാണെന്ന് മുന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം വിജയകൃഷ്ണന്‍ അഴിമുഖത്തോട് പ്രതികരിച്ചു. സീരിയലുകള്‍ പ്രേക്ഷകര്‍ക്ക് നിയന്ത്രിക്കാവുന്നതാണ്. സീരിയലുകള്‍ കാണാതിരിക്കാം. കുട്ടികള്‍ കാണാതിരിക്കാന്‍ ശ്രമിക്കാം. ആയിരത്തോളം വരുന്ന എപ്പിസോഡുകള്‍ ആര് സെന്‍സര്‍ ചെയ്യും ? പല ചാനലുകളില്‍ നിരവധി സീരിയലുകള്‍. ചിലരുടെ മുഴുനീള ജോലിയായി ഇത് മാറും. ഷൂട്ട് ചെയ്ത ഉടനെ ടെലികാസ്റ്റ് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. സിനിമയിലെ സെന്‍സറിങ് പോലെ നൂലാമാലകള്‍ക്കിടയില്‍ സീരിയലിനെ പിടിച്ചുവയ്ക്കാന്‍ സാധിക്കുമോ? സീരിയലിനെ സംബന്ധിച്ച് സെന്‍സറിങ് അനാവശ്യമാണ്. ചാനലുകള്‍ ചില നിയന്ത്രണങ്ങള്‍ നടപ്പിലാക്കി സര്‍ക്കാര്‍ നിര്‍ദേശങ്ങളും ചെയ്യുന്നത് നടപ്പിലാക്കാവുന്ന കാര്യമാണ്. കമ്മിറ്റി രൂപീകരിച്ച് സീരിയലുകളെ നിരീക്ഷിക്കുക. മാതാപിതാക്കള്‍ ഇഷ്ടപ്പെടുന്നത് കാണുന്നത് കൊണ്ടാണ് കുട്ടികളും സീരിയലുകള്‍ കാണുന്നത്. എല്ലാം സെന്‍സര്‍ ചെയ്യപ്പെടണമെന്ന് ആവശ്യം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡിന് ഉത്തരവാദിത്തം നല്‍കേണ്ടതില്ല. സ്വയം നിയന്ത്രണങ്ങളോടെ ഇവ ഒഴിവാക്കണം. ഇക്കാലഘട്ടത്തില്‍ സിനിമയ്ക്ക് സെന്‍സറിങ് ആവശ്യമാണ്. സീരിയലുകള്‍ക്ക് ആവശ്യമില്ല പാഴ്‌ചെലവാണെന്ന് വിജയകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളിലെ പ്രതികരണങ്ങളും ചര്‍ച്ചകളും പഠനവും പറഞ്ഞ് വയക്കുന്നത് സീരിയലുകള്‍ക്കും ഗുണവും ദോഷവുമുണ്ട്. ദോഷകരമായ കാണുന്ന പ്രേക്ഷകര്‍ സ്വയം നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും കലാകാരന്മാര്‍ക്ക് ചാനലുകളുമായും സര്‍ക്കാര്‍തലത്തിലും ചര്‍ച്ച നടത്തി സീരിയല്‍ രംഗത്ത് നടപ്പിലാക്കാന്‍ കഴിയുന്ന മാറ്റങ്ങള്‍ തെരഞ്ഞെടുക്കുകയമാണ് വേണ്ടത്. കലയുടെ കാലം കലാസ്വാദകര്‍ നിശ്ചയിക്കട്ടെ. serial

content summary; kerala-actor-premkumar-lends-support-to-serial-sensoring

മഞ്ജുഷ കൃഷ്ണന്‍

മഞ്ജുഷ കൃഷ്ണന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×