February 14, 2025 |

കേരളം കടം കയറി മുടിയാന്‍ ആഗ്രഹിക്കുന്നവര്‍ പറയാത്ത വാസ്തവങ്ങള്‍

മനോരമയെ പോലെ കുപ്രസിദ്ധമായ ഒരു പത്രക്കടലാസിന്റെ പ്രൊപ്പഗണ്ട നോക്കിയല്ല കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തുന്നത്

കേരളം വീണ്ടും കടമെടുക്കുന്നു, നിങ്ങൾക്കും കടം കൊടുക്കാം, മിനിമം പതിനായിരം രൂപ എന്ന ഒരു തലക്കെട്ടും കാർഡുമായി വാർത്ത ചമയ്ക്കുന്ന മനോരമയുടെ മനോവൈകല്യം വല്ലാത്ത ഒരു തരം ഫ്രസ്ട്രേഷനിൽ നിന്നും വരുന്നതാണ്. കേരളത്തിന്റെ സഞ്ചിത കടം തുകക്കണക്കിൽ എഴുതിയിട്ട് പന്ത്രണ്ടോ പതിമൂന്നോ മടങ്ങ് കടം കൂടി എന്നെഴുതി വിട്ട അതേ പ്രതിഭകളാണ് ഈ കൂലിയെഴുത്തും നടത്തുന്നത്. മനോരമ സത്യം എഴുതുകയും പറയുകയും വേണം എന്നു ശഠിക്കുന്നത് അതിരു കടന്ന ആവശ്യമാണ്. എന്നാൽ കടപ്പത്രം ഇറക്കുന്നതിനെ സർക്കാർ ഭിക്ഷയാചിക്കുന്നു എന്നു വരുത്തും വിധം ഒരു സാംഗത്യവുമില്ലാത്ത കാര്യം ഏച്ചുകെട്ടി ഇത്തരത്തിൽ വാർത്ത എഴുത്തുന്നവരുടെ മനോനില എന്തായിരിക്കും? മനോരമയെ പോലെ കുപ്രസിദ്ധമായ ഒരു പത്രക്കടലാസിന്റെ പ്രൊപ്പഗണ്ട നോക്കിയല്ല കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തുന്നത്. കടപ്പത്രം ഇറക്കിയാൽ അത് ഇറക്കുന്നവരുടെ റേറ്റിംഗ് ഒക്കെ അനുസരിച്ച് ആളുകൾ/ സ്ഥാപനങ്ങൾ വാങ്ങുകയാണ് ചെയ്യുക.

പിന്നെന്തിനാണ് തീർത്തും അസംഗതമായ ഈ ‘പിരിവ്’ കടപ്പത്രം ഇറക്കുന്നു എന്ന വാർത്തയോട് ചേർത്ത് കെട്ടുന്നത്? കേരളം നിവൃത്തി കെട്ട് യാചിക്കുകയാണ് എന്നു ധ്വനിപ്പിക്കണം. അതിനു കണ്ടുപിടിക്കുന്ന ചീഞ്ഞ വഴിയാണ് ഈ രീതി. ഒന്നും നടക്കാതെ വരുമ്പോൾ കുടിവെള്ളത്തിനുള്ള കിണറ്റിൽ മനുഷ്യ മലം വിതറുന്ന അധമ രീതിയല്ലാതെ മറ്റൊന്നുമല്ല.

കടം കൊണ്ടു മുടിയുകയാണോ ?

കേരളം കഴിഞ്ഞ എട്ടു കൊല്ലം കൊണ്ട് കടം കയറി മുടിഞ്ഞു എന്ന ആഖ്യാനം ചമയ്ക്കാൻ മനോരമയും മറ്റും മാത്രമല്ല വിശ്രുതരായ ഒരു സെറ്റ് പണ്ഡിതന്മാരും കച്ച മുറുക്കി ഇറങ്ങിയിട്ട് കുറച്ചു നാളുകളായി. ഈ അവിശുദ്ധ സഖ്യമാണ് കേരളം ശ്രീലങ്ക പോലെ തകരാൻ പോകുന്നു എന്നും കേരളമാണ് രാജ്യത്തെ ഏറ്റവും കടം കയറി മുടിഞ്ഞ സംസ്ഥാനമെന്നും പ്രചരിപ്പിക്കാൻ ഇറങ്ങിയവർ. കോവിഡ് കാലത്തെ വളർച്ചാ,വരുമാന മുരടിപ്പിന്റെ കാലത്ത് യൂണിയൻ സർക്കാർ എല്ലാ സംസ്ഥാനങ്ങളേയും അധിക വായ്പ എടുക്കാൻ അനുവദിച്ചു. കേരളം അത് എടുത്തു ജനങ്ങളെ സഹായിച്ചു. അപ്പോൾ കടം ജി.ഡി. പി അനുപാതം 2020-2021 ൽ 38.47 ശതമാനമായിരുന്നു. അതു കൊണ്ടാണ് കേരളം കടം കയറി മൂടിയുന്നു എന്ന ആഖ്യാനം ചമയ്ക്കാൻ നോക്കിയത്. കേരളം വളർച്ചയുടെ പാത വേഗം വീണ്ടെടുക്കുമെന്നും കടം ജി.ഡി. പി അനുപാതം സാധാരണ നിലയിൽ എത്തുമെന്നും പറഞ്ഞത് മനോരമയ്ക്കും സെറ്റിനും സ്വീകാര്യമായിരുന്നില്ല.

ഇപ്പോൾ എന്താണ് സ്ഥിതി ? 2022-2023 ൽ 34.62 ശതമാനമായി സാധാരണ നിലയിലേക്ക് എത്തുകയാണ് ചെയ്തത്. 2024-2025 ലെ ബജറ്റ് കണക്കുകൾ പ്രകാരം 34.15 ശതമാനമാണ് സംസ്ഥാനത്തിന്റെ ആകെ സഞ്ചിത ബാധ്യത (total outstanding liability). കടം-ജി.ഡി. പി അനുപാതത്തിൽ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ കേരളം ഇല്ല. ആദ്യത്തെ പത്തു സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളുടെ പട്ടിക താഴെ കൊടുത്തിട്ടുണ്ട്. യൂണിയൻ സർക്കാരിന്റെ കടഭാരം ജി.ഡി.പിയുടെ 82 ശതമാനമാണ്.

2004 മാർച്ച് മാസം കേരളത്തിന്റെ ആകെ കടഭാരം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 44.4 ശതമാനമായിരുന്നു. 2002-2006 കാലത്തെ ആകെ ബാധ്യത ശരാശരി 39.2 ശതമാനമായിരുന്നു. അക്കാലത്ത് ട്രഷറി നിക്ഷേപം സംസ്ഥാനത്തിന്റെ കട ബാധ്യതയായി കണക്കിലെടുത്തിരുന്നില്ല. അതു കൂടി കൂട്ടിയാൽ എത്രയാകും അന്നത്തെ ബാധ്യത? 2025 ൽ കേരളത്തിന്റെ ആകെ സഞ്ചിത ബാധ്യത 447857.25 കോടി രൂപയായിരിക്കും എന്നതാണ് ബജറ്റ് കണക്ക്. ഇതു നമ്മുടെ പ്രതീക്ഷിത ജി.ഡി.പിയായ 1311436.69 കോടി രൂപയുടെ 34.15 ശതമാനമാണ്. എന്താണോ കേരളം പറഞ്ഞത് അതു പോലെ കടഭാരം കൺസോളിഡേറ്റ് ചെയ്യപ്പെടുന്നതാണ് ചിത്രം. ബജറ്റ് അടുത്തതോടെ മലയാള മനോരമ പതിവു പോലെ പരമ്പരയുമായി ഇറങ്ങിയിട്ടുണ്ട്. അതിനോടു വേറെ പ്രതികരിക്കാം. എന്നാൽ വരുന്ന ഒരു ലക്കം കടം സംബന്ധിച്ചാണ്. അതിൽ പറയാൻ പോകുന്ന ഒരു കാര്യമുണ്ട്. റിസർവ് ബാങ്കിന്റെ 2024-2025 ലെ ബജറ്റ് അവലോകന പഠനം പുറത്തു വന്നിട്ടുണ്ട്. അതിൽ കേരളത്തിന്റെ ആകെ സഞ്ചിത ബാധ്യത 4,71,091 കോടി രൂപയാണ്. അത് 36.8 ശതമാനമാണ്. അല്ലാതെ കേരളം പറയും പോലെ 34.15 ശതമാനമല്ല. ഇതായിരിക്കും മനോരമയുടെ വാദം. ഈ വ്യത്യാസം വരുന്നതെങ്ങനെ എന്നു കഴിഞ്ഞ കൊല്ലം തന്നെ പറഞ്ഞിരുന്നു. പക്ഷേ മനോരമയല്ലേ? അവർ അതു തന്നെ വീണ്ടും പറയും. ആകെ ബാധ്യതയിൽ loans and advances from centre എന്ന ഇനത്തിൽ കേരള ബജറ്റ് കണക്കുകൾ പ്രകാരം ബാധ്യത 12036 കോടി രൂപയാണ്. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം ഈ ഇനം 28749 കോടി രൂപയാണ്. ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ എടുത്തു തന്ന വായ്പ loans and advances from centre എന്ന കണക്ക് ശീർഷകത്തിലാണ് വരിക. എന്നാൽ ഇത് യൂണിയൻ സർക്കാരിന്റെ ബാധ്യതയാണ്. ഇതും ഡെപ്പോസിറ്റ്, കണ്ടിജൻസി ഫണ്ട് , റിസർവ് ഫണ്ട് എന്നിവയും കൂടി ചേർത്താണ് റിസർവ് ബാങ്കിന്റെ കണക്ക് വരുന്നത്. ഇതൊന്നും നമ്മുടെ കട ബാധ്യതയല്ല. ഈ വ്യത്യാസത്തിന്റെ കാരണം ഇതാണ്. പക്ഷേ മനോരമയ്ക്ക് കേരളം കടംകൊണ്ട് മുടിയുകയാണ് എന്നു സ്ഥാപിച്ചല്ലേ മതിയാകൂ.

കർണാടകത്തിന് എത്ര വീതം കൊടുക്കണം

കടപ്പത്രം ഇറക്കുന്നതിനെ ഒന്നു പൊലിപ്പിക്കാൻ നോക്കിയ തറ വേലയാണല്ലോ നിങ്ങൾക്കും കടം കൊടുക്കാം, മിനിമം പതിനായിരം രൂപ എന്ന ഈ അസംബന്ധം. 2024-2025 ൽ സാമ്പത്തിക വർഷത്തിന്റെ ജനുവരി – മാർച്ച് അവസാന പാദത്തിലെ സംസ്ഥാനങ്ങളുടെ കടപ്പത്രം സംബന്ധിച്ച സമയ ക്രമം ( indicative Calendar ) ആർബിഐ ആണ് പുറത്തിറക്കുന്നത്. അവസാന പാദത്തിൽ സംസ്ഥാനങ്ങളും യൂണിയൻ ഭരണ പ്രദേശങ്ങളും ചേർന്ന് 473477 കോടി രൂപയുടെ കടപ്പത്രങ്ങൾ ഇറക്കുന്നതിനുള്ള indicative Calendar ആണ് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചത്. യൂണിയൻ സർക്കാർ അനുമതിയ്ക്ക് വിധേയമായി ഇതിൽ മാറ്റം വരാം. എന്നാൽ പൊതു പ്രവണത ഇതിൽ നിന്നും മനസിലാക്കാം. കേരളം അവസാന പാദം ആവശ്യപ്പെട്ടത് 17000 കോടി രൂപയാണ്. അതിന്റെ ഭാഗമായിട്ടാണ് മനോരമ പറയുന്ന കടപ്പത്രം ഇറക്കിയിട്ടുള്ളത്. അതേസമയം, കർണാടകം 40000 കോടി രൂപയുടെ വിപണി വായ്പ്പയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോൾ കർണാടകത്തിനു എത്ര രൂപ വീതം സംഭാവന കൊടുക്കണം എന്നു പറയുന്നില്ലേ മനോരമ? ഒന്നുമില്ലെങ്കിൽ കേരളത്തിലെ മനോരമയുടെ ഘടകകക്ഷിയല്ലേ അവിടം ഭരിക്കുന്നത്? കേരളം കടം വാങ്ങിയാണ് നിത്യച്ചിലവ് കഴിക്കുന്നത് എന്നു വരുത്തി, അതിനായി ഇതാ പിച്ചപ്പാത്രവുമായി കേരളം ഇറങ്ങിയിരിക്കുന്നു എന്നു പറയുന്ന അസംബന്ധമാണ് മനോരമ ഈ വാർത്തയിലൂടെ എഴുന്നള്ളിക്കുന്നത്. കേരളം കടം വാങ്ങി കഴിയുകയാണോ? കേരളം നേരിടുന്ന ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണമായ കേന്ദ്ര വിവേചനത്തെ മറച്ചു പിടിച്ചു കേരളത്തെ അപകീർത്തിപ്പെടുത്തുക മാത്രമാണ് ഇതിന്റെ ഉന്നം. അല്ലാതെ വസ്തുതകളുടെ പിൻ ബലം ഇതിനില്ല.


കണക്കുകൾ കാര്യം പറയട്ടെ

കേരളത്തിന്റെ വരുമാന ചേരുവ എന്താണ്? 2024 ഡിസംബർ വരെയുള്ള സിഎജിയുടെ താൽക്കാലിക കണക്കുകൾ പ്രകാരം കേരളത്തിന്റെ ആകെ വരുമാനം 125005 കോടി രൂപയാണ്. ഇതിൽ 88942 കോടി രൂപയും റവന്യൂ വരുമാനമാണ്. എല്ലാ സംസ്ഥാനങ്ങളുടെയും റവന്യൂ വരുമാനത്തിൽ രണ്ടു ഘടകങ്ങൾ ഉണ്ട്. സംസ്ഥാനം തനിയെ പിരിക്കുന്നതും യൂണിയൻ സർക്കാർ പിരിച്ചു കൈമാറുന്ന തുകയും. കേരളത്തിന്റെ റവന്യൂ വരുമാനത്തിൽ 72532 കോടി രൂപയും കേരളത്തിന്റെ തനതു പിരിവാണ്. നികുതി വിഹിതമായും ഗ്രാന്റായും യൂണിയൻ സർക്കാർ കൈമാറ്റമായി കിട്ടിയത് 16409 കോടി രൂപയാണ്. റവന്യൂ വരവിൽ തനതു പിരിവ് 81.55 ശതമാനവും യൂണിയൻ സർക്കാർ കൈമാറ്റമായി കിട്ടിയത് 18.45 ശതമാനവുമാണ്. റവന്യൂ വരുമാനത്തിൽ യൂണിയൻ സർക്കാർ കൈമാറ്റത്തിന്റെ തോത് എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി 42 ശതമാനമാണ്. തനതു പിരിവിന്റെ ശരാശരി 58 ശതമാനവും. ഇവിടെയാണ് കേരളം നേരിടുന്ന വിവേചനത്തിന്റെ ആഴം കിടക്കുന്നത്. യൂണിയൻ സർക്കാർ കൈമാറ്റത്തിൽ ശരാശരിയെ അപേക്ഷിച്ച് 23 ശതമാനത്തിലേറെ കുറവാണ് കേരളത്തിനുണ്ടാകുന്നത്.

2024-2025 ബജറ്റുകൾ അവലോകനം നടത്തി PRS റിസർച്ച് സെന്റർ പുറത്തിറക്കിയ State of state Finances 2024-2025 ലെ ഒരു പട്ടിക ഇവിടെ കൊടുക്കുന്നു. വിവിധ സംസ്ഥാനങ്ങളുടെ തനതു പിരിവ് – യൂണിയൻ കൈമാറ്റത്തിന്റെ അനുപാതം അതിൽ വ്യക്തമാണ്. തനതു നികുതി, നികുതിയിതര വരുമാനം ആകെ റവന്യൂ വരുമാനത്തിന്റെ 74 ശതമാനമാണ് . യൂണിയൻ കൈമാറ്റമായി ബജറ്റ് കണക്ക് കൂട്ടിയത് 26 ശതമാനവും. എന്നാൽ യഥാർത്ഥത്തിൽ കിട്ടുന്നത് 18 ശതമാനം മാത്രം. പ്രധാന സംസ്ഥാനങ്ങളുടെ 2024 ഒക്ടോബർ വരെയുള്ള കണക്കുകൾ ഒരു പട്ടികയായി
കൊടുത്തിട്ടുണ്ട്. നാം നേരിടുന്ന വിവേചനം എത്ര വലുതാണ് എന്ന് ഇതെല്ലാം വ്യക്തമാക്കും. ഇതങ്ങ് മറച്ചു പിടിച്ചു കേരളം എന്തോ കടം മേടിച്ച് കഴിഞ്ഞു കൂടുകയാണ് എന്ന അസംബന്ധം പറയുകയാണ് മനോരമയുടെ ലക്ഷ്യം.

 


അവലംബം: Monthly Key Indicators , CAG

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content summary: Kerala borrows again, facts about this news on malayala manorama
RBI GDP Malayala manorama kerala liability

ഗോപകുമാര്‍ മുകുന്ദന്‍

ഗോപകുമാര്‍ മുകുന്ദന്‍

സ്വതന്ത്ര ഗവേഷകന്‍, CSES, പാലാരിവട്ടം, കൊച്ചി

More Posts

×