കലോത്സവ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത സംഭവത്തില്‍ ചാനലിന്റെ അടിയന്തര റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയിലേക്ക് കടക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍. കേസില്‍ ഏതെല്ലാം വകുപ്പുകള്‍ ചുമത്തണമെന്നത് പൊലീസ് നിശ്ചയിക്കും. ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാബാസും ഒപ്പന ടീമിലെ പെണ്‍കുട്ടിയും ചേര്‍ന്നുള്ള വീഡിയോയും അവതാരകന്‍ ഡോ.അരുണ്‍കുമാര്‍ നടത്തിയ സംഭാഷണവും പരിശോധിച്ച ശേഷമാണ് ദ്വയാര്‍ത്ഥപ്രയോഗം നടത്തിയതിന് കേസെടുത്തതെന്നും മനോജ് കുമാര്‍ അഴിമുഖത്തോട്
പറഞ്ഞു.reporter tv
റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ വീഡിയോ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് നസീര്‍ ചാലിയം അഴിമുഖത്തോട് പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇങ്ങനെ ചെയ്യുന്നത് എന്തിനാണ്. പെണ്‍കുട്ടിയുടെ നൃത്തത്തിനെയും കോസ്റ്റിയൂമിനെയും പറ്റി പറയേണ്ട ആവശ്യം എന്താണ് എന്നും അഡ്വ.നസീര്‍ ചാലിയം ചോദിച്ചു.അത്തരം സംഭാഷണം ദ്വയാര്‍ത്ഥപ്രയോഗം തന്നെയാണ്. ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയാണെങ്കില്‍ പോക്‌സോ പരിധിയില്‍ വരുന്ന കേസാണിത്. കൂടുതല്‍ സമയം പെണ്‍കുട്ടിയെ വീക്ഷിക്കുന്നത് പോലും കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോയില്‍ ലൈംഗികച്ചുവ കലര്‍ന്ന സംഭാഷണമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ പൊലീസിന്റെ അന്വേഷണത്തിലൂടെ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. വീഡിയോയെ കുറിച്ച് കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ ഡോ.അരുണ്‍കുമാര്‍ നടത്തുന്ന ദ്വയാര്‍ത്ഥപ്രയോഗവും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. മാധ്യമങ്ങള്‍ ഇത്തരം കണ്ടന്റുകള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. ദേശീയ കമ്മീഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നതിനുസരിച്ച് കുട്ടികളോട് ബഹുമാനത്തോടെ പെരുമാറേണ്ടതാണെന്നും നസീര്‍ ചാലിയം പറഞ്ഞു.
പെണ്‍കുട്ടിയെ കാണാന്‍ ഭംഗിയുണ്ടെന്ന് പറയുന്നതും വീഡിയോയില്‍ പെണ്‍കുട്ടിയും റിപ്പോര്‍ട്ടറും പരസ്പരം തിരിഞ്ഞുനോക്കുന്ന രീതിയും ശരിയല്ല. 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയോട് മാധ്യമപ്രവര്‍ത്തകന്റെ ഇത്തരത്തിലുള്ള സമീപനം ഗുരുതരപ്രശ്‌നമാണ്. 18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടിയാണെങ്കില്‍ പ്രശ്‌നമുണ്ടാകുന്നുമില്ല. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഇത്തരം സംഭാഷണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അഡ്വ.നസീര്‍ ചാലിയം കൂട്ടിച്ചേര്‍ത്തു.
ഈ സംഭവവുമായി ബന്ധപ്പെട്ട് അഡ്വ. പിഎം ആതിര പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്. വാര്‍ത്താചാനലുകള്‍ തമ്മിലുള്ള റേറ്റിംഗ് മത്സരത്തില്‍ ഏതറ്റം വരെയും ചാനലുകള്‍ പോകുമെന്ന് പല ദുരന്ത മുഹൂര്‍ത്തത്തിലും ബോധ്യപ്പെട്ടതാണ്. കലോത്സവ റിപ്പോര്‍ട്ടിങ് കാണാന്‍ കഴിയാത്ത വിധം അരോചകമായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒപ്പനയിലെ മണവാട്ടി പെണ്‍കുട്ടിയെയും റിപ്പോര്‍ട്ടറെയും ഉള്‍പ്പെടുത്തി പടച്ച് വിട്ട ‘സ്‌റ്റോറി’ എല്ലാ അതിരും ലംഘിക്കുന്നതായിരുന്നുവെന്നും അഡ്വ.ആതിര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇത്തരം അശ്ലീലവും ആഭാസവും നിറഞ്ഞ വര്‍ത്തമാനം വാര്‍ത്താവില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നത് കുറ്റകരമാണ്. കുട്ടികളുടെ അവകാശവും അഭിമാനവും സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍മിച്ച നിര്‍ദേശങ്ങളില്‍ പറയുന്നുണ്ടെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള റിപ്പോര്‍ട്ടിങ് പാടില്ല. മാധ്യമപ്രവര്‍ത്തകര്‍ ഉത്തരവാദിത്തബോധത്തോടെയുള്ള റിപ്പോര്‍ട്ടിങ് നടത്തണമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമില്‍ മണവാട്ടിയായ വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് അരുണ്‍കുമാര്‍ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയത്. റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ റിപ്പോര്‍ട്ടറും ഒപ്പന ടീമിലെ പെണ്‍കുട്ടിയും സംസാരിക്കുന്ന ഇന്‍സ്റ്റഗ്രാം റീല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തനം കണ്ടന്റ് ക്രിയേഷനായി മാറിയെന്ന തരത്തിലുള്ള നെഗറ്റീവ് കമന്റുകളും കമന്റ് ബോക്‌സില്‍ നിറഞ്ഞിരുന്നു.reporter tv
content summary ; Kerala Child Rights Commission files case against reporter TV for controversial reporting on school Kalolsavam