വേനലിറങ്ങിയതിന് പിന്നാലെ ആശ്വാസപെയ്ത്തിലാണ് കേരളം ഒപ്പം പുതിയ അധ്യയന വർഷത്തിലേക്കുള്ള ഒരുക്കത്തിലും. എന്നാൽ ഇഷാന്റെ അമ്മ സ്മിതയിപ്പോഴും ആ കടുത്ത വേനലിലാണ്. ഇഷാന്റെ തുടർ പഠനം സ്മിതയെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠകളുടേതാണ്. തുടർ പഠനത്തിനായി ഏത് സ്കൂളിൽ ചേർക്കുമെന്ന് തുടങ്ങി, കുട്ടിയോടുള്ള അധ്യാപകരുടെ സമീപനം ഏതു തരത്തിലായിരിക്കുമെന്ന് വരെ നീളുന്ന ആശങ്കകൾ ആ വേനലിൽ സ്മിതയെ കുടുക്കി നിർത്തുന്നുണ്ട്. ഇൻക്ളൂസിവ് എജ്യുക്കേഷൻ എന്ന ആശയം, നിലവിലെ പൊതു വിദ്യാഭ്യസ സമ്പ്രദായത്തിന്റെ പുറത്തു നിൽക്കുന്ന കാലത്തോളം സ്മിതയെപ്പോലുള്ള നിരവധി അമ്മമാർ വേനൽ ചൂടിലാണ്.autism spectrum childrens schooling
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശിശു സൗഹാര്ദമാണ് കേരളം. എന്നാൽ പലപ്പോഴും ഭിന്നശേഷി, പഠന വൈകല്യം, ആശയവിനിമയ പ്രതിസന്ധി എന്നിവയിലൂടെ കടന്നു പോകുന്ന കുട്ടികളോടുള്ള സമീപനം ഏതു തരത്തിലാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവർ നേരിടേണ്ടി വരുന്ന വേർതിരിവുകളെയും വെല്ലുവിളികളുടെയും കഥ നമുക്ക് അന്യമാണ്. ഭിന്നശേഷിയുടെ സ്പെക്ട്രത്തിൽ വരുന്ന എന്നാൽ പൂർണ്ണമായും ഭിന്നശേഷിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത ആശയവിനിമയ പ്രതിസന്ധി അടക്കം നേരിടുന്ന കുട്ടികളും ഇന്നത്തെ സമൂഹത്തിൽ നിരവധിയാണ്. ഇത്തരം പ്രതിസന്ധികൾ നേരിടുന്ന കുട്ടികൾക്ക് സ്പെഷ്യൽ സ്കൂളുകളിൽ നിന്നോ, ഓട്ടിസം സ്കൂളുകളിൽ നിന്നോ ലഭിക്കുന്ന വിദ്യാഭ്യാസം അപര്യാപ്‌തമാണ്.
പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് ലഭിക്കുന്ന സ്വാധീനം വലിയ രീതിയിൽ ഇവരെ പിന്തുണക്കും. സ്കൂൾ വിദ്യാഭ്യാസത്തിലൂടെ ഈ മാറ്റങ്ങളിലേക്ക് കുട്ടികളെ മുന്നോട്ടു കൊണ്ടുപോകാമെന്നിരിക്കെ, കേരളത്തിലെ എത്ര പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം സംവിധാനങ്ങൾ ഒരുക്കി നൽകി കുട്ടികളെ പരിഗണിക്കുന്നുണ്ട്. മക്കളെ പരിചരിക്കുന്നതിനു വേണ്ടി മാത്രം ജീവിതം മാറ്റി വയ്ക്കുന്ന മാതാപിതാക്കളെ കൂടി കണക്കിലെടുക്കുകയാണെങ്കിൽ; അവർക്ക് സുരക്ഷിതമായി മക്കളെ ഏൽപ്പിച്ചു പോകാനുള്ള ഭൗതിക സാഹചര്യം ഒരുക്കാൻ സ്കൂളുകൾക് കഴിയും. എന്നാൽ എത്ര വിദ്യാലയങ്ങൾ ഈ മാതാപിതാക്കളെയും, അവരുടെ കുട്ടികളെയും പരിഗണിക്കുന്നുണ്ട്? ഈ ആശയത്തിൽ വേരൂന്നിയുള്ള ഇൻക്ളൂസിവ് എജ്യുക്കേഷൻ ഇന്നും കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുറത്ത് നിൽക്കുകയാണ്. എങ്ങനെയാണ് ആശയ വിനിമയ പ്രതിസന്ധി പോലുള്ളവ നേരിടുന്ന വിദ്യാർത്ഥികളെ കൂടി ഈ സംവിധാനത്തിൽ ഉൾപ്പെടുത്താൻ സാധിക്കുക? പലപ്പോഴും ഈ പ്രതിസന്ധികൾ നേരിടുന്ന കുട്ടികളെ കുറിച്ചുള്ള ധാരണ പൊതുബോധ്യത്തിന്റെ ചട്ടക്കൂടിന് പുറത്താണ്. അങ്ങനെയൊരു സമൂഹത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വഹിക്കാവുന്ന പങ്ക് വിവരണാതീതമാണ്. ആ രീതിയിലുള്ള വളർച്ച നേടാൻ ഇനിയും വിദ്യാഭ്യാസത്തിനായിട്ടില്ല. autism spectrum children schooling
ഭിന്നശേഷി സമൂഹത്തിൽ ഒരുപാട് മാനങ്ങളുണ്ടെന്നും, അവ ഓരോ തരത്തിൽ പരിഗണിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധ്യം ഇന്നും പൊതു മണ്ഡലത്തിൽ എത്രത്തോളമുണ്ടെന്ന് ചോദ്യ ചിഹ്നമാണ്. അപ്പോൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലേക്ക് എത്തുമ്പോൾ ഈ പൊതു ബോധ്യം എന്താണെന്ന് കുറച്ചു കൂടി വ്യക്തമാകണമെങ്കിൽ ഇഷാൻ നേരിട്ട വിവേചനത്തിന്റെ കഥ അറിയേണ്ടതുണ്ട്. ഇഷാന്റെ അമ്മ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ വെല്ലുവിളികൾ കൂടി അറിയേണ്ടതുണ്ട്.
സ്മിതയും ഇഷാനും
സ്മിതയെ കേൾക്കാനിരിക്കുന്നവർക്ക് ഒരു പക്ഷെ സ്മിതയെക്കൾ പരിചയം മകൻ ഇഷാനെയായിരിക്കും. ഒരു ക്ലോക്കിന് ചുറ്റുമുള്ള സൂചി പോലെ സ്മിതയുടെ ദൈനംദിന ജീവിതം മകൻ ഇഷാന് ചുറ്റുമാണ്. ഏറെ ഇഷടത്തോടെ ചെയ്യുന്ന എഴുത്തും, പഠിച്ചു നേടിയ വക്കീൽ കുപ്പായത്തിനും അത് കഴിഞ്ഞേ സ്ഥാനമുള്ളൂ. അഡ്വക്കേറ്റ് ആയ സ്മിതയുടെയും, ഗൾഫിൽ ജോലി നോക്കുന്ന ഗിരീഷിന്റെയും ഒറ്റ മകനാണ് ഒമ്പതു വയ്സുകാരനായ ഇഷാൻ. നിനച്ചിരിക്കാത്ത നേരത്ത് തന്നെ തേടി വന്ന സൗഭാഗ്യമായാണ് സ്മിത ഇഷാനെ കുറിച്ച് പറയാറുള്ളത്. രണ്ടര വയസ്സുവരെ എല്ലാം വളരെ സ്വാഭാവികമായിരുന്നു. പിന്നീടെപ്പോഴോ ഭർതൃ പിതാവാണ് ഇഷാൻ വിളി കേൾക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നത്. കുട്ടിക്ക് കേൾവിക്കുറവുണ്ടെന്നായിരുന്നു ആദ്യ നിഗമനം, എന്നാൽ ടിവിയുടെ ശബ്ദം കേൾക്കുമ്പോൾ ഓടി വരുന്ന ഇഷാന് കേൾവിക്ക് തകരാറുണ്ടാവില്ലെന്ന് സ്മിതക്ക് ഉറപ്പായിരുന്നു. എന്നാൽ പിന്നീടാണ് ഓട്ടിസത്തിന്റെ സ്പെക്ട്രത്തിൽ വരുന്ന ആശയവിനിമയ പരിമിതിയുണ്ടെന്ന് കണ്ടെത്തുന്നത്. ഇതോടെ മാറി മറഞ്ഞത് സ്മിതയുടെ ജീവിതം കൂടിയിരുന്നു, ആ ജീവിതത്തിൽ സ്മിതക്ക് ഇഷാന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയിട്ടുണ്ട് , തന്റേതിന് സമാനമായ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരുകൂട്ടം അമ്മമാരുടെ കൂടെ ശബ്ദമാകേണ്ടി വന്നിട്ടുണ്ട്.
മുഴുവൻ സമയവും ഇഷാനെ പരിചരിക്കാനായി മാറ്റിവക്കേണ്ടി വന്നതോടെ സ്മിത ജുഡീഷ്യൽ സർവീസ് നിർത്തിവച്ചു. അത്രയും കാലം പരിചയിച്ചു വന്ന ജീവിതത്തിൽ നിന്ന് മാറി ഇഷാൻ എന്ന ഒറ്റ ബിന്ദുവിലേക്ക് ചുരുങ്ങിയ കാലം. അത് പരീക്ഷണങ്ങളുടെയും, വെല്ലുവിളികളുടേതും കൂടിയായിരുന്നു. കുറ്റപ്പെടുത്തലുകൾക്കും, അവഗണനകൾക്കും നടുവിൽ സ്വന്തം മാനസികാരോഗ്യത്തെയും കൈ പിടിയിൽ ഒതുക്കി കൊണ്ട് സ്മിത ഇഷാന് വേണ്ടി ഓടിത്തുടങ്ങി. ആ ഓട്ടം അവസാനിച്ചത് കോട്ടയത്തെ ജുവൽ എന്ന തെറപ്പി സെന്ററിലായിരുന്നു. ഇഷാന്റെ ജീവിതത്തതിൽ കാര്യമായ പുരോഗതികൾ സംഭവിച്ച ചികിത്സാകാലയളവ്. ഈ സമയത്താണ് സ്മിത കോട്ടയം ഡയറീസ് എന്ന പ്രശസ്ത പുസ്തകം എഴുതി തുടങ്ങുന്നത്. ഒഴിവു സമയം എഴുത്തിനായി മാറ്റി വച്ച സ്മിത ഒട്ടനവധി പുസ്തകങ്ങളാണ് ഇക്കാലയളവിൽ എഴുതി തീർത്തത്.
ആശയ വിനിമയ പ്രതിസന്ധി പോലുള്ളവ നേരിടുന്നവർക്കും അപ്രാഭ്യമാണോ പൊതു വിദ്യാഭാസം ?
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സ്മിത തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത്. വലിയ ജനശ്രദ്ധ നേടിയ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബന്ധപ്പെട്ട അധികാരികൾ സംഭവത്തിൽ നടപടിയും സ്വീകരിച്ചു. എന്നാൽ ആ സംഭവം മുന്നോട്ടു വച്ച ഗൗരവമായ ഒരു പ്രശ്നം ഇനിയും അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല. പൂർണമായും ഓട്ടിസമായി കണക്കാക്കാൻ കഴിയാത്ത എന്നാൽ ഓട്ടിസം സ്പെക്ട്രത്തിൽ ഉൾപ്പെടുന്ന കുട്ടികൾ എവിടെനിന്നാണ് വിദ്യാഭ്യാസം നേടേണ്ടത് ?
ഇഷാൻ നേരിടുന്ന ഓട്ടിസത്തിന്റെ വിവിധ സ്പെക്ട്രങ്ങളിൽ ഒന്നായ ആശയവിനിമയ പ്രതിസന്ധി തരണം ചെയ്യാൻ വിദ്യാലയത്തിന്റേതായ ഒരന്തരീക്ഷവും, അധ്യാപകരുടെ പരിഗണനയും നൽകുന്ന സഹായം ചെറുതല്ല. ഈ മാർഗങ്ങളിലൂടെ ഏറെക്കുറെ പ്രതിസന്ധി തരണം ചെയ്യാൻ ഇഷാനെ പോലുള്ള കുഞ്ഞുങ്ങൾക്ക് കഴിയുമെന്ന് പലപ്പോഴും ഡോക്ടർമാർ തന്നെ അടിവരയിടുന്നു. ഇഷാൻ കുന്നംകുളം സർ രാജശ്രീ രാമവർമ സ്കൂളിൽ നിന്നായിരുന്നു, പ്രാഥമിക വിദ്യാഭ്യസം നേടുന്നത്. ഗൃഹാന്തരീക്ഷത്തിൽ നിന്ന് മാറി അധ്യാപകർക്കും, സുഹൃത്തുക്കൾക്കൊപ്പവും ചിലവഴിച്ച സ്കൂൾ കലഘട്ടം ഇഷാനിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. അപ്രതീക്ഷിതമായൊരു സാഹചര്യത്തിൽ അഞ്ചാം തരം മുതൽ പുതിയ സ്കൂളിലേക്ക് ചേർത്തേണ്ടതായി വന്നു. കുന്നംകുളം എംജെഡി സ്‌കൂളിലാണ് ഇഷാനെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ കുട്ടികൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടിയിരുന്ന ഒരധ്യാപകൻ തന്നെ ഇഷാന്റെ സ്കൂൾ പ്രവേശനം നിഷേധിച്ചു. ഇഷാന് സ്കൂളിൽ പ്രവേശിപ്പിക്കാൻ പ്രധാന അധ്യാപകൻ തയ്യാറായിരുന്നില്ല. ഈ പ്രതിസന്ധികളെ കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധ്യവും അസഹിഷ്ണുതയുമാണ് അധ്യാപകന്റെ പ്രവർത്തിയിൽ മുഴച്ചു നിന്നത്. ഇഷാന്റെ സ്കൂൾ പ്രവേശനത്തിന് നേരെ മുഖം തിരിച്ചതും ഇതിന്റെയെല്ലാം ആകെ തുകയായാണ്. ഇതിനു മുമ്പും ബിജുവിന് ഭിന്നശേഷിയും,മറ്റു പ്രതിസന്ധികളും ഉള്ള വിദ്യാർത്ഥികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ലെന്നും സ്മിത പറയുന്നു.
സ്മിതയുടെ പോസ്റ്റ് ശ്രദ്ധയിൽപെട്ട വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രധാന അധ്യാപകൻ ബിജുവിനെ സസ്‌പെൻഡ് ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പരീക്ഷാ ഭവൻ ജോയിന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കം സ്മിതയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവം പൊതു വിദ്യാഭ്യാസ സമ്പ്രദായം എത്രമാത്രം തുല്യനീതിയിലടിയുറച്ചുകൊണ്ട് വ്യത്യസ്ത പശ്ചാത്തലമുള്ള കുട്ടികളെ ചേർത്ത് പിടിക്കുന്നുണ്ടെന്ന ചോദ്യം ഭയപ്പെടുത്തുന്നുണ്ട്.
ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങളെ കുറിച്ചും, നിയമവശങ്ങളെ കുറിച്ചും ധാരണയുള്ള അഡ്വക്കേറ്റും, എഴുത്തുകാരിയും, പ്രതികരണ ശേഷിയുള്ള വ്യക്തി ആയിരിന്നിട്ടു പോലും ആ സന്ദർഭത്തിന്റെ ആഘാതത്തിൽ പകച്ചിരിക്കാൻ മാത്രമേ സ്മിതക്ക് കഴിഞ്ഞിരുന്നുള്ളു. ” ഇത്രയും രൂക്ഷമല്ലെങ്കിൽ പോലും സമാന അനുഭവങ്ങൾ പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്. അപ്പോൾ നിയമവും, അവകാശവും വ്യക്തമായി അറിയാത്ത മാതാപിതാക്കൾ എത്ര വട്ടം ഇത്തരം സാഹചര്യങ്ങൾക്ക് മുമ്പിൽ പകച്ചു നിന്നിട്ടുണ്ടാകും. വിവരിക്കാനാവാത്ത മനോവേദനയിലൂടെ കടന്നുപോയിരിക്കും? ”സ്മിത ചോദിക്കുന്നു. മക്കൾക്ക് കൃത്യമായ ചികത്സ ഉറപ്പാക്കുന്നതിന് ചെറുതാല്ലാത്ത സാമ്പത്തിക വെല്ലുവിളിയും മാതാപിതാക്കളെ വേട്ടയാടും. സർക്കാരിന് കീഴിൽ ഈ പ്രതിസന്ധികൾക്കുള്ള ചികത്സ സൗകര്യങ്ങൾ പരിമിതമാണ്. തെറാപ്പി സെന്ററുകൾ സുലഭവുമല്ല. ചികിത്സക്കായി സ്വകാര്യ തെറാപ്പി സെന്ററുകളെ ആശ്രയിക്കേണ്ടതായി വരും. അത്ര കണ്ട് സാമ്പത്തിക സുരക്ഷയില്ലാത്ത ഒരു കുടുംബത്തിന് താങ്ങാൻ കഴിയുന്നതിന് അപ്പുറമാണ് ഈ ചികിത്സാചിലവുകൾ.
ഈ സാമൂഹിക ചുറ്റുപാടിൽ കുട്ടികൾക്ക് സമൂലമായ വ്യത്യാസങ്ങൾ ഉണ്ടാകുക മറ്റു വിദ്യാർത്ഥികളുമായി ഇടപഴകുന്നതിലൂടെ ആയിരിക്കും. എന്നാൽ നിലവിൽ എത്ര പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ കുട്ടികൾക്ക് പ്രവേശനം ലഭിക്കുമെന്ന് സ്മിത ചോദിക്കുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ അന്തരീക്ഷമാണ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രത്യേക സ്കൂളുകളേക്കാൾ ഇവർക്ക് ഗുണം ചെയ്യുക. കൂടുതൽ കുട്ടികളുമായി സ്വന്ത്രമായി ഇടപെടാൻ കഴിയുമ്പോഴായിരിക്കും അവരിലും മാറ്റങ്ങളുണ്ടാവുക. കൂടാതെ കുട്ടിയെ വിശ്വസിച്ചേൽപ്പിച്ചു പോകാൻ സുരക്ഷിതമായ ഒരിടം അത്യന്താപേക്ഷിതമാണ്. എന്നാൽ മാത്രമേ എന്നെ പോലുള്ള അമ്മമാർക്ക് ജോലി ചെയ്യാനുള്ള സാധ്യത തുറന്നു കിട്ടുന്നുള്ളു” അത്തരമൊരു ഇടമുണ്ടായിരുന്നെങ്കിൽ സ്മിത ഇന്ന് ജുഡീഷ്യൽ സർവീസിലെ ഒരു ഉദ്യോഗസ്ഥയായി മാറിയിരുന്നേനെ. ”അമ്മ വൽസല നൽകുന്ന പിന്തുണയിൽ എനിക്ക് ഒരു പരിധി വരെ തൊഴിലടത്തും, എഴുത്തിടത്തും സജീവമാകാൻ കഴിയുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്ലാത്ത നിരന്തരം ഈ സാമൂഹിക സ്ഥിതിയോട് പോരടിച്ചു കൊണ്ടിരിക്കുന്ന അമ്മമാർക്കായാണ് ഞാൻ ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്നത്. ”സ്മിത പറയുന്നു.
വിദ്യാഭ്യസ മേഖലയും ഭിന്നശേഷി സ്പെക്ട്രവും
സാധാരണ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തി ഭാവിലേക്കുള്ള ഉയർന്ന ജോലിനേടാൻ ഇവരെ പ്രാപ്തരാക്കുക മാത്രമല്ല ഇവിടെ വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്നത്. മറിച്ച് സമൂഹത്തിൽ ഇടപെടാൻ പ്രാപ്തരാക്കുന്ന, നിത്യജീവിതത്തിന് ആവശ്യമായ നൈപുണ്യം വികസിപ്പിച്ചെടുക്കുന്ന, സാമൂഹിക വത്കരണത്തിന് സാഹചര്യമൊരുക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. ആശയവിനിമയ വൈകല്യങ്ങളിലും വളരെ നേരത്തേതന്നെ പരിശീലനത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഗൃഹാന്തരീക്ഷത്തിൽ നിന്ന് മാറി ഇൻക്ളൂസിവ് എജ്യുക്കേഷനിലൂടെ വിദ്യാർത്ഥികളുമായി ഇടപഴകുന്നതിലൂടെയും അധ്യാപകരുടെ പരിഗണനയിലൂടെയും മറികടക്കാൻ സാധിക്കും. ഇഷാൻ തന്നെയാണ് മികച്ച ഉദാഹരണം. ഇഷാന്റെ വിദ്യാഭ്യാസകലയളവിൽ വലിയ സ്വാധീനം ചെലുത്തിയത് ആശ എന്ന അധ്യാപികയിരുന്നു.” ഇഷാൻ ഈ പ്രതിസന്ധി മാറി കടക്കുന്നതിൽ വലിയ സ്വാധീനം വഹിച്ചിട്ടുണ്ട് ആശ ടീച്ചർ” സ്മിത പറയുന്നു. എന്നാൽ ഭൂരിപക്ഷം വരുന്ന അധ്യാപകസമൂഹവും പ്രധനാധ്യാപകൻ ബിജുവിന്റെ മാനസികാവസ്ഥ പിന്തുടരുന്നവരാണ്.
വിദ്യാർത്ഥികളെ അത്തരമൊരു പൊതു ഇടത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിൽ അധ്യാപകർക്ക് വലിയ പങ്കു വഹിക്കാൻ സാധിക്കും. മറ്റു വിദ്യാർത്ഥികളിൽ നിന്ന് മാറി ഇത്തരം കുട്ടികൾക്ക് നൽകേണ്ടി വരുന്ന അധിക ശ്രദ്ധ തന്നെയാണ് ഒരു പരിധി വരെ ഈ അസഹിഷ്ണുതക്ക് പിന്നിൽ. ഇവരുമായി എങ്ങനെ ഇടപഴണമെന്ന കാര്യത്തിൽ അധ്യാപകർക്ക് വലിയ ധാരണാപിശകുണ്ട്. എന്നാൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള അധ്യാപകരോ മറ്റു സൗകര്യങ്ങളോ ഈ വിദ്യാഭ്യസ സമ്പ്രദായത്തിൽ ഉൾപ്പെടുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇൻക്ലൂസിവ് എഡ്യൂക്കേഷൻ എന്ന ആശയത്തിൽ ഈ കുട്ടികളെ കൂടെ ഉൾപ്പെടുത്താൻ തക്കവണ്ണം ഈ സിസ്റ്റത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. അധ്യാപകർക്ക് ഈ വിദ്യാർത്ഥികളുമായി ഇടപഴകാനുള്ള പരിശീലനം പോലുള്ള ബദൽ സംവിധാനങ്ങൾക്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞേക്കും.
നിലവിൽ ഇവരുടെ വിദ്യാഭ്യസം മുന്നിൽ കണ്ടുകൊണ്ട് യാതൊരു വിധ സംവിധനങ്ങളും പ്രവർത്തിക്കുന്നില്ല. ഇൻക്ലൂസ്സിവ് സിസ്റ്റത്തിൽ സെപ്പറേറ്റ് വിങ്ങുകൾ പോലെയുള്ള സംവിധാനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞാലേ ആ ആശയം അക്ഷരാർത്ഥത്തിൽ നടപ്പിലാകുകയുള്ളു. പ്രൈവറ്റ് സെൻ്ററായ കോട്ടയം ജൂവൽ സെൻ്ററിന്റെ മാതൃകയിൽ 4 മുതൽ 10 -ാം തരം വരെ ക്ലാസ്സുകൾ പുനക്രമീകരിക്കേണ്ടതുണ്ട്. ഒക്കുപ്പേഷൻ/ബിഹേവിയർ/സ്പീച്ച് / സ്പെഷ്യൽ തെറാപ്പിസ്റ്റുകൾ എന്നിവ കൂടി വിദ്യാലയത്തിന്റെ ഭാഗമാകണം. ഒപ്പം നോർമൽ ക്ലാസുകളും. ഒരമ്മയുടെ, ലക്ഷക്കണക്കിന് ഹതാശയരായ മാതാപിതാക്കളുടെ ആവശ്യം കൂടിയാണിത്.”സ്മിത പറഞ്ഞുവക്കുന്നു. സമൂഹത്തിലുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വേണ്ടി ഇൻക്ലൂസിവ് എജ്യുക്കേഷൻ എന്ന ആശയവുമായി വിദ്യാഭ്യാസമന്ത്രിയെ അടക്കം സമീപിക്കാൻ ഒരുങ്ങുകയാണ് സ്മിത. അത്തരമൊരു സാഹചര്യം ഒരുക്കി നല്കാൻ കഴിഞ്ഞാൽ തന്റേതായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന നിരവധി അമ്മമാർക്ക് വലിയ മാറ്റങ്ങൾ സംഭവിക്കിച്ചേക്കാമെന്ന് സ്മിത അടിയുറച്ചു വിശ്വസിക്കുന്നു. വീണ്ടും തൊഴിലിടത്തേക്ക് തിരിച്ചെത്താനും സ്വപ്നങ്ങൾക്ക് പിന്നാലെ പായാനും ഈ അമ്മമാർക്ക് കഴിഞ്ഞേക്കും” സ്മിത പറഞ്ഞവസാനിപ്പിച്ചു.autism spectrum childrens schooling
Content summary; Why does our schooling system fail to accommodate children on the autism spectrum