‘ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ…’

മാറി മറിയുന്ന മണ്ഡലങ്ങള്‍, മാറുമോ തുടരമോ ഭരണം

kerala election 2026-tight fight.

തിരഞ്ഞെടുപ്പിന് ഇനി രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കി. ഇപ്പോഴും പ്രവചനാതീതമാണ് കേരളം ആര്‍ക്കൊപ്പം എന്നത്. പ്രമുഖ മാധ്യമങ്ങളും ഏജന്‍സികളും പുറത്തുവിട്ട പ്രീ-പോള്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത് ഭരണത്തുടര്‍ച്ചയ്ക്കായി എല്‍.ഡി.എഫും ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും തമ്മില്‍ വളരെ ചെറിയ വോട്ട് വ്യത്യാസത്തിലാണ് പോരാട്ടം നടക്കുന്നത് എന്നാണ്. വിവിധ സര്‍വേകള്‍ പ്രകാരം മുന്നണികള്‍ തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം വെറും 1% മുതല്‍ 3% വരെ മാത്രമാണ്. 40 ശതമാനത്തിന് മുകളില്‍ വോട്ട് വിഹിതത്തില്‍ ഇടത്-ഐക്യ മുന്നണികള്‍ തമ്മില്‍ കനത്ത പോരാട്ടം നടക്കുമ്പോള്‍ ഇത്തവണ 15 ശതമാനം വരെ വോട്ട് വിഹിതം ഉണ്ടാകുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്ന എന്‍ഡിഎ ഈ മത്സരത്തില്‍ വിധി നിര്‍ണായക ഘടകമാകുമെന്ന് കരുതാം.

ഇത്തവണ ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുന്ന ‘ടൈറ്റ്’ മണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ട്. ഏകദേശം 35 മണ്ഡലങ്ങളില്‍ അതീവ ശക്തമായ മത്സരമാണ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ ഫലമായിരിക്കും അടുത്ത സര്‍ക്കാര്‍ ആരുടേതെന്ന് തീരുമാനിക്കുക.

തൃശ്ശൂര്‍, പാലക്കാട്, നേമം, മഞ്ചേശ്വരം, കഴക്കൂട്ടം; ബി.ജെ.പി അവകാശവാദം ഉയര്‍ത്തുന്ന മണ്ഡലങ്ങളാണിവ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈ അഞ്ചു മണ്ഡലങ്ങള്‍ ഭൂരിപക്ഷത്തെ നിശ്ചയിക്കാന്‍ കഴിവുള്ളവയാണ്. ഈ അഞ്ചിടത്ത് നിന്നും ബിജെപിക്ക് സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍, നേരിയ സീറ്റുകളുടെ വ്യത്യാസമാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഇടയില്‍ സംഭവിക്കുന്ന പക്ഷം അവര്‍ കളത്തിലെ പ്രധാന കരുവാകും.

മലബാര്‍ മേഖലയില്‍ വോട്ട് വിഹിതത്തിലെ ചെറിയ മാറ്റം പോലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടാക്കും. കാസറഗോഡ് ജില്ലയില്‍ മഞ്ചേശ്വരത്ത് മാത്രമല്ല കാസറഗോഡ് മണ്ഡലത്തിലും യു.ഡി.എഫ്- എന്‍.ഡി.എയും നേരിട്ടുള്ള പോരാട്ടമാണ് പറയുന്നത്. ഇത്തവണ എല്‍ഡിഎഫും പൊരുതാനുറച്ച് കളത്തിലുണ്ട്.

മലപ്പുറം ജില്ലയില്‍ ലീഗിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ആകെയുള്ള 16 സീറ്റുകളും നേടുമെന്ന് പറയുമ്പോഴും തവനൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷവച്ചിരിക്കുന്ന മണ്ഡലമാണ്. കണ്ണൂരില്‍ ഇത്തവണ പേരാവൂരിലും കണ്ണൂരിലും യുഡിഎഫിന് അനുകൂലമായ വിജയം പ്രവചിക്കുമ്പോഴും വലിയ വോട്ട് വ്യത്യാസം ഇല്ലെന്നത് ഈ മത്സരങ്ങള്‍ ഇപ്പോഴും പ്രവചനാതീതമാക്കുന്നു.

കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലും നേരിയ വ്യത്യാസമാണ് വിജയത്തിനിടയില്‍ പറയുന്നത്. കോഴിക്കോട് സൗത്തും ന്യൂനപക്ഷ വോട്ടുകള്‍ ആരെ തുണയ്ക്കും എന്നതിനെ അടിസ്ഥാനമാക്കി വിജയം പ്രവചനാതീതമാക്കിയിരിക്കുകയാണ്.

തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള പല മണ്ഡലങ്ങളും ഭരണം നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങള്‍ക്കപ്പുറം മണലൂര്‍, തൃപ്പൂണിത്തുറ, കുന്നത്തുനാട്, ഇടുക്കി, പാലാ, പൂഞ്ഞാര്‍, അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, കുന്നത്തൂര്‍, കൊല്ലം, വട്ടിയൂര്‍ക്കാവ്, അരുവിക്കര, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ മണ്ഡലങ്ങളില്‍ വിജയം മൂന്ന് മുന്നണികള്‍ക്കായി വിഭജിച്ച് പ്രവചനങ്ങള്‍ വരുന്നുണ്ടെങ്കിലും വോട്ട് വിഹിതത്തില്‍ ചെറിയ വ്യത്യാസം മാത്രമാണുള്ളത്.

ടൈറ്റ് മത്സരം നടക്കുന്ന 35 ഓളം മണ്ഡലങ്ങളില്‍ ഭൂരിഭാഗം നേടുന്ന മുന്നണിയായിരിക്കും കേരളത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുക എന്നാണ് സര്‍വേകളും വിലയിരുത്തുന്നത്. ഇതില്‍ മിക്കയിടത്തും 2000-ത്തില്‍ താഴെ വോട്ടുകള്‍ക്കായിരിക്കും വിജയി നിശ്ചയിക്കപ്പെടുക.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ഭരണവിരുദ്ധ വികാരവുമാണ് വോട്ടര്‍മാര്‍ക്കിടയില്‍ ഒരുപോലെ ചര്‍ച്ചയാകുന്നത്. ഇതില്‍ ഏതിന് വോട്ടര്‍മാര്‍ മുന്‍ഗണന കൊടുക്കുന്നു എന്നതിലാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭാവി.

ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാനഘടകം ന്യൂനപക്ഷ വോട്ടുകളാണ്. മലബാര്‍, മധ്യകേരള മേഖലകളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ആര്‍ക്ക് അനുകൂലമായി ഏകീകരിക്കപ്പെടുന്നു എന്നത് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സീറ്റ് നിലയില്‍ വലിയ മാറ്റമുണ്ടാക്കും. 2025 ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്നതും രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. ചുരുക്കത്തില്‍, ഏപ്രില്‍ 9-ന് നടക്കുന്ന വോട്ടെടുപ്പില്‍ കേരളം ആര്‍ക്ക് അധികാരം നല്‍കുമെന്ന് പ്രവചിക്കുക ഇപ്പോഴും അസാധ്യമായി തീര്‍ന്നിരിക്കുകയാണ്.

Content Summary: Kerala Assembly Election 2026; Surveys show a slight difference in vote share between LDF and UDF

This post was last modified on April 6, 2026 5:14 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment