ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാനവ വികസന സൂചികയിൽ (HDI) എക്കാലത്തും മുൻപന്തിയിൽ നിൽക്കുന്ന കേരളം, ഇപ്പോൾ ദാരിദ്ര്യരഹിത സംസ്ഥാനമെന്ന ചരിത്രപരമായ നാഴികക്കല്ലിനോട് അടുക്കുകയാണ്.
2021ലാണ് സമഗ്ര അതിദരിദ്ര നിർമാർജ്ജന പദ്ധതി (ഇപിഇപി) കേരളത്തിൽ അവതരിപ്പിക്കുന്നത്. പദ്ധതിയിലൂടെ 64,006 കുടുംബങ്ങളെയാണ് കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളായി തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ 93 ശതമാനം കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ തങ്ങൾക്ക് സാധിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നുണ്ട്.
ആദ്യകാലങ്ങളിൽ ഭക്ഷണത്തേയും അതിൽ നിന്ന് ലഭിക്കുന്ന കലോറി ഊർജ്ജത്തെയും അടിസ്ഥാനമാക്കിയാണ് ദാരിദ്ര്യത്തെ നിർണയിച്ചിരുന്നത്. ദാരിദ്ര രേഖയ്ക്ക് താഴെ വരുന്നവരുടെ പട്ടിക തയ്യാറാക്കിയതിന്റെ മാനദണ്ഡവും ഇതായിരുന്നു. എന്നാൽ ആഹാര ലഭ്യതയിൽ മാത്രം ഒതുങ്ങാതെ വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, സേവനലഭ്യത എന്നിവ കൂടി പിന്നീട് ദാരിദ്ര്യം കണക്കാക്കുന്ന സൂചികയിൽ ഉൾപ്പെട്ടു. വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉൾപ്പെടുന്ന മാനവ വികസന സൂചികയിൽ കേരളം ഒന്നാമത് ആണെങ്കിലും ദാരിദ്രത്തിന്റെ തുരുത്തുകൾ കേരളത്തിൽ അവശേഷിച്ചിരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
ആരാണ് അതിദരിദ്രർ
പൊതുവിലുള്ള ശേഷികളുടെ അഭാവമാണ് ദാരിദ്ര്യമെങ്കിൽ അതിൽ ഏറ്റവും തീവ്രമായ അവസ്ഥയെ അഭിമുഖീകരിക്കുന്നവരാണ് അതിദരിദ്രർ. അതിജീവത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, വസ്ത്രം, സുരക്ഷിതമായ താമസ സ്ഥലം എന്നിവ ഇവർക്ക് നേടിയെടുക്കാൻ കഴിയാതെ പോകുന്നു.
തെരുവില്‍ കഴിയുന്നവര്‍, മറ്റു വരുമാന സാദ്ധ്യതകളോ, ആസ്തികളോ ഇല്ലാതെ അതിജീവനം പ്രതിസന്ധിയിലായ ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ മുതലായ വിഭാഗങ്ങള്‍ മാത്രം ഉള്ള കുടുംബങ്ങള്‍, കുടുംബനാഥൻ ഉപേക്ഷിച്ച മറ്റു വരുമാന സാദ്ധ്യതകളോ, ആസ്തികളോ തൊഴില്‍ ശേഷിയോ ഇല്ലാത്ത കുടുംബങ്ങള്‍, കിടപ്പു രോഗികള്‍ മാത്രം ഉള്ള തൊഴില്‍ ശേഷിയുള്ള കുടുംബാംഗങ്ങള്‍ ഇല്ലാത്ത, മറ്റു ആസ്തികളോ വരുമാനമോ ഇല്ലാത്ത കുടുംബങ്ങള്‍ തുടങ്ങിയവര്‍ കേവല ദാരിദ്ര്യത്തിന്നപ്പുറം, അതിജീവനശേഷി ഇല്ലാത്ത അതിദരിദ്രരാണ്.
അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള ഘടകങ്ങൾ
.അതിവാർദ്ധക്യം മൂലമോ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ മൂലമോ ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ സാധിക്കാത്ത കുടുംബങ്ങൾ. തെരുവിലോ പൊതുവിടങ്ങളിലോ കഴിയുന്നത് മൂലം തെരുവിലോ പൊതുയിടങ്ങളിലോ കഴിയുന്നതുമൂലം സ്ഥിരമായി ഭക്ഷണം ലഭിക്കാതിരിക്കുന്നവരോ, പൊതു സ്ഥാപനങ്ങളിൽ നിന്നോ സൗജന്യമായോ ഭക്ഷണം കഴിക്കുന്നവരോ ആയ കുടുംബങ്ങൾ.
.ഗുരുതരമായ രോഗം ബാധിച്ചത് കൊണ്ടോ, മുകളില്‍പറഞ്ഞ കാരണങ്ങള്‍ ഒഴികെ മറ്റു കാരണങ്ങളാൽ കിടപ്പ് രോഗിയായതിനാലോ, അപകടം മൂലമോ വരുമാന ശേഷി പൂര്‍ണമായും (തൊഴിലിൽ നിന്നോ, ആസ്തിയിൽ നിന്നോ, നിക്ഷേപങ്ങളിൽ നിന്നോ) നഷ്ടപെട്ട കുടുംബങ്ങൾ രോഗമോ അപകടമോ കാരണം കട ബാധ്യത വന്ന് ആസ്തികളും ജീവനോപാധികളും നഷ്ടപ്പെട്ട. കുടുംബം മാനനസിക വെല്ലുവിളികളോ, 80%
ശാരീരിക വെല്ലുവിളികളോ നേരിടുന്നവരെ വീട്ടിൽ പരിപാലിക്കേണ്ടി വന്നതുമൂലം തൊഴിലിൽ നിന്നോ, നിക്ഷേപങ്ങളിൽ നിന്നോ, ആസ്തിയിൽ നിന്നോ വരുമാനം നഷ്ടപ്പെട്ട കുടുംബം.
.തൊഴിൽ ശേഷി ഉളളവർ ഇല്ലാത്തതും, ആസ്തികളിൽ നിന്നോ, നിക്ഷേപങ്ങളിൽ നിന്നോ വരുമാനമില്ലാത്തതുമായ കുടുംബം
.വാസസ്ഥലം ഇല്ലാതെ അലയുന്നവർ (തദ്ദേശ സ്ഥാപന പ്രദേശത്ത് കഴിഞ്ഞ ഒരു വർഷമായി കാണുന്നവർ)
ദാരിദ്ര നിർമാർജ്ജന പദ്ധതികൾ
ദരിദ്രരെ അതിൽ നിന്ന് കരകയറ്റുന്നതിനായി കേരളം പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. 2002-2003 കാലഘട്ടത്തിൽ നടപ്പിലാക്കിയിട്ടുള്ള ആശ്രയ പദ്ധതിയായിരുന്നു ഈ ദിശയിലെ ആദ്യ പദ്ധതി. ഇവയ്ക്ക് നേതൃത്വം നൽകിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരുന്നു. 2016ന് ശേഷം കേരളത്തിൽ നടപ്പിലാക്കിയ അഗതി രഹിത കേരളം പദ്ധതി ആശ്രയ പദ്ധതിയുടെ പരിഷ്കരിച്ച രൂപമായിരുന്നു. തൊഴിലുറപ്പ് പദ്ധതി, റേഷൻ സംവിധാനം, വീടു നൽകാനുള്ള പദ്ധതികളെല്ലാം ഇതിൽ ഉൾപ്പെട്ടതാണ്.
1998ൽ കേരളത്തിൽ ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ കുടുംബശ്രീ പദ്ധതി കേരളചരിത്രത്തിൽ നിർണ്ണായകമായ ഒന്നാണ്. പിന്നീട് വന്ന ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളെല്ലാം കുടുംബശ്രീയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് നടപ്പിലാക്കിയത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആണ് ആശ്രയ പദ്ധതിയും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ഉപപദ്ധതിയും നടപ്പിലാക്കപ്പെട്ടത്.
പദ്ധതിയുടെ ലക്ഷ്യം
സംസ്ഥാനത്തെ അതിദാരിദ്ര്യം 5 വർഷം കൊണ്ട് ഇല്ലാതാക്കുക, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തുമുള്ള വിവിധ കാരണങ്ങളാൽ അതിദാരിദ്ര്യം അനുഭവിക്കുന്നവരെ സാമൂഹിക പങ്കാളിത്ത് പ്രക്രിയയിലൂടെ കണ്ടെത്തുക. ഓരോ ദരിദ്ര കുടുംബത്തിന്റെയും അവസ്ഥ സംബന്ധിച്ച് വിവര ശേഖരണം നടത്തുക. അതിദരിദ്ര കുടുംബങ്ങളുടെ അതിജീവനത്തിനും ജീവിത നിലവാരം ഉയർത്തുന്നതിനും കുടുംബാധിതിഷ്ഠിത മൈക്രോപ്ലാനുകൾ തയ്യാറാക്കുക, മൈക്രോപ്ലാനുകള്‍ ഏകോപിപ്പിച്ച് തദ്ദേശ സ്ഥാപന തല പദ്ധതി തയ്യാറാക്കി നടപ്പിലാക്കുക.
സാമൂഹിക പങ്കാളിത്ത പ്രക്രിയ
സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ശേഷിയില്ലാത്തവരും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പലപ്പോഴും പെടാതെ പോകുന്നവരും ആയതിനാൽ പരമ്പരാഗതമായ ഒരു ദാരിദ്ര സർവ്വേയിലൂടെ ആളുകളെ കണ്ടെത്താൻ സാധിക്കില്ല. അതിനാലാണ് പദ്ധതിയിൽ പങ്കാളിത്ത പ്രക്രിയ ഉൾപ്പെടുത്തിയത്. വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലസ്റ്ററുകൾ, വാർഡ്തല കൂട്ടായ്മകൾ എന്നിവയുടെ സഹായമാണ് ഇതിനായി തേടിയത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഒരുമിച്ചിരുന്ന് പങ്കാളിത്ത ചര്‍ച്ചയിലൂടെ അതിദരിദ്രരെ കണ്ടെത്തുക എന്നുള്ള രീതിയാണ് ഇവിടെ അവലംബിച്ചത്.
കേരളത്തിലെ ദാരിദ്ര നിർമാർജ്ജന രൂപരേഖ
സംസ്ഥാനത്ത് 1032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. പദ്ധതിയുടെ ആദ്യഘട്ടം 2023 നവംബർ ഒന്നിന് പൂർത്തിയാക്കി 30,658 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 2025 ആഗസ്റ്റിലെ കണക്കുകൾ പ്രകാരം, 64,006 കുടുംബങ്ങളിൽ 53,027 കുടുംബങ്ങളെ (83%) ഇതിനോടകം ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വിവിധ സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ഈ മഹായജ്ഞത്തിന്റെ ഭാഗമായി.
സാമൂഹിക സംഘടനാ പ്രവർത്തകർ, കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ, വാർഡ് ക്ലസ്റ്റർതല ചർച്ചകൾ എന്നിവയിലൂടെ തയ്യാറാക്കിയ വിവിധ പട്ടികകൾ ഏകോപിപ്പിച്ച്, പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി വിവരശേഖരണം നടത്തി. ഈ പട്ടികകൾ വാർഡ്/ഗ്രാമ സഭകളുടെ അംഗീകാരത്തിന് സമർപ്പിച്ച ശേഷം, 64,006 കുടുംബങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടിക 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ചു. അതിദരിദ്രരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ഓരോ കുടുംബത്തെയും നേരിൽ കണ്ട്, അവരുടെ യഥാർത്ഥ ക്ലേശഘടകങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രത്യേക മൈക്രോ പ്ലാനുകൾ തയ്യാറാക്കിയാണ് ഇവരെ സുരക്ഷിത ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയത്.
content summary: Kerala moves toward ending poverty through the Kerala government’s Extreme Poverty Eradication Programme
This post was last modified on October 28, 2025 10:04 am
Leave a Comment