കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ ആകാശവിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടുകള്‍ പലപ്പോഴും വലിയ മനുഷ്യക്കുരുതികളുടെയും തീരാക്കണ്ണീരിന്റെയും അവശേഷിപ്പായി മാറാറുണ്ട്. ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെ പിടിക്കുമ്പോള്‍, നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തുന്ന ഇത്തരം മത്സരക്കമ്പങ്ങള്‍ കേരളത്തിന് സമ്മാനിച്ചത് ഭീകരമായ ദുരന്തചരിത്രങ്ങളാണ്. ഓരോ ദുരന്തവും അവസാനിക്കുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് സുരക്ഷാ വീഴ്ച എന്ന അവസാനിക്കാത്ത അശ്രദ്ധയിലേക്കാണ്. വര്‍ണ്ണപ്പൊലിമയ്ക്കപ്പുറം ചിതറിത്തെറിക്കുന്ന ജീവനുകളുടെ കണക്ക് പരിശോധിക്കുമ്പോള്‍, നമ്മള്‍ കൊട്ടിഘോഷിച്ച് നടത്തുന്ന ആഘോഷങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
കേരള ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായിരുന്നു കൊല്ലത്തെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായത്. 2016 ഏപ്രില്‍ 10 ന് പുലര്‍ച്ചെ 3.30 ന് ഉണ്ടായ അപകടത്തില്‍ 110 പേര്‍ മരിക്കുകയും 300 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് നടത്തിയ മത്സരക്കമ്പമായിരുന്നു പുറ്റിങ്ങല്‍ ദുരന്തത്തിന് വഴിവച്ചത്. വര്‍ക്കല കൃഷ്ണന്‍കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരുടെ ടീമുകള്‍ തമ്മിലുള്ള വാശിയേറിയ മത്സരത്തിനിടെ പൊട്ടിത്തെറിച്ച വെടിക്കെട്ട് സാധനങ്ങള്‍ കമ്പപ്പുരയിലേക്ക് തെറിച്ച് വീണതായിരുന്നു വന്‍ സ്‌ഫോടനത്തിന് കാരണമായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പോലും തകര്‍ന്ന് വീഴുകയും 300 ലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്നത് പുലര്‍ച്ചെ ആയതിനാലും പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സപ്പെടുത്തി.
ചരിത്രം ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍
പുറ്റിങ്ങല്‍ ദുരന്തത്തിന് മുമ്പ് അതുവരെ കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് അപകടമായിരുന്നു ശബരിമല ദുരന്തം. 1952 ല്‍ ശബരിമലയിലെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 68 പേരാണ് മരിച്ചത്. അറുപതു വര്‍ഷം മുമ്പ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇതുപോലെ മറ്റൊരു അപകടം നടന്നിരുന്നു. അന്ന് കമ്പത്തിനിടെ കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക കലായിക്കോട്ട തകര്‍ന്നാണ് കുറേ പേര്‍ മരിച്ചത്. കണ്ടങ്കാളി, പേട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കമ്പത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിനു ശേഷം നിറുത്തിവച്ച ഉത്സവം 1966 മുതലാണ് വീണ്ടും തുടങ്ങിയത്. കമ്പമില്ലെമില്ലെങ്കില്‍ ഉത്സവം തന്നെ വേണ്ടെന്ന നിലപാടാണ് അന്ന് ഉത്സവ നടത്തിപ്പുകാര്‍ സ്വീകരിച്ചത്.
പൂരങ്ങളുടെ നാടായ തൃശൂര്‍ വെടിക്കെട്ട് അപകടങ്ങളിലും ഒട്ടും പിന്നിലല്ല. തൃശൂരിന് പുറമെ കൊല്ലം, പാലക്കാട് ജില്ലകളാണ് വെടിക്കെട്ട് ദുരന്തങ്ങളില്‍ മുന്നില്‍. ഇതുവരെ നടന്ന 800 ഓളം അപകടങ്ങളില്‍ 400 ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇനിയൊരു പുറ്റിങ്ങലോ മുണ്ടത്തിക്കോടോ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടവും ആഘോഷകമ്മിറ്റികളും ജാഗ്രത പാലിക്കണം.
കേരളത്തില്‍ ഉണ്ടായിട്ടുള്ള വെടിക്കെട്ട് അപകടങ്ങളുടെ പട്ടിക
- 2024- കാസര്‍ഗോഡ് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം, ആളപായമില്ല.
- 2016-കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. മരണം 114
- 2016 എറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലിക്ക് വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട്
പുരയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 2 മരണം - 2013-പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്
- 2011-ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചു. മരണം 13
- 2008 ഫെബ്രുവരി 18-എറണാകുളം ജില്ലയിലെ മരടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ഡൈന ആളുകളുടെ ഇടയില്‍
വീണു പൊട്ടി 3 മരണം - 2006-തൃശ്ശൂര്‍ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
- 1999-പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
- 1998-പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ പൊട്ടിത്തറി. മരണം 13
- 1997-തൃശ്ശൂര്‍ ചിയ്യാരം പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി. മരണം ആറ്
- 1990-കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26
- 1989-തൃശ്ശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12
- 1988-തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാര്‍ മരിച്ചു. മരണം 10
- 1987 ഏറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിന് വെടിക്കെട്ടൊരുക്കുന്ന വടക്കേ ചേരുവാരം
വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു 5 മരണം - 1987-തൃശ്ശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ -കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
- 1984-തൃശ്ശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20
- 1978-തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടം. മരണം എട്ട്
- 1952-ശബരിമലയില്‍ ജനുവരി 14ന് പകല്‍ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനം. മരണം 68.
ലോകപ്രശസ്തമായ തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണം വെടിക്കെട്ടാണ്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമ്പോഴും അപകടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കുന്നില്ല. വെടിക്കെട്ട് സാമഗ്രികളുടെ ഗുണനിലവാരക്കുറവും, ആള്‍ക്കൂട്ടവും വെടിക്കെട്ട് പുരയും തമ്മിലുള്ള അകലം പാലിക്കാത്തതുമാണ് പലപ്പോഴും അപകടങ്ങളുടെ ആക്കം കൂട്ടുന്നത്. ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യജീവനേക്കാള്‍ വില വെടിക്കെട്ടിന് നല്‍കുന്ന പ്രവണത മാറേണ്ടതുണ്ട്. ഓരോ അപകടം നടക്കുമ്പോഴും അന്വേഷണ കമ്മീഷനുകള്‍ രൂപീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ വരികയും ചെയ്യുന്നുണ്ടെങ്കിലും, പ്രായോഗിക തലത്തില്‍ അവ നടപ്പിലാക്കാന്‍ അധികൃതര്‍ പലപ്പോഴും മടിക്കുന്നു. ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍, ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങളും കര്‍ശനമായ നിയമപാലനവും അനിവാര്യമാണ്.
Content Summary: Kerala fireworks disasters: a dark history of festival tragedies
This post was last modified on April 21, 2026 6:31 pm
Leave a Comment