കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിലെ സർക്കാർ സ്കൂളുകളുടെ എണ്ണം കുറഞ്ഞുവെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിനെതിരെ ശക്തമായ മറുപടിയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയത്. സ്കൂളുകൾ അടച്ചുപൂട്ടുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാദങ്ങളിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ശിവൻകുട്ടി തന്റെ സോഷ്യൽമീഡിയയിൽ കുറിച്ചു.
കേരളത്തിലെ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുന്നണമെന്ന കെ.പി.സി.സി മുൻ വൈസ് പ്രസിഡന്‍റ് വി.ടി ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയെന്നോണമാണ് മന്ത്രി പ്രതികരണം അറിയിച്ചത്.
കേരളത്തിലെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നുവെന്ന അവകാശവാദത്തിൽ വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയാണ് ശരിയെന്നും സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞാൽ പോലും സ്ഥാപനങ്ങൾ അടച്ചുപൂട്ടില്ലെന്നും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ അഴിമുഖത്തോട് പ്രതികരിച്ചു.
‘പല സ്കൂളുകളിലും കുട്ടികളുടെ എണ്ണം കുറയുന്ന പ്രതിസന്ധി നേരിട്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അടച്ചുപൂട്ടലിന്റെ വക്കിലേക്ക് സർക്കാർ സ്കൂളുകളെത്തിയിട്ടില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞ് വരുന്ന സ്കൂളുകളിൽ അവയെ പുനരുജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിയിട്ടുള്ളതും നിലവിൽ നടത്തുന്നതും. സ്കൂളുകളിലെ പിടിഎ അംഗങ്ങളോട് കൂടിയാലോചിച്ചാണ് ഓരോ സ്കൂളുകൾക്കും പ്രവർത്തിക്കാൻ എന്തൊക്കെ സൗകര്യങ്ങൾ ആവശ്യമാണെന്ന് മനസിലാക്കി അതിനുള്ള നടപടി സ്വീകരിക്കുന്നത്.
സ്കൂളുകൾ അടച്ചുപൂട്ടുന്നതിന് പകരം പുനരാരംഭിക്കുക എന്നതാണ് കേരളത്തിലെ സ്കൂളുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയം. അടച്ചുപൂട്ടണമെന്ന് അഭ്യർത്ഥന ലഭിച്ചാൽ പോലും അത്തരത്തിലുള്ള നീക്കത്തിന് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകില്ല. അതാണ് ഞങ്ങൾ പിന്തുടരുന്ന നയം. ചില എയ്ഡഡ് സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ മാനേജ്മെന്റിന് താൽപര്യമില്ലെന്ന് അറിയിച്ചാൽ അത് സർക്കാർ ഏറ്റെടുക്കാറുണ്ട്. അത്തരം സ്കൂളുകളെയും അവിടെ ജോലി ചെയ്യുന്നവരെയും കൈവിടാതിരിക്കാനാണ് ഈയൊരു സമീപനം സ്വീകരിക്കുന്നത്. അല്ലാതെ ഒരു സ്കൂൾ പോലും അടച്ചുപൂട്ടണമെന്ന് തീരുമാനിച്ചിട്ടില്ല’, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ അഴിമുഖത്തോട് പ്രതികരിച്ചു.
2021-22 വര്‍ഷത്തില്‍ 5010 സര്‍ക്കാര്‍ സ്‌കൂളുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നത് 2023-24 ആയപ്പോഴേക്കും 4809 ആയി കുറഞ്ഞുവെന്നാണ് കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയെ അറിയിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 201 സര്‍ക്കാര്‍ സ്‌കൂളുകളുടെ കുറവ് കേരളത്തില്‍ ഉണ്ടായെന്നാണ് കെ രാധാകൃഷ്ണന്‍ എംപിയുടെ ചോദ്യത്തിന് ലഭിച്ച മറുപടിയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992-ൽ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുമായി (MGLC) ബന്ധപ്പെട്ടതാണെന്നും മന്ത്രി വിശദീകരിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം (RTE) നിലവിൽ വന്നപ്പോൾ ഇവ സ്കൂളുകളായി തുടരാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഈ സെന്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കിയതെന്നും വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
Content Summary: Kerala government school closures; Kerala Education Department responds to Centre
This post was last modified on August 13, 2025 3:54 pm
Leave a Comment