വോട്ട് ചോര്‍ച്ച വിവാദത്തില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെഎസ് ശബരിനാഥന്‍. ”ഫ്‌ളാറ്റുകളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കണം. ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷനും ബില്‍ഡേഴ്‌സും അതിന് മുന്‍കൈ എടുക്കണം” കെഎസ് ശബരിനാഥന്‍ അഴിമുഖത്തോട് പ്രതികരിച്ചു.
”ഫ്‌ളാറ്റിലുള്ള പല താമസക്കാരും ഇലക്ഷന്‍ വോട്ടിങ് മെക്കാനിസത്തെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ്. അതുകൊണ്ടാണ് ഫ്‌ളാറ്റിലെ വോട്ടങ്ങില്‍ കൃത്രിമം നടത്തുന്നത്. ഫ്‌ളാറ്റുകളില്‍ കയറി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചേര്‍ക്കാനും പ്രചരണത്തിനും സൗകര്യം ഒരുക്കിക്കൊടുക്കുകയുമാണ് വേണ്ടത്.
നിലവില്‍ ഫ്‌ളാറ്റിനകത്ത് വോട്ട് ചോദിക്കാന്‍ പോകണമെങ്കില്‍ ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷന്റെ സമ്മതം വേണം. പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ഫ്‌ളാറ്റുകളിലെ സെക്യൂരിറ്റിമാരുടെ കൈവശം പ്രചാരണത്തിന്റെ പേപ്പര്‍ കൊടുത്തിട്ട് പോകുകയാണ് പതിവ്. വീടുകളില്‍ പ്രചരണത്തിന് പോകുന്നത് പോലെ ഫ്‌ളാറ്റുകളില്‍ കയറാനുള്ള സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാക്കണം. ഇത്തരത്തില്‍ സംവിധാനം ഒരുക്കി ഫ്‌ളാറ്റുകള്‍ സുതാര്യമാക്കിയാല്‍ വോട്ട് അട്ടിമറി നടത്താന്‍ കഴിയില്ല. തൃശൂരില്‍ അങ്ങനെ ഒരു ക്രമീകരണം ഉണ്ടായിരുന്നെങ്കില്‍ അനധികൃതമായി വോട്ടുകള്‍ ചേര്‍ക്കാന്‍ പറ്റില്ലായിരുന്നു. ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയുണ്ടാകുമായിരുന്നു” ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.
”കോണ്‍ഗ്രസ് പറയുന്നത് പ്രകാരം ഏകദേശം 48 സീറ്റുകളില്‍ ഇത്തരത്തില്‍ അട്ടിമറി നടന്നിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും രേഖകള്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. എഐ പോലുള്ള സംവിധാനങ്ങള്‍ വിപുലമായ സാഹചര്യത്തില്‍ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കിയാല്‍ ഇന്ത്യയിലെ മുഴുവന്‍ വോട്ടര്‍ രേഖകളും പരിശോധിച്ച് ആവര്‍ത്തിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കും. വണ്‍ പേഴ്‌സണ്‍, വണ്‍ വോട്ട് = വണ്‍ വോട്ടര്‍ ഐഡി എന്നത് കര്‍ശനമാക്കിയുള്ള സംവിധാനം വരണം. ബയോമെട്രിക് പോലുള്ള സംവിധാനങ്ങള്‍ ഒരുക്കിയാല്‍ ഭാവിയിലും ഗുണം ചെയ്യും” ശബരിനാഥന്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണം ഒരുപരിധിവരെ ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ അരാഷ്ട്രീയതയും ജനാധിപത്യ മര്യാദയില്ലായ്മയുമാണെന്ന് ശബരിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക്, ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരായാലും കേരളത്തിലെ എല്ലാ വീടുകളിലും ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കാം. പക്ഷേ, ഫ്‌ളാറ്റുകളിലെ സ്ഥിതി അതല്ല. ആ സ്ഥിതിക്ക് മാറ്റം വരാന്‍ കൗണ്‍സിലര്‍മാരോ വാര്‍ഡ് മെമ്പറോ തങ്ങളുടെ അധികാരം പ്രയോഗിക്കണം. നഗരവത്കരണം കൂടുമ്പോള്‍ ജനാധിപത്യ പങ്കാളിത്തം കുറയുകയാണെന്നും ശബരിനാഥന്‍ വ്യക്തമാക്കുന്നു.
തൃശൂരില്‍ മണ്ഡലത്തിന് പുറത്തുള്ള വോട്ടര്‍മാരെ പോലും സ്വന്തം ഫ്‌ളാറ്റുകളുടെ മേല്‍വിലാസത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതിന്റെ തെളിവുകളാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. കൂടാതെ, പ്രസന്ന അശോകന്‍ എന്ന താമസക്കാരിയുടെ ഫ്‌ളാറ്റില്‍ 10 വോട്ടുകള്‍ പുതുതായി ചേര്‍ക്കപ്പെട്ടതിന്റെ രേഖകളും പുറത്തുവന്നിരുന്നു. തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാത്രമായി വിലാസം മാറ്റിയവരുടെ രേഖകളാണ് പുറത്തുവന്നത്. ‘Vote Theft’: flats must be made transparent; K.S. Sabarinathan
Content Summary: ‘Vote Theft’: flats must be made transparent; K.S. Sabarinathan
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.