യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോടിത്ര നീരസം ? മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ച വാക്കുകൾ തിരി കൊളുത്തിയത് കൗതുകരമായ ഒരു രാഷ്ട്രീയ തർക്കത്തിനാണ്. മുതിർന്ന നേതാവ് അജയ് തറയിലിന്റെ വാക്കുകൾക്ക് ചിരിച്ച് കൊണ്ടാണ് ‘ന്യൂജെൻ’ നേതാക്കൾ മറുപടി നൽകുന്നതും. ‘ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസിന്റെ അസ്തിത്വം. ഖദർ ഒരു വലിയ സന്ദേശമാണ്, ആദർശമാണ് മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂജെൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുനന്ത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്‌ഐക്കാരെ അനുകരിക്കുന്നത് ?’ എന്ന് അജയ് തറയിലെഴുതിയപ്പോൾ മറുപടിയായി കളറിട്ടിട്ടും മങ്ങലേൽക്കാത്ത തങ്ങളുടെ ആദർശവും അസ്തിത്വവുമാണ് യുവനേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
വസ്ത്രധാരണം ചോയ്സും കംഫർട്ടുമാണ്
കോൺഗ്രസുകാരെ സംബന്ധിച്ച് ഖദർ ആവരുടെ ആദർശത്തിന്റെ ഭാഗം കൂടിയാണ്. സ്വാതന്ത്രസമര കാലം തൊട്ട് കോൺഗ്രസിന്റെ കൂടെക്കൂടിയ ഒരു ശീലം. കോൺഗ്രസിന്റെ ഭരണഘടനയുടെയും കൂടി ഭാഗമായിരുന്നു ഇത്. അങ്ങനെയാണ് പ്രവർത്തകർ വെള്ള ഖദർ വസ്ത്രങ്ങൾ ധരിച്ച് കോൺഗ്രസിന്റെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെന്നും കോൺഗ്രസ് നേതാവ് വിടി ബൽറാം പ്രതികരിച്ചത്.
ഒരു രാഷ്ട്രീയ പ്രവർത്തകൻ സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ടുന്ന ആളല്ല. അതുകൊണ്ട് തന്നെ സമൂഹത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും എങ്ങനെയാണോ വസ്ത്രധാരണം നടത്തുന്നത് ആ നിലയിൽ തന്നെ രാഷ്ട്രീയ പ്രവർത്തകരും ചെയ്യട്ടെ. നമ്മളൊക്കെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വസ്ത്രം ധരിക്കുന്നവരാണല്ലോ. വസ്ത്രധാരണമൊക്കെ ഒരു വ്യക്തിയുടെ ചോയ്സും കംഫർട്ടുമാണ്. അങ്ങനെയൊക്കെയുള്ള വസ്ത്രധാരണ രീതികളാണ് ഞാനടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ സ്വീകരിച്ച് വരുന്നത്. ഞാനും ഖദർ വസ്ത്രം ധരിക്കുന്നയാളാണ്, എല്ലാ വർഷവും വാങ്ങാൻ ശ്രമിക്കുന്ന ആളുമാണ്. ഖദറിന് ഒരു സന്ദേശവും ചരിത്രവും പാരമ്പര്യവുമുണ്ട്. ഞങ്ങൾക്ക് മുമ്പുള്ള നേതാക്കന്മാർ സ്ഥിരമായി വെള്ളയും വെള്ളയും ധരിച്ചിരുന്നവരാണ്. ഞങ്ങളുടെയൊക്കെ കാലത്താണ് അതിൽ നിന്നൊരു മാറ്റം വന്നത്. ലിനനും ബ്രാന്റ്ഡ് ഷർട്ടുകളുമൊക്കെ ഞങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതുപോലെയുള്ള കാര്യങ്ങളൊക്കെ വലിയ പ്രത്യയശാസ്ത്രവത്കരിക്കുകയോ കടുംപിടുത്തം പിടിക്കുകയോ ചെയ്യേണ്ടതില്ലെന്ന് തോന്നുന്നുവെന്ന് വി ടി ബൽറാം പറഞ്ഞു.

വി ടി ബൽറാം
എന്റെ വ്യക്തിപരമായ ഒരു അനുഭവം പറയാം ഡിഗ്രിക്കാലം ഗുരുവായൂരപ്പൻ കോളേജിൽ ആയിരുന്നു. ആ കാലം തൊട്ടേ മുണ്ട് എന്റെ സ്ഥിരം വസ്ത്രമായിരുന്നു. എനിക്ക് ഏറ്റവും ചേരുന്ന വസ്ത്രമായി തോന്നിയിരിക്കുന്നത് മുണ്ടാണ്. ഡിഗ്രി കഴിഞ്ഞ് നേരെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലേക്കാണ് പോകുന്നത്. അവിടെ രാഷ്ട്രീയവും പ്രവർത്തനവുമൊക്കെ ഉണ്ടായിരുന്നെങ്കിലും മുണ്ടുടുത്ത് ആരും വന്നിരുന്നില്ല. ആ കോളേജിൽ മുണ്ട് ഒരു സ്ഥിരം വസ്ത്രമാക്കിയത് ഞാനൊക്കെയാണ്; വി ടി ബൽറാം ഓർത്തെടുക്കുന്നു.
ഖദർ മുൻതലമുറയിൽ നിന്ന് ഉൾക്കൊണ്ട ശീലം
ഏത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്രമാണ്. രാഷ്ട്രീയക്കാർക്ക് മാത്രമായി ഒരു ഡ്രസ് കോഡ് ഒന്നുമില്ല. കഞ്ഞി വെള്ളത്തിലും പശയിലും മുക്കി തേച്ചുമിനുക്കിയ ഖദർ ധരിച്ചാലേ രാഷ്ട്രീയക്കാരനാകൂവെന്ന സ്റ്റീരിയോടൈപ്പ് രീതിയിൽ നിന്നൊക്കെ ഇപ്പോൾ ഒത്തിരി മാറ്റം വന്നുവെന്നുമാണ് മുസ്ലീം യൂത്ത് ലീഗിന്റെ യുവജന വിഭാഗം സംസ്ഥാന നേതാവ് പി കെ ഫിറോസിന്റെ പ്രതികരണം
മറ്റു സംസ്ഥാനങ്ങളിലും ഈ പറഞ്ഞ തരത്തിലുള്ള സ്റ്റീരിയോടൈപ്പ് രീതികളുണ്ട്. അതിന് പൊതുവിൽ ഒരു മാറ്റം വന്നു കഴിഞ്ഞല്ലോ അതിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ രാഹുൽ ഗാന്ധി. ജീൻസും ടീഷർട്ടും സ്ഥിര വസ്ത്രമാക്കിയ അദ്ദേഹം പണ്ട് സ്ഥിരമായി ധരിച്ചിരുന്നത് പൈജാമയും കുർത്തിയുമാണ്. വസ്ത്രധാരണ രീതിയിൽ പൊതുവേ മാറ്റം വന്നു കഴിഞ്ഞല്ലോ. ഞാൻ എല്ലാ തരത്തിലുള്ള വസ്ത്രങ്ങളും ശീലമാക്കിയ ഒരു വ്യക്തിയാണ്. വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിൽ സ്ഥിരമായി വെള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. മുൻതലമുറയിൽ നിന്ന് ഉൾക്കൊണ്ട ശീലമായിരുന്നു ഇത്. ഖദർ ആദർശത്തിന്റെ ഭാഗമായാണ് അംഗീകരിക്കുന്നത്. വസ്ത്രധാരണത്തിൽ വരുന്ന മാറ്റം ആദർശത്തിൽ പ്രതിഫലിക്കില്ലല്ലോ എന്ന് ഫിറോസ് ചോദിക്കുന്നു.

പി കെ ഫിറോസ്
ഖദറിന്റെ പരിപാലനം പ്രധാന പ്രശ്നമാണ്
കളർ ഷർട്ട് അധികാരത്തിന്റെയും പണത്തിന്റെയും ചിഹ്നമായാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അതിൽ നിന്നൊക്കെ ഒരുപാട് മാറ്റം വന്നു കഴിഞ്ഞല്ലോ. ഗ്രാമങ്ങളിലുള്ള കുട്ടികൾ വരെ നല്ല വസ്ത്രം ധരിച്ച് തുടങ്ങിയത് ചെറിയ വിലയ്ക്ക് വസ്ത്രം ലഭ്യമാവാൻ തുടങ്ങിയപ്പോഴാണ്. ഏത് വസ്ത്രം ധരിച്ചാലും പാർട്ടിയുടെ ആദർശത്തിലും കാഴ്ച്ചപ്പാടിലും മുന്നോട്ട് പോയാൽ മതി. ഖദർ വിവാദത്തിൽ കെ ശബരീനാഥ് എംഎൽഎയുടെ നിലപാട് ഇങ്ങനെയാണ്.

കെ ശബരിനാഥൻ
ഇന്നത്തെ കാലത്ത് ഖദറിന്റെ പരിപാലനം ഒരു പ്രധാന പ്രശ്നം തന്നെയാണ്. ഒന്ന് അലക്കിയെടുത്ത് കിട്ടണമെങ്കിൽ തന്നെ ചിലവും സമയവും വേണം. ഞാൻ വസ്ത്രധാരണത്തിൽ അത്ര കാർക്കശ്യം പാലിക്കുന്ന ഒരാൾ അല്ല. ഖദറും കളറും ഉപയോഗിക്കും. ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ല. ഒന്ന്, ഖദർ ഷർട്ട് സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്.കളർ ഷർട്ട് എന്നാലോ എളുപ്പമാണ്.രണ്ട്, ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ട്. അതിനാൽ വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതിയെന്നും ശബരിനാഥ് വ്യക്തമാക്കി.
content summary: Young leaders in Congress responded to a senior leader’s remarks regarding use of khadi within the party’s youth wing