ഇന്ത്യയിലെ ഏറ്റവും മികച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിര തന്നെ ഒരു കാലത്ത് കേരളത്തില്‍ നിന്നായിരുന്നു. കെ.പി.എസ് മേനോന്‍ തൊട്ട് ശിവശങ്കര്‍ മേനോന്‍ വരെ നീളുന്ന പ്രഗത്ഭര്‍. രാഷ്ട്രീയക്കാരാകും മുന്‍പ് മികച്ച ഐഎഎസ് ഉദ്യോഗസ്ഥരായിരുന്ന എസ് കൃഷ്ണകുമാറും അല്‍ഫോണ്‍സ് കണ്ണന്താനവുമൊക്കെ ഈ ശ്രേണിയിലെ തിളക്കമുള്ള കണ്ണികളായിരുന്നു.
മികച്ച സേവന പാരമ്പര്യമുള്ള കേരളാ സിവില്‍ സര്‍വീസ് കേഡറില്‍ ഈയിടെ നടന്ന സംഭവങ്ങള്‍ ഇതിന് മുന്‍പ് കേട്ടുകേള്‍വിയില്ലാത്തതാണ്. ഉന്നത ഉദ്യോഗസ്ഥമാരുടെ പരസ്യമായ അവഹേളനങ്ങളും ഗ്രൂപ്പുകളുമൊക്കെ മറനീക്കി പുറത്ത് വന്ന ഒരു മേഖലയായി ഈ വരേണ്യ മേഖല തരംതാഴുന്ന കാഴ്ച കണ്ടുകൊണ്ടിരിക്കുകയാണ് പ്രബുദ്ധ കേരളം.
‘മെറ്റ് കാഫ് ഹൗസിലെ വലിയ ഹാളില്‍ തരുണ്‍ ബോസ് ഐസിഎസ് ആവേശഭരിതനായി ഐഎഎസ് പ്രൊബേഷണര്‍മാരോട് സംസാരിക്കുകയായായിരുന്നു. ‘ഒരു കാര്യം എപ്പോഴും ഓര്‍മ്മിക്കുക. നിങ്ങള്‍ എന്റെ സര്‍വ്വീസിന്റെ പിന്‍തുടര്‍ച്ചക്കാരാണ്. നിങ്ങളുടെ പശ്ചാത്തലം വ്യത്യസ്തമാണെന്നെനിക്കറിയാം. ഞങ്ങള്‍ കളിച്ച നാടകമല്ല. നിങ്ങള്‍ കളിക്കാന്‍ പോകുന്നത്. അരങ്ങ് മാറിയിരിക്കുന്നു. ഞങ്ങളെ സ്റ്റീല്‍ ഫെയിം എന്നാണ് വിളിക്കുക. നിങ്ങള്‍ ഐഎഎസ്-കാര്‍ക്ക് ഒരിക്കലും സ്റ്റീല്‍ ഫ്രെയിം ആകാനൊക്കുകയില്ല. എന്ന് വെച്ച് നിങ്ങള്‍ ഒരു പ്ലാസ്റ്റിക്ക് ഫ്രെയിം ആകണോ? രാഷ്ട്രീയക്കാര്‍ വന്നും പോയുമിരിക്കും. പെര്‍മെനന്റ് സിവില്‍ സര്‍വ്വീസാണ് ഇന്നും ഈ നാടിന്റെ നിലനില്‍പ്പിനടിസ്ഥാനം, അത് മറക്കരുത്.‘- ‘യന്ത്രം’- മലയാറ്റൂര്‍ രാമകൃഷ്ണന്‍.
കുറച്ചു കാലമായി കേരളത്തിലെ ഐഎഎസ് കാരുടെ ‘ടൈം ബെസ്റ്റാണ്.’ നാടു ഭരിക്കുന്ന ഈ എലൈറ്റ് ക്രീം, സിവില്‍ സര്‍വ്വന്റുകള്‍ക്ക്, ഫയല്‍ നോട്ടത്തേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ശ്രദ്ധ, ചട്ടങ്ങളെ കാറ്റില്‍ പറത്തി സമൂഹമാധ്യമങ്ങളില്‍ പരസ്പരം ചെളിവാരിയെറിയുന്നതിലാണ്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഹിതകരമല്ലാത്ത ഈ വാചകയുദ്ധം ഇപ്പോഴും മോശമല്ലാതെ തുടരുന്നു.
ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന രണ്ട് ഐഎഎസുകാര്‍ കൊമ്പു കോര്‍ത്ത വാര്‍ത്തയാണ് പുതിയ സംഭവം. ഒരു മാസമായി മാധ്യമങ്ങളില്‍ ഹൈലൈറ്റ്. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നതും ഇത് തന്നെ. കൂടാതെ ഒരു ഉദ്യോഗസ്ഥന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി സിവില്‍ സര്‍വീസിന്റെ ചരിത്രത്തിലാദ്യമായി മതം കലര്‍ത്തി അപകടരമായ പ്രവണതയും പുറത്ത് കാണിച്ചു.
ഒരു സംസ്ഥാനത്തെ സര്‍ക്കാറിന്റെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥ പദവികളിലൊന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേത്. തനിക്കെതിരെ പ്രതികൂല റിപ്പോര്‍ട്ട് നല്‍കി എന്ന കാരണത്താല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഒരു ചിത്ത രോഗിയായ സിനിമാ കഥാപാത്രമാണെന്ന് പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ടിയാന്റെ പടം സഹിതം പോസ്റ്റുമിട്ടു. ഇപ്പോഴത്തെ ഈ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ഉദ്ധരിക്കുന്നത് പഴയ പോലെ, എവര്‍ ജെന്നിങ്‌സിനേയോ, ഭരണഘടനാ ശില്‍പ്പി ഡോ. അബേദ്ക്കറെയോ അല്ല, പകരം ലൂസിഫര്‍ പോലുള്ള തട്ടുപൊളിപ്പന്‍ സിനിമയിലെ ഡയലോഗുകളാണ്. കാലം മാറി ‘ബ്രോ’ എന്ന മട്ടിലാണ് അവര്‍.
രാഷ്ട്രീയക്കാര്‍ പരസ്പരം പടവെട്ടുമ്പോള്‍ പല തറവേലയും കാണിക്കും. അത് അവരുടെ വയറ്റിപ്പിഴപ്പാണ്, പോട്ടെന്ന് വെയ്ക്കാം. എന്നാല്‍ ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥമാര്‍ ഇതാരംഭിച്ചാല്‍ ഭരണയന്ത്രത്തിന്റെ എല്ലാ നട്ടും ബോള്‍ട്ടും ഊരിത്തെറിക്കുമെന്ന് തീര്‍ച്ച. സംസ്ഥാനത്തെ ഭരണയന്ത്രം നിശ്ചലമായാല്‍ അത് വരുത്തിവെയ്ക്കുന്ന മാരകരമായ ഫലങ്ങള്‍ ആദ്യം ക്രമസമാധാന നിലയുടെ തകര്‍ച്ചയായിരിക്കും. പിന്നെ നടക്കുന്നത് ഊഹിക്കാമല്ലോ.
ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഇതൊക്കെ കൈയ്യും കെട്ടി നോക്കി നിന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം. തുടക്കത്തിലെ നിയന്ത്രിക്കേണ്ട ഈ ഉദ്യോഗസ്ഥരുടെ പരസ്യമായ കലാപം പ്രചാരം കിട്ടും മുന്‍പേ അടിച്ചമര്‍ത്താതെയിരുന്നതാണ് കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥമേഖല മൊത്തത്തില്‍ അപഹാസ്യരായത്. ഒടുവില്‍ രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഷനിലൂടെ തല്‍ക്കാലം ഭരണകൂടം മുഖം രക്ഷിച്ചു. പക്ഷേ, അപ്പോഴേക്കും ഭരണ സംവിധാനത്തിന് അത് നല്ല മാനക്ഷയം വരുത്തി. പഴയ കാലമല്ല, കേരളത്തിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ മാനം കെടുത്തിയ ഈ സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ക്ലിക്കില്‍ പൊന്തി വരാവുന്ന ഈ ഡയലോഗുകളും വീഡിയോവും ആര്‍ക്കും എപ്പോഴും കുത്തി പൊക്കി ചൂടു പിടിപ്പിക്കാവുന്നതേയുള്ളൂ. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ തലപ്പത്ത് ഇതേ കലഹവാസനയുള്ള, ഇതേ മാനസികാവസ്ഥയുള്ളവര്‍ക്ക് ഒരു മാതൃകയായി മാറാനുള്ള സംഭവ പരമ്പരയായി ഇത് നിലനില്‍ക്കും എന്നതിന് സംശയമില്ല. ഒരു സിവില്‍ സര്‍വീസ് ചീത്ത മാതൃക.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിലെ ഉയര്‍ന്ന പദവിയായിരുന്നു ഇംപീരിയല്‍ സിവില്‍ സര്‍വീസ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ്(ഐസിഎസ്). ബ്രിട്ടീഷ് ഭരണത്തിന്റെ അടിസ്ഥാനം ഇന്ത്യയില്‍ ഭദ്രമായി ഉറപ്പിക്കുകയും ഈ രാജ്യത്ത് അവരുടെ അധികാരശക്തി ഉഗ്രമായി നിലനിറുത്തുകയും ചെയ്യുന്ന വരേണ്യ വര്‍ഗമായിരുന്നു ഇവര്‍. ലഭിക്കാവുന്ന എല്ലാ ഗുണങ്ങളും ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ അവര്‍ക്ക് ലഭിക്കുണ്ടെന്ന് ബോധ്യപ്പെടുത്തി കൊടുത്ത് ഇന്ത്യന്‍ പ്രജകളെ ശാന്തരും അനുസരണശീലരുമായി വളര്‍ത്തി കൊണ്ട് വരികയെന്ന ലക്ഷ്യത്തോടെയാണ് ഐസിഎസുകാരെന്ന ഭരണവര്‍ഗത്തെ ബ്രിട്ടീഷ് രാജ് സൃഷ്ടിച്ചത്.
ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഭൂരിഭാഗം ഇംഗ്ലീഷ് ഐസിഎസ്‌കാരും സേവനം മതിയാക്കി തിരികെ ഇംഗ്ലണ്ടിലേക്ക് പോയി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ഐസിഎസ് ഒരു പരിവര്‍ത്തനത്തിന് വിധേയമായി. ഇത് പുനഃക്രമീകരിക്കപ്പെടുകയും പുതുതായി സ്വതന്ത്രമായ രാഷ്ട്രത്തെ സേവിക്കുന്നതിനായി ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ആയി മാറുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണത്തിലും ഐഎഎസ് നിര്‍ണായക പങ്ക് വഹിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിലെ കമാന്‍ഡര്‍- ഇന്‍- ചീഫായിരുന്ന സര്‍ തോമസ് മെറ്റ് കാഫ് താമസിച്ചിരുന്ന മെറ്റ് കാഫ് ഹൗസ് എന്ന ഡല്‍ഹിയിലെ കൊട്ടാരം പിന്നീട് 1949 ല്‍ ഐഎഎസ്‌കാരുടെ ആദ്യത്തെ പരിശീലന കേന്ദ്രമായി മാറി.
1959 ല്‍ ഡല്‍ഹിയിലെ ഐഎഎസ് ട്രെയിനിംഗ് സ്‌കൂളും ഷിംലയിലെ ഐഎഎസ് സ്റ്റാഫ് കോളേജും സംയോജിപ്പിച്ച് മസൂറിയിലെ ചാള്‍വില്ലെ എസ്റ്റേറ്റില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ ഒരു നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ രൂപീകരിച്ചു. ഇവിടെയാണ് ഐ എഎസുകാരെ പരിശീലിപ്പിച്ച് വാര്‍ത്തെടുക്കുന്നത് 1973 ല്‍ ഇതിന്റെ പേര് ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍’ ആയി മാറുകയും ചെയ്തു.
ആദ്യത്തെ ഐഎഎസ് പരിശീലന കേന്ദ്രമായ ഡല്‍ഹിയിലെ മെറ്റ് കാഫ് ഹൗസ് മാറിയപ്പോള്‍ വൈസ് പ്രിന്‍സിപ്പാളായ ജെ.ഡി.ശുക്ല ഐഎഎസ് അന്നത്തെ ബാച്ചിലെ ഐഎഎസ് പരീശീലനത്തിന് വന്ന യുവ ഐഎഎസ് കാരോട് ഐഎഎസ്സിന് പുതിയൊരു മുഖമുദ്ര വേണമെന്നും അത് നിര്‍ദ്ദേശിക്കാന്‍ അവരോട് അവശ്യപ്പെട്ടു. ആ ബാച്ചിലുണ്ടായിരുന്ന എം.കെ.കെ നായര്‍ അന്ന് നിര്‍ദേശിച്ച ഭഗവദ് ഗീതയിലെ വരികളാണ് ഐഎഎസ് മുദ്രയുടെ ഭാഗമായത്. ‘യോഗ: കര്‍മ്മ’: സുകൗശലം’ (Excellence in action)എന്നായിരുന്നു അത്. എം കെ.കെ നായര്‍ പിന്നീട് ഇന്ത്യയിലെ തന്നെ വളരെ കഴിവുള്ള, പ്രശസ്തനായ ബ്യൂറോക്രാറ്റായി മാറിയത് ചരിത്രമാണല്ലോ.
ആദ്യ കാലത്തെ ഭരണാധികാരികള്‍ സിവില്‍ സര്‍വീസിന്റെ പ്രാധാന്യം മനസിലാക്കുകയും ഐഎഎസ്‌കാര്‍ക്ക് അര്‍ഹിച്ച പ്രാധാന്യവും ബഹുമാനവും നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഉരുക്കു ചട്ടക്കൂട് എന്നറിയപ്പെട്ട ഐസിഎസ്സിനെ കുറിച്ച് ‘The Steel Frame and I എന്ന ഗ്രന്ഥത്തില്‍’ മദ്രാസ് സിവില്‍ സര്‍വീസില്‍ ഉണ്ടായിരുന്ന എസ്. കെ. ചേറ്റൂര്‍ ഐഎഎസ് മനോഹരമായി എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരക്കാലത്ത് തലശ്ശേരിയില്‍ നടന്ന ‘താലി സംഭവം’ ഒരു ഉന്നത ഐഎഎസുകാരന്‍ ഉള്‍പ്പെട്ട കേരളത്തില്‍ നടന്ന സ്വാതന്ത്ര സമരത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. ഒരു ഐഎഎസുകാരനെ സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടനാക്കിയ ഒരു സംഭവമായിരുന്നു അത്. ഉപ്പുസത്യാഗ്രഹക്കാലത്ത് തലശ്ശേരിയില്‍ വെച്ച് നടന്ന നിയമസംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത മിസ്. കമലാ പ്രഭുവിനെ ജില്ലാ മജിസ്േ്രടറ്റിന്റെ അധികാരമുള്ള സബ്കളക്ടര്‍ ഡി ഡബ്ല്യു ഡോഡ്വെല്‍ ഐഎഎസ് വിചാരണ ചെയ്ത് നിയമലംഘനത്തിന് കുറ്റം ചുമത്തി, ആറു മാസത്തെ തടവും ആയിരം രൂപ പിഴ ശിക്ഷയും വിധിച്ചു. പിഴയടക്കാന്‍ മിസ്. പ്രഭു വിസമ്മതിച്ചപ്പോള്‍ അവരുടെ കഴുത്തിലുള്ള താലിമാല ഊരി പിഴ ഈടാക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടു. ഒരു പോലീസുകാരനോട് കഴുത്തിലെ മാല അഴിച്ചെടുക്കാന്‍ സബ് കളക്ടര്‍ ആജ്ഞാപിച്ചു. പോലീസുകാരന്‍ അവരുടെ കഴുത്തില്‍ നിന്ന് താലി അഴിച്ചെടുത്തു. ഒരു ഭര്‍തൃമതിയായ ഒരു ഹിന്ദു സ്ത്രീയുടെ മംഗല്യസൂത്രം അഴിച്ചെടുത്ത സംഭവത്തില്‍ കനത്ത പ്രതിഷേധം തലശ്ശേരിയില്‍ ഇരമ്പി. ഈ സംഭവം ഇന്ത്യയൊട്ടുക്ക് പ്രകമ്പനമുണ്ടാക്കി. ദക്ഷിണേന്ത്യയിലെ പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും ഉജ്ജല വാഗ്മിയുമായിരുന്ന എസ്. സത്യമൂര്‍ത്തി കേന്ദ്രനിയമ നിര്‍മ്മാണ സഭയില്‍ ഇതിനെതിരെ പ്രസംഗത്തിലൂടെ ആഞ്ഞടിച്ചു. അതിന്റെ അലയൊലികള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരെ മുഴങ്ങി. രാജ്യം പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് മനസിലായ മദ്രാസ് സര്‍ക്കാരിന്റെ ഉപദേഷ്ടാവ് മുഹമ്മദ് ഇസ്മായില്‍ ഖേദം പ്രകടിപ്പിച്ചു. മംഗളസൂത്രം കമലാ പ്രഭുവിന് തിരികെ നല്‍കാനും അദ്ദേഹം ഉത്തരവിട്ടെങ്കിലും അവള്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. വിവാദം സൃഷ്ടിച്ച സബ് കളക്ടറായ ഡോഡ്വെല്‍ ഐഎഎസിനെ ബ്രിട്ടനിലേക്ക് തിരിച്ചയച്ചു.
കേരളത്തില്‍ ആദ്യകാലത്ത് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥമാരെ ബഹുമാനിച്ചിരുന്നെങ്കിലും വിധേയത്വം കാണിച്ചിരുന്നില്ല. കിംഗ് സിനിമയിലെ കളക്ടര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനെപ്പോലെ ഒരെല്ല് കൂടുതലുള്ള ചില ഐഎഎസുകാര്‍ അന്ന് കേരളത്തിലുണ്ടായിരുന്നു. പക്ഷേ, അതിലും രണ്ടെല്ലു കൂടുതലുള്ള മന്ത്രിമാരാണ് അന്ന് ഇവിടെ ഭരിച്ചിരുന്നത്. അന്നത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന ഭരണ സംവിധാനത്തില്‍ അന്നത്തെ വിവരമുള്ള മന്ത്രിമാരുടെ നിയന്ത്രണ വിധേയരായതിനാല്‍ വലിയ അപവാദങ്ങളൊന്നും അവരെ പിടികൂടിയില്ല.
എക്യകേരളത്തിന് മുന്‍പ്, 1951 ല്‍ സി. കേശവന്‍ മുഖ്യമന്ത്രിയായി മന്ത്രിസഭ സ്ഥാനമേറ്റപ്പോള്‍ ചീഫ് സെക്രട്ടറിയായിരുന്നത് കെ. ജി. മേനോന്‍ എന്ന കാബിനറ്റ് സെക്രട്ടറിയായിരുന്നു. കേന്ദ്രത്തില്‍ പിടിപാടുള്ള ഇയാള്‍ ടി.കെ. നാരായണ പിള്ളയുടെ മന്ത്രി സഭയിലും സെക്രട്ടറിയായിരുന്നു. കേന്ദ്ര പ്രതിപുരുഷനാണെന്ന് അസാമാന്യ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചിരുന്ന ഇയാള്‍ കത്തിച്ച സിഗരറ്റുമായി അന്നത്തെ മന്ത്രിമാരുടെ മുറിയില്‍ പ്രവേശിച്ച് യഥേഷ്ടം പുകവലിക്കുമായിരുന്നു. ഇയാളുടെ അഹങ്കാരം അന്നത്തെ പൊതു മരാമത്ത് മന്ത്രിയായ ജി. ചന്ദ്രശേഖര പിള്ളയെ ക്ഷുഭിതനാക്കി. പ്രശസ്തനായ അഭിഭാഷകനും തിരുവിതാംകൂര്‍ കോണ്‍ഗ്രസിലെ പ്രമുഖനുമായിരുന്നു ചന്ദ്രശേഖരപിള്ള.
ഒരു ദിവസം സിഗരറ്റ് വലിച്ചു കൊണ്ട് ക്യാബിനിലേക്ക് കടന്നു വന്ന മേനോനോട് പുറത്ത് പോയി സിഗരറ്റ് വലിച്ച് തീര്‍ത്തിട്ട് അകത്തു വരാന്‍ ചന്ദ്രശേഖര പിള്ള പറഞ്ഞു. മേലിലൊരിക്കലും സിഗരറ്റുമായി ക്യാബിനിലേക്ക് കടക്കരുതെന്ന് ചന്ദ്രശേഖര പിള്ള ആജ്ഞാപിച്ചു. ‘ഒരു ഐഎഎസ് ഉദ്യോഗസ്ഥനായ നിങ്ങള്‍ കേന്ദ്രത്തിലാണെങ്കില്‍ സിഗരറ്റ് വലിച്ചു കൊണ്ട് ഒരു മന്ത്രിയുടെ മുന്നില്‍ ചെല്ലുമോ? ചന്ദ്രശേഖര പിള്ള ചോദിച്ചു. മേനോന് മറുപടിയൊന്നും ഇല്ലായിരുന്നു. അദ്ദേഹം പുറത്തു പോയി. പിന്നീടൊരിക്കലും സിഗരറ്റുമായി ക്യാബിനില്‍ പ്രവേശിച്ചില്ല. കേന്ദ്രമായാലും സംസ്ഥാനമായാലും ഉദ്യോഗസ്ഥമാരെ എങ്ങനെ കൈാര്യം ചെയ്യണമെറിയാവുന്ന മന്ത്രിമാരും ഇവിടെയുണ്ടായിരുന്നു.
1957 ല്‍ ഐക്യ കേരളത്തില്‍ ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് വന്നപ്പോള്‍ അന്നത്തെ പോലീസ് ഐ.ജി പ്രശസ്തനായ ചന്ദ്രശേഖരന്‍ നായരായിരുന്നു( തിരുവനന്തപുരത്തെ പ്രശസ്തമായ സ്റ്റേഡിയം ഇദ്ദേഹത്തിന്റെ പേരിലാണ്). പ്രഗത്ഭനായ ഒരു ഉദ്യോഗസ്ഥനായിരുന്നെങ്കിലും പല മുന്‍മന്ത്രിസഭകളുടെ കാലത്തും അധികാരത്തിലിരുന്ന ഒരാളെ വേണ്ടന്ന നിലപാടായിരുന്നു പുതിയ ഗവണ്‍മെന്റിന്റെത്. അതിനാല്‍ കാലാവധി കഴിഞ്ഞ അദ്ദേഹത്തിന് വിരമിക്കല്‍ നല്‍കാനാണ് ഇഎംഎസ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അന്നത്തെ ഗവര്‍ണ്ണായ ബി. രാമകൃഷ്ണ റാവു കേന്ദ്രത്തിന്റെ താല്‍പ്പര്യമോ നിര്‍ദേശമോ കാരണം ഐ. ജിയുടെ കാലാവധി നീട്ടാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ, സര്‍ക്കാര്‍ ഉറച്ചു നിന്നു. തീരുമാനം നടപ്പിലാകുമെന്ന ഘട്ടമായപ്പോള്‍ കേന്ദ്രധനകാര്യ മന്ത്രിയായ മൊറാര്‍ജി ദേശായി പെട്ടെന്ന് ഒരു കേരളാ സന്ദര്‍ശനത്തിനെത്തി. ഒരു മന്ത്രിസഭാ യോഗത്തില്‍ ഐ.ജി.യുടെ കാലാവധി നീട്ടിക്കൊടുത്തുകൂടെ എന്ന് മൊറാര്‍ജി ചോദിച്ചു.
മുഖ്യമന്ത്രി ഇ. എം.എസ്. ഉള്‍പ്പെടെ മുതിര്‍ന്ന മന്ത്രിമാര്‍ സൗമ്യമായ ഭാഷയില്‍ കാര്യകാരണ സഹിതം വിവരിച്ചെങ്കിലും മൊറാര്‍ജി വിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയായ ഗോവിന്ദ വല്ലഭ പന്തിന്റെ ആളാണ് താനെന്ന ഊറ്റവും ധാര്‍ഷ്യടവും മൊറാര്‍ജിയുടെ സ്വരത്തില്‍ കലര്‍ന്നിരുന്നു. പെട്ടെന്ന് ആരോഗ്യ മന്ത്രിയായ ഡോ. എ. ആര്‍. മേനോന്‍ പൊട്ടിത്തെറിച്ചു. ‘സര്‍ എനിക്കരനൂറ്റാണ്ട് കാലത്തെ പാരമ്പര്യമുണ്ട് കോണ്‍ഗ്രസ്സില്‍. നമ്മുടെ ഭരണഘടനയ്ക്കു കീഴില്‍ സംസ്ഥാന മന്ത്രിമാര്‍ക്കെന്തെല്ലാം ചെയ്യാം എനിക്ക് നല്ല പോലെ അറിയും, ഒരു പക്ഷേ, നിങ്ങളേക്കാള്‍ കൂടുതലറിയും. ഒരു ഡിപ്പാര്‍ട്ടുമെന്റ് അദ്ധ്യക്ഷന്റെ കാലാവധി നീട്ടികൊടുക്കാന്‍ നിങ്ങളേപ്പോലൊരു കേന്ദ്രമന്ത്രി നേരിട്ട് അനധികൃതമായി നിര്‍ദ്ദേശിക്കുകയോ! ഇതെവിടത്തെ വഴക്കമാണ്?’ ഇടിമുഴക്കത്തിലുള്ള ഈ വാക്ക് ശരവര്‍ഷത്തില്‍ മൊറാര്‍ജിയുടെ ഗ്യാസ് പോയി. അതോടെ മൊറാര്‍ജി പിന്‍വലിഞ്ഞു. ക്യാബിനറ്റ് യോഗം കഴിഞ്ഞ് മൊറാര്‍ജി ആദ്യം തിരക്കിയത് തന്നെ ഇലപോലെ പറപ്പിച്ച ആ കാരണവര്‍ ആരാണെന്നാണ്?
ഡോ. എ ആര്‍ മേനോനും ചന്ദ്രശേഖര പിള്ളയും
ഐക്യകേരളത്തിന് മുന്‍പ് കൊച്ചി രാജ്യത്തിലെ രാഷ്ടീയത്തിലെ ഏറ്റവും പ്രശസ്തനായ നേതാവായ ഡോക്ടര്‍ എ. ആര്‍. മേനോന്‍ ഇ.എം.എസ് മന്ത്രിസഭയിലെ മൂന്ന് സ്വതന്ത്രന്മാരിലൊരാളും ഏറ്റവും ‘പ്രായമുള്ള അംഗവുമായിരുന്നു. കെ. കരുണാകരനെ തൃശൂരില്‍ നിന്ന് തോല്‍പ്പിച്ച് നിയമസഭയിലെത്തിയ എ.ആര്‍. മേനോനെ കൊച്ചി രാഷ്ട്രീയത്തില്‍ വിളിച്ചിരുന്നത് തന്നെ ‘പുലി’യെന്നായിരുന്നു.
കേരളത്തില്‍ സര്‍വീസില്‍ നിന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ആദ്യമായി സസ്‌പെന്‍ഡ് ചെയ്യുന്നത് 1963 ലാണ്. റവന്യൂ ബോര്‍ഡ് ഒന്നാം മെമ്പറായിരുന്ന എസ്. ഗോവിന്ദ മേനോനായിരുന്നു അന്ന് അച്ചടക്ക നടപടി നേരിട്ടത്. റെവന്യൂ ബോര്‍ഡ് മെംബറായ ഗോവിന്ദമേനോന്‍ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോമെന്റ്‌സ് ഏകാംഗ കമ്മീഷന്‍ കൂടിയായിരുന്നു.
മലബാര്‍ മേഖലയിലെ ക്ഷേത്രങ്ങളുടേയും ട്രസ്റ്റുകളുടേയും മേല്‍ നിയന്ത്രണാധികാരമുണ്ടായിരുന്ന മേനോന്‍ ദേവസ്വം വക ഭൂമി പലര്‍ക്കും അനധകൃതമായി പതിച്ചു കൊടുത്തു എന്നായിരുന്നു ആരോപണം. കുറ്റാരോപിതനായ മേനോന്‍ പുല്‍പ്പുള്ളി ദേവസ്വത്തിന്റെ 200 ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിച്ച വ്യക്തികളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ സ്വന്തം മരുമകനായിരുന്നു എന്ന് അദ്ദേഹത്തിന് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. പി.ടി.ചാക്കോയായിരുന്നു അന്ന് വകുപ്പുമന്ത്രി. ഭൂമിപതിച്ച് കൊടുത്ത നടപടിക്കെതിരെ ഒരു റിട്ട് ഹര്‍ജി കൊടുത്തത് ജസ്റ്റിസ് പി.ടി. രാമന്‍ നായര്‍ കോടതിയില്‍ തള്ളിയിരുന്നു. പക്ഷേ, വിധിയില്‍ കോടതി ഗോവിന്ദമേനോനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വിധിന്യായത്തിലെ കോടതി വിമര്‍ശിച്ച വാചകങ്ങള്‍ മാതൃഭൂമി ദിനപത്രം വാര്‍ത്തയാക്കി.
വാര്‍ത്ത വന്നതിന്റെ പിറ്റേന്ന് മേനോനെ സര്‍ക്കാര്‍ സസ്‌പെന്റഡ് ചെയ്തു. സെക്രട്ടേറിയേറ്റും ഉന്നത ഉദ്യോഗസ്ഥരും ഞെട്ടിപ്പോയ സംഭവമായിരുന്നു ഇത്. കേന്ദ്രം നിയമിച്ച ഐ.എ.എസ് കാരനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് വകുപ്പുണ്ടോ എന്നൊരു നിയമ പ്രശ്‌നം ഉയര്‍ന്നെങ്കിലും ഹൈക്കോടതിയുടെ ഉത്തരവു വാങ്ങി ഗോവിന്ദമേനോനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിയായ സി. അച്യുതമേനോന്‍ ബ്യൂറോക്രസിയെ വിജയകരമായി നയിച്ച ഒരാളായിരുന്നു. ഏത് മേഖലയിലും തങ്ങളേക്കാള്‍ പ്രഗല്‍ഭനാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തെ ഉന്നത ഐഎഎസ്സുകാര്‍ അനുസരിച്ചത് ഭയന്നിട്ടല്ല. സ്‌നേഹവും ബഹുമാനവും ആദരവു കൊണ്ടായിരുന്നു. വേണ്ടത് വേണ്ടപ്പോള്‍ ചെയ്യാന്‍ അദ്ദേഹത്തിനറിയാമായിരുന്നു.
വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലക്ക് വേണ്ടി തൃശൂര്‍ മണ്ണുത്തിയില്‍ നടത്തിയ തട്ടില്‍ എസ്റ്റേറ്റ് ഭൂമി എറ്റെടുക്കലില്‍ അഴിമതിയുണ്ടന്ന ആരോപണം 1970 ല്‍ അച്യുതമേനോന്റെ മന്ത്രിസഭക്ക് മേല്‍ വന്നു പതിച്ചു. കോളിളക്കമുണ്ടാക്കിയ ഈ നടപടി മന്ത്രിസഭയെ പിടിച്ചു കുലുക്കി. ‘ഇത് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത് പ്രാപ്തനായ ഉദ്യോഗസ്ഥനായ റവന്യൂ ബോര്‍ഡിലെ കെ.കെ രാമന്‍കുട്ടി. അന്വേഷണം നടത്തിയ രാമന്‍കുട്ടി എഴുതിയ റിപ്പോര്‍ട്ട് സര്‍ക്കാരിനെയും ഭരണകക്ഷിയായ സി.പി.ഐയെയും പ്രതികൂട്ടില്‍ നിറുത്തി. ഈ സംഭവത്തില്‍ നിയമസഭ ഇളകിമറഞ്ഞു. ഈ ആരോപണം ഒരു ഹൈക്കോടതി ജഡ്ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അച്യുതമേനോന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. ഹൈക്കോടതിയിലെ ജസ്റ്റിസ് ടി. യു ഐസക്ക് വിശദമായ അന്വേഷണം നടത്തി. തൃശൂരങ്ങാടിയില്‍ കേട്ടതിനപ്പുറമൊന്നും ഈ ആരോപണങ്ങളില്ലെന്നായിരുന്നു. ഐസക്ക് കമ്മീഷന്‍ കണ്ടെത്തല്‍. തട്ടില്‍ എസ്റ്റേറ്റ് ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടില്ല. അതോടെ ആരോപണം കെട്ടടങ്ങി.
മന്ത്രിസഭക്കെതിരെ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് റിപ്പോട്ടെഴുതിയ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിരുത്തരവാദിത്വത്തോടെയുള്ള, ജോലിയിലെ അനാസ്ഥ പൊറുക്കാന്‍ ഭരണാധികാരിയെന്ന നിലയില്‍ അച്യുതമേനോന്‍ തയാറായിരുന്നില്ല. ഗവണ്‍മെന്റ് ശിക്ഷാ നടപടിയായി കെ.കെ രാമന്‍ കുട്ടിക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി. കൂടാതെ പെന്‍ഷന്‍ തുകയും വെട്ടിക്കുറച്ചു. ഒരു ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള ഒരു ഭരണാധികാരിയുടെ ഉചിതമായ, അസാധാരണ നടപടിയായിരുന്നു അത്.
കെ.എസ്.ആര്‍.ടി.സി യെ നന്നാക്കാന്‍ കെ.വി. രാമകൃഷ്ണ അയ്യരെ (മലയാറ്റൂര്‍ രാമകൃഷ്ണന്‍) കൊണ്ടു വന്നത് ഗതാഗത വകുപ്പ് ഭരിച്ച വിഖ്യാതനായ എം.എന്‍. ഗോവിന്ദന്‍ നായരാണ്. മലയാറ്റൂര്‍ പഴയ സഖാവും, ഇടതു പക്ഷക്കാരനും പണ്ട് എം എന്‍-ന് വേണ്ടി കൊടി പിടിച്ച് മുദ്ര വാദ്യം വിളിച്ച പാര്‍ട്ടിക്കാരനൊക്കെയായിരുന്നു. പക്ഷേ, ഏറെ താമസിയാതെ ഇരുവരും തെറ്റി. കെ.എസ്.ആര്‍.ടി.സി പണിമുടക്ക് കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി മന്ത്രിയും എം.ഡിയും ഇടഞ്ഞു. കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പുകളുടെ നിര്‍മ്മാണം തീര്‍ക്കാന്‍ ഒരു ഉദ്യോഗസ്ഥനെ കിട്ടിയാല്‍ പണിതീര്‍ക്കാമെന്ന മലയറ്റൂരിന്റെ വാദം കേട്ടപ്പോള്‍ എം.എന്‍ പ്രകോപിതനായി. ‘നിങ്ങള്‍ ജോലി ചെയ്യുന്നില്ല. ഒരു അറു മാസം കൂടി നോക്കും. പിന്നെ നിങ്ങളെ പറഞ്ഞയക്കും’ എം.എന്‍. പറഞ്ഞു. എം.എന്‍. നിങ്ങളുടെ ആറു മാസത്തെ പ്രൊബേഷന് എന്നെ കിട്ടില്ല എന്ന് കെ.വി. രാമകൃഷ്ണ അയ്യര്‍ തിരിച്ചടിച്ചു. മന്ത്രിയാണെന്നോ പഴയ നേതാവാണെന്നോ മലയറ്റൂരിന് പ്രശ്‌നമായിരുന്നില്ല. അക്കാലത്ത് കെ.എസ്.ആര്‍.ടി.സിയില്‍ കടന്നു കൂടിയ യൂണിയന്‍ വടംവലി ആ സ്ഥാപനത്തെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരുന്നു. അതിന്റെ ഉപോല്‍പ്പന്നമായിരുന്നതിനാണ് പ്രായോഗികമായി ചിന്തിക്കുന്ന, കഴിവുള്ള മന്ത്രിയായ എം എന്നും നല്ലൊരു സിവില്‍ സര്‍വ്വന്റായ മലയാറ്റൂരിനും കെ.എസ്. ആര്‍. ടി.സിയില്‍ യോജിച്ചു പോകാനാവാഞ്ഞത്. ഒടുവില്‍ മലയാറ്റൂര്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മാറ്റപ്പെട്ടു. വലിയൊരു വിവാദ വിഷയമായിട്ടു പോലും ഇതേ ചൊല്ലി മന്ത്രിയും നീക്കം ചെയ്യപ്പെട്ട ഐഎഎസുകാരനു തമ്മില്‍ ഒരു തര്‍ക്കവും പത്രമാധ്യമങ്ങളില്‍ വന്നില്ല. തങ്ങളിരിക്കുന്ന സ്ഥാനങ്ങളുടെ വിലയറിയാവുന്നവരായിരുന്നു ഇരുവരും.
എം എന്‍ ഗോവിന്ദന്‍ നായരും മലയാറ്റൂര്‍ രാമകൃഷ്ണനും
ടി.ടി.സിയില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ജനറല്‍ മാനേജറായിരിക്കെ കമ്പനിയില്‍ സെയില്‍ ടാക്‌സ് റെയ്ഡ് നടക്കുകയും അഴിമതിയാരോപണങ്ങളുണ്ടാവുകയും ചെയ്തപ്പോള്‍ മലയാറ്റൂര്‍ രാജി വെച്ചു. സി.പി.ഐ- സി.പി.എം വടം വലിയില്‍ തന്റെ വകുപ്പ് മന്ത്രിയായ ടി.വി.തോമസിനെതിരെയുള്ള കളികളില്‍ താന്‍ ഇരയാവുകയായിരുന്നു എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ തന്റെ സര്‍വ്വീസ് സ്റ്റോറിയില്‍ എഴുതിയത്. കെ.വി. രാമകൃഷ്ണന്‍ അയ്യര്‍ ഐഎഎസിന്റെ അവധി അപേക്ഷയും കോളിളക്കമുണ്ടാക്കി. അവധിയുടെ കാരണം അപേക്ഷിച്ചത് ഇങ്ങനെ To avoid continued victimisation by the Chief Minister, at the behest of the Marxist Party( മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ, നിര്‍ദ്ദേശപ്രകാരം, മുഖ്യമന്ത്രി തുടര്‍ന്നും നടത്തുന്ന ഹിംസയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍).
ഇ.കെ. നായനാര്‍ ഉദ്യോഗസ്ഥരെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഒരു മുഖ്യമന്ത്രിയായിരുന്നു. മന്ത്രിസഭാ യോഗങ്ങളിലും പ്രധാന യോഗങ്ങളിലും ചീഫ് സെക്രട്ടറിമാര്‍ നോട്ട് കുറിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കും. മുഖ്യമന്ത്രിയും നോട്ട് എഴുതും. ഒരിക്കല്‍ നോട്ടു കുറിക്കാതെയിരുന്ന ചീഫ് സെക്രട്ടറി പത്മാ രാമചന്ദ്രനോട് എന്താണ് നിങ്ങള്‍ എഴുതാത്തതെന്ന് നായനാര്‍ ചോദിച്ചു. പിന്നീടവര്‍ ഒരിക്കലും അത് മറന്നില്ല.
ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുന്ന നായനാര്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു.
ഒരിക്കല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നായനാര്‍ അദ്ധ്യക്ഷത വഹിച്ചപ്പോള്‍ മാനേജിംഗ് ഡയറക്ടറായ വി.ജെ. കുര്യനെ ഒരു ഷെയര്‍ ഹോള്‍ഡര്‍ വിവര്‍ശിച്ചു സംസാരിച്ചപ്പോള്‍ നായനാര്‍ തുറന്നടിച്ചു. ‘വിമാനത്താവളത്തിന്റെ നിര്‍മ്മാണ വേളയില്‍ കുര്യന്‍ വഹിച്ച പങ്ക് കുറച്ചു കാണുന്നത് ശരിയല്ല.’ വിമര്‍ശിച്ച ആള്‍ അത് ഒട്ടും പ്രതീക്ഷിച്ചില്ല, വിമര്‍ശനത്തിന് വേണ്ടി വിമര്‍ശനം നായനാര്‍ വിശ്വസിച്ചിരുന്നില്ല. 1980 ല്‍ മുഖ്യമന്ത്രിയായിരിക്കെ വൈദ്യുതി മന്ത്രിയായ ആര്‍. ബാലകൃഷ്ണപിള്ള ചീഫ് ഇലക്ട്രിക്കല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥന്‍ പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്തെത്തി. നായനാര്‍ ചീഫ് സെക്രട്ടറി അനന്ത കൃഷ്ണനെ വിളിച്ച് ഉപദേശം ചോദിച്ചു. പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. അത് മന്ത്രിസഭായോഗത്തില്‍ ബാലകൃഷ്ണപിള്ള പ്രശ്‌നമാക്കി. മുഖ്യമന്ത്രിയുടെ നടപടി ശരിയല്ലെന്ന് ബാലകൃഷ്ണപിള്ള വാദിച്ചു. ഉടനെ മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ചു. യോഗം കഴിഞ്ഞ ഉടനെ ചീഫ് സെക്രട്ടറി അനന്ത കൃഷ്ണനെ മുറിയില്‍ വിളിച്ചു വരുത്തി പറഞ്ഞു, ‘നിങ്ങള്‍ എനിക്ക് തന്ന ഉപദേശം ശരിയായിരുന്നില്ല. ഞാനതു കേള്‍ക്കാന്‍ പാടില്ലായിരുന്നു’. തെറ്റ് അംഗീകരിക്കാനും തെറ്റായ ഉപദേശം നല്‍കിയ ഉദ്യോഗസ്ഥന്‍ ആരാണെങ്കിലും അത് തുറന്നടിക്കാന്‍ അദ്ദേഹം മടിച്ചില്ല.
1996 ല്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സംഭവത്തില്‍ തീരുമാനം നീണ്ടപ്പോള്‍ ആക്രമികളെ വെടിവെച്ചായാലും കളക്ടറെ മോചിപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയായ നായനാര്‍ പറഞ്ഞത്. പക്ഷേ കളക്ടറെ ബന്ദിയാക്കിയ മുറി യാതൊന്നും ചെയ്യാന്‍ പറ്റാത്തതാണെന്നായിരുന്നു പാലക്കാട്ടെ ഉദ്യോഗസ്ഥരുടെ മറുപടി. ഈ സംഭവത്തില്‍ തന്റെ ഉദ്യോഗസ്ഥന്റെ സുരക്ഷയുടെ കാര്യത്തിലും, ക്രമസമാധനവീഴ്ചയിലും നായനാര്‍ ഒരേ പോലെ പ്രാധാന്യം കല്‍പ്പിച്ചു. പക്ഷേ, അന്നത്തെ ക്രൈസിസ് മാനേജ്‌മെന്റ് തീര്‍ത്തും പരാജയമായിരുന്നു. പിന്നീട് പാലക്കാട് ബന്ദിയാക്കിയ മുറി നേരിട്ട് കണ്ടപ്പോള്‍ നായനാര്‍ പറഞ്ഞു, ‘പോലീസുകാര്‍ അന്ന് എന്നോട് ഒഴിവ് കഴിവ് പറഞ്ഞു രക്ഷപ്പെടുകയായിരുന്നു.’
രാഷ്ട്രീയ രംഗത്ത് നേതൃത്വം ലഭിക്കുന്നവര്‍ക്ക് ഭരണപരിചയമുള്ളവരായിരിക്കില്ല. പക്ഷേ, അവര്‍ ജനാഭിലാഷങ്ങള്‍ മനസിലാക്കുന്നവരും, നേരിട്ട് ജനസമ്പര്‍ക്കമുള്ളവരുമാണ്. ജനങ്ങള്‍ക്ക് അവര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കേണ്ടതുണ്ട്. അവരെ സത്യസന്ധമായി സഹായിക്കണ്ടവരാണ് ഉപരിതല സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍.
സ്വതന്ത്ര ഇന്ത്യയില്‍ സിവില്‍ സര്‍വ്വീസിന് രൂപം നല്‍കിയ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഒരിക്കല്‍ ലോക്‌സഭയില്‍ പറഞ്ഞു, ‘സിവില്‍ സര്‍വീസുകാരെ കടന്നാക്രമിച്ചാല്‍ അതിനു തക്ക മറുപടി പറയാന്‍ അവരുടെ പെരുമാറ്റച്ചട്ടം അവരെ അനുവദിക്കുന്നില്ല. അവരെ സംരക്ഷിക്കേണ്ടതും അവരുടെ അഭിമാനവും അന്തസ്സും വെച്ച് പുലര്‍ത്തേണ്ടതും മന്ത്രിമാരുടെ ബാധ്യതയാണ്. രാജ്യത്തിന്റെ തന്നെ നിലനില്‍പ്പിനാവശ്യമാണത്’.
കേരളത്തില്‍ ഈയിടെ നടന്ന ഐഎഎസ് വിവാദങ്ങള്‍ നോക്കുക. മൂന്നു ദിവസത്തെ ഒരു പ്രധാന ദിനപത്രത്തിന്റെ തലക്കെട്ടുകള്‍ ഇങ്ങനെ;
1.ഐഎഎസ് വിവാദങ്ങള്‍’: ചീഫ് സെകട്ടറി റിപ്പോര്‍ട്ട് നല്‍കി- കടുത്ത നടപടി വേണം.
2.വാട്ട്‌സാപ്പ് ഗ്രൂപ്പ് വിവാദം – ഡി.ജി.പി യുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഹാക്കിങ്ങ് കഥ.
3.എ. എ. എസ് വിവാദങ്ങള്‍: തെറിച്ചു.
നേരത്തെ പറഞ്ഞ സര്‍ദാര്‍ പട്ടേലിന്റെ വാചകങ്ങള്‍ക്കോ, പാരമ്പര്യത്തിനോ പുല്ല് വില കല്‍പ്പിക്കാത്ത കേരളത്തിലെ ഉന്നതല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അച്ചടക്കവും നിലവാരവും എവിടെയെത്തിയെന്ന് അടയാളപ്പെടുത്തുന്ന വാര്‍ത്താ തലക്കെട്ടുകളാണ് അവ.
മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ട ഉന്നത ഭരണാധികാരികളുടെ, സിവില്‍ സര്‍വീസിന്റെ കഥ പറയുന്ന നോവലാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം. അതിലെ ഒരു കഥാപാത്രമായ തരുണ്‍ ബോസ് ഐഎഎസ്, തന്റെ മുന്നിലെ ഐഎഎസ് പ്രൊബേഷണര്‍മാരോട് ക്ലാസ്സെടുക്കുമ്പോള്‍ പറയുന്നുണ്ട്; ‘I was casting artificial real pearls before swine in ministry. Now I am casting real pearls before you. Not that you are artificial swines'(മിനിസ്ട്രിയില്‍ ഞാന്‍ യഥാര്‍ത്ഥ പന്നികള്‍ക്ക് മുന്നില്‍ കൃത്രിമ മുത്തുകള്‍ വിതറുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ യഥാര്‍ത്ഥ മുത്തുകള്‍ വിതറുന്നു. നിങ്ങള്‍ കൃത്രിമ പന്നികളാണെന്നല്ല).
ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ആക്ഷനും റിയാക്ഷനും കാണുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ് ‘ജനങ്ങളുടെ മുന്നില്‍ കൃത്രിമ മുത്തുകള്‍ വിതറുന്നത് ആരാണ്? ആരാണ് കൃത്രിമപ്പന്നികള്‍? kerala IAS officers conflicts and indian civil service officers
Content Summary; kerala IAS officers conflicts and indian administrative service