June 13, 2026 |
Share on

വീട്ടമ്മമാര്‍ സീരിയലിനോട് നോ പറയുമോ? സെന്‍സറിങ് പഠനങ്ങള്‍ക്ക് പച്ചക്കൊടിയോ ?

കാലം മാറിയാലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ ജനം സീരിയലിനെ ആസ്വദിക്കുന്നുണ്ട്.

സമയം സന്ധ്യ കഴിഞ്ഞു. ലക്ഷ്മിക്കുട്ടിയമ്മ 7 മണിയാകുമ്പോള്‍ കുളിയും ജപവും തീര്‍ത്ത് പേരക്കുട്ടി മാളുവിനെ വിളിച്ച് ടിവി ഓണ്‍ ചെയ്യിക്കും. പിന്നെ മാറി മറിയുന്നത് 9 മണി വരെയുള്ള തുടര്‍ച്ചയായ സീരിയലുകളാണ്. ഇടയ്ക്ക് ഒന്ന് മാളുവിന് കാര്‍ട്ടൂണ്‍ വെയ്ക്കാന്‍ പോലും മുത്തശ്ശി സമ്മതിക്കില്ല. അടുക്കളയില്‍ അത്താഴത്തിനുള്ളത് തയ്യാറാക്കുന്ന അമ്മയും ടെലിവിഷനിലേക്ക് പാളി നോക്കി സീരിയലുകള്‍ കണ്ട് തീര്‍ക്കും.ഒരു ശരാശരി കുടുംബത്തിലെ സായാഹ്‌നങ്ങള്‍ വീട്ടമ്മമാര്‍ക്ക് പണിയൊക്കെ തീര്‍ത്ത് ടിവിക്ക് മുന്നിലിരിക്കാനുള്ള നേരമാണ്. എല്ലാം പണിയും തീര്‍ത്തു, ഇനി എന്നെ ഒന്നിനും വിളിക്കണ്ട എന്ന് പറഞ്ഞ് ഫ്രീയായി ടെലിവിഷന് മുന്നിലിരിക്കുന്നവരും ഉണ്ട്. ചിലരാകട്ടെ പല ജോലികളും ഒന്നിച്ച് ചെയ്യുന്നവരാണ്. കറി വേവിക്കാന്‍ വെച്ച് സീരിയല്‍ കാണാന്‍ പോകുന്നവര്‍, ഇടവേള വരുമ്പോള്‍ അടുക്കളയിലേക്ക് ഓടുന്നവര്‍. സീരിയലില്‍ സങ്കീര്‍ണമായ സന്ദര്‍ഭങ്ങള്‍ എന്തെങ്കിലുമാണ് എങ്കില്‍ അത് അമ്മമാരുടെ മുഖത്ത് കാണാം. kerala serials 

ഇന്റര്‍നെറ്റ് വാഴുന്ന ഈ ന്യൂജെന്‍ കാലഘട്ടത്തില്‍ മെഗാസീരിയലുകള്‍ക്ക് ഇന്നും ടെലിവിഷനില്‍ കച്ചവടമൂല്യമുണ്ട്. എല്ലാ കുടുംബങ്ങളും വിശ്രമവേളകള്‍ ആനന്ദകരമാക്കുന്നത് സീരിയലുകള്‍ കണ്ടുകൊണ്ടാണ്. വീട്ടമ്മമാരെയും പ്രായമായവരെയുമാണ് സീരിയലുകള്‍ ഇന്നും ആകര്‍ഷിക്കുന്നത്. അതിനിടയ്ക്കാണ് മെഗാസീരിയലുകളെ സെന്‍സര്‍ ചെയ്യണമെന്ന റിപ്പോര്‍ട്ടുമായി വനിത കമ്മീഷന്‍ രംഗത്തെത്തുന്നത്. പുതിയ തലമുറ സീരിയലുകളെ ഇഷ്ടപ്പെടുന്നില്ലെന്ന് വിലയിരുത്തലാണ് കൂടുതലുള്ളത്. എന്നാല്‍ ചിലര്‍ പുതുമുഖങ്ങളുടെ സീരിയലുകള്‍ കാണുകയും സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കുന്നുമുണ്ട്.

മെഗാസീരിയലുകള്‍ ഒഴിവാക്കുക, സീരിയലുകള്‍ക്ക് 20 മുതല്‍ 30 എപ്പിസോഡുകളാക്കി ചുരുക്കുക, പുന:സംപ്രേഷണം ഒഴിവാക്കുക എന്നിവയൊക്കെയാണ് പ്രധാന നിര്‍ദേശങ്ങള്‍. പുതിയ ഓണ്‍ലൈന്‍ എന്റര്‍ടെയിന്‍മെന്റ് പ്ലാറ്റ്‌ഫോമുകളെ സ്വാഗതം ചെയ്യുന്ന എല്ലാവരും ടെലിവിഷനെ പഴയരീതിയില്‍ ഉപയോഗിക്കുന്നില്ല. പക്ഷേ ഇന്ന് യൂട്യൂബുകളിലും ഫെയ്‌സ്ബുക്കുകളിലും ഇന്‍സ്റ്റാ റീലുകളിലും പഴയ സീരിയലുകള്‍ തരംഗമാകുന്നുണ്ട്. സീരിയലുകളുടെ മൂല്യം നഷ്ടമാകുന്നില്ലെന്നതിന്റെ തെളിവ് കൂടിയാണിത്. കാലം മാറിയാലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ ജനം സീരിയലിനെ ആസ്വദിക്കുന്നുണ്ട്. പഴയസിനിമകള്‍ റീ വാച്ചുകള്‍ക്കും പുതിയ വ്യാഖ്യാനങ്ങള്‍ക്കും വിധേയമാകുന്നത് പോലെ തന്നെ സീരിയലുകളും ഇന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. കച്ചവടത്തിന്റെ കണ്ണില്‍ സീരിയലില്ലാതെ ആയാല്‍ മിനിസ്‌ക്രീന്‍ ഏതാണ്ട് നിശ്ചലമാകുമെന്ന് തന്നെ പറയാം.

വനിതാ കമ്മീഷന്റെ പഠനം സീരിയല്‍ മേഖലയിലെ അഭിനേതാക്കള്‍ എങ്ങനെ നോക്കി കാണുന്നുവെന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. നീണ്ട കാലയളവിലുണ്ടാകുന്ന ഷൂട്ടിങ്, സാങ്കേതിക കാര്യങ്ങളെല്ലാം തന്നെ നിയന്ത്രിക്കാന്‍ ഒരു പറ്റം ആര്‍ട്ടിസ്റ്റുകളുടെയും ടെക്്‌നീഷ്യന്‍മാരുടെയും പ്രയത്‌നം ആവശ്യമാണ്. ആയിരം എപ്പിസോഡുകള്‍ കടന്ന് ചര്‍ച്ചയാകുന്ന സീരിയലുകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. 2004 ല്‍ ജ്ഞാനശീലന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മിന്നുകെട്ട് എന്ന സീരിയല്‍ 1345 എപ്പിസോഡുകള്‍ പിന്നിട്ടാണ് മെഗാഹിറ്റായത്. കഥയും ആവിഷ്‌കാരവും സംഗീതവും എല്ലാം കുടുംബങ്ങളെ ഏറെ ആകര്‍ഷിക്കുന്ന വിധം നിലവാരമുള്ളതായിരുന്നു. പണ്ടുകാലത്ത് കേട്ട് മറന്ന സീരിയലുകളാണ് ഓര്‍മ, ഓമനത്തിങ്കള്‍ പക്ഷി, ജ്വാലയായ് അങ്ങനെ ഒരുപാട് പേരുകള്‍ മലയാളികള്‍ക്ക് ഓര്‍ത്തെടുക്കാനുണ്ടാകും. പുന:സംപ്രേഷണം ചെയ്താല്‍ പ്രേക്ഷകരും അതിനെ അനുകൂലിക്കുമെന്നുറപ്പാണ്.

‘ടെലിവിഷന്‍ രംഗത്ത് നിലവില്‍ അപാകതകളുണ്ട്. കഥയും പ്രമേയങ്ങളും തരംതാണ നിലയിലേക്ക് നീങ്ങുന്നുണ്ട്. എന്നാല്‍ പണ്ട് നല്ല നോവലുകളും കഥകളും മിനിസ്‌ക്രീനില്‍ ഇടം പിടിച്ചിരുന്നു. പിന്നീട് സീരിയലുകളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. സാമൂഹിക ജീവിതത്തിന് ഉതകുന്ന രീതിയലല്ല സീരിയലുകളുണ്ടാകുന്നത്. ഇത് സമൂഹത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്നതും പ്രസക്തമാണ്. പക്ഷേ സീരിയല്‍ സെന്‍സറിങ് ഒരിക്കലും പ്രായോഗികമല്ല. സ്‌ക്രിപ്റ്റിലാണോ എപ്പിസോഡിലാണോ സെന്‍സറിങ് നടത്തുക എന്നതും ചിന്തിക്കേണ്ടതാണ്. ഇതൊരു തുടര്‍ച്ചയായ പ്രക്രിയ ആയതുകൊണ്ടാണ് പ്രായോഗികമല്ല എന്നുപറയുന്നത്. സീരിയലുകള്‍ക്ക് ഗുണനിലവാരം ഉണ്ടാകാന്‍ ചാനലുകളാണ് തീരുമാനമെടുക്കേണ്ടത്. സര്‍ക്കാരും ചാനലുകളും കൂടിയാലോചിച്ച് ക്വാളിറ്റി കണ്ടന്റുകള്‍ കൊണ്ടുവരണം. വെബ് സിരീസുകള്‍ കടന്നുവരുന്ന കാലത്ത് ഒരു തരത്തിലും സെന്‍സറിങ് കടന്നുവരുന്നില്ല. ഭീകരമായ അക്രമരംഗങ്ങളും അശ്ലീലതയുമൊക്കെ പ്രമേയമാകുന്നുണ്ട്. ഇവയെല്ലാം യുവതലമുറ ബാധിക്കുന്നതാണ്. ഹൈക്വാളിറ്റി പ്രൊഡക്ഷനോടെയാണ് ഇത്തരം സീരിസ് പ്രേക്ഷകരിലേക്കെത്തുന്നത്. സമഗ്രമായ രീതിയില്‍ പ്രൊഡ്യൂസേഴ്‌സും ചാനലുകളും സര്‍ക്കാരുമായി ചേര്‍ന്ന് ധാരണയുണ്ടാക്കിയാല്‍ ഫലം കാണും. സീരിയലുകള്‍ക്ക് അഡിക്ടീവായ പ്രേക്ഷകര്‍ എന്നുമുണ്ടാകും. അവര്‍ കണ്ടുപരിചയിച്ച കഥകള്‍ സ്ഥിരമായി കാണുകയാണ്. ഈ തലമുറ വഴി മാറുമ്പോള്‍ ഈ പ്രേക്ഷകര്‍ ഇല്ലാതാകും. വിമര്‍ശനങ്ങള്‍ക്ക് കൊണ്ട് യാതൊരു മാറ്റവും ഉണ്ടാക്കാനാകില്ല. സമഗ്രമായി എല്ലാ എന്റര്‍ടെയിന്‍മെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്കും കടിഞ്ഞാണിടാനാണ് അധികൃതര്‍ ശ്രമിക്കേണ്ടത്.’ – സീരിയല്‍ സംവിധായകന്‍ വയലാര്‍ മാധവന്‍കുട്ടി അഴിമുഖത്തോട് പറഞ്ഞു. ഏറ്റവും കൂടുതല്‍ റേറ്റിങ്ങോടെ ടെലിവിഷനുകളില്‍ നിറഞ്ഞ ജ്വാലയായ് എന്ന സീരിയലിന്റെ സംവിധായകനാണ് ഇദ്ദേഹം.

ചാനലുകളാണ് സീരിയലുകളുടെ പ്രമേയം നിശ്ചയിക്കുന്നത്. ജനങ്ങള്‍ക്ക്് ഇപ്പോഴത്തെ പ്രമേയങ്ങള്‍ ഇഷ്ടപ്പെടാതെ വന്നാല്‍ മാറ്റങ്ങള്‍ സംഭവിക്കും. പുതിയ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതിലാണ് പ്രാധാന്യമുള്ളത്.സിനിമകളുടെ അത്ര സ്വാധീനം സീരിയലുകളിലൂടെയുണ്ടാകുന്നില്ലെന്ന് ഉറപ്പാണ്. എപ്പിസോഡുകള്‍ നീളുന്നത് കൊണ്ടാണ് വരുമാനം വര്‍ധിക്കുന്നത് എന്നാല്‍ പ്രമേയങ്ങളിലെ മാറ്റം അനിവാര്യമാണ്. മേഖലയില്‍ പരാതി സെല്ലുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. പുതുമുഖങ്ങള്‍ക്ക് സീരിയല്‍ മേഖലയിലെത്തുമ്പോള്‍ കരിയര്‍ നിലനിര്‍ത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പരാതി സെല്ലുകള്‍ ഗുണം ചെയ്യും. ഇന്ന് പ്രക്ഷേകര്‍ വിവിധ മീഡിയയിലൂടെ വേര്‍തിരിഞ്ഞ് പോവുകയാണ്. ടെലിവിഷനുകളില്‍ നിന്ന് മാത്രമല്ല യൂട്യൂബുകളിലും സീരിയലിന് പ്രേക്ഷകരുണ്ട്. ടെലിവിഷനില്‍ ഏറ്റവും കൂടിയ റേറ്റിങ് 40 ആയിരുന്നത് 16 ആയി കുറഞ്ഞു. കലയെ കച്ചവടവല്‍ക്കരിക്കുമ്പോള്‍ ചേരുവകളെല്ലാം പ്രേക്ഷകര്‍ രസിക്കുന്നതായിരിക്കണം. ചാനലിന്റെ നിലനില്‍പ്പ് തന്നെ സീരിയലുകളിലാണ്. ഉപ്പും മുളകും, മറിമായം തുടങ്ങി നിരവധി വേറിട്ട സീരിയല്‍ പ്രമേയങ്ങള്‍ കടന്നുവരുന്നുണ്ട്.’ – സിനിമ-സീരിയല്‍ നടന്‍ ബാലാജി ശര്‍മ അഴിമുഖത്തോട് പ്രതികരിച്ചു.

പുതിയ തലമുറ ഒരിക്കലും സീരിയലിന്റെ സ്വാധീനം കൊണ്ട് തെറ്റായ വഴി സ്വീകരിക്കുമെന്ന് തോന്നുന്നില്ല. പുത്തന്‍ തലമുറയുടെ ആശയങ്ങള്‍ വിശാലമാണ്. കൊറിയന്‍ സിനിമകള്‍, സീരിസുകള്‍ തുടങ്ങി വളരെ വൈഡ് ആയി ചിന്തിക്കുന്നവരാണ് മിക്കവരും.
നടീ നടന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരാതി സെല്ലുകള്‍ ഉണ്ടാകുന്നത് മേഖലയ്ക്ക് ഗുണം ചെയ്യും. സ്വതന്ത്രമായി ആത്മവിശ്വാസത്തോടെ അഭിനയിക്കുന്നവര്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ പരാതി സെല്ലുകള്‍ക്ക് കഴിയും. കുടുംബം പുതുതലമുറയെ വേണ്ട പോലെ നിരീക്ഷിച്ച് കരുതലോടെ ഭാവിയെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഇന്ന് വിരല്‍ത്തുമ്പില്‍ എന്തും കാണാനും കേള്‍ക്കാനും കഴിയുന്ന രീതിയില്‍ നെറ്റ് വര്‍ക്കിങ് വളര്‍ന്നു. സീരിയലുകളെ വെട്ടിച്ചുരുക്കിയതുകൊണ്ട് കാര്യമല്ല. ആയിരക്കണക്കിനാളുകള്‍ സീരിയല്‍ മേഖല കൊണ്ട് മാത്രം ജീവിച്ചുപോകുന്നുണ്ട്. ഇത്തരം നിയന്ത്രണങ്ങളിലൂടെ സീരിയല്‍ മേഖലയെ തകര്‍ക്കരുത് ‘ സിനിമ-സീരിയല്‍ നടി നിഷാ മാത്യു അഴിമുഖത്തോട് പറഞ്ഞു. കൂടെവിടെ സീരിയലില്‍ റാണിയമ്മ എന്ന നെഗറ്റീവ് കഥാപാത്രമായി നിഷ അഭിനയിക്കുന്നുണ്ട്. കൂടാതെ ഷട്ടര്‍, കാതല്‍ തുടങ്ങി പത്തിലധികം സിനിമകളിലും നിഷ അഭിനയിച്ചിട്ടുണ്ട്.

കാലം മാറുന്നതിനുസരിച്ച് മിനിസ്‌ക്രീനുകളില്‍ മാറ്റമുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ന് എന്റര്‍ടെയിന്‍മെന്റ് ആപ്പുകളുടെ സബ്ക്രിപ്ഷനില്‍ ഓണ്‍ലൈനായി സിനിമകള്‍ വീട്ടിലിരുന്ന് കാണാനാണ് മിക്കവരും ടെലിവിഷന്‍ ഉപയോഗിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ കടന്നുവരാത്ത കുടുംബങ്ങളും ഓണ്‍ലൈനായി കാണുന്നവരും സീരിയല്‍ പ്രേക്ഷകരായി തുടരുമെന്ന് വിലയിരുത്താം. kerala serials 

 

content summary ; kerala serials are more popular in households,housewives are main viewers

 

മഞ്ജുഷ കൃഷ്ണന്‍

മഞ്ജുഷ കൃഷ്ണന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×