June 13, 2026 |

കപ്പല്‍ അപകടങ്ങള്‍; ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്, കേരളത്തിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല: നാവിക വിദ​ഗ്ധർ

12 നോട്ടിക്കൽ മൈൽ ആണ് കേരളത്തിന്റെ നാവിക അതിർത്തി

കേരള തീരത്തിനടുത്ത് ഉണ്ടായ കപ്പൽ അപകടങ്ങളിൽ നിരവധി ആരോപണങ്ങളാണ് സംസ്ഥാന സർക്കാരിന് നേരെ പ്രതിപക്ഷം ഉയർത്തുന്നത്. ഇൻഷ്വറൻസ് തുക തട്ടാനും ഇ-മാലിന്യങ്ങൾ നശിപ്പിക്കാനുമായി മനപൂർവ്വം കപ്പലുകൾ അപകടത്തിൽ പെടുത്തുന്നതാണെന്നും ഇതിൽ കേരള സർക്കാർ യാതൊരു നടപടിയും കൈകൊള്ളുന്നില്ലായെന്നുമുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

നിലവിൽ ഉണ്ടായിരിക്കുന്ന അപകടങ്ങൾ കേരളത്തിന്റെ നാവിക അതിർത്തിക്ക് പുറത്താണെന്നും അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനല്ലായെന്നും ഒരു മെർച്ചന്റ് നേവി ഉദ്യോ​ഗസ്ഥൻ അഴിമുഖത്തോട് പ്രതികരിച്ചു. ഇതിൽ അന്വേഷണം നടത്തേണ്ടത് ഷിപ്പിങ്ങ് മന്ത്രാലയമാണെന്നും മെർച്ചന്റ് നേവി ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

’12 നോട്ടിക്കൽ മൈൽ ആണ് കേരളത്തിന്റെ നാവിക അതിർത്തി എന്ന് പറയുന്നത്. അതിന് പുറത്തുള്ളത് പുറംകടലാണ്. അതിന് മേൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ല.  തുറമുഖ അതോറിറ്റിയാണ് അതിൽ ഇടപെടേണ്ടത്. അല്ലാതെ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമല്ല. ഇതെല്ലാം കേന്ദ്രത്തിന്റെ കീഴിലാണ് വരുന്നത്.

കപ്പലിന്റെ പഴക്കത്തെക്കുറിച്ച് വാദമുന്നയിക്കുന്നവർ മനസിലാക്കേണ്ട കാര്യമുണ്ട്. വെറുതെ ഒരു കപ്പലിന് കടലിലൂടെ സഞ്ചരിക്കാൻ കഴിയില്ല. കപ്പലുകൾ പല സ്റ്റാൻഡേർഡിനും ഇൻസ്പെക്ഷനുകൾക്കും വിധേയമാണ്. ഒരു നിശ്ചിത വർഷങ്ങൾ കഴിയുമ്പോൾ പരിശോധനകളുടെ ഫ്രീക്വൻസി മാറും. കപ്പലിന്റെ വേ​ഗത, അതിന്റെ രൂപം, ആകൃതി ഇതെല്ലാം പല പരിശോധനകളും നടത്തിയ ശേഷമാണ് കടലിലിറക്കുന്നത്.

കപ്പലിന്റെ സ്റ്റാൻഡേർഡ് തീരുമാനിക്കാനായി ഒരു സൊസൈറ്റി ഉണ്ടായിരിക്കും. അത് ഇന്ത്യൻ കപ്പലാണെങ്കിൽ ഇന്ത്യൻ രജിസ്ട്രി ഓഫ് ഷിപ്പിങ്(ഐആർഎസ്) ആണ് ഇതെല്ലാം തീരുമാനിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുളളത് ഡിഎൻവി, ലോയ്റ്റ് പോലുള്ള സൊസൈറ്റികളാണ് തീരുമാനിക്കുന്നത്. കപ്പലുകളുടെ കാലപ്പഴക്കമൊക്കെ തീരുമാനിക്കുന്നത് അവരാണ്. ഷിപ്പിങ്ങ് റെ​ഗുലേഷന് വിധേയമായിട്ടാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. കാലപ്പഴക്കത്തേക്കാളും കപ്പലുകൾ യാത്രയ്ക്ക് യോ​ഗ്യമാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

പിന്നീട് പറയുന്നത് കപ്പൽ ചെരിഞ്ഞ ഡി​ഗ്രിയെക്കുറിച്ചാണ്. സാങ്കേതികവിദ്യ എത്ര പുരോ​ഗിച്ചുവെന്ന് പറഞ്ഞാലും ഒരു സാധനം മുങ്ങുക എന്ന് പറയുന്നതിന്റെ ശാസ്ത്രം മാറിയിട്ടില്ല. 2000ത്തിലധികം കൊല്ലം മുമ്പ് ആർക്കിമിഡീസ് പറഞ്ഞ ശാസ്ത്രമാണത്. ഒരു നിശ്ചിത ഡി​ഗ്രിക്ക് അപ്പുറത്തേക്ക് പോയി കഴിഞ്ഞാൽ, കപ്പൽ സ്റ്റേബിൾ അല്ലെങ്കിൽ അത് മുങ്ങുക തന്നെ ചെയ്യും. കപ്പലിന്റെ സ്ഥിരത നിലനിർത്തിക്കൊണ്ടാണ് കണ്ടയ്നറുകൾ അതിൽ കയറ്റുന്നത്. അതെല്ലാം കമ്പ്യൂട്ടറൈസ്ഡ് ആണ്.

മോശം കാലാവസ്ഥയിൽ പെട്ട് പോവുകയാണെങ്കിൽ കടൽ വെള്ളം ഉപയോ​ഗിച്ച് കൊണ്ട് ഇത് ബാലൻസ് ചെയ്യാനുള്ള മറ്റ് സംവിധാനങ്ങളുമുണ്ട്. ബല്ലാസ്റ്റ് സിസ്റ്റം എന്നാണ് അതിനെ പറയുന്നത്. അതിൽ എന്തെങ്കിലും തകരാർ സംഭവിച്ചാലും കപ്പൽ ചെരിയാൻ കാരണമാകും. കെച്ചിയിൽ മുങ്ങിയ കപ്പലിന്റെ കാര്യത്തിൽ ഇതാണ് കാരണമെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. എന്ത് തകരാർ ആണ് സംഭവിച്ചതെന്ന് എളുപ്പത്തിൽ പറയാൻ നമുക്ക് കഴിയില്ല. അതിന് കൃത്യമായ അന്വേഷണം ആവശ്യമാണ്. എക്സ്പ്ലോഷൻ എന്ത് കാരണത്താലാണ് ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരുപാട് പേർ ഇൻവോൾവ്ഡ് ആയ ഒന്നാണല്ലോ ഈ ചരക്കു കപ്പലിന്റെ സംവിധാനം. ഇൻഷുറൻസ് ഏജന്റുകൾ, കപ്പൽ എവിടെയാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് അതിന്റെ പ്രതിനിധികൾ, സ്റ്റാൻഡേർഡ് പരിശോധിക്കുന്ന സൊസൈറ്റികൾ ഇതിലെല്ലാം അന്വേഷണം നടന്ന് കഴിഞ്ഞാൽ മാത്രമാണ് കൃത്യമായ കാരണം പറയാൻ കഴിയുക.

കേരളതീരത്ത് മാത്രമല്ല, ഇതുപോലുള്ള അപകടങ്ങൾ ലോകത്തിന്റെ പല ഭാ​ഗത്തും നടക്കുന്നുണ്ട്. നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യങ്ങൾ ചെയ്യാൻ നമ്മൾ പരിശീലനം നേടിയവരാണ്. എന്നാൽ പ്രകൃതിക്ഷേഭം പോലുള്ളവ ഉണ്ടായാൽ ഒന്നും തന്നെ ചെയ്യാൻ കഴിയില്ല.

ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങ്, മർക്കൻഡൈൽ മറൈൻ ഡിപ്പാർട്ട്മെൻ്റ് തുടങ്ങിയവയാണ് ഇതിൽ അന്വേഷണം നടത്തേണ്ടത്. കേരളത്തിന്റെ അതിർത്തിക്കുള്ളിലാണെങ്കിൽ കോസ്റ്റ് ​ഗാർഡ്, കസ്റ്റംസ് തുടങ്ങിയവർ ഇടപെടും. ഇവയൊന്നും സ്റ്റേറ്റിന്റെ കീഴിൽ വരുന്നവയല്ലല്ലോ? 12 നോട്ടിക്കൽ മൈലിനുള്ളിൽ അപകടമോ, കപ്പലിനുള്ളിൽ കൊലപാതകമോ ഉണ്ടായാൽ ലോക്കൽ പെലീസ് അടക്കം ഇടപെടും. എന്നാൽ ഇവിടെ കാര്യങ്ങൾ സ്റ്റേറ്റിന് കീഴിലല്ല വരുന്നത്,’ മെർച്ചന്റ് നേവി ഉദ്യോ​ഗസ്ഥൻ അഴിമുഖത്തോട് പറഞ്ഞു.

മേയ് 25ന് കൊച്ചി തീരത്തിനടുത്ത് എം.എസ്.സി കമ്പനിയുടെ എൽസ കപ്പൽ മുങ്ങിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കൊളംബോയിൽ നിന്ന് മുംബയിലേയ്ക്ക് പോവുകയായിരുന്ന വാൻഹായ് 503 എന്ന സിംഗപ്പൂർ കപ്പലിന് കണ്ണൂർ അഴീക്കൽ തീരത്തു നിന്ന് 120 കിലോമീറ്റർ അകലെ കടലിൽ തീപിടിച്ചത്. അപകടകരമായ രാസവസ്തുക്കൾ കപ്പലിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Summary: Kerala ship accidents; naval experts says Central government is responsible for ship accident

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×