കേരളത്തെ വിഭജിക്കാനോ ഈ കേരള സ്റ്റോറി?

ഒരു പ്രൊപ്പഗണ്ട സിനിമയുടെ പ്രധാന ലക്ഷ്യം ഒരു പ്രത്യേക രാഷ്ട്രീയ ആശയം ആളുകളിലേക്ക് എത്തിക്കുക എന്നതാണ്

Kerala Story 2

ഒരു സിനിമയ്ക്ക് ഒരു നാടിനെ രണ്ടായി തിരിക്കാന്‍ പറ്റുമോ? ആളുകളുടെ ഉള്ളില്‍ സംശയവും വെറുപ്പുമൊക്കെ കുത്തിനിറച്ച്, ഒരു സംസ്ഥാനത്തിന്റെ പേരുപോലും ലോകത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമാക്കാന്‍ ഒരു സിനിമയ്ക്ക് കഴിയുമോ? കുറച്ചുകാലം മുന്‍പ് കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്ത സിനിമയായിരുന്നു ‘ദി കേരള സ്റ്റോറി’. ഇപ്പോഴിതാ, അതിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലറും വന്നിരിക്കുന്നു. ‘ഇത്തവണ ഞങ്ങള്‍ സഹിക്കില്ല, പോരാടും’ എന്നൊരു ടാഗ് ലൈനുമായാണ് വരവ്. ഇത് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കുറച്ചുകൂടി ഗൗരവമേറിയതാണ്. ഒരു വശത്ത്, വെറുപ്പും വിഘടനവാദവും വില്‍ക്കാന്‍ ശ്രമിക്കുന്ന സിനിമകള്‍. മറുവശത്ത്, ലോകം മുഴുവന്‍ അറിയേണ്ട, പക്ഷേ ആരും ആഘോഷിക്കാത്ത ചില പച്ചയായ ജീവിതങ്ങള്‍. അപ്പോള്‍, സിനിമ പറയുന്ന കേരളമാണോ, അതോ നമ്മള്‍ ജീവിക്കുന്ന കേരളമാണോ സത്യം? ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി.

പുതിയ വിവാദം: എന്താണ് രണ്ടാം ഭാഗത്തില്‍?

‘ദി കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ എന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ ട്രെയ്ലര്‍, ആദ്യ ഭാഗത്തേക്കാള്‍ വലിയ വിവാദങ്ങള്‍ക്കാണ് തീകൊളുത്തിയിരിക്കുന്നത്. ആദ്യ സിനിമയുടെ കഥ കേരളത്തില്‍ ഒതുങ്ങി നിന്നെങ്കില്‍, രണ്ടാം ഭാഗം രാജസ്ഥാന്‍, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലേക്കും കഥ കൊണ്ടുപോകുന്നുണ്ട്. മൂന്ന് പെണ്‍കുട്ടികളുടെ ജീവിതത്തിലൂടെയാണ് ട്രെയ്ലര്‍ പോകുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നത്, പോക്‌സോ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്, കല്യാണം കഴിഞ്ഞ് മതപരമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്, ഇതെല്ലാം ട്രെയ്ലറില്‍ കാണാം.

പക്ഷേ, സംഭവം അവിടംകൊണ്ടും തീരുന്നില്ല. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുമെന്നും, ഇവിടെ ശരീഅത്ത് നിയമം വരുമെന്നുമുള്ള ഒരുതരം മുന്നറിയിപ്പ് കൂടി സിനിമ നല്‍കുന്നുണ്ട്. സിനിമയുടെ നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ പറയുന്നത്, മാസങ്ങളോളം ഗവേഷണം നടത്തിയും, ഇരകളോട് സംസാരിച്ചും, കോടതി രേഖകള്‍ നോക്കിയുമാണ് ഈ സിനിമ എടുത്തതെന്നാണ്. എന്നാല്‍, ഇതിനെതിരെ വലിയ വിമര്‍ശനങ്ങളുമുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ഒരു പ്ലാന്‍ ആയാണ് പലരും ഇതിനെ കാണുന്നത്. ‘അവര്‍ നമ്മുടെ പെണ്‍മക്കളെ ലക്ഷ്യം വെച്ചു… ഇത്തവണ നമ്മള്‍ സഹിക്കില്ല… പോരാടും’ എന്നൊക്കെയുള്ള ടാഗ്ലൈനുകള്‍ കേള്‍ക്കുമ്പോള്‍, ഇതൊരു ബോധവത്കരണ സിനിമയാണോ, അതോ ഒരു വിഭാഗത്തെ ശത്രുവാക്കി മറ്റുള്ളവരെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണോ എന്ന് സംശയം തോന്നാം.

എന്താണ് പ്രൊപ്പഗണ്ട സിനിമകള്‍? അവയുടെ പ്രവര്‍ത്തനം എങ്ങനെ?

എന്താണ് ഒരു പ്രൊപ്പഗണ്ട സിനിമ? അതെങ്ങനെയാണ് സാധാരണ സിനിമയില്‍ നിന്ന് വ്യത്യസ്തമാകുന്നത്? ഒരു പ്രൊപ്പഗണ്ട സിനിമയുടെ പ്രധാന ലക്ഷ്യം ഒരു പ്രത്യേക രാഷ്ട്രീയ ആശയം ആളുകളിലേക്ക് എത്തിക്കുക എന്നതാണ്. അതിന് അവര്‍ കുറേ തന്ത്രങ്ങള്‍ ഉപയോഗിക്കും. സത്യത്തേക്കാള്‍ കൂടുതല്‍, ആളുകളുടെ ഇമോഷന്‍സിനെ പിടിച്ചുകുലുക്കുന്ന കഥകളായിരിക്കും അവര്‍ പറയുക. എവിടെയോ നടന്ന ഒരു ചെറിയ സംഭവമെടുത്ത്, അത് ആ നാടിന്റെ മുഴുവന്‍ കഥയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കും. ‘നമ്മളും അവരും’ എന്നൊരു വേര്‍തിരിവ് ഉണ്ടാക്കുകയാണ് ഇവരുടെ പ്രധാന പണി. ഒരു കൂട്ടരെ നല്ലവരായും, മറ്റേ കൂട്ടരെ 100% വില്ലന്മാരായും ചിത്രീകരിക്കും.

‘ദി കേരള സ്റ്റോറി’യുടെ ആദ്യ ഭാഗം ഇതിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ്. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ മതം മാറി സിറിയയിലേക്ക് പോയി എന്നായിരുന്നു സിനിമയുടെ ആദ്യത്തെ ടീസറിലെ അവകാശവാദം. ആ കണക്ക് വലിയ വിവാദമായപ്പോള്‍, സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് തന്നെ അത് തിരുത്തേണ്ടി വന്നു. അവസാനം അത് വെറും മൂന്ന് പേരുടെ കഥയാണെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. ചിലര്‍ ഈ സിനിമയെ ഒരു ബോധവല്‍ക്കരണമായി കണ്ടപ്പോള്‍, ഭൂരിഭാഗം പേരും അതിനെ കേരളത്തെ അടച്ചാക്ഷേപിക്കുന്ന ഒന്നായാണ് കണ്ടത്. സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്നിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം വരെ കിട്ടി. എന്നാല്‍, സിനിമ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ കോടതിയിലെത്തി. ഇതൊരു യഥാര്‍ത്ഥ കഥയല്ല, സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണെന്ന് സിനിമ തുടങ്ങുന്നതിന് മുന്‍പ് എഴുതിക്കാണിക്കണമെന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു. ആദ്യം വലിയൊരു കണക്ക് പറഞ്ഞ് ആളുകളില്‍ പേടിയും ഞെട്ടലുമുണ്ടാക്കുക, പിന്നെ പതുക്കെ അത് പിന്‍വലിക്കുക. ഇത് പ്രൊപ്പഗണ്ടയുടെ സ്ഥിരം അടവുകളിലൊന്നാണ്. ഇത്തരം സിനിമകള്‍ കേരളത്തിന് പുറത്തുള്ളവരുടെ മനസ്സില്‍ നമ്മുടെ നാടിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണകളുണ്ടാക്കാന്‍ കാരണമാകും. കേരളം എന്നാല്‍ മതംമാറ്റത്തിന്റെയും തീവ്രവാദത്തിന്റെയും ഹബ്ബ് ആണെന്ന ഒരു വ്യാജചിത്രം ഇത്തരം നുണപ്രചാരണങ്ങളിലൂടെ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണ്.

ഒരു സിനിമയ്ക്ക് തീര്‍ച്ചയായും ആശയങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് ഒരു നാടിനെ മൊത്തത്തില്‍ കരിവാരിത്തേക്കുന്ന ഒന്നാകരുത്. കേരളത്തിലെ രാഷ്ട്രീയക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം ഒറ്റക്കെട്ടായി ആ സിനിമയിലെ പെരുപ്പിച്ച കണക്കുകളെ എതിര്‍ത്തിരുന്നു. ഇത്തരം സിനിമകള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും, തിരഞ്ഞെടുപ്പ് സമയത്ത് ആളുകളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ് ശ്രമമെന്നും വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു. കലയും ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം നല്ലതാണ്. പക്ഷെ, അതിന്റെ പേരില്‍ സമൂഹത്തില്‍ വെറുപ്പ് വിതയ്ക്കുന്നത് വളരെ അപകടം പിടിച്ച കളിയാണ്.

സിനിമകള്‍ വെറുപ്പിന്റെയും വിഭജനത്തിന്റെയും കഥകള്‍ പറയുമ്പോള്‍, നമ്മുടെ കണ്മുന്നില്‍ നടന്ന, എന്നാല്‍ പലരും ആഘോഷിക്കാതെ പോയ ചില യഥാര്‍ത്ഥ ജീവിതങ്ങളുണ്ട്. അതാണ് കേരളത്തിന്റെ യഥാര്‍ത്ഥ സ്റ്റോറി. ഇത് ഈ അടുത്ത ദിവസം നമ്മള്‍ നേരിട്ട് കണ്ട ഒരു സംഭവമാണ്. കോട്ടയത്തിനടുത്തുള്ള മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്റെയും പത്ത് മാസം മാത്രം പ്രായമുള്ള മകളായിരുന്നു അലിന്‍ ഷെറിന്‍ എബ്രഹാം. ഒരു വാഹനാപകടത്തില്‍ ആ കുഞ്ഞിന് മസ്തിഷ്‌കമരണം സംഭവിച്ചു.

ജീവിതത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിന് മുന്നില്‍ പകച്ചുനില്‍ക്കുമ്പോഴും, ആ അച്ഛനും അമ്മയും ചരിത്രപരമായ ഒരു തീരുമാനമെടുത്തു. തങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവര്‍ തയ്യാറായി. ആ പിഞ്ചുകുഞ്ഞിന്റെ ഹൃദയവാല്‍വുകള്‍, കരള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവ മറ്റ് അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. ആ കുടുംബം എടുത്ത ആ തീരുമാനം, ആ അവയവങ്ങള്‍ കിട്ടിയ കുട്ടികളുടെ ജാതിയോ മതമോ നോക്കിയായിരുന്നില്ല. അത് മനുഷ്യത്വം എന്ന ഒരൊറ്റ വികാരത്തില്‍ നിന്നുണ്ടായതായിരുന്നു.

എവിടെ നില്‍ക്കും? വെറുപ്പിനൊപ്പമോ മനുഷ്യത്വത്തിനൊപ്പമോ?

ഒരു വശത്ത് ‘പോരാടാന്‍’ പറയുന്ന സിനിമകള്‍. മറുവശത്ത്, സ്വന്തം കുഞ്ഞിന്റെ ചേതനയറ്റ ശരീരത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കുന്ന മാതാപിതാക്കള്‍. ഇതില്‍ ഏതാണ് കേരളത്തിന്റെ യഥാര്‍ത്ഥ മുഖം? പ്രളയം ഉള്‍പ്പെടെയുള്ള കെടുതികള്‍ വന്നപ്പോള്‍ ജാതിയും മതവും നോക്കാതെ ഒന്നിച്ചുനിന്ന മലയാളിയുടെ കഥയാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. ഇങ്ങനെ അക്കമിട്ട് നിരത്തി കേരളം നല്ലതാണെന്ന് വാദിക്കേണ്ട ആവശ്യം പോലുമില്ല. കാരണം ഇപ്പോഴും മതേതരത്വം കൈവിടാതെ സൗഹാര്‍ദ്ദത്തില്‍ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന കേരളത്തില്‍ ഒന്നോ രണ്ടോ കഥയായി പറയേണ്ടതുമില്ല.

നമ്മള്‍ തുടങ്ങിയ ചോദ്യത്തിലേക്ക് തന്നെ തിരികെ വരാം. ഒരു സിനിമയ്ക്ക് കേരളത്തെ വിഭജിക്കാന്‍ കഴിയുമോ? ഒരുപക്ഷേ, കഴിഞ്ഞേക്കാം. പക്ഷെ അതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമായിരിക്കും. നുണപ്രചരണങ്ങള്‍ക്കും പ്രൊപ്പഗണ്ടകള്‍ക്കും കുറച്ചുകാലത്തേക്ക് ആളുകളുടെ മനസ്സില്‍ സംശയങ്ങള്‍ നിറയ്ക്കാന്‍ സാധിച്ചേക്കും. എന്നാല്‍, വര്‍ഷങ്ങളായി ഒരുമിച്ച് ജീവിച്ച ഒരു സമൂഹത്തിന്റെ കെട്ടുറപ്പിനെയും സ്‌നേഹത്തെയും പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ അതിനൊരിക്കലും കഴിയില്ല. അവസാനം, ഏത് കഥയാണ് നമ്മള്‍ വിശ്വസിക്കാന്‍ തിരഞ്ഞെടുക്കുന്നത്, ഏത് കഥയാണ് നമ്മള്‍ അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ആഗ്രഹിക്കുന്നത് എന്നതാണ് പ്രധാനം. വെറുപ്പിന്റെ കഥയോ അതോ മനുഷ്യത്വത്തിന്റെയോ?

Content Summary; Kerala Story 2, Will this propaganda film divide Kerala?The first part of the Kerala Story was about false propaganda against Kerala.

This post was last modified on February 18, 2026 3:16 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment