January 18, 2025 |

സാമൂഹ്യ മാധ്യമങ്ങളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാകണം; പി.പി ദിവ്യ

സിനിമകൾ പോലെ സോഷ്യൽ മീഡിയയിലും സെൻസറിങ് വേണം

കഴിഞ്ഞ ദിവസങ്ങളിലായി ഹണി റോസിനെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേസാവുകയും അതിനെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് പി പി ദിവ്യ. കഴിഞ്ഞ ദിവസങ്ങളിലായി തന്റെ പങ്കുവെച്ച ചിത്രത്തിനെ ചുവടെ അവരുടെ മകള്‍ക്കെതിരെ പോലും കമന്റുകള്‍ വന്നിരുന്നു. അത്തരത്തില്‍ തന്റെ കമന്റ് ബോക്‌സില്‍ വന്ന് അസഭ്യം പറഞ്ഞ വിമല്‍ എന്നയാള്‍ക്കെതിരെ കണ്ണൂര്‍ വനിതാ സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത വിവരം ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വിഷയത്തില്‍ അഴിമുഖത്തോട് പ്രതികരിച്ച് പി പി ദിവ്യ.

”എനിക്ക മാത്രമല്ല, നമ്മുടെ സമൂഹത്തില്‍ സിനിമ, സീരിയല്‍, രാഷ്ട്രീയം, കായികം തുടങ്ങിയ അറിയപ്പെടുന്ന ഏത് മേഖലയിലും പ്രതികരിക്കുന്ന സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളിലേക്ക് വരുമ്പോള്‍ വിയോജിപ്പുള്ള എന്തെങ്കിലും കാരയമുണ്ടായാല്‍ ആദ്യത്തെ പ്രതികരണം ലൈംഗികത കലര്‍ന്ന കമന്റുകളും, തെറികളുമാണ്. ഇത്തരം കമന്റുകളും പോസ്റ്റുകളും കാണാനുള്ള ആളുകളുടെ എണ്ണവും കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാംസ്‌കാരിക കേരളം വിദ്യാസമ്പന്നമാണ് എന്നൊക്കെ പറയുമെങ്കിലും സ്ത്രീകളോടുള്ള സമീപനത്തില്‍ അത്രയേറെ പിറകോട്ട് ചിന്തിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ യുട്യൂബ്, ഓണ്‍ലൈന്‍ ചാനലുകളുടെ വീഡിയോകള്‍ പരിശോധിക്കുമ്പോള്‍ സ്ത്രീവിരുദ്ധത പറയുന്ന കണ്ടന്റുകള്‍ക്ക് കാഴ്ച്ചക്കാര്‍ വളരെയധികം കൂടുതലായിരിക്കും. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളുടെ തരത്തിലേക്ക് മുന്‍നിര മാധ്യമങ്ങളും ചെറിയ രീതിയിലെങ്കിലും ചായ്വ് കാണിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. സ്ത്രീ പ്രതിയോ ഇരയോ ആവട്ടെ, അവരുടെ വ്യക്തിപരമായ ജീവിതത്തിലേക്ക് പോയി വലിയ രീതിയല്‍ തേജോവധം ചെയ്യുന്ന രീതിയാണ് ഇപ്പോഴുളളത്. ഇക്കാര്യങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ ഓരോരുത്തരുടെയും മൗനാനുവാദമുണ്ട്. സ്ത്രീകളുടെ പ്രശ്‌നം മാത്രമായി ഇതിനെ ചുരുക്കാതെ മഹിളാ സംഘടനകളും, രാഷ്ട്രീയ സംഘടനകളും ഉള്‍പ്പെടെ എല്ലാവരും ഇതിനെതിരെ രംഗത്ത് വരേണ്ടതുണ്ട്. സമൂഹം ഒരു അപജയത്തിലേക്ക് മാറുകയാണ്, ഇത് കണ്ടാണ് നമ്മുടെ കുട്ടികളും വളരുന്നത്. കേരളത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കപ്പെട്ടതിന്റെ പേരില്‍ നല്‍കിയിട്ടുള്ള കേസുകളില്‍ എത്രത്തോളം പരിഹരിക്കപ്പെട്ടിട്ടുള്ളവയുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്. പോലിസ് സ്‌റ്റേഷനുകളില്‍ അതേ പറ്റി അന്വേഷിക്കുമ്പോള്‍ ഫേസ്ബുക്കില്‍ നിന്ന മറുപടി വരണം, യൂട്യൂബില്‍ നിന്ന് മറുപടി വരണം എന്നൊക്കെയുള്ള മറുപടികളാണ് അവര്‍ക്ക് തരാനുള്ളത്. അതുകൊണ്ട് തന്നെ നിയമപരമായി ശിക്ഷിക്കപ്പെടുന്നില്ല എന്ന തോന്നലുകള്‍ ഇവരെ ഇത്തരം കമന്റുകളിടാന്‍ പ്രേരിപ്പിക്കും.” പി പി ദിവ്യ പറയുന്നു.

scnsht

”കമന്റ് ബോക്‌സുകളിലാണ് ഇത്തരക്കാരെ ഏറ്റവും കൂടുതല്‍ കാണാനാവുക, അവര്‍ കമന്റ് ബോക്‌സില്‍ വന്ന് തെറി പറയുകയും ചെയ്യും. എന്റെ അഭിപ്രായത്തില്‍ സിനിമകളൊക്കെ സ്‌ക്രീന്‍ ചെയ്ത് നോക്കിയ ശേഷം മാത്രം പ്രദര്‍ശിപ്പിക്കുന്ന പോലെ ഒരു സെന്‍സര്‍ഷിപ്പ് സമൂഹ മാധ്യമങ്ങളിലും ആവിശ്യമാണ്. ഒരു സിനിമ കാണുന്നതിനെക്കാള്‍ കൂടുതല്‍ ആളുകളാണ് ഇന്ന് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ കര്‍ശനമായ നടപടികളെടുക്കേണ്ട ആവിശ്യമുണ്ട്. ഇരയാക്കപ്പെട്ട സ്ത്രീകളുടെ കൂട്ടായ്മ കേരളത്തില്‍ രൂപപ്പെട്ട് വരേണ്ടതുണ്ട്. ഇന്ത്യയില്‍ സ്ത്രീകളെ ഇത്രയധികം സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുന്ന മറ്റൊരു സ്ഥലമുണ്ടാകില്ല. കേരളത്തിലാണ് ഇത്ര മാരകമായ രീതിയിലുള്ള അധിക്ഷേപങ്ങളുണ്ടാകുന്നത്. വിയോജിപ്പുകള്‍ എല്ലാവര്‍ക്കുമുണ്ടാകും, വിയോജിപ്പുകളുടെ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയപരമായി തന്നെ അതിനെ വിമര്‍ശിക്കണം പക്ഷെ അധിക്ഷേപിക്കാന്‍ പാടില്ല. ഒരു സ്ത്രീയെ ഒരാള്‍ അധിക്ഷേപിക്കുന്ന വീഡിയോ പ്രചരിക്കുമ്പോള്‍ അത് നമ്മള്‍ കാണില്ല എന്ന് തീരുമാനിക്കണം. ഇതിനെതിരെയെല്ലാം പ്രവര്‍ത്തിക്കുന്നതിന് ഒരു ശക്തമായ നിയമസംവിധാനം നമുക്ക് വേണം.’ ദിവ്യ കൂട്ടിച്ചേര്‍ത്തു.

Post Thumbnail
നൊബേല്‍ ജേതാവിന്റെ ഉപദേശം ബംഗ്ലാദേശില്‍ ജനാധിപത്യം ഉറപ്പിക്കുമോ ?വായിക്കുക

content summary; social media campaigns against women; PP Divya with response

×