February 01, 2026 |
Share on

‘ആര്‍ത്തവത്തിന് കോട്ടന്‍ തുണി ഉപയോഗിക്കുന്ന,മലമൂത്ര വിസര്‍ജനത്തിന് രാത്രിയാകാന്‍ കാത്തിരിക്കുന്നവരാണ് ഞങ്ങളുടെ സ്ത്രീകള്‍’

ആഹാരം തികയാത്ത ആദിവാസി ഊരുകളും അതിദരിദ്ര രഹിത കേരളവും

കേരള സർക്കാർ നവംബർ 1ന് പ്രഖ്യാപിക്കാൻ പോകുന്ന ‘അതിദരിദ്ര്യ രഹിത കേരളം’ എന്ന ബൃഹദ് പദ്ധതി, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ പ്രഹസനം മാത്രമാണെന്നും, സമൂഹത്തിലെ ഏറ്റവും ദുർബലരായ ആദിവാസി ജനവിഭാഗങ്ങളെ വഞ്ചിക്കുന്ന നീക്കമാണെന്നും വിമർശനം.

പണിയ, അടിയ, കാട്ടുനായിക്ക തുടങ്ങിയ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ എംബിഎ ബിരുദധാരിയായ മണിക്കുട്ടൻ ഉന്നയിക്കുന്ന ഗുരുതരമായ വെല്ലുവിളികൾ സർക്കാർ പ്രഖ്യാപനത്തിൻ്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള സമുദായത്തിനിടയിലാണ് ഞാൻ പ്രവർത്തിക്കുന്നത്. അടിയ, പണിയ, കാട്ടുനായിക്ക, ഊരാളി , വെട്ടുകുറുമ പോലുള്ള വിഭാ​ഗമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. മലമൂത്രവിസർജ്ജനം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളോ കാന്താരി തൈ വയ്ക്കാൻ പോലുമുള്ള ഭൂമിയോ, വെള്ളമോ വെളിച്ചമോ ഞങ്ങളുടെ ഊരുകളിളില്ല. ഇതിന്റെ നേർക്കാഴ്ച കാണമെങ്കിൽ മന്ത്രിയ്ക്ക് മറ്റെങ്ങോട്ടും പോകേണ്ടുന്ന ആവശ്യമില്ല. ഇതെല്ലാം മുന്നിൽക്കണ്ടിട്ടും ഒരു കോമാളിയെപ്പോലെ ഈ പ്രഹസനങ്ങൾക്കൊക്കെ വേണ്ടി നിന്ന് കൊടുക്കുകയാണ്.

കേരള സർക്കാരിന്റെ കണക്കനുസരിച്ച് ആദിവാസി സമുദായത്തിലെ 5 ശതമാനം ആളുകളാണ് അതിദരിദ്ര പട്ടികയിൽ ഉൾപ്പെടുന്നത്. എന്നാൽ, തങ്ങളുടെ പ്രദേശത്ത് സർക്കാർ സർവ്വേ നടത്തിയിട്ടില്ലെന്നാണ് മണിക്കുട്ടൻ പറയുന്നത്.

സർവ്വേയ്ക്കോ കണക്കുകൾ ശേഖരിയ്ക്കാനോ പ്രതിനിധികളെത്തിയാൽ ആട്ടിയോടിച്ചെന്ന് തന്നെ വരാം. തൊഴിലിനും വേതനത്തിനുമായി ഈ കുടുംബങ്ങൾക്ക് ആകെ ആശ്രയിക്കാൻ കഴിയുന്നത് തൊഴിലുറപ്പ് പദ്ധതിയെയാണ്. എന്നാൽ അതിൽ നിന്നുള്ള വേതനം രണ്ടു മാസമൊക്കെ വൈകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മണിക്കുട്ടന്റെ വാക്കുകൾ.

മൂന്ന് സെൻ്റ് ഭൂമിയിലെ 400 സ്ക്വയർ ഫീറ്റ് വീട്ടിൽ 10-11 അംഗങ്ങൾ തിങ്ങിപ്പാർക്കുമ്പോൾ, ഒരു റേഷൻ കാർഡിനെ ആശ്രയിച്ച് 30 കിലോ അരിയെ ആശ്രയിച്ച് ജീവിക്കേണ്ട അവസ്ഥയാണുള്ളത്. ‘ദാരിദ്ര്യമില്ലെന്ന്’ പ്രഖ്യാപിക്കുമ്പോൾ റേഷൻ വെട്ടിച്ചുരുക്കാനുള്ള സാധ്യത ഗുരുതരമായ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയും നിലനിൽക്കുന്നു.

വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തിന് മേലെയായി വിദ്യാഭ്യാസ അനുകൂല്യങ്ങൾ ലഭ്യമായിട്ട്. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തി ഞങ്ങളെ അപകടത്തിലേക്ക് കൊണ്ടെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇവിടെ ദാരിദ്ര്യമില്ലെന്ന് പ്രഖ്യാപിക്കുമ്പോൾ റേഷൻ പോലും വെട്ടിചുരുക്കിയേക്കാം. അത് ഞങ്ങളെ വലിയ ഭക്ഷ്യ ക്ഷാമത്തിലേക്കാവും തള്ളിവിടുന്നത്. മൂന്ന് സെന്റ് ഭൂമിയിലെ 400 സ്ക്വയർ ഫീറ്റ് വീട്ടിൽ പത്തും പതിനൊന്നും അം​ഗങ്ങളാണ് താമസിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ച് വീടുകളാണ് ഒരു ഊരിലുണ്ടാവുക. ഓരോ കുടുംബത്തിനും ഒരു റേഷൻകാർഡ് മാത്രമാണുണ്ടാവുക. എങ്ങനെ നോക്കിയാലും ഒരു കുടുംബത്തിലേക്ക് 30 കിലോയിൽ കൂടുതൽ അരി ലഭിക്കില്ല. കുടുംബങ്ങൾക്കിത് രണ്ടാഴ്ചത്തേക്ക് പോലും തികഞ്ഞെന്ന് വരില്ല. എന്നാൽ ഒരു മാസം വരെ ആ അരി ഉപയോ​ഗിച്ച് തള്ളിനീക്കാൻ കുടുംബങ്ങൾ ശ്രമിക്കും. ഗർഭിണികളായ പെൺകുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നതിനെക്കുറിച്ച് വിലയിരുത്താൻ പഠനങ്ങൾ നടത്തിയെങ്കിലും അതിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

ആദിവാസി ഊരിലെ പ്രശ്നങ്ങൾ പഠിക്കാനും ക്ഷേമപ്രവർത്തനങ്ങൾ ശക്തമാക്കാനും നിരവധി ഉദ്യോ​ഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എന്നാൽ പ്രവർത്തനം കൃത്യമായിട്ടാണോ നടക്കുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ. എബിസിഡി ക്യാമ്പയിനെന്ന പേരിൽ ജില്ലാഭരണകൂടം ഒരു ക്യാമ്പയിൻ നടത്തിയിരുന്നു. അടിസ്ഥാന രേഖകൾ ആദിവാസി വിഭാഗത്തിന് ഉണ്ടാക്കി കൊടുക്കുകയായിരുന്നു ആ ക്യാമ്പയിനിന്റെ ഉദ്ദേശം. 70 ശതമാനത്തോളം മാത്രം പദ്ധതി പൂർത്തികരിച്ചതിന് ശേഷം പദ്ധതി വിജയകരമായെന്ന് സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് പ്രഖ്യാപിച്ചു. പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ അപേക്ഷിക്കാനും, നിലവിലുള്ള ലിസ്റ്റ് പുതുക്കാനും പോകുമ്പോഴാണ് ഈ വ്യാജ പ്രഖ്യാപനത്തിന്റെ ഭവിഷ്യത്ത് മനസിലാവുന്നത്. മൂന്ന് സിനിമാ താരങ്ങളെ ഇവിടേക്ക് എത്തിക്കുന്ന ചിലവ് മതിയാവും ആദിവാസി കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ.

പകൽ സമയങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്താൻ പറ്റാതെ പിടിച്ചുവച്ച് രാത്രിയിൽ കാര്യം നടത്തേണ്ടുന്ന അവസ്ഥയാണ് ഇവിടുത്തെ സ്ത്രീകൾക്ക്. ആർത്തവ സമയത്ത് ഊരിലെ 35 വയസിന് മുകളിലുള്ള സ്ത്രീകളിൽ ഭൂരിഭാ​ഗവും ഇപ്പോഴും കോട്ടൻ തുണിയാണ് ഉപയോ​ഗിക്കുന്നത്. അതുപോലും അലക്കി ഉണക്കി എടുത്തുവയ്ക്കാനുള്ള സാഹചര്യം ഊരിലില്ല. ചോർന്നൊലിക്കുന്ന വീടുകളിലാണ് ഇവർ ഉറങ്ങുന്നത്.
അഞ്ച് ശതമാനമെന്ന സർക്കാരിന്റെ കണക്ക് തെറ്റാണ്. വയനാട്ടിലെ മാത്രം കാര്യം പരിശോധിച്ചാൽ ഒരു പതിനഞ്ച് ശതമാനം കാണും.

വയനാട്ടിലെ കൽപ്പറ്റയിൽ ആദിവാസി വിഭാ​ഗത്തിനായി അഞ്ച് നിലയുള്ള ഫ്ലാറ്റ് നിർമ്മിച്ച് നൽകിയിരുന്നു. കാടിന്റെ നടുവിലത്തെ സുരക്ഷിത സ്ഥാനത്ത് നിന്ന് അവരെ പറിച്ചു നട്ടിട്ട് അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും പോലും നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. സ്വതന്ത്രമായ ഒരു അന്തരീക്ഷത്തിൽ ജീവിച്ച ഈ കുടുംബങ്ങളെ കൂട്ടിലടയ്ക്കുന്നതിന് തുല്യമാണ് അവർക്ക് ഇത്തരത്തിലുള്ള പാർപ്പിട സൗകര്യങ്ങളൊരുക്കി നൽകുന്നത്. ഞങ്ങൾക്ക് ഭൂമിയും, വിദ്യാഭ്യാസവുമാണ് വേണ്ടത്. പണിയ സമുദായത്തിലുൾപ്പെട്ട 95 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി ഭൂമിയില്ല.

​ഗർഭിണികൾക്ക് വേണ്ടി സർക്കാർ അവതരിപ്പിച്ച ഒരു പദ്ധതിയാണ് ജനനീജന്മരക്ഷാ, ​ഗർഭിണികളായ സ്ത്രീകൾക്ക് പോഷകാഹാരം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് പറയുന്നു. എന്നാൽ, അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞാലും ഈ തുക ലഭിക്കുന്നില്ല. കാടു കയറുന്നവർ മണ്ണെടുത്തും മരം മുറിച്ചും കാടിനെക്കൊല്ലുമ്പോൾ അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നതും ഞങ്ങളാണ്.

content summary: The ground reality in Kerala’s tribal communities suggests that the state government’s ‘Extreme Poverty-Free Programme’ has fallen short of its goals

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×