കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ ഗവർണറുടെ ആർഎസ്എസ് അജണ്ടയ്ക്കെതിരെ പ്രതിഷേധിക്കുമെന്ന ഉറച്ച നിലപാടിൽ സിൻഡിക്കേറ്റ്. വിഷയത്തിൽ ഗവർണർക്കെതിരെ നാല് സർവകലാശാലകളിൽ പ്രതിഷേധമാർച്ച് ആരംഭിച്ചുകഴിഞ്ഞു. അതേസമയം, രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ച സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കാനൊരുങ്ങുകയാണ് ഗവർണർ. സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും രജിസ്ട്രാർ അനിൽകുമാറിനെയും ജോയിൻ്റ് രജിസ്ട്രാർ അനിൽ കുമാറിനെയും സസ്പെൻഡ് ചെയ്യുമെന്നുമാണ് റിപ്പോർട്ട്.
കേരള സർവകലാശാലയെ കാവിവൽക്കരിക്കാനാണ് ഗവർണറുടെയും ഗവർണർ നിയമിച്ച വിസിയുടെയും ശ്രമമെന്നും അത് വിദ്യാർത്ഥി സംഘടനകൾ അനുവദിക്കില്ലെന്നും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവും എസ്എഫ്ഐ പ്രവർത്തകനുമായ നിരജ്‍ഞൻ അഴിമുഖത്തോട് പറഞ്ഞു.
‘വൈസ് ചാൻസലറുടെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ കേരളത്തിലെ നാല് സർവകലാശാലകളിൽ ഇന്ന് വിദ്യാർത്ഥി സംഘടനകൾ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഒരു സ്വകാര്യ സമിതിയായ ശ്രീപത്മനാഭ സേവാസമിതിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് വിസി നേരിട്ട് അനുമതി നൽകിയത് മുതലാണ് സംഭവത്തിന്റെ തുടക്കം. സാധാരണ രീതിയിൽ സിൻഡിക്കേറ്റിനെക്കൂടി അറിയിച്ചിട്ടു വേണം ഇത്തരം കാര്യങ്ങളിൽ വിസി തീരുമാനമെടുക്കേണ്ടത്. എന്നാൽ സിൻഡിക്കേറ്റിന് യാതൊരു വിലയും നൽകാതെയാണ് വിസി നടപടി സ്വീകരിച്ചത്. ചാൻസലറായ ഗവർണറെ ഉദ്ഘാടനത്തിന് വിളിക്കുകയും പരിപാടിയിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പൂജിക്കുകയും ചെയ്തു.
തീവ്രഹിന്ദുത്വ ആശയം നൽകുന്ന ഒരു പരിപാടിയിലാണ് ഇത്തരത്തിലുള്ള ആരാധനയും മറ്റും കണ്ടിട്ടുള്ളത്. മതനിരപേക്ഷതയുടെ ഒരിടമാണ് കേരള സർവകലാശാല. ഒരു സർവകലാശാലകളും മതത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്ന് ഭരണഘടനയിൽ പറഞ്ഞിട്ട് പോലും അതിനെതിരെ പ്രവർത്തിക്കുന്ന സേവ സമിതിക്ക് അനുമതി നൽകുകയാണ് വിസി ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രജിസ്ട്രാർ അത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. അതിനെ തുടർന്നാണ് വിസിയെ വെല്ലുവിളിച്ചു എന്ന പേരിൽ രജിസ്ട്രാർ കെ.എസ്. അനില്‍ കുമാറിനെ സസ്പെൻഡ് ചെയ്തത്.
എന്നാൽ രജിസ്ട്രാറിനെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം വിസിക്കല്ല, അത് സിൻഡിക്കേറ്റിനാണ്. കേരള സർവകലാശാലയിലെ നടപടികളിൽ അന്തിമ തീരുമാനമെടുക്കുന്നത് സിൻഡിക്കേറ്റ് ബോഡിയാണ്. സ്വന്തം കാര്യം നടത്താനും സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനും വേണ്ടിയാണ് നിലവിലെ വിസി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ഒത്താശ നൽകുന്നത് ഗവർണറാണ്. ചാൻസലറായ ഗവർണറാണ് വിസിമാരെ നിയമിക്കുന്നത്. നിലവിൽ സിസ തോമസിനാണല്ലോ വിസിയുടെ ചുമതല നൽകിയിരിക്കുന്നത്. ഞായറാഴ്ച കൂടിയ സിൻഡിക്കേറ്റിൽ നിന്ന് താൻ ഇറങ്ങിപോയിരുന്നുവെന്നും തന്റെ അഭാവത്തിൽ സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നുവെന്നും സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നതായി കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് കണ്ടിരുന്നു. അതിന് മറുപടിയായി സിൻഡിക്കേറ്റിനെ പിരിച്ചുവിടാൻ വിസിക്ക് അനുവാദമുണ്ടെന്ന തരത്തിൽ രാജ്ഭവനിൽ നിന്ന് ഉത്തരവ് വന്നിരുന്നുവെന്നുമാണ് ഞാൻ മനസിലാക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ജനാധിപത്യവിരുദ്ധമായ കാര്യമാണ്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത് സിൻഡിക്കേറ്റിനെ വിസിക്ക് എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം എന്ന് പറയുന്നതിലെ യുക്തിയെന്താണ്? ഇത്തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ വലിയ രീതിയിൽ തന്നെ വിദ്യാർത്ഥികൾ ഗവർണർക്കെതിരെ ആഞ്ഞടിക്കും.
കേരള സർവകലാശാലയെ കാവിവൽക്കരിക്കാനാണ് ഗവർണറുടെയും ഗവർണർ നിയമിച്ച വിസിയുടെയും ശ്രമം എന്നത് വ്യക്തമാണ്. ഗവർണറുടെ വിദ്യാർത്ഥി വിരുദ്ധ നടപടികൾ വളരെ കാലങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ്. മുൻപുണ്ടായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ വിദ്യാർത്ഥി സംഘചനയാണ് എസ്എഫ്ഐ. ഗവർണർമാർ തങ്ങൾക്ക് താൽപര്യമുള്ളവരെ വിസിമാരായി നിയമിക്കുന്നു, അവർ ജനാധിപത്യവിരുദ്ധമായ തീരുമാനങ്ങളെടുക്കുന്നു. ഇത് തന്നെയാണ് രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയത്തിലും സംഭവിച്ചിട്ടുള്ളത്. കേരള സർവകലാശാലയെ ആർഎസ്എസ് കാര്യാലയമാക്കാൻ ഗവർണർമാർ ശ്രമിച്ചാലും അതിന് വിദ്യാർത്ഥികൾ അനുവദിക്കില്ല.
പല സംഘടനകളിൽ പ്രവർത്തിച്ചുവന്ന് ബിജെപിയിൽ ചേർന്നയൊരാളാണ് ആരിഫ് മുഹമ്മദ് ഖാൻ. രാജേന്ദ്ര ആർലേക്കർ കടുത്ത ആർഎസ്എസുകാരനും. ഇരുവരും പിന്തുടരുന്നത് ഒരേ മാർഗം തന്നെയാണ്. അന്ന് ആരിഫ് മുഹമ്മദ് ഖാൻ പൊതുമധ്യത്തിൽ തന്റെ അജണ്ട വിളിച്ചുപറഞ്ഞിരുന്നെങ്കിൽ രാജേന്ദ്ര ആർലേക്കർ പതിയെ അത് നടപ്പിലാക്കുന്നു എന്ന വ്യത്യാസം മാത്രമാണുള്ളത്’, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം നിരജ്‍ഞൻ അഴിമുഖത്തോട് പറഞ്ഞു.
രജിസ്ട്രാറിന്റെ നിയമനത്തിലും സസ്പെൻഷനിലും സിൻഡിക്കേറ്റിന് യാതൊരു അധികാരവുമില്ലെന്ന് എംജി യൂണിവേഴ്സിറ്റി മുൻ വിസി അഴിമുഖത്തോട് പ്രതികരിച്ചു.
‘സർവകലാശാലകളിലെ നടപടികളിൽ വൈസ് ചാൻസലറാണ് ചാൻസലറായ ഗവർണറോട് ഉത്തരം പറയേണ്ടത്. ഇവർ രണ്ട് പേർക്കും ശേഷമാണ് സിൻഡിക്കേറ്റ് വരുന്നത്. സിൻഡിക്കേറ്റിന് അവർ അവകാശപ്പെടുന്നത് പോലെ അധികാരമൊന്നുമില്ല. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് രജിസ്ട്രാറെ നിയമിക്കുന്നത്. കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ആദ്യ റാങ്കിൽ വരുന്നയാളെ രജിസ്ട്രാറായി നിയമിക്കും. അല്ലെങ്കിൽ രണ്ടാമതെത്തുന്നയാളെ നിയമിക്കും. അല്ലാതെ ഇതിൽ സിൻഡിക്കേറ്റിന് യാതൊരു അധികാരവുമില്ല. വിസിയെടുത്ത നടപടി സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണമെന്ന് മാത്രമാണുള്ളത്. എന്നാൽ സസ്പെൻഷൻ റദ്ദ് ചെയ്തിട്ടുണ്ടെങ്കിൽ രണ്ടാമത് നിയമിച്ചയാൾക്ക് രജിസ്ട്രാറായി തുടരാൻ കഴിയില്ല’, എംജി യൂണിവേഴ്സിറ്റി മുൻ വിസി അഴിമുഖത്തോട് പറഞ്ഞു.
രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം സർവകലാശാലയിൽ അരങ്ങേറിയത്. വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ച കേരള സർവകലാശാല ജോയിൻ്റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലകളില്‍ നിന്ന് മാറ്റുകയും, പ്ലാനിങ് ഡയറക്ടർ ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ താല്‍ക്കാലിക ചുമതല നൽകി വിസി ഉത്തരവിറക്കുകയും ചെയ്തിരുന്നു. കെ.എസ്. അനില്‍ കുമാറിനെ രജിസ്ട്രാർ സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ പി. ഹരികുമാറിനെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഹരികുമാറിനെ മാറ്റിയതോടെ രജിസ്ട്രാറിന്റെ താല്‍ക്കാലിക ചുമതല മിനി കാപ്പനെ ഏല്‍പ്പിക്കുകയായിരുന്നു.
Content Summary: kerala university registrar suspension; Syndicate says University shouldn’t become RSS office
This post was last modified on July 9, 2025 6:05 am
Leave a Comment