റഷ്യയിലെ ഏറ്റവും ധനികനും ക്രെംലിനിലെ പ്രധാന വിമർശകരിൽ ഒരാളുമായ മിഖായേൽ ഖോദോർകോവ്‌സ്‌കിക്കെതിരെ വ്ലാഡിമിർ പുടിൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ക്രിമിനൽ കേസ്.
ഖോദോർകോവ്‌സ്‌കിയും മറ്റ് 22 പ്രവാസികളായ രാഷ്ട്രീയക്കാരും, ആക്ടിവിസ്റ്റുകളും, വ്യവസായികളും ചേർന്ന് അട്ടിമറിക്ക് പദ്ധതിയിട്ടെന്ന് രാജ്യത്തെ ആഭ്യന്തര ഇന്റലിജൻസ് സർവീസ് ആരോപിച്ചിരുന്നു. ഖോദോർകോവ്‌സ്‌കിയും സംഘവും ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ പിന്തുണച്ചു എന്നും ആരോപണമുണ്ട്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ അസംബന്ധമാണ് എന്നും, ഇത് തങ്ങളുടെ എതിരാളികളെ ഭയപ്പെടുത്താനുള്ള ക്രെംലിൻ്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും ഖോദോർകോവ്‌സ്‌കി ചൊവ്വാഴ്ച പ്രതികരിച്ചു. യുദ്ധവിരുദ്ധ ജനാധിപത്യ സംവിധാനം ഉയർന്നുവരുന്നതിൽ പുടിന് അങ്ങേയറ്റം ആശങ്കയുണ്ടെന്ന് അദ്ദേഹം ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.
ഭീകരവാദത്തിനെ പരസ്യമായി പിന്തുണച്ചു എന്ന കുറ്റത്തിന് ഖോദോർകോവ്‌സ്‌കിയ്ക്ക് എതിരെ മറ്റൊരു കേസും നിലനിൽക്കുന്നുണ്ട്. ഈ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തെ കൈമാറ്റം ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്യാം. രാഷ്ട്രീയ പ്രേരിതമെന്ന് പരക്കെ വിലയിരുത്തപ്പെടുന്ന തട്ടിപ്പ് കേസിൽ അദ്ദേഹം സൈബീരിയൻ ജയിലിൽ 10 വർഷം തടവിൽ കഴിഞ്ഞിരുന്നു. 2013ൽ പുടിൻ അദ്ദേഹത്തിന് മാപ്പ് നൽകുകയും പ്രവാസിയായി പോകാൻ അനുവദിക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം ലണ്ടനിലാണ് താമസിക്കുന്നത്.
റഷ്യൻ മുൻ പ്രധാനമന്ത്രി മിഖായേൽ കാസിയനോവ് ചെസ് ഗ്രാൻഡ്മാസ്റ്റർ ഗാരി കാസ്പറോവ് എന്നിവരും ഈ പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഒരു പ്രധാന തടവുകാരുടെ കൈമാറ്റത്തിൽ റഷ്യൻ ജയിലിൽ നിന്ന് മോചിതനായ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് വ്ലാഡിമിർ കാര-മുർസയും ഇക്കൂട്ടത്തിലുണ്ട്.
ഒരു കാലത്ത് റഷ്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലറായിരുന്ന, നിലവിൽ ലണ്ടനിലെ മെയ്‌ഫെയറിൽ ഒരു ഹൈ-എൻഡ് വൈൻ ഷോപ്പും റെസ്റ്റോറന്റും നടത്തുന്ന യൂജെനി ചിച്‌വാർകിൻ. നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്ത മൊമെന്റസ്, സ്വിസ് ആസ്ഥാനമായ ഡെസ്റ്റിനസ് എയ്‌റോസ്‌പേസ് കമ്പനികളുടെ സഹസ്ഥാപകനായ മിഖായേൽ കൊക്കോറിച്ച് എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട പ്രമുഖർ. ഈ കേസിൽ പേര് പറഞ്ഞിട്ടുള്ള എല്ലാവരും റഷ്യൻ ആന്റിവാർ കമ്മിറ്റിയുമായി ബന്ധമുള്ളവരാണ്. പുടിൻ്റെ യുക്രെയ്ൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ 2022 ഫെബ്രുവരിയിൽ വിദേശത്ത് സ്ഥാപിച്ച ഒരു പ്രതിപക്ഷ കൂട്ടായ്മയാണിത്. ഇത് റഷ്യയിൽ ഉടൻതന്നെ നിരോധിക്കപ്പെട്ടിരുന്നു.
2023ലെ ബെർലിൻ പ്രഖ്യാപനത്തിൽ നിലവിലെ റഷ്യൻ നേതൃത്വത്തെ നീക്കം ചെയ്യാൻ ആഹ്വാനം ചെയ്തതായി എഫ്എസ്ബി ചൂണ്ടിക്കാട്ടി. കൂടാതെ, 46 രാജ്യങ്ങളിലെ നിയമനിർമ്മാതാക്കളെ പ്രതിനിധീകരിക്കുന്ന മനുഷ്യാവകാശ ഫോറമായ കൗൺസിൽ ഓഫ് യൂറോപ്പിൻ്റെ പാർലമെന്ററി അസംബ്ലിയുമായുള്ള ഗ്രൂപ്പിന്റെ പങ്കാളിത്തവും എഫ്എസ്ബി എടുത്തുപറഞ്ഞു. യുക്രെയ്ൻ അധിനിവേശത്താല്‍ പുറത്താക്കൽ ഭീഷണി നേരിട്ടതിനെ തുടർന്ന് 2022-ൽ റഷ്യ കൗൺസിൽ ഓഫ് യൂറോപ്പിൽ നിന്ന് പിന്മാറിയിരുന്നു.
ഈ മാസം ആദ്യം, വിദേശത്തുള്ള റഷ്യൻ ജനാധിപത്യ ശക്തികളുമായി സംവദിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുടിൻ വിരുദ്ധ ഗ്രൂപ്പുകൾക്ക് വിദേശത്ത് ഔദ്യോഗിക പ്രാതിനിധ്യം നൽകുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമാണിത്. എന്നാൽ, പോരാളികളെ റിക്രൂട്ട് ചെയ്യുന്നതും യുക്രേനിയൻ സൈന്യത്തിന് ആയുധം നൽകുന്നതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഖോദോർകോവ്‌സ്‌കി തള്ളിക്കളഞ്ഞിരുന്നു.
content summary: Mikhail Khodorkovsky has been indicted in connection with an alleged attempt to overthrow Putin’s regime
This post was last modified on October 15, 2025 1:54 pm
Leave a Comment