സംഘത്തലവന്മാരെ ഉന്മൂലം ചെയ്തതുകൊണ്ട് മാത്രം അവരുടെ സംഘടനകളെ ബലഹീനമാക്കാന്‍ സാധിക്കുമോ?
ഇസ്രയേലിന്റെ പ്രഖ്യാപനം വന്ന് 20 മണിക്കൂറിന് ശേഷമാണ്, ബെയ്‌റൂട്ടില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹസന്‍ നസ്‌റുള്ള കൊല്ലപ്പെട്ടെന്ന വിവരം ഹിസ്ബുള്ള സ്ഥിരീകരിക്കുന്നത്. ഈ കൊലപാതകം മധ്യപൂര്‍വേഷ്യന്‍ ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇസ്രയേല്‍ സൈന്യം നേടിയ സുപ്രധാന വിജയമായും കാണാം. എന്നാല്‍ കലുഷിതമായ മേഖലയില്‍ ഈ കൊലപാതകം ഉണ്ടാക്കാന്‍ പോകുന്ന ദീര്‍ഘകാല പ്രത്യാഘാതാങ്ങള്‍ പ്രവചനാതീതമാണ്.
ഇവിടെ ഒരു സുപ്രധാന ചോദ്യം ഉയരുന്നുണ്ട്; സംഘത്തലവന്മാരെ ഉന്മൂലം ചെയ്തതുകൊണ്ട് മാത്രം അവരുടെ സംഘടനകളെ ബലഹീനമാക്കാന്‍ സാധിക്കുമോ?
അതിനുള്ള ഹ്രസ്വമായ ഉത്തരം; സാധ്യമാകില്ല എന്നത് തന്നെയാണ്. എന്തുകൊണ്ട് എന്നതിന് ചരിത്രത്തില്‍ അനുഭവങ്ങളുണ്ട്. ഇതൊരു മാതൃകാപരമായ തന്ത്രമായിരുന്നെങ്കില്‍ ഇക്കാലത്തിനിടയില്‍ ഇസ്രയേല്‍ അവരുടെ സകല ശത്രുക്കളെയും നിശബ്ദരാക്കിയുണ്ടാകുമായിരുന്നു. ഇസ്രയേലിന്റെ സ്വന്തം ചരിത്രം തെളിയിക്കുന്നത് അവരുടെ പ്രതീക്ഷകള്‍ പരാജയപ്പെട്ടുപോയിട്ടുണ്ടെന്നാണ്. ഉദ്ദാഹരണത്തിന്, 2008 ല്‍ ദമസ്‌കസില്‍ വച്ച് ഹിസ്ബുള്ളയുടെ സൈനിക മേധാവി ഇമാദ് മുഗ്‌നിയയെ ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നു. ആ കൊലപാതകം ഹിസ്ബുള്ളയെ തളര്‍ത്തിയോ? അത് കഴിഞ്ഞുള്ള കാലത്തിനിടയില്‍ അവര്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയാണുണ്ടായത്.
2004 ല്‍ ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് അഹമദ് യാസ്സിനെ ഇസ്രയേല്‍ വകവരുത്തി. അതോടെ ഹമാസ് തകര്‍ന്നോ! അവരുടെ തലവനെ നഷ്ടപ്പെട്ട് രണ്ട് ദശാബ്ദത്തിന് ശേഷമാണ്, കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനകത്ത് കയറി ആക്രമണം നടത്തി 1,200 ഓളം ഇസ്രയേലികളെ കൊന്നത്. ഏറ്റവുമൊടുവിലായി ഇസ്രയേല്‍ ഹമാസിന്റെ സൈനിക കമാണ്ടര്‍മാരിലെ സുപ്രധാനിയായ മൊഹമ്മദ് ദെയ്ഫിനെ ഇല്ലാതാക്കി, പക്ഷേ ഹമാസ് ഇപ്പേഴും ഗസയില്‍ ഇസ്രയേലി സൈന്യത്തിനെതിരേ യുദ്ധം ചെയ്യുന്നുണ്ട്.
അമേരിക്കയും ഇതുപോലെ, അവരുടെ ശത്രു സംഘടനകളെ തകര്‍ക്കാമെന്ന പ്രതീക്ഷയില്‍ അതിന്റെ നേതാക്കാളെ ഇല്ലാതാക്കുന്നുണ്ട്. 2006 ല്‍ ഇറാഖിലെ അല്‍-ഖ്വയ്ദ നേതാവ് അബു മുസാബ് സര്‍ഖാവിയെ യു എസ് വധിച്ചു, അതൊരു നിര്‍ണായക നേട്ടവുമായിരുന്നു. പക്ഷേ, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഭീകരസംഘടന ഐഎസ്‌ഐഎസ് ആയി രൂപാന്തരം പ്രാപിക്കുകയും, അവരുടെ അധീശത്വ മേഖലയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയും 2015 ലെ പാരീസ് ആക്രമണം പോലെ ലോകത്തെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്തു.
ഇസ്ലാമിക് സ്‌റ്റേറിന്റെ അതിര്‍ത്തികള്‍ ഭേദിച്ചുള്ള ‘ ഖിലാഫത്തി’ന് അവസാനം കുറിക്കാനായത് അവരുടെ നേതൃത്വത്തെ ലക്ഷ്യം വച്ചത് കൊണ്ടായിരുന്നില്ല, മറിച്ച് യു എസ് സൈനിക പിന്തുണയോടെ ഇറാഖി, സിറിയന്‍ സേനകള്‍ അവരോട് നടത്തിയ നിരന്തരമായ പോരാട്ടങ്ങളിലൂടെയായിരുന്നു. പ്രസിഡന്റ് ഒബാമയുടെ നിര്‍ദേശ പ്രകാരം നടത്തിയ വ്യോമാക്രമണത്തില്‍ 2016 താലബാന്‍ നേതാവായ മുല്ല അക്തര്‍ മൊഹമ്മദ് മന്‍സൂറിനെ യു എസ് വധിച്ചു. ഇന്ന് അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നത് താലിബാനാണ്. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരം 2020 ല്‍ ഖ്വാസിം സുലൈമാനിയെ വധിച്ചത് ഇറാന്റെയും അവരുടെ സഖ്യകക്ഷികളെയും ദുര്‍ബലമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു, പക്ഷേ, ഇന്നും ഹിസ്ബുള്ളയും ഹമാസും ഹൂതികളും അവരുടെ ആക്രമണങ്ങള്‍ കാര്യമായ തടസങ്ങളില്ലാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ഒരു സായുധ സംഘത്തെയോ തീവ്രവാദി സംഘങ്ങളെയോ ഫലപ്രദമായ രീതിയില്‍ ഇല്ലായ്മ ചെയ്യാന്‍ അതിന്റെ നേതാക്കളെയും സുപ്രധാന പോരാളികളെയും ലക്ഷ്യം വച്ചുള്ള തുടര്‍ച്ചയായ സൈനിക നീക്കങ്ങള്‍ ആവശ്യമാണ്. സിഐഎ 2008 മുതല്‍ പാകിസ്താനില്‍ നടത്തിയ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങള്‍ നിരവധി അല്‍-ഖ്വയ്ദ നേതാക്കളെ വകവരുത്തുന്നതിന് സഹായിച്ചു. ഒസാമ ബിന്‍ ലാദനെയും, പിന്‍ഗാമി അയ്മാന്‍ അല്‍-സവാഹരിയെയുമടക്കം കൊന്നൊടുക്കുന്നതിലൂടെ അല്‍-ഖ്വയ്ദയെ ദുര്‍ബലമാക്കുന്നതില്‍ യു എസ് വിജയിച്ചുവെങ്കിലും ആ തീവ്രവാദ സംഘടന ഇന്നും നിലവിലുണ്ട്.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിതമായ സംഘടനയാണ് ഹിസ്ബുള്ള. ഇറാന്റെ ശക്തമായ പിന്തുണയും അവര്‍ക്കുണ്ട്. ഇന്നും അവര്‍ വിപുലമായ സന്നാഹങ്ങളുള്ള ഒരു സായുധ ശക്തിയായി തുടരുകയാണ്. ഹസന്‍ നസ്‌റുള്ളയുടെ കൊലപാതകം തീര്‍ച്ചയായും ഇസ്രയേലിന് എടുത്തു പറയാവുന്ന നേട്ടം തന്നെയാണ്. പക്ഷേ, അതുകൊണ്ട് ഹിസ്ബുള്ള നിശബ്ദരാകുമെന്ന് കണക്കുകൂട്ടാമോ? സംഘടനയെ പുനരേകോപിപ്പിച്ചും പുതിയ നേതാക്കളെ തെരഞ്ഞെടുത്തും അവര്‍ ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നു തന്നെയാണ് ചരിത്രം പറഞ്ഞു തരുന്ന പാഠം. killing of hassan nasrallah why it’s too early to write off hezbollah and lessons from history
Content Summary; killing of hassan nasrallah why it’s too early to write off hezbollah and lessons from history
ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകന്‍, ഇന്ത്യൻ എക്സ്പ്രസ്, ദി ടെലഗ്രാഫ്, ഹിന്ദുസ്ഥാൻ ടൈംസ്, എൻഡിടിവി എന്നിവിടങ്ങളിl ജോലി ചെയ്തിട്ടുണ്ട്