ഓര്‍മകള്‍ മനസ്സിന്റെ അകത്തളങ്ങളില്‍ അനുഭൂതിയായി പടരുന്ന അനുഭവങ്ങളാണ്. ബാല്യകാല സ്മരണകള്‍, സൗഹൃദങ്ങള്‍, ജീവിതത്തെ സ്വാധീനിച്ച അപൂര്‍വ വ്യക്തിത്വങ്ങള്‍, നനുത്ത തൂവലായി സ്മൃതി പഥങ്ങളില്‍ നിറയുമ്പോള്‍ അറിയാതെ വിരല്‍ത്തുമ്പിനുള്ളില്‍ പുതിയ പദങ്ങളായി ആവാഹിക്കപ്പെടും. പദസഞ്ചയങ്ങളുടെ ആവാഹനത്തില്‍ പുതിയ സൃഷ്ടികള്‍ ഓര്‍മ്മക്കുറിപ്പുകള്‍ ആയി മുന്നിലെത്തുമ്പോള്‍ ദീപ്തമായ സ്മരണകള്‍ മനസ് തരളിതമാക്കും.
‘മല്ലിക പൂവിന്‍ മധുരഗന്ധം’. എടച്ചേരി രാധാകൃഷ്ണന്‍ എഡിറ്റ് ചെയ്ത, പി. ജയചന്ദ്രനെ കുറിച്ചുള്ള ഹൃദയം തൊട്ട പതിനഞ്ച് ഓര്‍മയെഴുത്തുകള്‍. വിദ്യാധരന്‍ മാസ്റ്റര്‍, ജെറി അമല്‍ദേവ്, വി ആര്‍ സുധീഷ്, രവിമേനോന്‍, വിടി മുരളി, ഡോ. എംഡി മനോജ്, സി എസ് മീനാക്ഷി, ശിവദാസ് പുറമേരി, രമേശ് കാവില്‍, ഗംഗ സിത്തരസു, ടി കെ ചന്ദ്രശേഖരന്‍, സന്തോഷ് നിസ്വാര്‍ത്ഥ, ഇ പി സജീവന്‍, രാംകുമാര്‍, പി ശ്രീകുമാര്‍ ചേര്‍ത്തല എന്നീ, കലയുടെ വിവിധ മേഖലകളില്‍ പ്രശസ്തരായ 15 വ്യക്തികള്‍, അവരുടെ ജീവിതത്തില്‍ നറുതിരിയായി തെളിഞ്ഞ ഭാവഗായകനെ കുറിച്ച് കുറിച്ചിടുന്ന ഓര്‍മത്താളുകളാണ് ഈ പുസ്തകം. ജയചന്ദ്രന്‍ അവര്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം അക്ഷരങ്ങളില്‍ തെളിയുമ്പോള്‍, വിരഹാര്‍ദമായ ഒറ്റപ്പെടലുകളില്‍ സൗമ്യമായ തലോടലായി, വികാര തീവ്രമായ ഗാനധാരയായി അവരത് അക്ഷരങ്ങളാക്കി പകര്‍ത്തിയിരിക്കുകയാണ്. ദൃശ്യസംഗീത ലോകത്തെ മാസ്മരിക നാദമായ ജയേട്ടനും മലയാളസാഹിത്യ ലോകത്തെ കുലപതിയായ എംടിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തെക്കുറിച്ച് പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. കാല യവനികയ്ക്കുള്ളില്‍ ഈ രത്‌നങ്ങള്‍ സംഗീതത്തിന്റെ വികാര ഭാവ മിത്തുകളിലൂടെ ഇപ്പോള്‍ സഞ്ചരിക്കുകയാകാം. ആഗോളവല്‍ക്കരണത്തിന്റെ മാറ്റൊലികളില്‍ ശുദ്ധ സംഗീതത്തില്‍ പുതിയ ചേരുവകള്‍ കലരുമ്പോഴും വികാര തീവ്രമായ ഗാനധാരയിലൂടെ മലയാളികളുടെ മനസ്സില്‍ അദ്ദേഹം പാകിയ പുതുനാമ്പുകള്‍ മറക്കുവാന്‍ ഏതു മലയാളിക്കാണ് സാധിക്കുക.
കയ്യെത്തും ദൂരത്ത് അവസരങ്ങള്‍ നഷ്ടപ്പെടുമ്പോഴും അതിനെ കുറിച്ച് ഓര്‍ത്ത് ആകുലപ്പെടാതെ പ്രായോഗിക ലോകത്ത് വിനയാത്വിതനായി ജീവിക്കുന്ന ഉത്തമ വ്യക്തിത്വമായാണ് ഈ പുസ്തകം ജയേട്ടനെ പരിചയപ്പെടുത്തുന്നത്. ഭാവ തീവ്രത കൊണ്ട് ശ്രോതാക്കളെ അനുരാഗ വിഷാദ ഭക്തിസരോവരങ്ങളിലൂടെ ഏകാന്ത യാത്രനടത്തുവാന്‍ പ്രേരിപ്പിച്ച അതുല്യ ഗായകനാണ് അദ്ദേഹം.
ലളിതമായ വ്യക്തിത്വത്തിന് ഉടമയായ ഭാവഗായകന്‍ പരിമിതമായ റെക്കോഡിംഗ് സൗകര്യം പോലും തന്റെ ആലാപന മാധുരിക്ക് തടസ്സമായി കണ്ടിരുന്നില്ല എന്നും പുതിയ തലമുറയെ കലയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും പുസ്തകത്തിലൂടെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. മുഹമ്മദ് റഫിയുടെ ആരാധകന്‍, ചലചിത്ര സംഗീത ലോകത്ത് പുതിയ വഴി തെളിച്ചു. ഗായകന്‍ മാത്രമല്ല ആസ്വാദകന്‍ കൂടിയായിരുന്നു അദ്ദേഹം. സംഗീത സംവിധായകര്‍ പാടി കൊടുക്കുന്ന പാട്ടുകള്‍ അതുപോലെ പാടുന്ന പ്രകൃതമായിരുന്നില്ല, മറിച്ച് സംഗീത സംവിധായകന്റെ ഉള്ളിലുള്ള ഭാവത്തെ തിരിച്ചറിഞ്ഞ് പാടുവാന്‍ കഴിവുണ്ടായിരുന്നു. ഇങ്ങനെ, മലയാളിക്ക് അവരുടെ പ്രിയപ്പെട്ട ജയേട്ടനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഉപകരിക്കും മല്ലികപ്പൂവിന്‍ മധുരഗന്ധം എന്നതില്‍ സംശയമില്ല.
ജയചന്ദ്രന്റെ ജീവിതത്തെക്കുറിച്ച്, സ്വഭാവ സവിശേഷതകളെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന ഉത്തമമായ പുസ്തകമാക്കാന്‍ എടച്ചേരിയുടെയും, ഇതില്‍ ഭാഗമായ പ്രഗത്ഭരുടെയും ആത്മാര്‍ത്ഥമായ പരിശ്രമം നടന്നിട്ടുണ്ടെന്ന്, വായിച്ചു കഴിയുമ്പോള്‍ ഓരോരുത്തര്‍ക്കും തോന്നുന്നത്ര വശ്യതയുണ്ട് മല്ലികപ്പൂവിന്‍ മധുരഗന്ധത്തിന്. മെറി ബുക്‌സ് പുറത്തിറിക്കിയിരിക്കുന്ന ഈ പുസ്തകത്തിന് 180 രൂപയാണ് വില. Mallikappoovin Madhuragandham, Book, Reminiscences about singer P Jayachandran
Content Summary; Mallikappoovin Madhuragandham, Book, Reminiscences about singer P Jayachandran
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.