2003ല്‍ മകള്‍ ഒരു വിസ കേസില്‍ പെട്ടു എന്ന് സംശയിച്ച് കിരണ്‍ ബേദി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തിയ അനധികൃത നിരീക്ഷണത്തിന്റെ തെളിവായി നൂറുകണക്കിന് ഇ-മെയ്‌ലുകളും മൂപ്പതോളം മണിക്കൂര്‍ നീണ്ട രഹസ്യ ശബ്ദരേഖകളും ഈ അന്വേഷണത്തില്‍ കണ്ടെത്തി. ഈ നിയമവിരുദ്ധ നിരീക്ഷണം മറച്ച് വയ്ക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നയതന്ത്രപ്രതിനിധിക്കെതിരേ നടന്ന ലൈംഗികാക്രമണ കേസിലെ തെളിവുകളും മൂടി വച്ചു.
.
2003 എന്ന വര്‍ഷം കിരണ്‍ ബേദിയെ സംബന്ധിച്ചിടത്തോളം ഒരുപാട് പ്രത്യേകതകളുള്ളതായിരുന്നു. അക്കൊല്ലത്തെ വസന്തകാലം പ്രൊഫഷണല്‍ ജീവിതത്തില്‍ നേട്ടങ്ങളുടെ ഘോഷയാത്രയായിരുന്നു അവര്‍ക്ക് സമ്മാനിച്ചത്. ഐ.പി.എസ്സുകാരിയായ ആദ്യ ഇന്ത്യന്‍ വനിതയും രമോന്‍ മാഗ്‌സസേ പുരസ്‌കാരം നേടിയ ആദ്യ വനിതാ പോലീസ് ഉദ്യോഗസ്ഥയുമായ കിരണ്‍, ആ ജനുവരി മാസത്തില്‍ മറ്റൊരു വലിയ നേട്ടം സ്വന്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സമാധാന പരിരക്ഷാ വിഭാഗത്തിലെ സിവിലിയന്‍ പോലീസ് ഉപദേഷ്ടാവായി അവര്‍ നിയമിക്കപ്പെട്ടു. മറ്റൊരു സ്ത്രീക്കോ ഇന്ത്യന്‍ പൗരനോ ഇത് വരെ കൈവന്നിട്ടില്ലാത്ത പദവിയായിരുന്നു അത്.
ഭയം തൊട്ടു തീണ്ടാത്ത മൂന്ന് ദശാബ്ദം നീണ്ട പോലീസ് സേവനം കൊണ്ട് തന്നെ വലിയ ജനപ്രീതി അവര്‍ സമ്പാദിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിലെ സ്ഥാനം പ്രഖ്യാപിക്കുന്നതിനും ഏതാണ്ടൊരു വര്‍ഷം മുന്‍പ് കിരണും ഇരുപതുകളുടെ അവസാനത്തിലുള്ള മകള്‍ സൈനയും റന്‍ഡേവു വിത്ത് സിമി ഗരേവാള്‍ (Rendezvous with Simi Garewal) എന്ന ജനപ്രിയ ടി വി പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.
കിരണ്‍ ബേദിയും സൈനയും റന്‍ഡേവു വിത്ത് സിമി ഗരേവാള്‍ ഷോയില്‍
കിരണിന്റെ ജോലി ആവശ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ചും, പരസ്പരമുള്ള ഇഴപിരിയനാകാത്ത സ്‌നേഹത്തെ കുറിച്ചുമൊക്കെ അന്ന് അവര്‍ വാചാലരായി. ‘എന്താണ് താങ്കള്‍ക്ക് അമ്മയില്‍ നിന്നും പാരമ്പര്യമായി കിട്ടിയത്?’ സിമി സൈനയോട് ചോദിച്ചു. ‘വിശ്വാസ്യത, അതാണെനിക്ക് പാരമ്പര്യമായി കിട്ടിയത്’ എന്നായിരുന്നു മൃതുഭാഷിണിയായ സൈനയുടെ മറുപടി. ‘കിരണ്‍ ബേദിയുടെ മകള്‍ ആയിരിക്കുക എന്ന് പറഞ്ഞാല്‍ തന്നെ സത്യസന്ധതയും ധൈര്യവുമൊക്കെ തല്‍ക്ഷണം ഉണ്ടാകും. എല്ലാം നന്നായിട്ടുണ്ട്,’ അവര്‍ കൂട്ടി ചേര്‍ത്തു.
എന്നാല്‍, ഓഫ് സ്‌ക്രീനിലെ അവരുടെ ജീവിതത്തില്‍ ഇതിന്റെ പ്രതിപ്രവര്‍ത്തനവും കടുത്ത സംഘര്‍ഷവുമൊക്കെ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു. വീട്ടിലെത്തിയാല്‍ ഞാന്‍ വളരെ ശ്രദ്ധാലുവായ അമ്മയാണെന്നും കിരണ്‍ അതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വരാനിരിക്കുന്ന കോലാഹലങ്ങളുടെ കാഠിന്യമൊന്നും ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണമെന്നില്ല ആ പറച്ചില്‍.
ഞങ്ങള്‍ക്ക് പരിശോധിക്കാന്‍ ലഭിച്ച ഇമെയ്ലുകള്‍ അനുസരിച്ച് സൈനയ്ക്ക് അക്കാലത്ത് ഗോപാല്‍ സുരി എന്ന, സെന്‍ട്രല്‍ ഡല്‍ഹിയിലെ, വിവാഹിതനായ ഒരു ഹോട്ടല്‍ വ്യവസായിയുമായി ബന്ധമുണ്ടായിരുന്നു. വിദേശ വിസ വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഒരു സാമ്പത്തിക തട്ടിപ്പില്‍ ഇവര്‍ രണ്ടു പേരും ഏര്‍പ്പെട്ടിരുന്നു. ഇതിനായി അവര്‍ ഉപയോഗിച്ചതോ കിരണിന്റെ പൊതു രംഗത്തെ പേരും വിശ്വാസ്യതയും. ഈ പ്രവര്‍ത്തിയെ അംഗീകരിക്കുന്നില്ലെങ്കിലും ഇതിനെ പറ്റി കിരണിനു ധാരണയുണ്ടായിരുന്നു.
2003 ലെ അവസാന മാസങ്ങളില്‍ സൈനയുടെ ഒരു സുഹൃത്തിനയച്ച ഇമെയിലില്‍ കിരണ്‍ ഇങ്ങനെ കുറിച്ചു: ‘സൈന ഇപ്പോഴും ഗോപാലിനോടൊപ്പം തന്നെയാണ്, മാത്രമല്ല അവന്‍ നടത്തുന്ന മനുഷ്യക്കടത്ത് ബിസിനസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.’ മറ്റൊരു ഇമെയിലില്‍ നിരാശയോടെ അവര്‍ എഴുതി: ഒരു ദിവസം അവളുടെ മേല്‍ അന്വേഷണം നടക്കുമ്പോള്‍ അത് എന്നന്നത്തേക്കുമുള്ള നാശമായിരിക്കുമെന്ന്, എങ്ങനെയാണ് അവളൊന്ന് മനസ്സിലാക്കുക?’
ഒരു അമ്മ എന്ന നിലയില്‍ കിരണ്‍ തീര്‍ച്ചയായും വിഷമത്തിലായിരുന്നു. ഈ പരിപാടിയില്‍ നിന്ന് മാറാനായി അവര്‍ സൈനയെ നിര്‍ബന്ധിക്കുകയും, അവളുടെ അടുത്ത സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തു. പക്ഷേ, ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിലും അവര്‍ ഇതിനോട് പ്രതികരിച്ചു കൊണ്ടിരുന്നത് പൊതു സമൂഹത്തിനു മുന്നില്‍ അവര്‍ അവതരിപ്പിക്കപ്പെട്ട അഴിമതി വിരുദ്ധയായ ഓഫീസര്‍ എന്ന നിലക്കല്ല, മറിച്ച് അധികാരം കയ്യിലുള്ള, സ്വന്തം ആവശ്യങ്ങള്‍ക്കായി അതിനെ ഉപയോഗിക്കുന്ന ഒരാളായി അവര്‍ കാര്യങ്ങള്‍ നീക്കി.
ന്യൂയോര്‍ക്കിലെ യുഎന്‍ പോസ്റ്റിംഗില്‍ ആയിരുന്ന കിരണ്‍, ഡല്‍ഹിയില്‍ സൈനയെ നിരീക്ഷിക്കാന്‍ തന്റെ സുഹൃത്തുക്കളുടെയും പോലീസുകാരുടെയും സഹായം തേടി. സൈനയുടേയും ഗോപാല്‍ സൂരിയുടെയും തട്ടിപ്പ് സംബന്ധിച്ച പൊതു സമൂഹത്തിന് ചില സൂചനകള്‍ നല്‍കുന്നതിനൊപ്പം ഇവരെ ഡല്‍ഹി പോലീസിന്റെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച് നിരീക്ഷിക്കാന്‍ ഊര്‍ജ്ജിത നടപടികള്‍ ആരംഭിച്ചതായി കിരണ്‍ ബേദിയും ഈ പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഇമെയ്ല്‍ സംഭാഷണങ്ങള്‍ തെളിവാണ്. ഇതുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് ഈ നിരീക്ഷണ നടപടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നുവോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു. ആരും ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.
കിരണ്‍ ബേദിക്ക് വേണ്ടി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഈ വിചിത്ര നടപടികളുടെ തെളിവായി അവര്‍ തന്റെ വിശ്വസ്തരായ പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ നൂറുകണക്കിന് ഈമെയ്ല്‍ ആശയവിനിമയത്തിന്റെ പകര്‍പ്പുകള്‍, ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ലഭിച്ചു. അതോടൊപ്പം ഒരു സ്വകാര്യ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് സൈനയേയും ഗോപാലിനേയും രഹസ്യമായി പിന്തുടര്‍ന്നതിന്റേയും അവരുടെ ചലനങ്ങള്‍ റിക്കോര്‍ഡ് ചെയ്തതിന്റേയും തെളിവായുള്ള 20 ടേപ്പുകളും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഏതാണ്ട് 30 മണിക്കൂറുകളോളം നീണ്ട നിരീക്ഷണ മെറ്റീരിയിലുകള്‍ ആ ടേപ്പുകളിലുണ്ട്.
ഒരു പ്രശസ്ത പോലീസ് ഉദ്യോഗസ്ഥ അവരുടെ അധികാരവും സ്വാധീനവും ഉപയോഗിച്ച് സ്വകാര്യ കുടുംബകാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു എന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ഈ ഇമെയിലുകളും ടേപ്പുകളും. ഈ പ്രവൃത്തിയിലൂടെ കിരണ്‍ ബേദി തന്റെ മകളുടെയും അവളുടെ പങ്കാളിയുടെയും സ്വകാര്യത ലംഘിക്കുക മാത്രമായിരുന്നില്ല, അവര്‍ നടത്തുന്ന വിസ കച്ചവടം കടുത്ത നിയമലംഘനമാണ് എന്ന് ബോധ്യപ്പെട്ടിട്ടും സൈനയെ അവളുടെ പ്രവര്‍ത്തികള്‍ മൂലമുണ്ടാകാന്‍ ഇടയുള്ള നിയമപരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുക കൂടിയായിരുന്നു. ഈ നിരീക്ഷണത്തിനിടയില്‍ ഒരു സ്വിറ്റ്സര്‍ലാന്‍ഡ് ഡിപ്ലോമാറ്റിനെതിരെ നടന്ന ലൈംഗികാക്രമണത്തിന്റെ തെളിവ് എന്ന് സംശയിക്കാവുന്ന ചില സൂചനകള്‍ ഈ അനിധികൃത നിരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ളതായും ഈ ഇമെയ്ലുകളില്‍ നിന്ന് മനസിലാകുന്നുണ്ട്. എന്നാല്‍ ആ ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്നവര്‍ക്ക് ഈ പുതു തെളിവുകള്‍ സംബന്ധിച്ച സൂചനകള്‍ ഇവര്‍ കൈമാറിയില്ല.
കിരണ്‍ ബേദിയുമായി അടുപ്പമുള്ള ആളുകളോട് സൈനയെ കുറിച്ച് അവര്‍ക്ക് ഉണ്ടായിരുന്ന ആകുലതകളെ കുറിച്ച് അറിവുണ്ടായിരുന്നുവോ എന്ന് ഞങ്ങള്‍ അന്വേഷിച്ചിരുന്നു. ഞങ്ങള്‍ക്ക് ലഭിച്ച ഇമെയ്ലുകള്‍ അവരെ കാണിച്ചപ്പോള്‍ ഇത്തരത്തിലുള്ള ആശയവിനിമയങ്ങള്‍ അവര്‍ക്ക് ഓര്‍ത്തെടുക്കാനായി. അതിലൊരാള്‍ സൈനയെ നിരീക്ഷിച്ചിരുന്ന കാര്യം അറിവുള്ളതാണെന്നും പറഞ്ഞു. തന്റെ മകളെ ഒരു ദുര്‍ഘട സാഹചര്യത്തില്‍ നിന്ന് എങ്ങനെ രക്ഷിക്കണം എന്നറിയാതെ കുഴങ്ങിയിരുന്ന അമ്മയായിരുന്നു കിരണ്‍ ബേദി അക്കാലത്ത് എന്നാണ് അവര്‍ പറയുന്നത്.
ഇമെയിലുകളില്‍ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ 2003 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ നാല് മാസത്തേക്ക് സൈനയുടെയും ഗോപാലിന്റെയും ഫോണ്‍ ചോര്‍ത്തിയതായി സൂചനയുണ്ട്. അതേസമയം സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍, ഓഗസ്റ്റ് അവസാനത്തിലും ഒക്ടോബറിലുമായി കുറഞ്ഞത് ഇരുപത് ദിവസത്തേക്ക് ഈ പങ്കാളികളെ പിന്തുടര്‍ന്ന്, കിരണിനും അവരുടെ വിശ്വസ്തര്‍ക്കും ഇവരെന്തെല്ലാം ചെയ്യുന്നു എന്നതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.
ഞങ്ങള്‍ ജര്‍മനി കേന്ദ്രമാക്കി ഓഡിയോ വിശകലന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇയര്‍ ഷോട്ട് എന്ന എന്‍.ജി.ഒ-യുടെ വിദഗ്ധര്‍ മുഖേന, റിക്കോര്‍ഡുകളിലെ ശബ്ദം ആരുടേതൊക്കെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ശമിച്ചു. ‘ഇത് എഡിറ്റ് ചെയ്യപ്പെടാത്ത, ഒര്‍ജിനല്‍ റിക്കോര്‍ഡിങ് ആണെന്നാണ് ഞങ്ങളുടെ വിശ്വാസം’- ഇയര്‍ ഷോട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സമഗ്രമായ ഒരു ശബ്ദതാരതമ്യ’ത്തിന് ശേഷം അതിലുള്ള ആളുകള്‍ സൈനയും ഗോപാലുമാണെന്ന് സ്ഥിരീകരിക്കാന്‍ അവര്‍ക്കായി.
ഇയര്‍ഷോട്ടിന്റെ കണ്ടെത്തലുകളില്‍ ഒന്നിന്റെ സ്‌ക്രീന്‍ഷോട്ട്
ഈ ഇമെയ്ല്‍ രേഖകളില്‍ നിന്ന് ഡല്‍ഹി പോലീസിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരും കിരണ്‍ ബേദിയുടെ കുടുംബ പ്രശ്നത്തിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിക്കുന്നത് മുതല്‍ നിരീക്ഷണത്തിലൂടെ ശേഖരിച്ച തെളിവുകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്നുള്ള തന്ത്രങ്ങള്‍ മെനയുന്നത് വരെയുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇവരൊക്കെ പങ്കാളികളായി.
കിരണും നാനാ തുറകളില്‍ നിന്നുള്ള അവരുടെ വിശ്വസ്തരും ചേര്‍ന്ന് നിരവധി മാസങ്ങള്‍ സൈനയെ ഗോപാലില്‍ നിന്ന് അകറ്റാനുള്ള പല തന്ത്രങ്ങളും ആസൂത്രണം ചെയ്തെങ്കിലും അത് കൊണ്ടൊന്നും കാര്യമായ ഫലങ്ങള്‍ ഉണ്ടായില്ല.
ഇതിനിടെ, അന്വേഷണം ഒരു അപ്രതീക്ഷിത വഴിത്തിരിവിലേക്ക് തിരിഞ്ഞു.
2003 ഒക്ടോബര്‍ 15-ന്, സൗത്ത് ഡല്‍ഹിയില്‍ വെച്ച് ഒരു സ്വിസ് നയതന്ത്രജ്ഞ സ്വന്തം കാറിനുള്ളില്‍ ഒരു അജ്ഞാതനാല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. ഈ സംഭവം അക്ഷരാര്‍ഥത്തില്‍ രാജ്യ തലസ്ഥാനത്തെ നടുക്കി. ഇന്ത്യന്‍ പോലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചിലുകളില്‍ ഒന്ന് അതിനെ തുടര്‍ന്ന് രൂപപ്പെട്ടു.
ഇതിനിടെ സൈനയുടേയും ഗോപാലിന്റേയും ഫോണ്‍ കേട്ടുകൊണ്ടിരുന്ന പോലീസുകാര്‍ക്ക് ഗോപാലും ഒരു പുരുഷ സുഹൃത്തും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ഈ കേസുമായി ബന്ധപ്പെട്ട ഒരു തുമ്പ് ലഭിച്ചു.
അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന വേദ് ഭൂഷണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇമ്പോര്‍ട്ടന്റ് എന്ന് സൂചിപ്പിച്ച് കൊണ്ട് 2003 നവംബര്‍ 15-ന് കിരണ്‍ ബേദിക്ക് ഒരു ഇമെയില്‍ അയച്ചു. അവരുടെ ഈ അനധികൃത നിരീക്ഷണ സംഘത്തില്‍ തന്നെ ഉള്‍പ്പെട്ടിട്ടുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് തുടര്‍ നടപടികള്‍ക്കായി ഈ വിവരം കൈമാറി എന്നാണ് വേദ് ഭൂഷണ്‍ എഴുതിയിരിക്കുന്നത്. തുടര്‍ന്ന് എന്ത് സംഭവിച്ചുവെന്നത് ഇപ്പോഴും നിഗൂഢമായി തുടരുന്നു.
പക്ഷെ ഈ ലൈംഗിക അതിക്രമക്കേസിന്റെ അന്വേഷണത്തിനു നേതൃത്വം നല്‍കിയ പ്രശസ്ത പോലീസ് ഉദ്യോഗസ്ഥനായ രാജേന്ദ്ര സിംഗ്, ‘ഞങ്ങളുടെ അന്വേഷണ സംഘത്തിന് ഈ ലീഡിനെ കുറിച്ച് ഒരിക്കലും അറിവ് ലഭിച്ചിട്ടില്ല.’ എന്നാണ് പറഞ്ഞത്.
സംഭവം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ഇരയായ സ്വിസ് നയതന്ത്രജ്ഞ ഇന്ത്യ വിട്ടു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, പതിനായിരത്തിലധികം ആളുകളെ സംശയ മുനയില്‍ നിര്‍ത്തിയെങ്കിലും ആരും കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല.
ഇന്നും ആരാണ് ആ കുറ്റകൃത്യത്തിലെ പ്രതി എന്ന കാര്യം ചുരുളഴിയാതെ തുടരുന്നു.
വേദ് ഭൂഷണുമായി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ ഈ ഇമെയ്ലുകള്‍ താനുമായി ബന്ധമില്ലാത്തതാണ് എന്നാണ് പറഞ്ഞത്. ഞങ്ങള്‍ക്ക് ലഭിച്ച ഇമെയ്ല്‍ പകര്‍പ്പുകളില്‍ കാണുന്ന വിലാസം തന്റേതല്ല എന്നുമദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട, വേദ് ഭൂഷണിന്റെ ഇമെയ്ല്‍ അടക്കമുള്ള, വിശദമായ ചോദ്യങ്ങളോട് രേഖാമൂലം പ്രതികരിച്ച കിരണ്‍ ബേദി ഈ ഇമെയ്ലുകളോ, ഇത്തരമൊരു നിരീക്ഷണ സംവിധാനമോ ഉണ്ടായിരുന്നതായി നിഷേധിച്ചിട്ടില്ല.
2003-ല്‍ സൈനയും ഗോപാലും സാമ്പത്തിക സുരക്ഷിതത്വത്തിനായുള്ള ശ്രമത്തിന്റെ ഭാഗമായി ചേര്‍ന്ന് വിസാ സൗകര്യങ്ങള്‍ ഒരുക്കുന്ന ഒരു ബിസിനസ് ആരംഭിച്ചു. വിസ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാരെ പെര്‍മിറ്റ് എടുക്കാനായി കമ്മീഷന്‍ നിരക്കില്‍ സഹായിക്കാമെന്നായിരുന്നു ഈ സംരംഭം അവകാശപ്പെട്ടത്.
സത്യത്തില്‍ ഒരു ഏജന്റിന്റെ സഹായത്തോടെ വിസ എടുക്കുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമല്ല, പക്ഷേ, സൈനയും ഗോപാലും സ്വീകരിച്ച രീതിയാണ് അവരുടെ പ്രവര്‍ത്തനനങ്ങള്‍ നിയമവിധേയമായിരുന്നുവോ എന്ന ചോദ്യം ഉയര്‍ത്തുന്നത്.
ഇമെയിലുകള്‍ വ്യക്തമാക്കുന്നത് പ്രകാരം പലപ്പോഴും കിരണ്‍ ബേദിയുടേയും 1994-ല്‍ അവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യ വിഷന്‍ ഫൗണ്ടേഷന്റെയും പേര് ഉപയോഗിച്ച് തങ്ങളുടെ വിശ്വാസ്യത ഉയര്‍ത്താന്‍ ഇരുവരും പലപ്പോഴും ശ്രമിച്ചു. ഉദാഹരണത്തിന് ഒരു ഫോണ്‍ കോളില്‍ ‘ഞാന്‍ കിരണ്‍ ബേദിയുടെ മകളാണ്’ എന്ന് പരിചയപ്പെടുത്തി കൊണ്ടാണ് സൈന ഒരു ജര്‍മ്മന്‍ എംബസ്സി ഉദ്യോഗസ്ഥനോട് വിസാ ആപ്ലിക്കേഷന്‍ മുന്നോട്ട് നീക്കാനുള്ള സഹായം അഭ്യര്‍ത്ഥിക്കുന്നത്. പക്ഷേ, ആ ഉദ്യോഗസ്ഥന്‍ അതൊന്നും പരിഗണിക്കാതെ ആ അഭ്യര്‍ത്ഥന നിരുപാധികം തള്ളുകയായിരുന്നു.
ഗോപാല്‍ സൂരി, സൈന ബേദി- ശാംഭവി താക്കൂര്‍ തയ്യാറാക്കി ഇല്യൂസ്‌ട്രേഷന്‍
വിവിധ എംബസ്സികളിലും നയതന്ത്ര ഇടങ്ങളിലും പേപ്പര്‍ വര്‍ക്കുകള്‍ ത്വരിതപ്പെടുത്താന്‍ കഴിയുന്ന വിധമുള്ള ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് സൈനയുടേയും ഗോപാലിന്റെയും വിജയത്തിന് അനിവാര്യമായ ഘടകമായിരുന്നു. ഒരു റെക്കോര്‍ഡഡ് കോളില്‍ ഇത്തരം ബന്ധങ്ങള്‍ വികസിപ്പിക്കാനുള്ള വിവിധ മാര്‍ഗങ്ങളെ കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു തുടക്കം എന്ന നിലയില്‍ എംബസി സ്‌കൂളുകളില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും സൈനക്ക് ഉദ്ദേശമുണ്ടായിരുന്നു. മറ്റൊരു കോളില്‍ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളെ കുറിച്ച് സൈന ഗോപാലിനോട് വിശദീകരിക്കുന്നുണ്ട്.’അവരെ എങ്ങനെ സമീപിക്കണം എന്ന കാര്യത്തില്‍ നമ്മള്‍ ഒരു സ്ട്രാറ്റജി രൂപീകരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ എല്ലാവരോടും ഫാഷന്‍ ഷോയെക്കുറിച്ച് സംസാരിക്കാം,’അവള്‍ പറഞ്ഞു. കൗശലങ്ങളെ മയപ്പെടുത്തി പറയാനുപയോഗിക്കുന്ന സ്ട്രാറ്റജി എന്ന പ്രയോഗം അവരുടെ സംഭാഷണങ്ങളിലെ സ്ഥിരം വാക്കായിരുന്നു.
എംബസി ഉദ്യോഗസ്ഥരോട് എങ്ങനെ പരിചയം സ്ഥാപിക്കാമെന്ന കാര്യത്തില്‍ സൈനക്ക് ഗോപാല്‍ ഒരു പദ്ധതി പറഞ്ഞു കൊടുത്തിരുന്നു. ഒരു സംഭാഷണത്തില്‍ തന്റെ ഒരു സുഹൃത്തിനോട് അവരത് പങ്കു വെക്കുന്നുമുണ്ട്. ‘ഇപ്പോള്‍ അവന്‍ പറയുന്നത് എങ്ങനെയാണെന്ന് വെച്ചാല്‍ , നീ ആളുകളെ കാണുമ്പോള്‍ ആദ്യം വിസയെ കുറിച്ച് പറയരുത്. നിന്റെ എന്‍ജിഒയെപ്പറ്റി പറയൂ, നിന്റെ ആളുകളെപ്പറ്റി പറയൂ, എല്ലാത്തിനെയും കുറിച്ച് സംസാരിക്കണം.. അങ്ങനെ, ആവശ്യമായ വിവരങ്ങള്‍ അപ്പോള്‍ തന്നെ ശേഖരിക്കുകയും ചെയ്യണം… ഗോപാല്‍ സുരി എന്റെ ഭര്‍ത്താവാണ് എന്ന് ഒരിക്കലും പറയരുത്. എന്നിട്ട് അവരെ എനിക്ക് വിട്, പിന്നെ കൈകാര്യം ചെയ്ത് മുന്നോട്ട് പോകുന്ന കാര്യം ഞാനേറ്റു.’
ഗോപാലും സൈനയും അവരുടെ കൂട്ടാളികളും ചേര്‍ന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ വശത്താക്കുന്നതിനായി വെടിപ്പല്ലാത്ത പല മാര്‍ഗങ്ങളും ആസൂത്രണം ചെയ്തിരുന്നു. സഹകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
എംബസ്സിയിലെ ഒരു കോണ്‍ടാക്ട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഒരു ഫോണ്‍ കോളില്‍ ഗോപാല്‍ സൈനയോട് പറയുന്നത്. ‘എന്തിനാണ്?’ സൈന ചോദിക്കുന്നു. ‘ഒരു കേസ് തീര്‍പ്പാക്കാനായി,’എന്നാണ് ഗോപാലിന്റെ മറുപടി.
ഈ ആളെ നമ്മള്‍ നയപരമായി കൈകാര്യം ചെയ്യണമെന്ന് യൂറോപ്യന്‍ എംബസിയിലെ വിസ കാര്യങ്ങളില്‍ തലപ്പത്തുള്ള ഒരാളെ കുറിച്ച് അജ്ഞാതനായ ഒരാളുമായുള്ള സംഭാഷണത്തില്‍ സൈന പറയുന്നു.
‘ഖിലാനാ പിലാനാ പഡേഗാ’ (അവനു കഴിക്കാനും കുടിക്കാനുമുള്ളത് നല്‍കി രസിപ്പിക്കണം) എന്ന് ആ പുരുഷന്‍ മറുപടി പറഞ്ഞപ്പോള്‍, ‘ഇല്ലില്ല, അതിന് മറ്റൊരു വഴി നോക്കണം,’ എന്ന് സൈന മറുപടി നല്‍കി.
തന്റെ വഴി വെട്ടുന്നതില്‍ സൈന അത്യുത്സാഹിയായിരുന്നു. ഒരു സ്ത്രീ സുഹൃത്തിനോട് അവള്‍ പറയുന്നുണ്ട്: ‘എനിക്കും നിനക്കുമിത് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണിത് ചെയ്യാനാകുക? ഒരു വിസ ട്രാന്‍സ്ഫറിനായി നാല് ലക്ഷം രൂപ ലഭിക്കും. അതില്‍ 1.5 ലക്ഷം വീതം നമ്മള്‍ മാസത്തില്‍ വീതിച്ചെടുത്താല്‍ പിന്നെ ഇതില്‍ എന്താണ് കുഴപ്പം.’
വിസ കിട്ടാന്‍ കുരുട്ട് വഴികള്‍ സ്വീകരിക്കാന്‍ ഗോപാലിന്റെ പ്രോത്സാഹനത്തില്‍ സൈന തയ്യാറായിരുന്നു.
ഒരു ഫോണ്‍ കോളില്‍, അവള്‍ അതേ സ്ത്രീ സഹപ്രവര്‍ത്തകയോട് ഒരു മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അയാള്‍ക്ക് അവളോട് ഉള്ള താല്പര്യം മുന്‍നിര്‍ത്തിയായിരുന്നു അത്. സൈന ഈ വിഷയത്തില്‍ നേരത്തെ ഗോപാലുമായി ചര്‍ച്ച നടത്തുകയും ഈ ഉദ്യോഗസ്ഥന്റെ സിംപതി നേടാന്‍ സാമ്പത്തിക പ്രതിസന്ധിയിലുള്ള ഒരാളായി അഭിനയിക്കാന്‍ അയാള്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. അങ്ങനെ അയാളെ കൊണ്ട് തന്നെ വലിയ സ്‌നേഹത്തോടെ നിനക്ക് വേണ്ടി ഞാന്‍ എന്ത് സഹായം ചെയ്യണം?’ എന്ന് ചോദിപ്പിക്കാനായിരുന്നു ഗോപാലിന്റെ പദ്ധതി.
‘ഇതിനിടയില്‍ ഒരു സുഹൃത്തിനെയും അവളുടെ വിസ കേസുകളെയും കുറിച്ച് പറയണം. അതില്‍ ചേര്‍ന്നാല്‍ അവള്‍ ലാഭം വീതിക്കാന്‍ തയ്യാറാണ്. അതെനിക്ക് വലിയ ഗുണകരമാകും എന്നൊക്കെ പറയുക. ഇനി അയാള്‍ കൂടുതല്‍ വ്യക്തിപരമായ അടുപ്പം കാണിക്കാന്‍ തുടര്‍ന്നാല്‍, നീ വെറുതെ കരയണം. അതുമതി.’സൈന കൂട്ടിച്ചേര്‍ത്തു:
ഗോപാല്‍ സൈനയോട് ഒരു മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥനെ മദ്യപാനത്തിനിടെ കണ്ടുമുട്ടിയതിനെ കുറിച്ച് വിശദീകരിക്കുന്നത് വേറെ തരത്തിലാണ്. അയാള്‍ വളരെ സമ്പന്നനായതിനാല്‍ പണം കൊണ്ട് വീഴ്ത്താന്‍ കഴിയില്ല എന്നായിരുന്നു ഗോപാലിന്റെ നിഗമനം. സ്ത്രീകളെ കാഴ്ച വെച്ച് അയാളെ സ്വാധീനിക്കാമെന്ന് ഗോപാല്‍ പറഞ്ഞെങ്കിലും സൈന ഈ ആശയത്തെ എതിര്‍ത്തു: ‘അത് വേണ്ട, ഒന്നുകില്‍ പണം നല്‍കുക, അല്ലെങ്കില്‍ കുടിപ്പിച്ച് കിടത്തുക’
2003 ല്‍ പ്രശസ്ത പോപ്പ് ഗായകനായ ദാലര്‍ മെഹന്ദിയുടെയും അദ്ദേഹത്തിന്റെ സഹോദരന്‍ ഷംഷറിന്റെയും പരിപാടി സംഘടിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. അതേസമയം അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറ്റക്കാരെ കടത്തിയതിലും വിദേശത്തേക്ക് കൊണ്ട് പോകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിലും ഈ സഹോദരങ്ങള്‍ കുറ്റാരോപിതരായിരുന്നു. ഇക്കാര്യം കിരണ്‍ ബേദിക്ക് പോലീസ് ഉദ്യോഗസ്ഥനായ വേദ് അയച്ച ഇമെയിലില്‍ ആണ് പറയുന്നത്. ‘പക്ഷേ, വിസ തട്ടിപ്പില്‍ അവരുടെ പങ്ക് മനസ്സിലായതിനാല്‍, ഈ പദ്ധതി വിഫലമായി.’ വേദ് കൂട്ടിച്ചേര്‍ത്തു.
സൈനയ്ക്കും ഗോപാലിനും തങ്ങളുടെ പദ്ധതികളിലൂടെ സ്ഥിരമായ വരുമാനം ഉണ്ടാക്കാനായോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.
പക്ഷേ, കിരണിന്റെയും അടുപ്പക്കാരുടെയും ഇമെയിലുകള്‍ പ്രകാരം, ചിലപ്പോഴെങ്കിലും വിസ നല്‍കിയും പ്രോസസ്സിങ്ങ് നടത്തിയും ദശലക്ഷക്കണക്കിന് രൂപ ഗോപാല്‍ സമ്പാദിച്ചതായി അവര്‍ സംശയിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.
കിരണ്‍ സൈനയെ ഈ വഴിയില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴൊക്കെ അവള്‍ അമ്മയുടെ ഇരട്ടത്താപ്പായെ അതിനെ കണ്ടുള്ളു.
‘പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നതിന് പകരം എന്തുകൊണ്ടാണ് അമ്മ ഗോപാലിനെ പിന്തുണക്കാന്‍ തയ്യാറാകാത്തത്?’ ഒരു ഫോണ്‍ കോളില്‍ സൈന അത്ഭുതപ്പെടുന്നുണ്ട്. ‘അവനൊരു പെട്രോള്‍ പമ്പോ സ്‌പെയര്‍ പാര്‍ട്‌സ് കടയോ മാരുതിയുടെ ഓട്ടോ മൊബൈല്‍ ഏജന്‍സിയോ തുടങ്ങി കൊടുക്ക്. എന്റെ അമ്മക്ക് കുഴപ്പമില്ലാത്ത ഏതെങ്കിലും ഏജന്‍സി എടുത്ത് കൊടുക്ക്’ സൈന പറയുന്നു. മുന്‍പ് ‘അമ്മ ഒരു കസിന്‍ ബ്രദറിന് പെട്രോള്‍ പമ്പ് തുടങ്ങി കൊടുത്തിരുന്നു.’
കിരണ്‍ തന്റെ മകളെ നിരീക്ഷിക്കാന്‍ ഡല്‍ഹി പോലീസിലെ സഹപ്രവര്‍ത്തകരെ വ്യാപകമായി ആശ്രയിച്ചു. ഉജ്ജ്വല്‍ മിശ്ര, വേദ് ഭൂഷണ്‍ എന്നീ ഉദ്യോഗസ്ഥരായിരുന്നു കിരണിന്റെ ഇമെയിലുകളില്‍ പ്രധാനമായി പ്രത്യക്ഷപ്പെട്ടിരുന്നത്. ഇവരില്‍, ഉജ്ജ്വല്‍ പിന്നീട് ഡല്‍ഹി പോലീസില്‍ ജോയിന്റ് കമ്മീഷണറാകുകയും, വേദ് അസിസ്റ്റന്റ് കമ്മീഷണറാകുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി അവര്‍ സൈനയെയും ഗോപാലിനെയും നിരീക്ഷിക്കുകയും കണ്ടെത്തിയ വിവരങ്ങള്‍ കിരണിനും അവരുടെ വിശ്വസ്തര്‍ക്കും കൈമാറുകയും ചെയ്തു.
ഇമെയ്ലുകളില്‍ അന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ (അഡ്മിനിസ്ട്രേഷന്‍) ആയിരുന്ന കെ.കെ.പോള്‍, കമ്മീഷണര്‍ ഓഫ് പോലീസ് ആയിരുന്ന് ആര്‍.എസ് ഗുപ്ത എന്നിവരുടെ പേരുകളും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഈ അനധികൃത നിരീക്ഷണത്തിന്റെ ഭാഗമായിരുന്നുവോ എന്ന് വ്യക്തമല്ല.
ഇമെയിലുകള്‍ പ്രകാരം, ഡല്‍ഹി ക്രൈം ബ്രാഞ്ചില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന മുഖുന്ദ് ഉപാധ്യേ ഈ ചാരപണിയുടെ തുടക്ക കാലത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഗോപാലിന്റെയും അവന്റെ ബിസിനസ് ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉപയോഗിച്ച്, ഗോപാലിനും ഭാര്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഉപാധ്യേ നേരിട്ട് തന്നെ അവരുമായി കൂടിക്കാഴ്ച നടത്തി. ഗോപാലിനെയും സൈനയെയും കൊണ്ട് അവരുടെ ഇടപാടുകാര്‍ക്ക് കുടിശിക കൊടുത്ത് തീര്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കിരണ്‍ ചുമതലപ്പെടുത്തിയതും അവരുടെ വിശ്വസ്തനായ ഉപാധ്യേയെയാണ്.
2003 സെപ്റ്റംബര്‍ 9-ന്, ഒരു ഡസനിലധികം ആളുകള്‍ക്ക് ആയി അയച്ച ഒരു ഇമെയിലില്‍ കിരണ്‍ ഇങ്ങനെ കുറിച്ചു: ‘നമുക്ക് ഉടന്‍ മുഖുന്ദിന്റെ പിന്‍ഗാമിയെ കണ്ടെത്തണം. ആരാണ് ഈ സമ്മര്‍ദ്ദം തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയുന്ന ഒരു പോലീസ് ഓഫീസര്‍? കാരണം, മുഖുന്ദ് ഉടന്‍ തന്നെ അരുണാചലിലേക്ക് പുതിയ ചുമതലകള്‍ ഏറ്റെടുത്ത് സ്ഥലം മാറി പോകുകയാണ്.’
കിരൺ ബേദി അയച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ട്
ഉജ്ജ്വല്‍ മിശ്രയും വേദ് ഭൂഷനും ഈ പ്രവര്‍ത്തികളില്‍ ആര്‍ജ്ജവവും പിന്തുണയും കുറച്ചപ്പോള്‍, കിരണ്‍ പ്രകോപിതയായി കാണപ്പെട്ടിരുന്നു.
2003 സെപ്റ്റംബര്‍ ആദ്യവാരത്തില്‍, ഇന്ത്യ വിഷന്‍ ഫൗണ്ടേഷനിലെ ഒരു സഹപ്രവര്‍ത്തകന്റെ സഹായത്തോടെ, കിരണ്‍ ഉജ്ജ്വലിനായി ഒരു ഇമെയില്‍ തയ്യാറാക്കി. അവര്‍ തന്റെ സഹപ്രവര്‍ത്തകനോട് നിര്‍ദ്ദേശിച്ചത് ഇങ്ങനെയാണ്: ‘ഫോണ്‍ വഴി ഇത് അദ്ദേഹത്തിന് വായിച്ചു കൊടുത്ത്, എന്താണ് പ്രതികരണം ലഭിച്ചതെന്ന് എന്നോട് പറയണം.’
കിരണ്‍ തന്റെ ഉള്ളിലെ നിരാശ ഇമെയിലില്‍ വ്യക്തമായി പ്രകടിപ്പിച്ചു:
‘എന്റെ പ്രിയപ്പെട്ട ഉജ്ജ്വല്‍’ എന്ന അഭിസംബോധനയോടെ തുടങ്ങിയ ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തില്‍, പ്രൊഫഷണല്‍ അല്ലാത്ത സോഴ്സുകള്‍ പോലും എനിക്ക് ഇതിലും അധികം വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും ഈ വിഷയത്തെ അദ്ദേഹത്തിന്റെ സ്വന്തം കാര്യമെന്നപോലെ പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഏതാണ്ട് ഈ സമയമായപ്പോഴേക്കും കാര്യങ്ങള്‍ ഗൗരവകരമായ ഒരു ഘട്ടത്തില്‍ എത്തിയിരുന്നു. 2003 സെപ്റ്റംബര്‍ 5-ന് കുറച്ചു പേര്‍ക്കായി അയച്ച അയച്ച മെയിലില്‍ താന്‍ വിവിധ എംബസികളിലേക്ക് അയച്ച ഒരു ഇമെയില്‍ ഡെലിവര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന വിവരം കിരണ്‍ വ്യക്തമാക്കിയിരുന്നു. ചിലര്‍ എന്റെ പേരും വിശ്വാസ്യതയും ഉപയോഗിച്ച് വിസ നേടാനുള്ള ശ്രമം നടത്തുന്നുണ്ട് എന്ന മുന്നറിയിപ്പ് കിരണ്‍ എംബസികള്‍ക്ക് നല്‍കി. ഇത്തരക്കാരെ കണ്ടെത്തി, അവരെ അന്നാട്ടിലെ പോലീസിന് കൈമാറണമെന്നും അവര്‍ എംബസികള്‍ക്കും ഹൈ കമ്മീഷനും കോണ്‍സുലേറ്റിനു എഴുതിയ കത്തില്‍ പ്രസ്താവിച്ചു.
രണ്ടു ദിവസത്തിനുള്ളില്‍ കുറെ കൂടി കൃത്യമായ വിവരങ്ങള്‍ പറഞ്ഞു കൊണ്ട് ഡല്‍ഹിയിലെ എംബസി ഓഫീസര്‍മാരുടെ കൈകളില്‍ നേരിട്ടേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് കിരണ്‍ മറ്റൊരു കത്തെഴുതി. ‘ഗോപാല്‍ സുരിയും സൈനയും സന്ദര്‍ശക വിസകള്‍ക്കായും ഇമ്മിഗ്രേഷന്‍ സഹായങ്ങള്‍ക്കായും എന്റെ സല്‍പ്പേരും വിശ്വാസ്യതയും ഉപയോഗിക്കുന്നതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. അത്തരം അഭ്യര്‍ത്ഥനകള്‍ അംഗീകരിക്കാത്ത പക്ഷം ഞാന്‍ വളരെയധികം കൃതജ്ഞതയുള്ളവളായിരിക്കും. ഇക്കാര്യങ്ങളുമായി അവര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ദയവ് ചെയ്ത് അവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറുക.’
കിരണിന്റെ എന്‍ജിഒ ആയ ഇന്ത്യ വിഷന്‍ ഫൗണ്ടേഷനിലും ഇവര്‍ ഇടപെടാന്‍ തുടങ്ങി.
ഫൗണ്ടേഷന്റെ ട്രസ്റ്റിമാര്‍ ഒപ്പുവെച്ച തീയതി രേഖപ്പെടുത്താത്ത പ്രമേയത്തില്‍ സൈനയും ഗോപാലും ഫൗണ്ടേഷന്റെ പേരില്‍ ഫണ്ട് ശേഖരിച്ചിരുന്നതായി ആരോപിക്കുന്നു. സംഭാവന നല്‍കുന്നവര്‍ക്ക് വിസകളും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാമെന്ന വ്യാജവാഗ്ദാനം കൊടുത്തുവെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, ഫൗണ്ടേഷനുമായുള്ള തങ്ങളുടെ ബന്ധം എംബസികളോട് തെറ്റായി അവതരിപ്പിച്ച് വിസ അനുവദിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഈ രേഖ പറയുന്നു. രണ്ടു ദേശീയ പത്രങ്ങളിലും ഒരു പ്രാദേശിക പത്രത്തിലും ഇക്കാര്യങ്ങള്‍ വര്‍ത്തയാക്കാന്‍ ഒരു ട്രസ്റ്റിയെ ചുമതലപ്പെടുത്തിയതായും ഈ പ്രമേയത്തില്‍ എഴുതിയിട്ടുണ്ട്.
പല രീതികളിലുള്ള പൊതു അറിയിപ്പുകള്‍ ഇമെയില്‍ സംഭാഷണങ്ങളില്‍ കാണാനാകുന്നുണ്ടെങ്കിലും അവയില്‍ ഏതാണ് യഥാര്‍ത്ഥത്തില്‍ പ്രസിദ്ധീകരിച്ചതെന്ന് ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ കാലത്ത് ഇറക്കിയ അത്തരത്തിലൊരു കുറിപ്പില്‍ ഗോപാല്‍ സുരി എന്നയാള്‍ ഫീമെയില്‍ അസോസിയേറ്റ് മിസ്സ് സൈനാ ബേദിക്കൊപ്പം ഇന്ത്യ വിഷന്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചു എന്നും പരാമര്‍ശിച്ചിരുന്നു. ഗോപാലിനോടോ സൈനയോടോ പ്രൊഫെഷണല്‍ ഇടപാട് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തങ്ങള്‍ക്ക് ഇവരുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനും ഫൗണ്ടേഷന്‍ ശ്രമിച്ചതായി ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണ്.
പക്ഷെ പിന്നീട് പുറത്തിറക്കിയ പൊതു അറിയിപ്പുകളില്‍ വലിയൊരു മാറ്റം വരുത്തിയിരുന്നു! സൈനയുടെ പേരോ ഫീമെയില്‍ അസോസിയേറ്റിനെ കുറിച്ചുള്ള പരാമര്‍ശമോ അവയിലൊന്നുമില്ല. 2003 നവംബറില്‍ ഈ ഭേദഗതിയെ കുറിച്ച് കൂടി സൂചിപ്പിച്ച് കൊണ്ട് കിരണ്‍ ഒരു ഇമെയില്‍ അയച്ചു:
‘നമ്മള്‍ ഇങ്ങനെയാണ് അത് അയക്കേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ചു നാളത്തേക്ക് ഫീമെയില്‍ അസോസിയേറ്റിനെ പരാമര്‍ശിക്കുന്നത് ഒഴിവാക്കുക… എംബസ്സികളിലേക്ക് നമ്മള്‍ അയച്ച കത്ത് തന്നെ മതിയായ തെളിവായിട്ടുണ്ടല്ലോ..’
ഇന്ത്യ വിഷന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഇമെയില്‍ സംഭാഷണങ്ങള്‍ പ്രകാരം, സൈന ഫൗണ്ടേഷന്റെ ഫണ്ട് ദുരുപയോഗം ചെയ്തതായും സൂചനയുണ്ട്.
എന്തായാലും ഇരുവരും നടത്തുന്ന തട്ടിപ്പുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു വന്നു. ചില കേസുകളില്‍ ഇല്ലാത്ത വിസയുടെ പേരില്‍ ഇവര്‍ ഇടപാടുകാരില്‍ നിന്നും മുന്‍കൂര്‍ തുകകകള്‍ കൈപ്പറ്റി. വിസയും ഇമിഗ്രേഷന്‍ സഹായവും ഉറപ്പു നല്‍കി ക്ലയന്റുകളില്‍ നിന്ന് വാങ്ങിയ തുകകള്‍ തിരിച്ച നല്‍കാന്‍ സൈനക്ക് താല്പര്യമില്ലെന്ന കാര്യം 2003 സെപ്റ്റംബറില്‍ കിരണ്‍, സൈനയുടെ സുഹൃത്തിനോട് ഇമെയില്‍ വഴി തുറന്നു പറയുന്നുണ്ട്. മകളുടെ പ്രവര്‍ത്തികളെ വളരെ മോശമായി തന്നെയാണ് കിരണ്‍ പറഞ്ഞു കൊണ്ടിരുന്നത്. ‘അവള്‍ ഈ പണം തിരികെ നല്‍കണം, ഇതുപോലുള്ള മനുഷ്യക്കടത്ത് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ഈയടുത്ത് ഇത് പോലുള്ള ഒരുപാട് കേസുകള്‍ ഉണ്ടാകുന്നുണ്ട്,’ കിരണ്‍ കൂട്ടിച്ചേര്‍ത്തു.
2003 സെപ്റ്റംബര്‍ 8-ന്, സൈനയുടെ അഭ്യുദയകാംക്ഷികളെയെല്ലാം മാര്‍ക്ക് ചെയ്ത് കൊണ്ട് കിരണ്‍ സൈനയ്ക്ക് ഒരു കര്‍ശനമായ മുന്നറിയിപ്പ് അയച്ചു. ‘ഞാന്‍ ഒരിക്കലും ഈ അധാര്‍മികമായ ബന്ധത്തെ അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ നീ വല്ലാതെ ഒറ്റപെട്ടു കഴിഞ്ഞെന്ന് ദയവു ചെയ്ത് മനസിലാക്കണം. നീയും നിനക്കൊപ്പമുള്ള ആ വ്യക്തിയും പറഞ്ഞ കാര്യങ്ങള്‍ ചെയ്ത് കൊടുക്കാത്ത പക്ഷം ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ അവരുടെ പൈസ തിരികെ നല്‍കേണ്ടതുണ്ട്. നിങ്ങള്‍ പണം തിരികെ നല്‍കിയില്ലെങ്കില്‍ പോലീസിനെ സമീപിക്കാന്‍ അവര്‍ക്ക് പൂര്‍ണ അവകാശമുണ്ട്. ഞാന്‍ ഒരിക്കലും നിങ്ങളെ സംരക്ഷിക്കില്ല.’
സൈനയും ഗോപാലും വേര്‍പിരിയാനും ഇവരുടെ വിസ തട്ടിപ്പ് പരിപാടിക്ക് അറുതി വരുത്താനുമായി കിരണ്‍ വിവിധ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്തു. ഈ വിഷയം അധികാരികളെ ഔദ്യോഗികമായി അറിയിക്കുകയും ദമ്പതികളുടെ വീടുകളില്‍ റെയ്ഡ് നടത്താന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു അതിലൊരു പദ്ധതി.
ഇതിനായി ഗോപാലിനെതിരെ പരാതി നല്‍കാന്‍ ഒരു ഒരു വിസ ക്ലയന്റ് തയ്യാറായിട്ടുണ്ടെന്നും, താന്‍ വളരെ കഷ്ടപ്പെട്ടാണ് അയാളെ അതിനു സമ്മതിപ്പിച്ചതെന്നും കാണിച്ചു കൊണ്ട് സെപ്റ്റംബര്‍ ആദ്യവാരത്തില്‍, ഇന്ത്യ വിഷന്‍ ഫൗണ്ടേഷനിലെ ഒരു ട്രസ്റ്റി കിരണിനു ഇമെയില്‍ അയച്ചു.
പക്ഷേ, ആദ്യം കിരണുമായി നേരിട്ട് സംസാരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ‘ഇന്ത്യയില്‍ അയാളുടെ മകള്‍ക്ക് ജോലി ലഭ്യമാക്കാന്‍ സഹായിക്കാമെന്നാണ് ഞാന്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള ഉറപ്പ്, ഏതെങ്കിലും രാജ്യത്തേക്ക് വിസ കൊടുക്കാമെന്ന വാഗ്ദാനം നല്‍കിയിട്ടുമില്ല.’ട്രസ്റ്റി ഇമെയിലില്‍ വിശദീകരിച്ചു.
പല വട്ടം നടന്ന ചര്‍ച്ചകളുടെ അവസാനത്തില്‍, കിരണ്‍ ഈ പദ്ധതി താത്കാലികമായി ഉപേക്ഷിച്ചു. പകരം ഇവര്‍ രണ്ടു പേരും ആളുകള്‍ക്ക് നല്‍കാനുള്ള തുകയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായം ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. പക്ഷേ, സൈനയുടെ സുഹൃത്തിനു കടുത്ത മുന്നറിയിപ്പുകള്‍ നല്‍കുന്നത് കിരണ്‍ തുടര്‍ന്നു: ‘പോലീസില്‍ പരാതിയെത്തിയിട്ടുണ്ട്, അവരതില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. എംബസികളെയും ഇതിനകം അറിയിച്ചിരിക്കുന്നു. അത് കൊണ്ട് ഇനിയും വിസ പരിപാടികളുമായി മുന്നോട്ട് പോയാല്‍, സൈനയും ഗോപാലും കുടുങ്ങും.’
അന്ത്യശാസനം നല്‍കുമ്പോഴും ഇത് തട്ടിപ്പും വഞ്ചനയും ആണെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും പൊതു സമൂഹത്തിനു മുന്നില്‍ മകള്‍ അപകീര്‍ത്തിപ്പെടാതിരിക്കാന്‍ കിരണ്‍ പരമാവധി ശ്രമിച്ചു. ഇതുവരെ, കിരണോ അവരുടെ സംഘമോ ആരെയും ഔദ്യോഗികമായി കുറ്റാരോപിതരാക്കിയതിന്റെ സൂചനകളൊന്നുമില്ല.
2003 ഒക്ടോബര്‍ 14. സ്വിസ് എംബസിയുടെ വിസ വിഭാഗത്തില്‍ പുതുതായി ജോയിന്‍ ചെയ്ത ഒരു യുവ നയതന്ത്രജ്ഞ ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നിന്നും രാത്രി ഏതാണ്ട് 10 മണിയോടെ പുറത്തിറങ്ങി. 34-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഒരു റഷ്യന്‍ സിനിമ കണ്ടതിനു ശേഷം മടങ്ങുകയിരുന്നു അവര്‍.
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം അവള്‍ തന്റെ വാഹനത്തിനടുത്തേക്ക് എത്തുമ്പോള്‍ അരണ്ട വെളിച്ചമുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു മാരുതി സെന്‍ കാറും അതിനകത്തു നാല് അജ്ഞാതരും ഉണ്ടായിരുന്നു. അതില്‍ രണ്ടു പേര്‍ അവളെ പിന്തുടര്‍ന്ന് അവളുടെ കാറിനകത്തേക്ക് ബലമായി വലിച്ചിഴച്ചു.
അകത്തു കയറിയ ശേഷം ഒരാള്‍ യുവതിയെ ലൈംഗികമായി ആക്രമിച്ചു. അതേസമയം, മറ്റൊരാള്‍ അവളുടെ തന്നെ കാര്‍ ഓടിച്ച് ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് കൊണ്ടിരുന്നു.
ഇന്ത്യന്‍ സംസ്‌കാരത്തെയും പരമ്പരാഗത മൂല്യങ്ങളെയും കുറിച്ച് അവള്‍ക്ക് ഉപദേശം നല്‍കിയതിന് ശേഷമാണ് അക്രമി കാര്‍ വിട്ടിറങ്ങിയത്. അതിജീവിതയുടെ മൊഴി അനുസരിച്ച് മികവുറ്റ ഇംഗ്ലീഷില്‍ സംസാരിച്ച, നന്നായി വസ്ത്രം ധരിച്ച ഒരാളായിരുന്നു അക്രമി. ഒരു വരേണ്യ കുടുംബത്തില്‍പ്പെട്ട, വിദേശികളുമായി ഇടപെട്ട് ശീലമുള്ള ഒരാളെ പോലെ തോന്നിയെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
സംഭവസ്ഥലത്ത് നിന്നും ഡിഎന്‍എ, വിരലടയാളങ്ങള്‍, മറ്റ് ശാസ്ത്രീയ തെളിവുകള്‍ എല്ലാം അന്വേഷണ സംഘം ശേഖരിച്ചു. എന്തായാലും അടുത്ത ദിവസം തന്നെ അതിജീവിത ഇന്ത്യ വിട്ടു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അക്രമികളെന്ന് സംശയിക്കുന്ന പലരുടെയും ഫോട്ടോകള്‍ പോലീസ് അവള്‍ക്ക് അയച്ചു. പക്ഷെ ഇത് വരെ ആരും കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. സ്വിസ് എംബസിയിലെ അവളുടെ ജോലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളാണോ ഈ അക്രമത്തിലേക്ക് നയിച്ചതെന്ന സംശയത്തിന്റെ ദിശയിലും പോലീസ് സഞ്ചരിച്ചിരുന്നു. പക്ഷേ, അതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്താനായില്ല.
അന്നത്തെ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ആയിരുന്ന രാജേന്ദ്ര സിങ് ആണ് കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. ഈ കേസ് തെളിയിക്കപ്പെടാതെ പോയത് തന്റെ കരിയറിലെ ഏറ്റവും വലിയ നിരാശകളില്‍ ഒന്നാണെന്ന് അദ്ദേഹം അംഗീകരിക്കുന്നു. വളരെയധികം സമയവും മനുഷ്യവിഭവങ്ങളും മറ്റെല്ലാ ശ്രമങ്ങളും നല്‍കിയിട്ടും ഈ കേസില്‍ ഒരു തുമ്പും കണ്ടെത്താന്‍ കഴിയാതെ പോയത് അതിശയകരമാണെന്നും സിങ് കൂട്ടി ചേര്‍ത്തു.
മറ്റൊരു ഗൗരവകരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു: ‘എന്നോട് എന്തൊക്കയോ ഒളിച്ചിരുന്നു. അതായത് എന്റെ അന്വേഷണ സംഘത്തിന് എല്ലാ വിവരങ്ങളും ലഭിച്ചിരുന്നില്ല. ചില നിര്‍ണായക സൂചനകള്‍ മറച്ചു വെക്കപ്പെട്ടതാകാം.’
അത് തന്നെയായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.
15 നവംബര്‍ 2003-നു പോലീസ് ഉദ്യോഗസ്ഥനായ വേദ് ഭൂഷന്‍, കിരണ്‍ ബേദിയുടെ യുഎന്‍ ഇമെയില്‍ വിലാസത്തിലേക്ക് 46-പോയിന്റ് അപ്ഡേറ്റ് അയച്ചു. സൈനയുടെയും ഗോപാലിന്റെയും മേല്‍ നടത്തുന്ന അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയ ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അത്.
അവരുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടാതെ ഗോപാലിന്റെ ‘വിസ തട്ടിപ്പ്’ എന്ന റെഫെറന്‍സിലുള്ള പല വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. സൈനയും ഗോപാലും പല എംബസികളിലേക്കും സന്ദര്‍ശനം നടത്തിയതിന്റെ വിവരങ്ങള്‍, വാഗ്ദാനം ചെയ്ത വിസ കിട്ടാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ട ഒരു ക്ലയന്റിന്റെ വിവരങ്ങള്‍ എല്ലാം അക്കൂട്ടത്തിലുണ്ടായി.
ഇമെയിലിന്റെ അവസാനത്തില്‍ ഒരു നിര്‍ണായക വെളിപ്പെടുത്തല്‍ കൂടെ വേദ് ഭൂഷന്‍ എഴുതിയിരുന്നു. ഗോപാല്‍ സുരിയും ഷാജി എന്നയാളും തമ്മില്‍ സ്വിസ് നയതന്ത്രജ്ഞയുടെ ബലാത്സംഗ കേസ് സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട ചര്‍ച്ച നടന്നു. പോലീസിന് ഷാജിയെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടോ എന്നും ഗോപാല്‍ ആവര്‍ത്തിച്ച് ചോദിച്ചു കൊണ്ടിരുന്നു. താന്‍ ഇതിനകം തന്നെ ഡല്‍ഹി പോലീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ (സ്‌പെഷ്യല്‍ ബ്രാഞ്ച്) ഉജ്ജ്വല്‍ മിശ്രക്ക് ഈ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ഷാജിയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും വേദ് ഭൂഷണ്‍ എഴുതി.
സൈനയും ഗോപാലും വിസ തട്ടിപ്പിനായി സ്വിസ് എംബസിയിലെ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എംബസിയിലെ വിസ വിഭാഗത്തിലെ പുതിയ ഉദ്യോഗസ്ഥന്റെ പേര് അറിയാന്‍ സ്വിസ് എംബസിയിലെ സെക്യൂരിറ്റി ഗാര്‍ഡായ ‘റോണി’ക്ക് കൈക്കൂലി നല്‍കണമെന്ന് ഒരു ഫോണ്‍ കോളില്‍ സൈന പറയുന്നുണ്ട്.
സൈന പല എംബസികളുടെയും വിവരങ്ങള്‍ പരിശോധിക്കുകയാണ്: (സ്വിസ് ഡിപ്ലോമാറ്റിന്റെ പേര് സംഭാഷണത്തില്‍ നിന്ന് ഒഴിവാക്കുന്നു.)
സൈന: ‘…ജര്‍മന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്… നീ പറഞ്ഞ വിസ വിഭാഗത്തിലെ തലവന്റെ പേര് എന്താണ്? […], അല്ലേ?’
ഗോപാല്‍: ‘[…t]’
സൈന ‘അവളുടെ പേര് ഈ ബുക്കിലെങ്ങും ഇല്ല .’
ഗോപാല്‍ ‘അവള്‍ ഈയടുത്ത ആണ് ജോയിന്‍ ചെയ്തത്’
സൈന ‘അവള്‍ ആണോ വിസാ ഹെഡ്?’
ഗോപാല്‍ ‘അതെ, കുറച്ച കാലത്തേക്ക്…’
മറ്റൊരു ഫോണ്‍ കോളില്‍ ചര്‍ച്ച ചെയ്യുന്നത് സൈനയുടെ ഒരു കൂട്ടാളി ഡല്‍ഹിയിലെ ഹൈയാറ്റ് റീജന്‍സി ഹോട്ടലില്‍ ഒരു എംബസി ഉദ്യോഗസ്ഥനെ പിന്തുടരുന്നതിനെ കുറിച്ചാണ്. അദ്ദേഹം ഭാര്യക്കൊപ്പമാണ് വന്നത്. ഭാര്യ സലൂണിലേക്ക് പ്രവേശിച്ചതോടെ സൈന അയച്ച ആള്‍ അവിടെയിരിക്കാന്‍ തീരുമാനിച്ചു.
സൈന നേരത്തെ തന്നെ ഒരു പ്ലാന്‍ ഉണ്ടാക്കിയിരുന്നു. അവള്‍ സലൂണിലേക്ക് എംബസിയില്‍ നിന്നെന്ന പോലെ ഫോണ്‍ ചെയ്ത സ്ത്രീയോട് അവളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ഉള്ള നാടകം നടത്തി.
വേദ് ഭൂഷന്‍ നവംബര്‍ 15-ന് കിരണ്‍ ബേദിക്ക് അയച്ച ഇമെയിലില്‍ ഷാജിയുമായി ബന്ധപ്പെട്ട ഒരു നിര്‍ണായക വിവരമുണ്ടായിരുന്നു. പക്ഷേ, പോലീസ് ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ മിശ്ര ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ രാജേന്ദ്ര സിംഗിനെ അറിയിച്ചില്ല. ഒരു അയല്‍രാജ്യ നയതന്ത്രജ്ഞ ആക്രമിക്കപ്പെട്ട കേസില്‍ ഇത്തരം വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറുക എന്നത് സാധാരണ രീതിയില്‍ ചെയ്യേണ്ട കാര്യമാണ്. പക്ഷേ, ഉജ്ജ്വലിന്റെ ഭാഗത്തു നിന്നും ഇത് സംഭവിച്ചതായി തെളിവുകളില്ല. അത് കൊണ്ട് തന്നെ ഷാജി ആരാണെന്നോ, സ്വിസ് നയതന്ത്രജ്ഞയുടെ കേസുമായി അയാള്‍ക്ക് ബന്ധമുണ്ടോയെന്നോ അന്വേഷിച്ചോ എന്നതും വ്യക്തമല്ല.
വേദിന്റെ ഇമെയിലിനും അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം, 2003 നവംബര്‍ 20-ന്, കിരണ്‍ മറ്റൊരു ഇ മെയില്‍ അയാള്‍ക്കയച്ചു.
‘സൈന വീണ്ടും മുന്നോട്ട് തന്നെ പോയിരിക്കുകയാണ്.’ഗോപാല്‍ ഇനി സൈനയെ ശല്യപ്പെടുതാതിരിക്കാനും അവളെ രക്ഷിയ്ക്കാനുമായി അവര്‍ വേദിന്റെ സഹായം തേടി.
മാസങ്ങളോളം നീണ്ടു നിന്ന ഘോരഘോരമായ ഇമെയില്‍ സന്ദേശങ്ങള്‍, ഫോണ്‍ ചോര്‍ത്തലുകള്‍, നിരന്തരമായ തന്ത്രങ്ങള്‍… എല്ലാത്തിനും ഒടുവില്‍ സൈനയുടെ മേല്‍ നടന്നു വന്നിരുന്ന നിരീക്ഷണവും ചാര പ്രവര്‍ത്തികളും അപ്രതീക്ഷിതമായി നിര്‍ത്തി വെക്കപ്പെട്ടു..
കിരണ്‍ ബേദി സര്‍വീസില്‍ നിന്ന് വിരമിച്ചതിനു ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങി. 2015-ല്‍, ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട്, പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ആയി നിയമിക്കപ്പെട്ടു. എന്നാല്‍ 2021-ല്‍ അവിടെയും വിവാദങ്ങളുണ്ടായി.
സൈന ബേദിയും കിരണ്‍ ബേദിയും ഒടുവില്‍ രമ്യതയിലെത്തി. ഇപ്പോള്‍ അവര്‍ കിരണിന്റെ എന്‍ജിഒകളുടെ ബോര്‍ഡ് അംഗമായും സ്ഥിരം ട്രസ്റ്റിയായും പ്രവര്‍ത്തിക്കുന്നു. ഇന്ത്യ വിഷന്‍ ഫൗണ്ടേഷനിലും മറ്റ് സംഘടനകളിലും അവള്‍ വളരെ സജീവമാണ്. അമ്മയും മകളും ഡെമോണ്‍സ്ട്രേറ്റീവ് ലേണിങ് എന്ന പ്ലാറ്റ്ഫോം വഴി പ്രചോദനാത്മക പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. ഇതിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സൈനയാണ്.
2005-ല്‍ സൈന, എഴുത്തുകാരനായ റേസ്ബു ബറുചയെ വിവാഹം ചെയ്തു. എന്നാല്‍ 2019-ല്‍ റേസ്ബു വിവാഹമോചനം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ കിരണ്‍ തന്റെ സ്വാധീനം ഉപയോഗിച്ച് തന്റെ പിതാവിനെ (റേസ്ബു) കുടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അവരുടെ മകള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അതോടെ കുടുംബകലഹങ്ങള്‍ പൊതു ശ്രദ്ധയിലേക്കും വാര്‍ത്ത തലക്കെട്ടുകളിലേക്കും എത്തി ചേര്‍ന്നു.
ഗോപാല്‍ സുരി ഇപ്പോള്‍ ‘A to Z Matchmaking Management’ എന്ന മാട്രിമോണിയല്‍ സ്ഥാപനത്തിന്റെ ഉടമയാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഒരു ചെറിയ ഹോട്ടല്‍ നടത്തി കൊണ്ടിരുന്ന 1992-ലാണ് ഗോപാല്‍ ഈ സ്ഥാപനവും തുടങ്ങിയത്.
സൈനയെയും ഗോപാലിനെയും നിരീക്ഷിക്കാന്‍ ചുമതലപെടുത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് വലിയ സ്ഥാനങ്ങളിലെത്തി. വേദ് ഭൂഷന്‍ ഡല്‍ഹി പോലീസിലെ അസിസ്റ്റന്റ് കമ്മീഷണറായി വിരമിച്ചു. ഇപ്പോള്‍ സ്വന്തമായി ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സി നടത്തുന്നു. മുഖുന്ദ് ഉപാധ്യായ, ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ചതിന് ശേഷം, 2011-ല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ചീഫ് സെക്യൂരിറ്റി കമ്മീഷണറായി നിയമിതനായി. അന്നുമുതല്‍ ഇതേ പദവിയില്‍ തുടരുകയാണ്. ഉജ്ജ്വല്‍ മിശ്ര, 2010-ല്‍ ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ജോയിന്റ് കമ്മീഷണറായി വിരമിച്ചു. അദ്ദേഹം പിന്നീട് മരണപ്പെട്ടു.
2024 നവംബറിൽ വേദ് ഭൂഷൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ കിരൺ ബേദി
കിരണ്‍ ബേദി, സൈന ബേദി, ഗോപാല്‍ സുരി, മുകുന്ദ് ഉപാധ്യായ, വേദ് ഭൂഷണ്‍, ആര്‍.എസ്.ഗുപ്ത, കെ.കെ പോള്‍ എന്നിവരെയെല്ലാം ബന്ധപ്പെടാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. ഈ ഇയെ്ലുകളില്‍ നിന്നും ടേപ്പുകളില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ ചോദ്യങ്ങളും അയച്ച് നല്‍കി.
2003 കാലയളിവില്‍ ഇന്ത്യവിഷന്‍ ഫൗണ്ടേഷനുമായി ബന്ധമുണ്ടായിരുന്ന ട്രസ്റ്റികള്‍ക്കും അവര്‍ക്ക് സൈനയുടേയും ഗോപാലിന്റേയും വിസ ഇടപാടുകളെ കുറിച്ചും അവര്‍ കിരണ്‍ ബേദിയുടേയും ഇന്ത്യ വിഷന്റേയും പേരുകള്‍ ദുരുപയോഗം ചെയ്യുന്നതും അറിയാമായിരുന്നോ എന്ന് ചോദിച്ച് ഇമെയ്ല്‍ അയച്ചിരുന്നു.
കിരണ്‍ ബേദി ഞങ്ങള്‍ക്ക് നല്‍കിയ മറുപടിയുടെ കോപി സൈനയ്ക്കും മാര്‍ക്ക് ചെയ്തിട്ടുണ്ട്. സൈന ഞങ്ങളോട് പ്രതികരിക്കുകയോ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്്തില്ല. മറുപടി ലഭിക്കുന്ന മുറയ്ക്ക് ഈ വാര്‍ത്തയില്‍ ഉള്‍ച്ചേര്‍ക്കുന്നതായിരിക്കും.
കിരണ്‍ബേദിയുടെ മകളുമായി ബന്ധപ്പെട്ട വിസ അഴിമതിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതേ കുറിച്ച് ഒന്നും തന്നെ അറിയില്ല എന്നാണ് മുകുന്ദ് ഉപാധ്യായ ഞങ്ങളുടെ സംഘത്തിലുള്ള ഒരു ജേണലിസ്റ്റിനോട് പറഞ്ഞത്. ‘ദയവായി ഇതിന് വേണ്ടി നിങ്ങളുടെ സമയം മെനക്കെടുത്തരുത്, എന്നെ വിളിക്കുകയും ചെയ്യരുത്’-സംഭാഷണം പെട്ടന്ന് അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാട്സ്ആപ്പിലൂടെ അയച്ച വിശദമായ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
അങ്ങനെയൊരു കാര്യത്തെ കുറിച്ച് ഓര്‍ക്കുന്നില്ല എന്നാണ് വേദ്ഭൂഷണ്‍ പറഞ്ഞത്. ‘എനിക്കത് ഓര്‍മ്മയില്ല. അത്തരമൊരു കാര്യം എന്റെ അറിവില്‍ നടന്നിട്ടില്ല. 2003-ല്‍ എവിടെയായിരുന്നു ജോലി ചെയ്തിരുന്നത് എന്ന് പോലും ഇപ്പോഴോര്‍ക്കുന്നില്ല’-അദ്ദേഹം പറഞ്ഞു. കെ.കെ പോള്‍ ഞങ്ങളുടെ സംഘത്തോട് പറഞ്ഞത് ‘എനിക്ക് അതേ കുറിച്ച് ഒന്നും അറിയില്ല. അതേ കുറിച്ച് ആലോചിക്കാന്‍ താത്പര്യവുമില്ല’-എന്നാണ്. ‘ഇരുപത് കൊല്ലത്തിന് ശേഷം ഇത്തമൊരു കാര്യം നിങ്ങള്‍ ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്.’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോപാല്‍ സൂരിയെ ഓഫീസില്‍ ചെന്ന് കണ്ട റിപ്പോര്‍ട്ടര്‍മാരോട് അദ്ദേഹം ക്ഷുഭിതനായി. നേരത്തേ അറയിച്ചിട്ട് വരണമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ചോദ്യങ്ങള്‍ അനുവദിച്ചില്ല. മറുപടി പറയാന്‍ വിസമ്മതിച്ചു. ‘എനിക്കൊന്നും കേള്‍ക്കേണ്ട. ഇതേ കുറിച്ച് ഞാനൊന്നും പറയുകയുമില്ല’-അദ്ദേഹം പറഞ്ഞു. സ്വിസ് ഡിപ്ലോമാറ്റിന് നേരിട്ട ലൈംഗികാക്രമണത്തെ കുറിച്ചുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു നിമിഷം നിശബ്ദനായി. ‘അതെന്താലും നിങ്ങളെന്താന്ന് വച്ചാല്‍ ചെയ്യ്, എന്നോടെന്തിനാണ് പറയുന്നത്. നിങ്ങള്‍ അനാവശ്യകാര്യങ്ങളാണ് സംസാരിക്കുന്നത്. എനിക്കതുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ ഇപ്പോള്‍ പോകൂ’-അദ്ദേഹം പറഞ്ഞു. വാട്സ് ആപ്പില്‍ നല്‍കിയ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കിരണ്‍ ബേദിയെ ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ ചോദ്യങ്ങള്‍ ഇമെയ്ല്‍ ചെയ്യാനാണ് പറഞ്ഞത്. സൈനയുടേയും ഗോപാലിന്റെയും വിസ ബിസിനസ്, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരുടെ അനധികൃത നിരീക്ഷണം ഷാജി എന്നയാളുമായി ഗോപാല്‍ നടത്തുന്ന ഫോണ്‍ സംഭാഷണത്തില്‍ സ്വിസ് ഡിപ്ലോമാറ്റിനെതിരായ ലൈംഗികാക്രമണം വിഷയമായത് തുടങ്ങിയവ സംബന്ധിച്ച വിശദമായ ചോദ്യങ്ങള്‍ ഞങ്ങള്‍ അന്വേഷിച്ചു. ഇതായിരുന്നു കിരണ്‍ ബേദിയുടെ മറുപടി.
‘ഇതാണ് നിങ്ങളുടെ മെയ്ലിനുള്ള എന്റെ മറുപടി. എന്റെ മകള്‍ ഒരു ചതിയില്‍ പെട്ടിരിക്കുകയാണെന്നും അവളെ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്നും എനിക്ക് അക്കാലത്ത് (27 വര്‍ഷങ്ങള്‍ക്ക് മുമ്പ്) തോന്നി. ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ പോലീസിനോട് അപേക്ഷിച്ചു. പോലീസ് അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു.”
വാര്‍ത്ത അന്വേഷണത്തിന്റെ ഭാഗമായ ഓഡിയോ ടേപ്പുകള്‍ Earshot എന്ന ജര്‍മ്മന്‍ എന്‍ജിഒയാണ് വിശകലനം ചെയ്തത്. കോര്‍പ്പറേറ്റ്, സര്‍ക്കാര്‍, പരിസ്ഥിതി പ്രശ്‌നങ്ങളുടെ ഇരയായ ജനങ്ങള്‍ക്കായി ഫോറന്‍സിക് ഓഡിയോ പരിശോധന നടത്തി നല്‍കുന്ന സ്ഥാപനമാണ് ഇത്. ഡോ. ലോറന്‍സ് അബു ഹംദാന്‍ (Director of Investigations), ഫാബിയോ ക്ലാഉഡിയോ സെര്‍വി (Assistant Investigator) എന്നിവരാണ് ശബ്ദ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. Kiran Bedi’s unauthorised surveillance protected daughter while diplomat rape lead went cold
Content Summary; Kiran Bedi’s unauthorised surveillance protected daughter while diplomat rape lead went cold
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.