വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണമെന്നും കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
വഖഫ് ട്രിബ്യൂണലിന്‍റെ അധികാരങ്ങളിലും ഘടനയിലും നിയമ ഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ ട്രിബ്യൂണൽ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങൾക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവും. മുനമ്പത്തെ പ്രശ്നങ്ങള്‍ കോടതി വഴിയെ പരിഹരിക്കപ്പെടുകയുള്ളുവെന്ന് സാങ്കേതികമായി പറയാനാകുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജുജു പറഞ്ഞു.
അതേസമയം, വഖഫ് ഭേദഗതി നിയമം മുസ്ലീങ്ങൾക്കെതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യം വെച്ചിട്ടുള്ള ഒന്നല്ലെന്നും കിരണ്‍ റിജുജു കൂട്ടിച്ചേർത്തു. മുൻ കാലങ്ങളിലെ തെറ്റുകൾ തിരുത്തുന്നതിന് വേണ്ടിയാണ് നിയമം ഭേദഗതി ചെയ്തത്. നിയമ ഭേദഗതി വന്നില്ലെങ്കിൽ ഏത് ഭൂമിയും വഖഫ് ഭൂമിയാക്കുന്ന അവസ്ഥയുണ്ടാകുമായിരുന്നു. കേന്ദ്രം മുസ്ലീങ്ങൾക്കെതിരായി നീക്കം നടത്തുന്നുവെന്ന് ചിലർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അത് തെറ്റായ കാര്യമാണ്. മുനമ്പത്തുണ്ടായ സംഭവം ഇനിയൊരിക്കലും രാജ്യത്തെവിടെയും ഉണ്ടാകില്ല. മുനമ്പത്തുകാർക്ക് നീതി ലഭിക്കുമെന്ന കാര്യം ഉറപ്പാക്കും. മുനമ്പം വിഷയത്തിൽ കേരള സർക്കാരിനോട് ഒരു അഭ്യർത്ഥനയുണ്ട്. അടിയന്തരമായി ജില്ലാ കളക്ടറോട് സർവേ കമ്മീഷണർ എടുത്ത മുഴുവൻ നടപടികളും പുനപരിശോധിക്കാൻ നിർദ്ദേശിക്കണം. എൽഡിഎഫും യുഡിഎഫും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുനമ്പത്ത് നീതി നടപ്പാക്കുകയാണ് വേണ്ടത്. ഒരു സമുദായത്തെയും വോട്ടു ബാങ്കായി മാത്രം കാണരുത്. കോൺഗ്രസിന്‍റെയും കമ്യൂണിസ്റ്റിന്‍റെയും വോട്ടുബാങ്കായി മുസ്ലിം സമുദായം മാറരുതെന്നും കിരണ്‍ റിജിജു പറഞ്ഞു.
മുനമ്പം പ്രശ്‌നം തന്നെ ആഴത്തില്‍ അസ്വസ്ഥതപ്പെടുത്തിയെന്നും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയിലാണ് നിര്‍ണായകനടപടി സ്വീകരിച്ചതെന്നും കിരൺ റിജിജു വ്യക്തമാക്കി. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. മുനമ്പത്തേതുപോലെ പ്രശ്‌നം ഇനി ആവര്‍ത്തിക്കില്ല. ഇനി വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ല. പകരം രേഖ വേണം , റിജിജു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ മുമ്പം ഭൂമി പ്രശ്നം സജീവ ചർച്ചയായിരുന്നു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്തെത്തിയത്. എന്നാൽ ബിജെപി നേതാക്കൾ മുനമ്പത്തെ സമരപന്തലിലെത്തി വഖഫ് ഭേദഗതിയിലൂടെ അവരുടെ പ്രശ്നങ്ങൾ തീരുമെന്ന് പല തവണ അറിയിച്ചിരുന്നു. ആ അവസരത്തിലാണ് വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം നീതി ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ അറിയിച്ചിരിക്കുന്നത്.
Content summary: Kiren Rijiju says Justice for Munambam will not be achieved through Waqf Amendment alone