പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് കസ്റ്റഡിിയിലായ പലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന് ജാമ്യം അനുവദിച്ച് യുഎസ് ഫെഡറൽ കോടതി. മൂന്ന് മാസത്തിലേറെയായി മഹ്മൂദ് ഖലീൽ ഇമിഗ്രേഷൻ കസ്റ്റഡിയിലാണ്. നിയമ പോരാട്ടം തുടരുന്നതിനിടെയാണ് മഹ്മൂദ് ഖലീലിനെ മോചിപ്പിക്കാൻ യുഎസ് ഫെഡറൽ കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് മാർച്ചിലാണ് ഇമിഗ്രേഷൻ അധികൃതർ മഹ്മൂദ് ഖലീലിനെ കസ്റ്റഡിയിലെടുക്കുന്നതും തടവിലാക്കുന്നതും. വെള്ളിയാഴ്ചയായിരുന്നു ഖലീലിന് ജാമ്യം നൽകാനുള്ള ഉത്തരവ് ന്യൂജേഴ്സിയിലെ ഒരു ഫെഡറൽ കോടതി പുറപ്പെടുവിച്ചത്. ഒടുവിൽ നീതി ജയിച്ചു, അതിന് മൂന്ന് മാസമെടുത്തുവെന്ന് തടവിൽ നിന്ന് മോചിതനായതിന് ശേഷം മഹ്മൂദ് ഖലീൽ മാധ്യമങ്ങളോട് പറഞ്ഞു.
ഫെഡറൽ കോടതി നടപടി നിർത്തലാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ ആ നീക്കത്തെ ജില്ലാ കോടതി ജഡ്ജി മൈക്കൽ ഫാർബിയാർസ് തടഞ്ഞു. ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങാനും എന്റെ മകനൊപ്പം ചിലവഴിക്കാനുമാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നതെന്ന് ഖലീൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഖലീൽ തടവിലായിരുന്ന സമയത്താണ് മകൻ ജനിക്കുന്നത്. ചൊവ്വാഴ്ച നടന്ന വാദം കേട്ടതിന് ശേഷം ഖലീൽ ഒരു അപകടകാരിയല്ലെന്നും സമൂഹത്തിന് ഉപദ്രവകരമാവുന്ന പ്രവർത്തികളൊന്നും ഖലീൽ ചെയ്തിട്ടില്ലെന്നും ജഡ്ജി മൈക്കൽ ഫാർബിയാർസ് പറഞ്ഞു. സർക്കാർ ഖലീലിനെ തടവിൽ വച്ചത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നില്ലെന്ന് മൈക്കൽ ഫാർബിയാർസ് വ്യക്തമാക്കി. ഖലീലിന്റെ മോചനത്തിനുള്ള വ്യവസ്ഥകൾ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമമാക്കിയ ശേഷം ഖലീലിന് ജാമ്യം അനുവദിക്കണമെന്ന് കർശനമായി നിർദേശിക്കുകയായിരുന്നു. ഖലീലിനെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി പാസ്പോർട്ടും ഗ്രീൻ കാർഡും സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ കോടതി ഹാജരാവേണ്ടതിനാൽ ലൂസിയാന, ന്യൂജേഴ്സി, മിഷിഗൺ എന്നീ പ്രദേശങ്ങളിലേക്കും ന്യൂയോർക്ക് ഉൾപ്പെടെയുള്ള ഏതാനും യുഎസ് സംസ്ഥാനങ്ങളിലേക്കും മാത്രമേ യാത്ര ചെയ്യാവൂ എന്നും നിർദ്ദേശമുണ്ട്.
പലസ്തീൻ മനുഷ്യാവകാശങ്ങളെ പിന്തുണച്ചതിന് ഗ്രീൻകാർഡ് ഹോൾഡറായ ഖലീലിനെ കസ്റ്റഡിയിലെടുത്ത് നാടുകടത്തുന്നത് ഭരണാഘടനാ വിരുദ്ധമാണെന്നും ഖലീലിനെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നും കേസ് പരിഗണിക്കുന്ന ന്യൂജേഴ്സി ജില്ലാ കോടതി ജഡ്ജി മൈക്കൽ ഫാർബിയാർസ് കഴിഞ്ഞ അഴ്ച വിധിച്ചിരുന്നു. ഖലീൽ തന്റെ ഗ്രീൻകാർഡ് അപേക്ഷയിൽ പല വിവരങ്ങളും ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി ഖലീലിന്റെ കസ്റ്റഡി തുടരാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ സിവിൽ ഇമിഗ്രേഷൻ വിഷയത്തിൽ ഒരാളെ തടവിൽ വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ കോടതി ഈ നീക്കം തടഞ്ഞു.
പലസ്തീൻ അനുകൂല ഗ്രൂപ്പൂകൾക്കെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ അടിച്ചമർത്തൽ ആരംഭിച്ചത് ഖലീലിന്റെ അറസ്റ്റോടെ ആയിരുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ വംശഹത്യയ്ക്ക് പിന്നാലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ആരംഭിച്ചപ്പോൾ അതിൽ മുൻപന്തിയിൽ നിന്ന വ്യക്തിയായിരുന്നു ഖലീൽ. മാർച്ച് എട്ടിനാണ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജന്റുമാർ ഖലീലിനെ കസ്റ്റഡിയിലെടുക്കുന്നത്. ആ സമയത്ത് ഖലീലിന്റെ പങ്കാളി നൂർ എട്ട് മാസം ഗർഭിണിയായിരുന്നു.
content summary: Mahmoud Khalil has been released from ICE detention after spending over three months in custody