July 13, 2025 |

ഒരു സീസൺ മാത്രം കളിച്ച ടീം; കൊച്ചി ടസ്ക്കേഴ്സിന്റെ ഉദയവും അപ്രതീക്ഷിത പതനവും

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയമായിരുന്നു ടീമിന്റെ പ്രധാന ഹോം ഗ്രൗണ്ട്

മലയാളികളുടെ സ്വന്തം ഐപിഎൽ ടീം. ക്രിക്കറ്റ് പ്രേമികൾ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു ടീമായിരുന്നു കൊച്ചി ടസ്കേഴ്സ്. 2011ൽ വലിയ പ്രതീക്ഷകളോടെയാണ് കൊച്ചി ടസ്കേഴ്സ് കേരള‌‌ ഐപിഎല്ലിലെത്തുന്നത്. ഓസ്ട്രേലിയൻ സ്റ്റാർ പേസർ ജെഫ് ലോസൺ പരിശീലിപ്പിച്ച കൊച്ചി പക്ഷേ ആ ഒരൊറ്റ സീസണിൽ മാത്രമേ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉണ്ടായിരുന്നുള്ളൂ. ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ബിസിസിഐ, കൊച്ചി ഫ്രാഞ്ചൈസിയെ ഐപിഎല്ലിൽ നിന്ന് പുറത്താക്കുകയായിരുന്നു.

2011 ഏപ്രിൽ ഒൻപതിന് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആയിരുന്നു ഐപിഎല്ലിൽ കൊച്ചിയുടെ ആദ്യ മത്സരം. 14 ലീഗ് മത്സരങ്ങളിൽ ആറ് വിജയങ്ങൾ നേടിയ ടീം 12 പോയിന്റായിരുന്നു നേടിയത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയമായിരുന്നു ടീമിന്റെ പ്രധാന ഹോം ഗ്രൗണ്ട്. ഇൻഡോറിലും ടീം ഹോം മത്സരങ്ങൾ കളിച്ചിരുന്നു. ഇക്കുറി നടന്ന ഐപിഎല്ലിൽ വ്യത്യസ്ത ടീമുകളിലായി നാല് മലയാളി താരങ്ങളുണ്ടായിരുന്നു. എന്നാൽ മലയാളി താരങ്ങൾക്ക് ആദ്യമായി അവസരം ലഭിച്ചത് കൊച്ചി ടസ്കേഴ്സിലൂടെ ആയിരുന്നു. താരങ്ങളായ ശ്രീശാന്ത്, റൈഫി വിൻസെന്റ് ഗോമസ്, പ്രശാന്ത് പരമേശ്വരൻ, പ്രശാന്ത് പത്മനാഭൻ എന്നിവരായിരുന്നു ടീമിന്റെ ഭാഗമായ മലയാളികൾ.

റെൻഡെസ്‌വൂസ് സ്പോർട്സ് വേൾഡ് കൺസോർഷ്യത്തിനായിരുന്നു കൊച്ചി ടസ്കേഴ്സിന്റെ ഉടമസ്ഥത. 2010ൽ രൂപീകരിച്ച കൊച്ചി ടസ്കേഴ്സ് അതേ വർഷം തന്നെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. മഹേല ജയവർധനെ, ബ്രെൻഡൻ മക്കല്ലം, ആർ.പി. സിംഗ് എന്നിവരുടെ മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും, ലീഗ് ഘട്ടത്തിൽ ടീമിന് എട്ടാം സ്ഥാനമേ നോടാൻ സാധിച്ചിരുന്നുള്ളൂ. ടസ്കേഴ്സിനെ സംബന്ധിച്ച് 2011ലെ സീസൺ വിവാദങ്ങളും പോരാട്ടങ്ങളും നിറഞ്ഞതായിരുന്നു. ബ്രണ്ടൻ മക്കല്ലം, വിവിഎസ് ലക്ഷ്മൺ, മഹേല ജയവർധന (ക്യാപ്റ്റൻ), ബ്രാഡ് ഹോഡ്ജ്, രവീന്ദ്ര ജഡേജ, റൈഫി ഗോമസ്, പാർത്ഥിവ് പട്ടേൽ, വിനയ് കുമാർ, മുത്തയ്യ മുരളീധരൻ, ആർ പി സിംഗ്, വിനയ് കുമാർ. എന്നിവരായിരുന്നു കൊച്ചിയുടെ ആദ്യ പ്ലേയിംഗ് ഇലവൻ. അതേ അന്ന് പല ഇതിഹാസ താരങ്ങളും കൊച്ചിക്കായി കളിച്ചിരുന്നുവെന്നതാണ് വാസ്തവം. 1560 കോടി രൂപയായിരുന്നു കേരള ടീമിന് ഐപിഎല്ലിലേക്കുള്ള പ്രവേശത്തിനായി വെക്കേണ്ടിവന്ന ലേലത്തുക. ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയായിരുന്നു ഇത്. ദൌർഭാഗ്യകരമെന്ന് പറയട്ടെ എന്നിട്ടും ഒറ്റ സീസണിൽ മാത്രമേ കൊച്ചി ടസ്ക്കേഴ്സിന് കളിക്കാൻ സാധിച്ചിട്ടുള്ളൂ. ടസ്കേഴ്സിനെ സംബന്ധിച്ച് സംഭവബഹുലമായ ഒരു അരങ്ങേറ്റ സീസൺകൂടിയായിരുന്നു അത്. നിരവധി ഹൃദയഭേദകമായ അനുഭവങ്ങളും അവിസ്മരണീയ പ്രകടനങ്ങളും ഓർത്തുവയ്ക്കാനുണ്ട് ടസ്കേഴ്സിന്.

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20 ഓവറുകളിൽ 161/5 എന്ന മികച്ച സ്കോറാണ് നേടിയത്‌. 45 റൺസെടുത്ത ബ്രണ്ടൻ മക്കല്ലവും, 36 റൺസ് നേടിയ വിവിഎസ് ലക്ഷ്മണുമായിരുന്നു കൊച്ചിയുടെ ഉയർന്ന റൺ വേട്ടക്കാർ. എന്നാൽ 162 റൺസ് വിജയലക്ഷ്യം ആർസിബി 8 പന്തുകൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. കൊച്ചിടസ്കേഴ്സ് കേരളക്കായി ശ്രീശാന്ത്, രവീന്ദ്ര ജഡേജ, വിനയ് കുമാർ, റൈഫി ഗോമസ് എന്നിവരാണ് അന്ന് ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തിയത്.

നേരത്തെ 2011 ലായിരുന്നു കൊച്ചി ടസ്കേഴ്സ് കേരള ഐപിഎല്ലിൽ നിന്ന് പുറത്താക്കപ്പെടുന്നത്‌‌‌. ബാങ്ക് ഗ്യാരന്റി നൽകുന്നതിൽ കൊച്ചി ടസ്കേഴ്സ് കേരള വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടീമിനെ ഐപിഎല്ലിൽ നിന്ന് ബിസിസിഐ പുറത്താക്കുന്നത്. ഇതിന് എതിരെ കൊച്ചി ടീമിന്റെ ഉടമസ്ഥരായ റോൺദേവു സ്പോർട്സ് വേൾഡ് കോടതിയെ സമീപിക്കുകയായിരുന്നു. 2015 ൽ കേസിൽ കൊച്ചി ടീമിന് അനുകൂലമായി വിധി വന്നിരുന്നു. നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചെങ്കിലും ബിസിസിഐ അതിന് തയ്യാറായില്ല. ടീമിന് ഐപിഎല്ലിൽ വീണ്ടും പ്രവേശനം നൽകി വമ്പൻ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് രക്ഷപ്പെടണമെന്ന് ബിസിസിഐയിൽ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിയമപരമായി കൊച്ചി ടീമിനെ നേരിടാനുള്ള തീരുമാനത്തിലേക്ക് അവസാനം ബോർഡ് എത്തുകയായിരുന്നു. നഷ്ട പരിഹാരം നൽകുന്നതിന് എതിരെ കോടതിയിൽ ബിസിസിഐ നടത്തിയ നിയമ പോരാട്ട‌ങ്ങളിലെല്ലാം തിരിച്ചടിയാണ് അവരെ കാത്തിരുന്നത്. അതിന്റെ അവസാനമാണ് ഇപ്പോൾ 538 കോടി രൂപ കൊച്ചി ടീമിന് നഷ്ടപരിഹാരം നൽകണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധി.

content summary: Kochi Tuskers Kerala, the state’s very own IPL team, which played just a single season

Leave a Reply

Your email address will not be published. Required fields are marked *

×