കൊല്ലം കുണ്ടറയില്‍ 13 കാരനായ വിദ്യാര്‍ത്ഥിയെ കാണാതായെന്ന പരാതിയില്‍ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സിയാദ് (42) എന്ന യുവാവ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട സംഭവം കേരള പൊലീസിന്റെ ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമായി മാറുകയാണ്. കേവലം ആരോപണങ്ങള്‍ക്കപ്പുറം, പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തികളില്‍ വ്യക്തമായ നിയമ-ഭരണഘടനാ ലംഘനങ്ങള്‍ അരങ്ങേറി എന്നതിന് കൃത്യമായ തെളിവുകള്‍ പുറത്തുവരുന്നു. ഒരു പരാതി അന്വേഷിക്കുന്നതില്‍ പൊലീസ് പാലിക്കേണ്ട പ്രാഥമിക നിയമവ്യവസ്ഥകളെയും നിര്‍ദേശങ്ങളെയും കാറ്റില്‍പ്പറത്തി കുണ്ടറ പൊലീസ് നടത്തിയത് ഗുരുതരമായ കൃത്യവിലോപമാണ്. ‘ചവിട്ടി വാരിയെല്ലൊടിച്ചില്ലേ സാറേ… നട്ടെല്ല് പഴുത്ത് എന്റെ പപ്പാ പോയി’
ഹെപ്പറ്റൈറ്റീസ് വാദം പൊലീസിനെ രക്ഷപ്പെടുത്തുമോ?
കസ്റ്റഡി മര്‍ദ്ദനാരോപണം ഉയര്‍ന്നതോടെ, സിയാദ് മരിച്ചത് ഹെപ്പറ്റൈറ്റീസ് മൂലമാണെന്നും മര്‍ദ്ദനമേറ്റിട്ടില്ലെന്നുമാണ് പൊലീസിന്റെ അവകാശവാദം. സിയാദിന് നേരത്തെ അപസ്മാരത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നു പറയുന്നു. അതിനുള്ള മരുന്ന് കഴിച്ചിരുന്നുവെന്നും വാര്‍ത്തകളില്‍ നിന്നു മനസിലാകുന്നു. കസ്റ്റഡിയിലെടുക്കുന്ന സമയത്തും അയാള്‍ ഈ മരുന്ന് കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. അപസ്മാരമുണ്ടായിരുന്നെങ്കിലും ഈ സംഭവത്തിന് മുന്‍പ് വരെ അയാള്‍ കൃത്യമായി ജോലി ചെയ്തു വന്നിരുന്ന ആരോഗ്യവാനായ വ്യക്തിയായിരുന്നുവെന്നത് കുടുംബം സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍, സിയാദ് മെഡിക്കല്‍ കോളേജില്‍ വെച്ച് പഴുപ്പ് ചുമച്ചു തുപ്പിയതും, എക്‌സ്-റേയില്‍ വാരിയെല്ലിന് പൊട്ടല്‍ കണ്ടെത്തിയതും വെറും ഒരു അസുഖം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല. അപസ്മാരമോ ഹെപ്പറ്റൈറ്റീസോ ഉള്ള ഒരു വ്യക്തിക്ക് കസ്റ്റഡിയില്‍ വെച്ച് ശാരീരിക ഉപദ്രവം ഏല്‍ക്കുമ്പോള്‍, ആഘാതം കാരണം അസുഖം അതിവേഗം മൂര്‍ച്ഛിക്കാനും അവയവങ്ങളുടെ പ്രവര്‍ത്തനം തരാറിലായി മരണത്തിലേക്ക് നയിക്കാനും സാധ്യതയേറെയാണ്.
നിയമപരമായി, ഒരാള്‍ക്ക് നേരത്തെ അസുഖമുണ്ടായിരുന്നു എന്നതുകൊണ്ട് മാത്രം പൊലീസിന് ശിക്ഷയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മര്‍ദ്ദനം കാരണം അയാളുടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു എന്ന് തെളിഞ്ഞാല്‍ അത് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരം കൊലപാതകമല്ലാത്ത സദൃശമായ നരഹത്യയായി (ബിഎന്‍എസ് സെക്ഷന്‍ 105) തന്നെയാണ് കണക്കാക്കപ്പെടുക.
ജീപ്പിലെ മര്‍ദ്ദനത്തിന് പരാതിക്കാരി സാക്ഷി
മര്‍ദ്ദനത്തിന് തെളിവില്ലെന്ന പൊലീസിന്റെ വാദത്തെ പൂര്‍ണ്ണമായി തള്ളിക്കളയുന്നതാണ് കേസിലെ പരാതിക്കാരിയായ 16-കാരി മാധ്യമങ്ങള്‍ക്ക് നല്‍കിയ വെളിപ്പെടുത്തല്‍. കുട്ടിയെവിടെ എന്ന് ചോദിച്ച് ജീപ്പില്‍ വെച്ച് പൊലീസുകാര്‍ സിയാദിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്ന് ഈ പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നു. സിയാദ് തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടരുകയായിരുന്നു.
ഇവിടെ രണ്ട് പ്രധാന നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു. ജീപ്പില്‍ ഒപ്പമുണ്ടായിരുന്ന പരാതിക്കാരി തന്നെ മര്‍ദ്ദനം നേരിട്ട് കണ്ടുവെന്ന് മൊഴി നല്‍കുമ്പോള്‍ ‘മര്‍ദ്ദനത്തിന് തെളിവില്ല’ എന്ന പൊലീസിന്റെ വാദം നിലനില്‍ക്കില്ല. സിയാദിന്റെ വിലാസമറിയാന്‍ പ്രായപൂര്‍ത്തിയാകാത്ത 16-കാരിയെ അര്‍ദ്ധരാത്രി 12 മണിക്ക് വനിതാ പൊലീസില്ലാതെ ജീപ്പില്‍ കയറ്റികൊണ്ടുപോയത് കേരള പൊലീസ് മാന്വലിന്റെയും സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. പെണ്‍കുട്ടിയുടെ സാന്നിധ്യത്തില്‍ വെച്ചാണ് പൗരന് നേരെ ക്രൂരമായ ‘മൂന്നാംമുറ’ പ്രയോഗിച്ചത്.
അര്‍ദ്ധരാത്രിയിലെ കസ്റ്റഡി
ജൂണ്‍ 16-ന് 13 വയസ്സുള്ള സഹോദരനെ കാണാനില്ലെന്ന് കാണിച്ച് 16-കാരിയായ സഹോദരി സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ആരെങ്കിലും സംശയത്തിലുണ്ടോ എന്ന ചോദിച്ചപ്പോള്‍ പരാതിക്കാരി സിയാദിന്റെ പേര് പറയുക മാത്രമാണ് ചെയ്തത്. എന്നാല്‍, സിയാദിന് ഈ കാണാതാകലില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു പ്രാഥമിക തെളിവോ സൂചനയോ പൊലീസിന് ലഭിച്ചിരുന്നില്ല.
ഇന്ത്യന്‍ നിയമപ്രകാരം (ബിഎന്‍എസ്എസ് സെക്ഷന്‍ 35/ പഴയ സിആര്‍പിസി സെക്ഷന്‍ 41എ) ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളിലോ, വ്യക്തമായ തെളിവുകളില്ലാത്ത സാഹചര്യങ്ങളിലോ ഒരാളെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കയറി ബലമായി കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് യാതൊരു അവകാശവുമില്ല. അതിനുപകരം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍കൂട്ടി നോട്ടീസ് നല്‍കുകയാണ് വേണ്ടത്. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടനയുടെ അനുച്ഛേദം 21 നല്‍കുന്ന ജീവിക്കാനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണിത്. യാതൊരു തെളിവുമില്ലാതെ, അര്‍ദ്ധരാത്രി 12 മണിക്ക് ഒരാളെ വീട് വളഞ്ഞ് പിടിച്ചുകൊണ്ടുപോകുന്നത് അന്യായമായി തടഞ്ഞുവെക്കലാണ്.
16 കാരി അര്‍ദ്ധ രാത്രിയില്‍ പൊലീസ് ജീപ്പില്‍
സിയാദിന്റെ വിലാസമോ വീടോ അറിയാത്തതിനാല്‍ പരാതിക്കാരിയായ 16-കാരിയെ പൊലീസ് അര്‍ദ്ധരാത്രിയില്‍ ജീപ്പില്‍ കയറ്റി ഒപ്പം കൊണ്ടുപോകുകയായിരുന്നു. ഈ സമയം സ്റ്റേഷനിലോ ജീപ്പിലോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ പോലും ഉണ്ടായിരുന്നില്ല.
കേരള പൊലീസ് മാന്വലും സുപ്രീം കോടതിയുടെ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയോ സ്ത്രീകളെയോ സൂര്യസ്തമയത്തിന് ശേഷം (വൈകിട്ട് 6 മണിക്ക് ശേഷം) സ്റ്റേഷനില്‍ നിര്‍ത്താനോ, ചോദ്യം ചെയ്യാനായി വാഹനങ്ങളില്‍ കൊണ്ടുപോകാനോ പാടില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ വനിതാ പൊലീസിന്റെയും രക്ഷിതാക്കളുടെയും സാന്നിധ്യം നിര്‍ബന്ധമാണ്. 16-കാരിയെ വനിതാ പൊലീസില്ലാതെ അര്‍ദ്ധരാത്രിയില്‍ ജീപ്പില്‍ കയറ്റി കസ്റ്റഡി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത് വന്‍ നിയമവിരുദ്ധതയാണ്.
‘ നിന്നെ ഞങ്ങള്‍ ഉറക്കാടാ…’
ഉറങ്ങാന്‍ കിടന്ന സിയാദിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍, താന്‍ മരുന്ന് കഴിച്ചിട്ടുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അയാള്‍ പൊലീസിനോട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ‘നിന്നെ ഞങ്ങള്‍ ഉറക്കാടാ’ എന്ന് ഭീഷണിപ്പെടുത്തിയാണ് സി.പി.ഒ ശ്രീജിത്ത് ഇയാളെ ജീപ്പില്‍ കയറ്റിയത്.
അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ ശാരീരിക-മാനസിക ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിയാനും, ആവശ്യമാണെങ്കില്‍ അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനും പൊലീസിന് ഉത്തരവാദിത്തമുണ്ട് (ഡി കെ ബസു കേസിലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍). മാത്രമല്ല, ഒരു സാഹചര്യത്തിലും കസ്റ്റഡിയിലുള്ള വ്യക്തിയെ ഉപദ്രവിക്കാനോ മര്‍ദ്ദിക്കാനോ പൊലീസിന് നിയമപരമായി ഒരവകാശവുമില്ല. ക്രമസമാധാന പരിപാലനത്തിനോ പ്രതിരോധത്തിനോ അല്ലാതെ, ചോദ്യം ചെയ്യലിന്റെ ഭാഗമായി ജീപ്പില്‍ വെച്ചോ സ്റ്റേഷനില്‍ വെച്ചോ മര്‍ദ്ദിക്കുന്നത് (തേഡ് ഡിഗ്രി) എന്ത് സാഹചര്യത്തിലായാലും പച്ചയായ ക്രിമിനല്‍ കുറ്റമാണ്. സിയാദിനെ ജീപ്പില്‍ വെച്ച് മര്‍ദ്ദിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി നേരിട്ട് കണ്ട സാക്ഷിയുമാണ്.
‘അബദ്ധം പറ്റി’
പിറ്റേന്ന് രാവിലെ കാണാതായ 13-കാരന്‍ വീട്ടില്‍ തിരിച്ചെത്തിയതോടെ സിയാദ് തെറ്റുകാരനല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഒരു ജ്യൂസ് വാങ്ങി നല്‍കി, ‘അബദ്ധം പറ്റിയതാണ്, പുറത്തു പറയരുത്’ എന്ന് പറഞ്ഞ് പൊലീസ് ഇയാളെ വിട്ടയച്ചു.
ഇവിടെയും പൊലീസ് ചെയ്തത് വലിയ കുറ്റമാണ്. ഒരാളെ കസ്റ്റഡിയിലെടുത്താല്‍ അത് സ്റ്റേഷന്‍ ജനറല്‍ ഡയറിയില്‍ (ജിഡി എന്‍ട്രി) കൃത്യമായി രേഖപ്പെടുത്തണം. സിയാദിനെ എപ്പോള്‍ കൊണ്ടുവന്നു, എപ്പോള്‍ വിട്ടയച്ചു എന്ന് ജി.ഡിയില്‍ രേഖപ്പെടുത്താതെ, യാതൊരു ഔദ്യോഗിക രേഖകളുമില്ലാതെ വിട്ടയച്ചത് തെളിവ് മറച്ചുവെക്കാനാണ്. പരിക്കേറ്റ സിയാദിന് ഔദ്യോഗികമായി വൈദ്യസഹായം നല്‍കി, ബന്ധുക്കളെ ഏല്‍പ്പിച്ച് ബോണ്ടില്‍ വിട്ടയക്കുന്നതിന് പകരം അനാസ്ഥയോടെ കൈകഴുകി മാറ്റുകയാണ് പൊലീസ് ചെയ്തത്.
തകര്‍ന്ന വാരിയെല്ലുകള്‍, പഴുപ്പ് ഛര്‍ദ്ദിച്ച് മരണം
വീട്ടിലെത്തിയ സിയാദ് മര്‍ദ്ദനവിവരം ഉമ്മയോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജൂലൈ 14-ന് ആരോഗ്യനില വഷളായി കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എക്‌സ്-റേയില്‍ വാരിയെല്ലിന് പൊട്ടല്‍ കണ്ടെത്തുകയും, ശ്വാസകോശത്തിലും മുതുകിലും പഴുപ്പ് കെട്ടിക്കിടക്കുന്നതായി കാണുകയും ചെയ്തു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത സിയാദ് അവിടെ വച്ച് പഴുപ്പ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും പിറ്റേ ദിവസം മരിക്കുകയുമായിരുന്നു.
പൊലീസോ ക്രിമിനലോ?
ഈ കേസില്‍ ആരോപണവിധേയരായ എസ്.ഐ അതുല്‍, സി.പി.ഒ ശ്രീജിത്ത് എന്നിവര്‍ നേരത്തെയും ഉത്സവപ്പറമ്പുകളില്‍ സ്ത്രീകളെ ഉപദ്രവിച്ചതിനും രാഷ്ട്രീയ പ്രവര്‍ത്തകരെ അനാവശ്യമായി മര്‍ദ്ദിച്ചതിനും പരാതി നേരിട്ടവരാണ്.
പൊലീസ് സേനയില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ (ഹാബിച്വല്‍ ഓഫന്‍ഡേഴ്‌സ് ഇന്‍ ഫോഴ്‌സ്) അന്വേഷണം നടത്തുമ്പോള്‍ അവരുടെ മുന്‍കാല ചരിത്രം, കേസിന്റെ ഗ്രാവിറ്റി വര്‍ദ്ധിപ്പിക്കും. ഇത്തരക്കാര്‍ക്ക് നല്‍കുന്ന താല്‍ക്കാലിക സസ്പെന്‍ഷന്‍ കേവലം ഒരു ‘വിശ്രമം’ മാത്രമായി മാറുന്നു. തുടര്‍ച്ചയായി മൂന്നാംമുറ പ്രയോഗിക്കുകയും പൊതുജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ, കേരള പൊലീസ് ആക്ട് പ്രകാരവും സര്‍വീസ് ചട്ടങ്ങള്‍ പ്രകാരവും പിരിച്ചുവിടല്‍ പോലെയുള്ള കടുത്ത നടപടികള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
ഹെപ്പറ്റൈറ്റീസോ മറ്റ് അസുഖങ്ങളോ ചൂണ്ടിക്കാട്ടി കസ്റ്റഡി മര്‍ദ്ദനമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പൊലീസിന് ഒളിച്ചോടാനാകില്ല. കുണ്ടറയില്‍ സംഭവിച്ചത് അന്വേഷണത്തിലെ വെറുമൊരു അബദ്ധമല്ല; ഭരണഘടനയും പൊലീസ് മാന്വലും കാറ്റില്‍പ്പറത്തി നടത്തിയ നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ്. കേവലം സസ്പെന്‍ഷനില്‍ ഒതുക്കാതെ, ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ബി.എന്‍.എസ് അനുസരിച്ച് കൊലപാതകത്തിനോ (സെക്ഷന്‍ 103), നരഹത്യയ്‌ക്കോ (സെക്ഷന്‍ 105), ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനോ (സെക്ഷന്‍ 118/120) കേസെടുക്കുകയും, ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ചെയ്യേണ്ടത് നിയമവാഴ്ചയുടെ ആവശ്യകതയാണ്.
Content Summary; A 42-year-old man, Siyad, died in Kollam following alleged custodial torture by Kundara police. Read the detailed report on police excesses, hepatitis claims, eye-witness statements, and legal implications under BNS
This post was last modified on July 28, 2026 11:28 am
Leave a Comment