July 01, 2026 |
Share on

‘ഉണ്ണി പോയിട്ടില്ലായിരുന്നുവെങ്കില്‍…’

ലോകം ഇന്നേ വരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഒഴിപ്പിക്കല്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയത് കെ പി ഉണ്ണികൃഷ്ണന്‍ ആയിരുന്നുവെന്നത് മലയാളിക്ക് എന്നും അഭിമാനമാണ്‌

മിഡില്‍ ഈസ്റ്റ് മറ്റൊരു യുദ്ധ സമാന സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് കെ പി ഉണ്ണികൃഷ്ണന്റെ വിയോഗവും എന്നത് യാദൃശ്ചികതയായിരിക്കാം. എന്നാലും ഇന്ത്യയും മലയാളികളും ലോകം തന്നെയും ആ പേര് കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണം കാലങ്ങള്‍ക്ക് മുമ്പ് ഇതിനെക്കാള്‍ രൂക്ഷമായ സാഹചര്യത്തിലേക്ക് മിഡില്‍ ഈസ്റ്റ് മേഖല വീണുപോയപ്പോഴായിരുന്നു.

ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രാജ്യം നമ്മുടെതാണ്. അതും മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ്. അതിന് ചുക്കാന്‍ പിടിച്ചയാള്‍ എന്ന നിലയില്‍ ചരിത്രത്തില്‍ പതിഞ്ഞ പേരാണ് കെ പി ഉണ്ണികൃഷ്ണന്‍.

1990 ഓഗസ്റ്റ് രണ്ടിന് സദ്ദാം ഹുസൈന്‍ അയച്ച ഇറാഖി പട്ടാളം കുവൈറ്റ് അതിര്‍ത്തി കടന്നതോടെ മരണ മുനമ്പില്‍ പെട്ടത് ലക്ഷക്കണക്കിന് ഇന്ത്യക്കാരായിരുന്നു. ഭൂരിഭാഗവും മലയാളികളും. യുദ്ധം അതിന്റെ എല്ലാ ആസുരഭാവവും പൂണ്ടു നിന്ന അറേബ്യന്‍ മണ്ണില്‍ നിന്നും തങ്ങളുടെ ആളുകളെ എങ്ങനെ രക്ഷപ്പെടുത്തുമെന്നറിയാതെ ലോകത്തിലെ പല രാജ്യങ്ങളും ഭയന്നു നില്‍ക്കെ, സ്വന്തം ജനത്തെ അന്യനാട്ടില്‍ കുരുതി കൊടുക്കില്ലെന്ന വാശിയില്‍ ഇന്ത്യ മുന്നിട്ടിറങ്ങി. എന്തു വന്നാലും നമ്മുടെ ആളുകളെയെല്ലാം മടക്കി കൊണ്ടു വരണമെന്ന് അന്നത്തെ വി പി സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനിച്ചകാര്യം ഈ നാട് നടപ്പാക്കുകയും ചെയ്തു. മലയാളികളടക്കം 1.7 ലക്ഷം ഇന്ത്യക്കാര്‍ നാട്ടില്‍ മടങ്ങിയെത്തി. ഒഴിപ്പിക്കല്‍ ചരിത്രത്തില്‍ ഇന്ത്യ ലോക റെക്കോര്‍ഡ് ഇടുന്നത് മൂന്നു പതിറ്റാണ്ട് മുമ്പാണെന്നു കൂടി ഓര്‍ക്കുക.

ഈ ചരിത്ര ദൗത്യത്തിന് നേതൃത്വം വഹിച്ചത് കോഴിക്കോട്ടുകാരന്‍ കെ പി ഉണ്ണികൃഷ്ണനായിരുന്നു. വി പി സിംഗ് കാബിനറ്റിലെ ടെലികോം വകുപ്പ് മന്ത്രി. 1990 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ നീണ്ട ഒഴിപ്പിക്കല്‍ ഉദ്യമത്തില്‍ ഒരാളെ പോലും നഷ്ടപ്പെടുത്താതെ, മറ്റാരുടെയും സഹായം തേടാതെ മലയാളികളടക്കം എല്ലാവരെയും നാട്ടിലെത്തിച്ചു.

മറ്റ് രാജ്യക്കാരെക്കാള്‍, തദ്ദേശീയര്‍ കഴിഞ്ഞാല്‍ പ്രവാസി ഇന്ത്യക്കാരായിരുന്നു കുവൈറ്റില്‍ അധികവും. അക്കൂട്ടത്തില്‍ മലയാളികളാണ് മുന്നില്‍. യുദ്ധം മൂര്‍ച്ഛിച്ചതോടെ അവിടെ നില്‍ക്കുന്നത് അത്യന്തം അപകടമാണെന്ന് തിരിച്ചറിഞ്ഞ് നിരവിധി ഇന്ത്യക്കാര്‍ ജോര്‍ദാന്‍ മരുഭൂമിയിലേക്ക് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തു. പിന്നാലെ കൂടുതല്‍ കൂടുതല്‍ പേര്‍ പലായനത്തിറങ്ങി. ഈ വിവരങ്ങള്‍ നാട്ടിലെത്തിയതോടെ എല്ലാവരെയും തിരിച്ചു കൊണ്ടുവരാനുള്ള മുറവിളി ശക്തമായി.

എന്നാല്‍ സ്വന്തം പൗരന്മാരെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ മന്ത്രിസഭയിലെ എല്ലാവര്‍ക്കും ഒരേ ആവേശം ഉണ്ടായിരുന്നില്ല. വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരും പണച്ചെലവും അപകടസാധ്യതയുമൊക്കെ ചൂണ്ടിക്കാട്ടി പിന്നോട്ട് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ സ്വന്തം ജനങ്ങളെ ഉപേക്ഷിക്കാന്‍ മന്ത്രിയായിരുന്ന ഉണ്ണികൃഷ്ണന് കഴിയുമായിരുന്നില്ല. അതിനു വേണ്ടി സ്വന്തം സഹപ്രവര്‍ത്തകരോടടക്കം അദ്ദേഹത്തിന് പോരടിക്കേണ്ടി വന്നു. പ്രധാനമന്ത്രി വി പി സിംഗ് ഉണ്ണികൃഷ്ണനൊപ്പമായിരുന്നു.

ആളുകളെ മടക്കി കൊണ്ടു വരണം, എന്നാല്‍ സാഹചര്യം ഒട്ടും അനുകൂലമല്ല. യുദ്ധമാണ്, ഒരു നിമിഷം മതി സര്‍വ്വതും തകരാന്‍. രണ്ടാമതായി, ഇന്നത്തെ പോലുള്ള സൗകര്യങ്ങളൊന്നും അന്നില്ല. വിമാനങ്ങളുടെ കാര്യത്തില്‍ പോലും അപര്യാപ്തയുണ്ട്.

വിദേശകാര്യ മന്ത്രിയായിരുന്ന ഇന്ദര്‍ കുമാര്‍ ഗുജ്‌റാളിനെയാണ് പ്രധാനമന്ത്രി ആദ്യം കുവൈറ്റിലേക്ക് അയക്കുന്നത്. സ്ഥിഗതികള്‍ പഠിക്കാനായിരുന്നു ഗുജ്‌റാള്‍ പോയത്. ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഗുജ്‌റാള്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനുമായി ചര്‍ച്ച നടത്തി. ഒഴിപ്പിക്കലിന് അനുവദിക്കില്ലെന്ന നിലപാട് സദ്ദാം എടുത്തതോടെ ചര്‍ച്ച പരാജയപ്പെട്ടു.

ഐ കെ ഗുജ്‌റാള്‍ മടങ്ങിപ്പോന്നു. തോറ്റ് പിന്മാറാന്‍ രാജ്യത്തിന് സാധിക്കില്ലായിരുന്നു. പ്രധാനമന്ത്രി ഉണ്ണികൃഷ്ണനില്‍ വിശ്വാസമര്‍പ്പിച്ചു.

ജോര്‍ദാനില്‍ ക്യാമ്പ് ചെയ്ത് ഉണ്ണികൃഷ്ണന്‍ സദ്ദാമുമായി വീണ്ടുമൊരു കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചു. വളരെ ശ്രമകരമായിരുന്നുവെങ്കിലും അത് വിജയിച്ചു.

‘സദ്ദാം ഹുസൈന്റെ ഏതോ രഹസ്യ സങ്കേതത്തിലേക്കാണ് എന്നെ കൊണ്ടു പോയത്. രണ്ടു വിമാനങ്ങള്‍ കയറേണ്ടി വന്നു. ആ സ്ഥലമേതെന്ന രഹസ്യം ഇതുവരെ ഞാനാരോടും വെളിപ്പെടുത്തിയിട്ടില്ല’ ഉണ്ണികൃഷ്ണന്റെ തന്നെ വാക്കുകളാണ്.

ചര്‍ച്ചയില്‍ ഇറാഖ് പ്രസിഡന്റിനെ അനുനയിപ്പിക്കാന്‍ ഉണ്ണികൃഷ്ണന് കഴിഞ്ഞു. ഇന്ത്യക്കാരെ മടക്കി കൊണ്ടു പോകുന്നതില്‍ സദ്ദാം വിയോജിപ്പ് പറഞ്ഞില്ല. സ്വന്തം നിലയ്ക്ക് കൊണ്ടു പോകണമെന്നായിരുന്നു നിബന്ധന. വിമാനത്തിലോ കപ്പലിലോ കൊണ്ടു പോകാം, ആരും തടിയില്ല, സദ്ദാം ഉറപ്പ് നല്‍കി.

‘സദ്ദാമിന് ഇന്ത്യയെക്കുറിച്ച് നല്ല അഭിപ്രായമുണ്ടായിരുന്നത് നമുക്ക് ഗുണമായി. അദ്ദേഹം പിന്നീട് എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതായും ഞാനറിഞ്ഞു. എന്റെ പെരുമാറ്റവും ഇടപെടലും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു’; ഉണ്ണികൃഷ്ണന്റെ വാക്കുകള്‍.

ആളുകളെ എങ്ങനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നതായിരുന്നു അടുത്ത പ്രശ്‌നം. ഇന്ത്യയില്‍ ആ സമയത്ത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 1985 ലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് വേണ്ടി 2,000 കോടി മുടക്കി 14 എയര്‍ബസുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 1990 ഫെബ്രുവരിയില്‍ വി പി സിംഗ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നടക്കുന്നതുകൊണ്ടായിരുന്നു വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. വിമാനമില്ലാത്ത സാഹചര്യത്തില്‍ കപ്പല്‍മാര്‍ഗം പരീക്ഷിക്കാന്‍ ആലോചിച്ചു. ദുബായ് പോര്‍ട്ട് അടക്കം തുറമുഖങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്്. അതോടെ ആ വഴിയടഞ്ഞു.

ഇനിയുള്ള ഏകമാര്‍ഗം വിമാനമാണ്. സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ഉണ്ണികൃഷ്ണന്‍ നിര്‍ബന്ധം പിടിച്ചു. കാബിനറ്റിനെ കൊണ്ട് അദ്ദേഹം ആവശ്യം അംഗീകരിപ്പിച്ചു. വിമാനം അയച്ചാല്‍, മടങ്ങി വരുന്നവരില്‍ നിന്നും വിമാനക്കൂലി വാങ്ങണമെന്ന് ചിലര്‍ ശഠിച്ചെങ്കിലും ഉണ്ണികൃഷ്ണന്‍ എതിര്‍ത്തു. ഈ സമയത്ത് ജനങ്ങള്‍ക്ക് സഹായമാണ് ചെയ്യേണ്ടത്, ബിസിനസ് അല്ലെന്ന കെ പിയുടെ വാദം അംഗീകരിക്കപ്പെട്ടു.

എത്ര വിമാനം വേണ്ടി വരും? ലക്ഷകണക്കിന് പേരെയാണ് കൊണ്ടു വരേണ്ടത്. എയര്‍ഫോഴ്‌സിനെയാണ് ഉണ്ണികൃഷ്ണന്‍ ആദ്യം സമീപിച്ചത്. ആദ്യം അവര്‍ നാല് എയര്‍ക്രാഫ്്റ്റുകള്‍ വിട്ടുതരാന്‍ സമ്മതിച്ചു. ബോംബെയില്‍ നിന്നും ജാംനഗറില്‍ നിന്നും രണ്ടെണ്ണം വീതം. ഡല്‍ഹിയില്‍ നിന്ന് ഒരെണ്ണം കൂടി അയക്കാമെന്ന് പിന്നീട് സമ്മതിച്ചു. അത് മലയാളികള്‍ക്കായായിരുന്നു. പക്ഷേ, അത്രയും വിമാനങ്ങള്‍ കൊണ്ട് കാര്യം നടക്കില്ല. ഇപ്പോള്‍ കിട്ടിയതുകൊണ്ട് മൊത്തം മലയാളികള്‍ക്ക് പോലും തികയില്ല. പലരോടും അപേക്ഷിച്ചും തര്‍ക്കിച്ചും വാശി പിടിച്ചും ഉണ്ണികൃഷ്ണന്‍ തന്റെ ദൗത്യം വിജയിപ്പിക്കുക തന്നെ ചെയ്തു. ഇന്ത്യയിലെ എല്ലാ വിമാനങ്ങളും ജോര്‍ദാന്‍ തലസ്ഥാനമായ അമാനിലേക്ക് പറന്നു. ഒന്നൊഴിയാതെ എല്ലാ ഇന്ത്യക്കാരുമായി തിരികെ നാട്ടിലേക്കും. ഒരാപത്തും കൂടാതെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലെത്തി. അമാനില്‍ നിന്നും ദുബായ്, അവിടെ നിന്ന് ബോംബെ; ഇതായിരുന്നു വിമാന റൂട്ട്. ബോംബെയില്‍ ഇറങ്ങിയശേഷം ട്രെയിന്‍ മാര്‍ഗം ഓരോ സംസ്ഥാനക്കാരും അവരവരുടെ നാട്ടിലേക്ക്.

ഐക്യരാഷ്ട്ര സഭ വരെ ഇന്ത്യയുടെ ദൗത്യത്തെ അഭിനന്ദിച്ചു. അന്നത്തെ യു എന്‍ സെക്രട്ടറി ജനറല്‍ ബുത്രോസ്-ബുത്രോസ് ഘാലി വി പി സിംഗിന് എഴുതിയ കത്തില്‍ കെ പി ഉണ്ണികൃഷ്ണനെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

കുവൈറ്റ് ഒഴിപ്പിക്കലിനെ കുറിച്ച് വി കെ മാധവന്‍ കുട്ടി മാതൃഭൂമിയില്‍ എഴുതി. ആ ലേഖനത്തിന് കൊടുത്ത തലക്കെട്ട് ഇതായിരുന്നു;

‘ ഉണ്ണി പോയിട്ടില്ലായിരുന്നുവെങ്കില്‍…’

(കോവിഡ് കാലത്ത് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ കെ പി ഉണ്ണികൃഷ്ണനുമായി ഫോണില്‍ സംസാരിച്ച് തയ്യാറാക്കിയ കുറിപ്പാണ്. അന്ന് അദ്ദേഹം അഴിമുഖവുമായി പങ്കുവച്ച വിവരങ്ങള്‍, ഇപ്പോള്‍ അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് പുനപ്രസിദ്ധീകരിക്കുന്നതാണ്.).

Content Summary; Remembering the legendary Kuwait Rescue Operation led by former Union Minister K.P. Unnikrishnan, as we mourn his passing

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×