June 19, 2026 |
Share on

ഹീ-മാന്റെ ശബ്ദമായി ഉണ്ണി മുകുന്ദൻ, ഹോളിവുഡ് സ്റ്റുഡിയോസുമായി സഹകരിക്കുന്ന ആദ്യ മലയാള നടൻ, സ്വപ്നതുല്യ നിമിഷമെന്ന് താരം

ഇതോടെ എംജിഎം, സോണി പിക്ച്ചേഴ്സ് പോലുള്ള ഹോളിവുഡ് സ്റ്റുഡിയോസുമായി സഹകരിക്കുന്ന ആദ്യ മലയാള നടൻ ആയി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

സോണി പിക്ചേഴ്സ്–എംജിഎം ലൈവ്-ആക്ഷൻ ഫാന്റസി ചിത്രം ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ ഔദ്യോഗിക മലയാള പതിപ്പിൽ നായക കഥാപാത്രമായ ഹീ-മാന് ശബ്ദം നൽകി നടൻ ഉണ്ണി മുകുന്ദൻ. ഇതോടെ എംജിഎം, സോണി പിക്ച്ചേഴ്സ് പോലുള്ള ഹോളിവുഡ് സ്റ്റുഡിയോസുമായി സഹകരിക്കുന്ന ആദ്യ മലയാള നടൻ ആയി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. കോമിക്സുകളിലൂടെയും ടെലിവിഷൻ സ്ക്രീനുകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം പകരാൻ കഴിഞ്ഞിലുള്ള സന്തോഷവും ആവേശവും ഉണ്ണി മുകുന്ദൻ ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയെയും പോലെ തനിക്കും ഹീ-മാൻ വെറുമൊരു കാർട്ടൂൺ കഥാപാത്രമായിരുന്നില്ലെന്നും അജയ്യമായ കരുത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ചിത്രത്തിന്റെ ഡബ്ബിം​ഗ് സമയത്ത് അവിടെ നിന്നു കൊണ്ട് എന്റെ ഉള്ളിലെ ശക്തി കൂടി വാ എന്ന് പറയുന്ന നിമിഷം തീർത്തും വൈകാരികവും സ്വപ്നതുല്യമായ ഒരു നിമിഷമായിരുന്നുവെന്നും ആ നിമിഷം താനൊരു നടൻ ആയിരുന്നില്ല ഹീ-മാൻ എന്ന കഥാപാത്രത്തിന്റെ മാന്ത്രികതയിൽ അലിഞ്ഞു പോയ ഒരു ചെറിയ കുട്ടിയായി മാറി എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

എൺപതുകളിലും തൊണ്ണൂറുകളിലും ലോകമെമ്പാടുമുള്ള കുട്ടിക്കാലങ്ങളെ ഒരേപോലെ ആവേശത്തിലാഴ്ത്തിയ ഒരു ഇതിഹാസ അമാനുഷിക നായക കഥാപാത്രമാണ് ഹീ-മാൻ. മാറ്റൽ കമ്പനിയുടെ പ്രശസ്തമായ കളിപ്പാട്ടങ്ങളിലൂടെയും പിന്നീട് ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ എന്ന പരമ്പരയിലൂടെയുമാണ് ഹീ-മാൻ എന്ന കഥാപാത്രം ജനമനസ്സുകളിൽ ഇടം നേടിയത്. ‘എറ്റേർണിയ’ എന്ന മാന്ത്രിക ലോകത്തിന്റെ രാജകുമാരനായ ആഡം, തന്റെ കയ്യിലെ ‘സ്വോർഡ് ഓഫ് പവർ’ എന്ന മാന്ത്രികവാളുയർത്തി “By the power of Grayskull… I have the power!” എന്ന് ഉറക്കെ പറയുന്നതോടെ ഹീ-മാൻ ആയി മാറുന്നു. ക്രൂരനായ ‘സ്കെലിറ്റർ’ എന്ന വില്ലന്റെ തിന്മകളിൽ നിന്നും പ്രപഞ്ചത്തെയും ഗ്രേസ്കൾ കോട്ടയെയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഹീ-മാന്റെ ഉത്തരവാദിത്തം. കുട്ടികളായും മുതിർന്നവർ ആയും ഇന്നും ഹീ-മാന് ആരാധകർ നിരവധിയാണ്. പലരുടെയും നെസ്റ്റാജീയ ആയ ഹീ-മാന്റെ പുതിയ ചിത്രം ജൂൺ 5 ന് തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×