UPDATES

കേരളം

പരാതിക്കാരായ സ്ത്രീകള്‍ കള്ളം പറയുന്നവരും നന്ദികേട് കാണിക്കുന്നവരും; ശങ്കര്‍ മോഹനന്റെ ഭാര്യ നന്മയുള്ള സ്ത്രീ: അടൂര്‍ ഗോപാലകൃഷ്ണന്‍

കേരളത്തില്‍ സര്‍ക്കാരിനു കീഴിലുള്ള ഏക ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് വിവാദങ്ങളുടെ കേന്ദ്രമാണ്. മുന്‍ രാഷ്ട്രപതിയും കേരളത്തിന്റെ അഭിമാനവുമായ കെ ആര്‍ നാരായണന്റെ പേരിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഇന്ന് ഏറ്റവും മോശമായൊരു അന്തരീക്ഷത്തിലാണ്

                       

കേരളത്തില്‍ സര്‍ക്കാരിനു കീഴിലുള്ള ഏക ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് വിവാദങ്ങളുടെ കേന്ദ്രമാണ്. മുന്‍ രാഷ്ട്രപതിയും കേരളത്തിന്റെ അഭിമാനവുമായ കെ ആര്‍ നാരായണന്റെ പേരിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഇന്ന് ഏറ്റവും മോശമായൊരു അന്തരീക്ഷത്തിലാണ്. ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതിവിവേചനം കാണിക്കുന്നു എന്ന ആരോപണവും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങളും കെ. ആര്‍ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിനും കേരളത്തിന് തന്നെയും കളങ്കമായി. വിദ്യാര്‍ത്ഥികളുടെ ശക്തമായ സമരം തുടരുകയാണ്. പുതു തലമുറയിലെ ഒട്ടു മിക്ക സിനിമ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയും വിവേചനങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കേരളത്തിന്റെ പൊതുസമൂഹത്തിനും പ്രതിഷേധമുണ്ട്.  ഈ സാഹചര്യത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി ജനുവരി അഞ്ചിന് ‘ദ ഫെഡറല്‍’ അസോസിയേറ്റ് എഡിറ്റര്‍ കെ കെ ഷാഹിന നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം അഴിമുഖം പ്രസിദ്ധീകരിക്കുന്നു..

റിസര്‍വേഷന്‍ പാലിക്കപ്പെടുന്നില്ല എന്നൊരു പരാതി ഉണ്ടല്ലോ?
അത് തെറ്റാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്മിഷന്റെ കാര്യങ്ങള്‍ നോക്കുന്നതും, ടെസ്റ്റ് നടത്തുന്നതും, മാര്‍ക്ക് ഇടുന്നതും, അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഗവണ്‍മെന്റിന് കീഴിലുള്ള എല്‍ബിഎസ് ആണ്. ഇക്കാര്യത്തില്‍ നമ്മളെ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

എല്‍ബിഎസ് അയച്ച ലിസ്റ്റില്‍ കട്ട് ഓഫ് മാര്‍ക്ക് കൂട്ടി അത് റീ ഡ്യൂ ചെയ്യണമെന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് അവര്‍ പറയുന്നത്?
അതൊക്കെ കള്ളങ്ങളാണ്… ഓരോന്നു പറയുന്നതും കള്ളങ്ങളാണ്, ഇതിനൊക്കെ എങ്ങനെ മറുപടി പറയാന്‍ പറ്റും?

എല്‍ബിഎസ് അയച്ച കത്തില്‍  അവര്‍ പറയുന്നുണ്ടല്ലോ കട്ട് ഓഫ് മാര്‍ക്ക് കൂട്ടിയിട്ട് അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന്. അത് പ്രോസ്പക്റ്റസില്‍ ഇല്ലാത്തതാണെന്നും അവര്‍ ആ കത്തില്‍ പറയുന്നുണ്ടല്ലോ?
ഏത് കത്തില്‍?

എല്‍ബിഎസ് അയച്ച കത്തില്‍…
അങ്ങനെയൊരു കത്തില്ലല്ലോ

അങ്ങനെയൊരു കത്ത് കണ്ടിരുന്നു…
ആരെങ്കിലും കത്ത് ഉണ്ടെന്ന് പറയുന്നത് വിശ്വസിക്കുന്നതിനു പകരം, ഡയറക്ടറെ വിളിക്കൂ.?

ഡയറക്ടറെ വിളിച്ചിരുന്നു, ഫോണ്‍ എടുക്കുന്നില്ല
ഒന്നുകൂടി വിളിച്ചു നോക്കൂ, ഇങ്ങനെയുള്ള കള്ളങ്ങള്‍ പറഞ്ഞാല്‍ അതിനൊന്നും മറുപടി പറയാനൊക്കത്തില്ല.

ആ കത്ത് ഫാബ്രിക്കേറ്റഡ് ആണെന്നാണോ പറയുന്നത്?
അങ്ങനെ പറയുന്നതെങ്ങനെയാണ്? എനിക്കറിഞ്ഞുകൂടാ ആ കത്തിനെപ്പറ്റി. പിന്നെങ്ങനാ ഞാന്‍ പറയുന്നത്? ഉള്ളതാണോ കള്ളമാണോ എന്നറിഞ്ഞുകൂടാ, ഇങ്ങനെയൊരു കത്തിനെപ്പറ്റി എനിക്കറിഞ്ഞുകൂടാ.. അവരാണത് ചെയ്യുന്നത്. റിസള്‍ട്ട് വന്നു കഴിഞ്ഞാല്‍ പട്ടിക തിരിച്ച് ആര്‍ക്കൊക്കെയാണോ കൊടുക്കേണ്ടത്, റിസര്‍വേഷന്‍ ആര്‍ക്കൊക്കെയാണെന്ന് തീരുമാനിക്കേണ്ടത് എല്‍ബിഎസ് ആണ്. എല്‍ബിഎസ്സിന് അതിനുവേണ്ടി ഫീസ് കൊടുക്കുന്നുണ്ട്. പത്തുലക്ഷം രൂപയാണ് കൊടുക്കുന്നത്.

കട്ട് ഓഫ് മാര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെയാണോ?
കട്ട് ഓഫ് മാര്‍ക്കിന്റെ കാര്യം, ഉദ്ദാഹരണം പറഞ്ഞാല്‍, സ്‌ക്രീന്‍ പ്ലേ റൈറ്റിംഗ് ആന്‍ഡ് ഡയറക്ഷന്‍; ഏറ്റവും കൂടുതല്‍ ആപ്ലിക്കേഷന്‍ വരുന്നത് അതിനാണ്. ചിലപ്പോള്‍ ആയിരം പേര്‍ കാണും, ആയിരം പേരില്‍ നിന്ന് എങ്ങനെയാണ് സിലക്ട് ചെയ്യുന്നത്? അവര്‍ക്ക് ആദ്യമൊരു ടെസ്റ്റ് ഉണ്ടായിരിക്കും, ആ ടെസ്റ്റ് പാസാകണം. 500 പേര്‍ ടെസ്റ്റ് പാസ്സായെന്ന് ഇരിക്കട്ടെ, അതില്‍ നമ്മള്‍ ചെയ്യുന്നത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്നവരെ വിളിക്കും. അതില്‍ നിന്നാണ് സിലക്ഷന്‍ നടത്തുന്നത്. ഒരു ഓറിയന്റേഷന്‍ കോഴ്‌സ് ഉണ്ട്, ഓറിയന്റേഷന്‍ കോഴ്‌സ് കഴിഞ്ഞാല്‍ പിന്നെ അവരുമായി ഒരു ഇന്റര്‍വ്യൂ ഉണ്ട്. അങ്ങനെയാണ് സിലക്ട് ചെയ്യുന്നത്. സിലക്ഷനില്‍ ഇരിക്കുന്നവര്‍ക്ക് ഇതിനെപ്പറ്റിയൊന്നും അറിയണമെന്നില്ല. അറിയാവുന്നത് എല്‍ബിഎസ്സിനാണ്. എല്‍ബിഎസ്സിന്റെ ജോലിയാണത്. അവരാണ് തീരുമാനിക്കുന്നത് എത്ര ശതമാനം എത്രപേര്‍ക്ക് കൊടുക്കണം എന്നൊക്കെ. എല്‍ബിഎസ്സിന്റെ ഉപദേശമാണ് നമ്മള്‍ സ്വീകരിക്കുന്നത്. എല്‍ബിഎസ് കൊടുക്കുന്ന ഉപദേശം കേട്ടിട്ടില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്, അത് കള്ളമാണ്.

നിലവിലുള്ള നിയമം അനുസരിച്ച് റിസര്‍വേഷന്‍ കാറ്റഗറിയില്‍ കട്ട് ഓഫ് മാര്‍ക്ക് കുറവല്ലേ വയ്‌ക്കേണ്ടത്?
അങ്ങനെ പറ്റുമോ? അതിന്റെ പോയിന്റില്‍ താഴെപ്പോയാല്‍ സാധിക്കില്ല. കാരണം, റിസര്‍വേഷനിലേക്കുള്ള ആളുകളെ കൊണ്ടുവരാന്‍ വേണ്ടി ചെയ്യുന്നത് അറുപതു ശതമാനം മാര്‍ക്കാണ്. അതിനു മുകളിലുള്ളവരെയാണ് നോക്കുന്നതെങ്കില്‍ 59 ആയി കുറച്ചു നോക്കും.അമ്പതില്‍ കുറവാണെങ്കില്‍ 45 ആക്കും. അതിനും താഴെപോയാല്‍ അവരെ ഈ കോഴ്‌സിന് കൊള്ളില്ലെന്നാണ് അര്‍ത്ഥം. ഇതെന്റെയൊരു ഇന്റര്‍പെട്ടേഷന്‍ ആണ്. ഇതുവച്ച് ഇനി ചര്‍ച്ച നടത്തരുത്. ഞാന്‍ കാണുന്നൊരു ലോജിക് ആണിത്. പാസാകാത്തവരെ എടുക്കണമെന്നുണ്ടെങ്കില്‍ എല്‍ബിഎസ് അങ്ങനെ പറഞ്ഞാല്‍ എടുത്തിരിക്കും. അവര്‍പറഞ്ഞിട്ടും എടുക്കാതിരിക്കുക എന്നൊരു സംഭവം എന്റെ അറിവില്‍ ഉണ്ടായിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദൈന്യംദിന കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. ഞാനതിന്റെ ഫുള്‍ടൈം ചെയര്‍മാനല്ല. ഓണററി പൊസിഷനില്‍ ഇരിക്കുന്നൊരാള്‍ മാത്രമാണ്. പോളിസി മാറ്റേഴ്‌സ് മാത്രമെ ഞാന്‍ നോക്കുകയുള്ളൂ. അവര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, ആ പരാതി പറയാന്‍ അവിടെയൊരു സിസ്റ്റമുണ്ട്. ഷെഡ്യൂള്‍ കാസ്റ്റ് കുട്ടികളെ എടുക്കുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍, ആ പരാതി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊടുത്താല്‍ മതി. ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനെ തന്നെ അക്കാര്യം പരിശോധിക്കും. അബദ്ധം പറ്റിയതാണെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണ് സ്ഥാപനം.

ശരത്ത് എന്നവിദ്യാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അത്തരമൊരു തിരുത്തല്‍ നടത്തിയില്ല, ആ വിദ്യാര്‍ത്ഥി കോടതിയില്‍ പോയിട്ടാണ് അയാള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായത്.
അയാള്‍ നേരെ കോടതിയിലാണ് പോയത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയോ എന്റെയോ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കില്‍ നമുക്ക് പരിഹരിക്കാവുന്ന കാര്യമായിരുന്നു. അതിനു പകരം നേരെ കോടതിയിലേക്കാണ് പോയത്.

കട്ട് ഓഫ് മാര്‍ക്ക് ജനറല്‍ കാറ്റഗറിക്കും മറ്റെല്ലാം കാറ്റഗറിക്കും ഒരുപോലെയായിരുന്നോ വച്ചിരുന്നത്?
അല്ലല്ല. ജനറല്‍ ആയിട്ടുള്ളവര്‍ക്ക് ആദ്യമൊരു കട്ട് ഓഫ് മാര്‍ക്ക് വയ്ക്കും. അതില്‍ നിന്നും വന്നിട്ടില്ലായെന്നുണ്ടെങ്കില്‍ അതില്‍ നിന്നും താഴോട്ടിറക്കും. കാരണം കൂടുതല്‍ ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ നമ്മള്‍ എങ്ങനെയാണ് അവരെ എലിമിനേറ്റ് ചെയ്യുന്നത്? പത്ത് സീറ്റുള്ളിടത്ത് ആയിരം പേര്‍ അപേക്ഷിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും? ഏറ്റവും കൂടുതല്‍ ആറ്റിറ്റിയൂഡ് ഉള്ളവരെയാണ് എടുക്കുന്നത്. അതില്‍ തന്നെ ഷെഡ്യൂള്‍ കാസ്റ്റിനും ഷെഡ്യൂള്‍ ട്രൈബിനും വേണ്ടി പ്രത്യേകം റിസര്‍വേഷന്‍ ഉള്ളതായി എനിക്കറിയാം. പക്ഷേ ഞാനത് ഇരുന്ന് ചെയ്യുന്നയാളല്ല. അതിന്റെ എക്‌സ്‌പെര്‍ട്ട്് എന്നു പറയുന്നത് എല്‍ബിഎസ്സാണ്. എല്‍ബിഎസ് അങ്ങനെ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപ്പാക്കിയിരിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോള്‍ മുതല്‍ എല്‍ബിഎസ് അതു ചെയ്യുന്നതാണ്. ഇതുവരെ ഇത്തരത്തിലുള്ള പരാതി കേട്ടിട്ടില്ല. ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു പരാതി കേള്‍ക്കുന്നത്.

വേറൊരു പ്രശ്‌നം, അവിടുത്തെ ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് ആയിട്ടുള്ള സ്ത്രീകളുടെ പരാതിയില്‍ പറയുന്നത് അവരെക്കൊണ്ട് ടോയ്‌ല്റ്റ് കഴുകിക്കുന്നു, കൈകൊണ്ട് കഴുകാന്‍ പറയുന്നു എന്നതൊക്കെയാണ്.
അത് പച്ചക്കള്ളമാണ്. ഇതിനെക്കുറിച്ച് കേട്ടപ്പോള്‍ ഞാനതിനെക്കുറിച്ച് അന്വേഷിച്ചു. ഏറ്റവും നീചയായൊരു സ്ത്രീ പോലും ചെയ്യുന്ന കാര്യമല്ലത്. ആ സ്ത്രീകളെക്കൊണ്ട് അവരുടെ വീട്ടിലെ ബാത്ത്‌റൂം പോലും കഴുകിക്കാറില്ല. ഡയറക്ടറുടെ വീടെന്നു പറയുന്നതും ശരിയല്ല. ഗവണ്‍മെന്റാണ് ആ വീട് എടുത്ത് കൊടുത്തിരിക്കുന്നത്.

അത് അവരുടെ ഡ്യൂട്ടിയില്‍ വരുമോ?
അവരുടെ ഡ്യൂട്ടിയില്‍ വരുന്നതാണ്. കള്ളങ്ങള്‍ മുഴുവന്‍ പുറത്തുവരേണ്ടതുണ്ട്. ലാസ്റ്റ് ഗ്രേഡ് ജോലിക്കാര്‍ മുഴുവന്‍ ഷെഡ്യൂള്‍ കാസ്റ്റ് ആണെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. അതില്‍ ഒരാള്‍ പോലും ഷെഡ്യൂള്‍ കാസ്റ്റ് ഇല്ല. നായന്മാര്‍ ഉള്‍പ്പെടെയുള്ള ഹയര്‍ കാസ്റ്റുകാരാണ് അതിലുള്ളത്. തൂപ്പു ജോലി നികൃഷ്ടമായൊരു ജോലിയായിട്ട് ഞാന്‍ കരുതുന്നില്ല. ഞാനെന്റെ വീട്ടില്‍ തൂക്കാറുണ്ട്, കക്കൂസ് കഴുകാറുണ്ട്, ഇതെല്ലാം ഞാന്‍ ചെയ്യാറുണ്ട്. എന്റെ കക്കൂസ് കഴുകാന്‍ വേറൊരാളോട് ഞാന്‍ പറയത്തില്ല. സാമ്യനബുദ്ധിയുള്ള ആരെങ്കിലും ആരെക്കൊണ്ടെങ്കിലും കൈകൊണ്ട് കക്കൂസ് കഴുകിക്കുമോ? അത് കള്ളമാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലാക്കണ്ടേ? പരാതിക്കാരിയായ ആ പെണ്‍കുട്ടിയെ ശങ്കര്‍ മോഹന്റെ ഭാര്യ മോളെ എന്നായിരുന്നു വിളിച്ചിരുന്നത്. അവര്‍ക്ക് കിട്ടുന്ന ശമ്പളത്തിനു പുറമെ ആ വീട്ടില്‍ വരുന്ന് ദിവസങ്ങളില്‍ 200 രൂപ വച്ച് കൊടുത്തിരുന്നു. അവരെ ഇത്തരത്തിലൊക്കെ പറയാന്‍ ട്രെയിന്‍ ചെയ്യിച്ചെടുത്താണ്. വിദ്യാര്‍ത്ഥികളല്ല, പുറത്തു വേറെ ആളുകളുണ്ട്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊത്തം പ്രശ്‌നത്തിനു പിന്നിലും വേറെ ആളുകളുണ്ട്.

അതാരാണ്?
അത് ഞാനിപ്പോള്‍ പറയുന്നില്ല. ശങ്കര്‍ മോഹന്റെ ഭാര്യയെപ്പറ്റി ഇത്രയും വലിയ അപവാദം പ്രചരിപ്പിച്ചത്, വ്യക്തിഹത്യ നടത്തിയതിന് പൊലീസ് പരാതി നല്‍കാന്‍ ഞാന്‍ ശങ്കര്‍ മോഹനോട് പറഞ്ഞിരുന്നു. മനുഷ്യത്വരഹിതയമായ ആരോപണമാണ് അവര്‍ക്കെതിരേ ഉയര്‍ത്തിയത്. അവരാണെങ്കില്‍(ശങ്കര്‍മോഹന്റെ ഭാര്യ) വളരെ നന്മയുള്ളൊരു സ്ത്രീയാണ്. ഡയറക്ടറുടെ വീട്ടിലെ ജോലിയെന്നാല്‍, ആകെ ആഴ്ച്ചയില്‍ ഒരു ദിവസം, അതും ഒരു മണിക്കൂര്‍ പോലും എടുക്കത്തില്ല. ചെറിയൊരു മുറ്റം തൂക്കും. അല്ലാതെ ഒരു ദിവസം പോലും ബാത്ത്‌റൂം പോലും കഴുകാന്‍ പറഞ്ഞിട്ടില്ലെന്നാണ് ഞാന്‍ ശങ്കര്‍ മോഹന്റെ ഭാര്യയോട് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്. ബാത്ത്‌റൂം കഴുകാന്‍ സ്വയം കേറിയപ്പോള്‍ താനത് തടയുകയാണ് ചെയ്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

പരാതിക്കാരായ സ്ത്രീകളോട് സംസാരിച്ചിരുന്നോ?
ആ സ്ത്രീകളോട് എന്തിനാ സംസാരിക്കുന്നത്? അവര്‍ എല്ലാവരോടും സംസാരിച്ചുകൊണ്ടിരിക്കുകയല്ലേ. ഞാന്‍ സംസാരിക്കേണ്ട കാര്യമെന്താണ്?

അവര്‍ പറയുന്നത് കള്ളമാണെന്ന് താങ്കള്‍ക്കെങ്ങനെയാണ് മനസിലാകുന്നത്?വീട്ടുകാരി പറഞ്ഞതുകൊണ്ട്. എനിക്കവരെ അറിയാം.

വീട്ടുകാരിയായിക്കൂടെ കള്ളം പറഞ്ഞത്?
അതെങ്ങനെ പറയാന്‍ പറ്റും? സാധാരണക്കാരിയായ ഒരു സ്ത്രീ പോലും ടോയ്‌ലിറ്റിനകത്ത് കൈയിട്ട് കഴുകാന്‍ പറയുമോ? ഇതെന്താ കോണ്‍സ്ട്രന്റേഷന്‍ ക്യാമ്പ് ആണോ? ഇതൊക്കെ കേള്‍ക്കുമ്പോഴെ വിശ്വസിക്കുന്ന നിങ്ങളാരാണ്? ഇതൊക്കെ വിശ്വസിക്കുന്ന നിങ്ങളുടെ നിലവാരം എന്താണ്? ഇത് നന്ദികേടാണ്, അവര്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ട്, ആഴ്ച്ചയില്‍ ഒരിക്കല്‍ വരുമ്പോള്‍ 200 രൂപവച്ച് കൊടുത്തിട്ടുണ്ട്. കള്ളം പറയുക മാത്രമല്ല, അവര്‍ ചെയ്യുന്നത് നന്ദികേടും കൂടിയാണ്.

ഇന്‍സ്റ്റിറ്റിയൂഷന്റെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് നിഷ്പക്ഷമായി അന്വേഷണം നടത്തേണ്ടതായിരുന്നില്ലേ?
ഞാന്‍ അവര്‍ പറയുന്നത് വിശ്വസിക്കണായിരുന്നോ?

അവരോട് താങ്കള്‍ സംസാരിച്ചില്ലല്ലോ?
ഞാനെന്തിനാണ് അവരോട് സംസാരിക്കുന്നത്? എല്ലാ ചാനലിലും അവരെ കൊണ്ടുപോയി, തത്തമേ പൂച്ച എന്നതുപോലെ അവരെക്കൊണ്ട് പറയിപ്പിച്ചിട്ട് , പിന്നെ ഞാനെന്താണ് അവരോട് ചോദിക്കേണ്ടത്?

ചെയര്‍മാന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് ആ ഉത്തരവാദിത്തം ഉള്ളതല്ലേ?
ഇങ്ങനെയുള്ളവരോടൊന്നും ഞാന്‍ സംസാരിക്കുന്ന പ്രശ്‌നമില്ല. സമരം തുടങ്ങിയ വിദ്യാര്‍ത്ഥികളോട് രണ്ടാഴ്ച്ച മുന്‍പ് (ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെലവില്‍ ഗോവയില്‍ ഫിലിം ഫെസ്റ്റിവല്‍ കാണാന്‍ പോകുന്നതിന് മുമ്പ്) ഞാന്‍ അവിടെപ്പോയി സംസാരിച്ചിരുന്നു. മൂന്നു കുട്ടികളുമായി(ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി) ഇരുന്നു സംസാരിച്ചു. ഞാന്‍ പറഞ്ഞത്, നിങ്ങള്‍ ഓരോ ആവശ്യം പറയുമ്പോഴും ആദ്യം പറയുന്നത് സമരം എന്നാണ്. അത് ശരിയല്ല. എല്ലാ വാതിലുകളും അടയുമ്പോള്‍ അവസാനം ചെയ്യേണ്ടതാണ് സമരം. സമരം ചെയ്യുന്നതിനു മുമ്പ് നോട്ടീസ് നല്‍കണം. നിങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് പറയുക, ഡിപ്പാര്‍ട്ട്‌മെന്റിലോ ഡീനിനോടോ അവസാനം ഡയറക്ടറോടോ പറയുക, അങ്ങനെയൊരു വഴി നിങ്ങള്‍ക്കുണ്ട്. അതെല്ലാം ഉപേക്ഷിച്ചിട്ട് ഇന്ന് മുതല്‍ ഞങ്ങള്‍ സമരത്തിലാണെന്ന് പറഞ്ഞ് അകത്തു നിന്നു പൂട്ടിയിടുന്നു. ഇങ്ങനെ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുമോ?

ആളുകള്‍ക്ക് വരാനും പോകാനുമുള്ള ചെറിയ ഗേറ്റ് അവര്‍ തുറന്നിട്ടിട്ടുണ്ടായിരുന്നല്ലോ?
ഏത് ചെറിയ ഗേറ്റ്? അവിടെ കേറാനായിട്ട് ഒറ്റ ഗേറ്റ് മാത്രെയുള്ളൂ. ചെറുതും വലുതൊന്നുമില്ല.

ഗേറ്റ് പൂട്ടിയാലും അവര്‍ സമാധാനപരമായിട്ടല്ലേ സമരം ചെയ്യുന്നത്?
സമാധാനപരമായിട്ടാണെങ്കില്‍ ഗേറ്റ് പൂട്ടേണ്ട കാര്യമെന്താണ്? ഹൂ ആര്‍ ദേ? അവര്‍ അവിടെ പഠിക്കാന്‍ വന്നവരല്ലേ, യുദ്ധത്തിന് വന്നതാണോ? നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഒരു വിദ്യാര്‍ത്ഥിയെ പോലെ പെരുമാറൂ.

വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത് സാധാരണ കാര്യമല്ലേ?
സമരം ചെയ്യുകയാണെങ്കില്‍ അതിന് കാരണം വേണം. ഇവിടെയുള്ളത് കാരണമാണോ? അവരുടെ ഒരാവശ്യങ്ങളും പറഞ്ഞിട്ടല്ല ഈ സമരം. ഒരു നോട്ടീസ് പോലും തരാതെ സമരമാണെന്ന് പ്രഖ്യാപിച്ചശേഷം അവര്‍ രഹസ്യമായി തിരുവനന്തപുരത്തേക്ക് വരുന്നു. സമരം പ്രഖ്യാപിച്ചയാളുകള്‍ക്ക് തിരുവനന്തപുരത്ത് മുറി ബുക്ക് ചെയ്യേണ്ട ആവശ്യമെന്താണ്? സമരം ചെയ്യുന്നവരെ എന്തിനാണ് തിരുവനന്തപുരത്ത് കൊണ്ടുവന്നു താമസിപ്പിക്കേണ്ടത്? വളരെ രഹസ്യമായി തിരുവനന്തപുരത്ത് വന്നിട്ട് തലേദിവസം എല്ലാ പത്രക്കാരെയും ടെലിവിഷന്‍കാരെയുമൊക്കെ വിളിച്ചിട്ട് അവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് താമസിക്കാന്‍ സ്ഥലമില്ല, ബുക്ക് ചെയ്തിരുന്ന മുറികളെല്ലാം പൂട്ടിപ്പോയി എന്നൊക്കെയാണ്. മുറി കാന്‍സല്‍ ചെയ്തത് ശരിയാണ്. വെറുതെ മുറി ബുക്ക് ചെയ്തിട്ട് കാശ് കൊടുക്കണോ?

സമരത്തിലാണെങ്കിലും അവര്‍ അവിടുത്തെ വിദ്യാര്‍ത്ഥികളല്ലേ, അവരെ സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ലല്ലോ?
 അതുകൊണ്ടെന്താണ്? എന്റെ ചോദ്യം, സമരത്തിലിരിക്കുന്ന കുട്ടികള്‍ എങ്ങനെയാണ് തിരുവനന്തപുരത്തു വരുന്നത്? അവര്‍ സമരത്തിലിരിക്കുകയല്ലേ. എല്ലാ തെമ്മാടിത്തരവും കാണിച്ചിട്ട് ഞാന്‍ സ്റ്റുഡന്റ് ആണെന്നു പറയുന്നതില്‍ കാര്യമുണ്ടോ?

സമരം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞില്ലേ. ഇത് പരിഹരിക്കാന്‍ ഒരു ചെയര്‍മാന്‍ എന്ന നിലയ്ക്ക് താങ്കള്‍ മുന്‍കൈയെടുക്കുന്നുണ്ടോ?
 ഞാന്‍ എന്തിനാണ് മുന്‍കൈ എടുക്കുന്നത്? സര്‍ക്കാര്‍ അന്വേഷിക്കുകയല്ലേ. അന്വേഷിക്കട്ടേ. അതിനിടയ്ക്കു കൂടി ഞാന്‍ അന്വേഷിക്കുന്നത് എന്തിനാണ്? സമരത്തിലുള്ളവര്‍ എന്നോട് പരാതി പറയുകയോ എന്റടുത്ത് വരികയോ ചെയ്തിട്ടില്ല. രണ്ടാഴ്ച്ചയ്ക്കു മുമ്പ് ഞാന്‍ അവരുമായി മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന കൃത്യമായിട്ട് സംസാരിച്ചതാണ്.അന്നെന്നോട് അനുകൂലമായി സംസാരിച്ച അതേ വിദ്യാര്‍ത്ഥികളാണ് പിന്നീട് യാതൊരു നോട്ടീസുമില്ലാതെ സമരം പ്രഖ്യാപിക്കുന്നത്. ഇതിനു പിന്നില്‍ വിദ്യാര്‍ത്ഥികളല്ല. വളരെ മോശമായൊരു ഗൂഢാലോചന അതിനു പിന്നിലുണ്ട്. ഗൂഢാലോചനയ്ക്കു പിന്നിലുള്ളത് ആരാണെന്നു കണ്ടു പിടിക്കണം, അവര്‍ ക്രിമിനല്‍സ് ആണ്, അവരെ ശിക്ഷിക്കുകയും വേണം.

വിദ്യാര്‍ത്ഥികള്‍ പല തവണ കത്ത് അയക്കുകയും ഇമെയ്ല്‍ ചെയ്യുകയുമുണ്ടായി. അതിനോടൊന്നും താങ്കള്‍ പ്രതികരിച്ചില്ല എന്നു പറയുന്നുണ്ടല്ലോ?
ശരിയല്ല. എനിക്ക് കിട്ടിയ ഒരു മെയിലില്‍ ആകെ പറയുന്നത് ഞങ്ങള്‍ ഇന്നു മുതല്‍ സമരത്തിലാണെന്നാണ്. അവര്‍ സമരം ചെയ്യുന്നതിനു മുമ്പ് എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെലവില്‍ ഗോവയില്‍ പോയി ചലച്ചിത്ര മേള കണ്ടിട്ടു തിരിച്ചു വന്നവരാണ്. എന്നിട്ടാണ് നേരെ തിരുവനന്തപുരത്തേക്ക് വരുന്നത്. നാട്ടിലുള്ള എല്ലാ ഫിലിം ഫെസ്റ്റിവലും പോയി കാണേണ്ട ആവശ്യമില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് ഹോട്ടല്‍ ബുക്ക് ചെയ്തത്. അവര്‍ സമരത്തിലാണെന്നും പറഞ്ഞു. സമരത്തിലായിരിക്കുന്നവര്‍ എന്തിനാണ് ഒളിച്ചു തിരിവനന്തപുരത്ത് ഫിലിം ഫെസ്റ്റിവല്‍ കാണാന്‍ വരുന്നത്. സിനിമ കാണാന്‍ പോകുന്നത് അവിടെ പഠിക്കുന്നതിന്റെ ഭാഗമാണ്. അവര്‍ തിരുവനന്തപുരത്ത് വന്നത് മീഡിയ വഴി ഭീകരമായ അപവാദങ്ങള്‍ പ്രചരിപ്പിക്കാനാണ്. ഇതിന് പറയുന്നൊരു പേരുണ്ട്. സബ്‌സിഡൈസ്ഡ് റെവല്യൂഷണറി. അവര്‍ക്കു ഗവണ്‍മെന്റിന്റെ എല്ലാ ആനുകൂല്യങ്ങളും വേണം എന്നിട്ട് ഗവണ്‍മെന്റിനെ ധിക്കരിക്കും. അതുപോലെയാണവരും ചെയ്യുന്നത്. ഒരു സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവനവന്റെ ഭാവിക്കു വേണ്ടി പഠിക്കാന്‍ വന്നവര്‍ ആ സ്ഥാപനത്തെ നശിപ്പിക്കാന്‍ ഒരിക്കലും ശ്രമിക്കില്ല.

വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം മൂന്നു വര്‍ഷത്തെ കോഴ്‌സ് രണ്ടു വര്‍ഷമാക്കി ചുരുക്കാനുള്ള സിലബസ് പരിഷ്‌കരണം തെറ്റായ പരിഷ്‌കരണമാണെന്നാണ്. അത് പൂനെയില്‍ പരാജയപ്പെട്ടൊരു പരിഷ്‌കരണം ആണെന്നും അവര്‍ പറയുന്നുണ്ട്.
അവിടെ പഠിക്കാന്‍ വരുന്നവരെക്കാള്‍ വിവരം നമുക്കില്ലെന്നു പറയുന്നത് ശരിയാണോ? കോഴ്‌സ് രണ്ടു കൊല്ലമാക്കിയത് ഇതിനെപ്പറ്റി അറിയാവുന്നവരാണോ അറിയാത്തവരാണോ? പൂനെയുടെ കാര്യം പറയേണ്ട. പൂനെയും കല്‍ക്കത്തയുമൊക്കെ ആരും പരിശോധിക്കുന്ന സംഭവമില്ല. 1962 ല്‍ ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുമ്പോള്‍ ഉള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോകാതെയും ആളുകള്‍ സിനിമ എടുക്കുന്നില്ലേ. അവര്‍ക്ക് മൂന്നു കൊല്ലവും നാലുകൊല്ലവുമൊന്നും ആവശ്യമില്ല. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. ഒരു പോസ്റ്റ് ഗ്രാജ്വേഷന്‍ ഡിഗ്രി എടുക്കാനുള്ള സമയമാണ് രണ്ടുകൊല്ലമെന്നത്. രണ്ടും മൂന്നും മാസം സമരം ചെയ്യുകയാണെങ്കില്‍ പിന്നെയും കൂടുതല്‍ സമയം വേണ്ടി വരും.

വിദ്യാര്‍ത്ഥികള്‍ എന്റെയടുത്ത് പരാതി പറഞ്ഞിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയുള്ളവരോട് പരാതി പറഞ്ഞിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളവര്‍ ഈ പ്രശ്‌നങ്ങള്‍ അറിയുന്നത് മീഡിയ വാര്‍ത്തകളിലൂടെയാണ്. സമരം ചെയ്യുന്നവര്‍ക്ക് ഒറ്റ ഉദ്ദേശ്യമേയുള്ളൂ. ശങ്കര്‍ മോഹനെ അവിടെ നിന്നും പുറത്താക്കണമെന്ന് ചില തത്പരകക്ഷികളുടെ ആവശ്യമാണ്. അദ്ദേഹത്തെ ഒരു തെറ്റുകാരനാക്കി ചിത്രീകരിച്ച് പുറത്താക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. മീഡിയ എല്ലാംകൂടി പറഞ്ഞതുകൊണ്ട് ഒരാളെ പുറത്താക്കാന്‍ പറ്റുമോ? അതിലെന്തെങ്കിലും സത്യം വേണ്ടേ?

മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒന്നിച്ചു നിന്നുകൊണ്ട് ഒരേ സ്വരത്തില്‍ പറയുന്ന കാര്യങ്ങളാണല്ലോ?
-മുഴുവന്‍ വിദ്യാര്‍ത്ഥികളോ? 99 ശതമാനം വിദ്യാര്‍ത്ഥികളും അവിടെ പഠിക്കാന്‍ വന്നവരാണ്. ഒരു ശതമാനം ആളുകളാണ് ഇതൊക്കെ കൊണ്ടു നടക്കുന്നത്. തങ്ങളുടെ കൂടി ഭാവി കളയുകയാണ് സമരം ചെയ്യുന്നവര്‍ ചെയ്യുന്നതെന്നു പല വിദ്യാര്‍ത്ഥികളും എന്നോട് പരാതി പറഞ്ഞിട്ടുണ്ട്.

ലാസ്റ്റ് ഗ്രഡ് സ്റ്റാഫുകളെക്കുറിച്ച് താങ്കള്‍ പറഞ്ഞതായി വന്ന വിവാദപരമായൊരു കമന്റ് അവര്‍ ഉടുത്തൊരുങ്ങി വന്നു ഡബ്ല്യുസിസിക്കാരെ പോലെ പെരുമാറുന്നു എന്നതാണ്. താങ്കള്‍ എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്.?
 ഞാന്‍ അങ്ങനെയല്ല പറഞ്ഞത്. അവരെ പ്രദര്‍ശന വസ്തുക്കളാക്കി ഉപയോഗിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അവരെ ചൂഷണം ചെയ്യുകയാണ്. അവര്‍ക്ക് ജോലി ചെയ്ത് ജീവിക്കാനുള്ളതല്ലേ.

 അവര്‍ ആര്‍ക്കും സ്വാധീനിക്കാവുന്ന ആളുകളാണെന്നാണോ?
അവര്‍ക്ക് ബുദ്ധി തീരെയില്ല എന്ന നിലയിലാണ് അവരെ ട്രീറ്റ് ചെയ്യുന്നത്. ഇതിനു പിന്നിലുള്ള അളുകള്‍ അവരെ പരിശീലിപ്പിച്ച് ഓരോ വാചകങ്ങളും പറഞ്ഞുകൊടുത്ത് അവരെക്കൊണ്ട് പറയിപ്പിച്ചതാണ് മീഡിയയില്‍ വന്നിരിക്കുന്നത്.

ആ സ്ത്രീകള്‍ക്ക് ഇങ്ങനെ മറ്റുള്ളവര്‍ക്ക് വിധേയപ്പെട്ടിട്ട് എന്തു ലാഭമാണ് കിട്ടുക?
ലാഭം എന്താണെന്ന് എനിക്കെങ്ങനെ അറിയാന്‍ കഴിയും? അവര്‍ക്ക് എന്താണ് ഗുണമെന്നത് നിങ്ങള്‍ കണ്ടുപിടിക്കൂ.

 ഡബ്ല്യുസിസിക്കാരെപ്പോലെ പെരുമാറുന്നു എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്?
 അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. അവരോടൊപ്പം പോയി പടമൊക്കെയെടുത്ത് അവരെ പ്രദര്‍ശന വസ്തുക്കളാക്കി മാറ്റിയെന്നാണ് ഞാന്‍ പറഞ്ഞത്. അവര്‍ സാധുക്കളായിക്കും, അവര്‍ മനഃപൂര്‍വം പറഞ്ഞതൊന്നുമാകില്ല. അവരെക്കൊണ്ട് പറയിപ്പിച്ചതായിരിക്കും. ഇതൊക്കെ തെളിയിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. അതിന്റെ വിശദാംശങ്ങളൊന്നും ഞാനിപ്പോള്‍ പറയുന്നിലല്ല.

 എങ്കില്‍ എത്രയും പെട്ടെന്ന് തെളിയിക്കുകയല്ലേ വേണ്ടത്. പ്രശ്‌നം വഷളായിക്കൊണ്ടിരിക്കുകയല്ലേ?
തെളിയിക്കും. ചെയര്‍മാനും ഡയറക്ടറുമൊക്കെ മിണ്ടാതിരിക്കുകയും ഇവര്‍ മാത്രം നിരന്തരമായി അപവാദങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നൊരു അവസ്ഥയില്‍ അവര്‍ പറയുന്നതെല്ലാം ശരിയാണെന്ന് എല്ലാവരും വിശ്വസിക്കുകയാണ്. സമാന്യ വിവരവും വിദ്യാഭ്യാസമുള്ളൊരു സ്ത്രീ ആരെയെങ്കിലും കൊണ്ട് കക്കൂസിനകത്ത് കൈയിട്ട് കഴുകിക്കുമോ? അതൊക്കെ മീഡിയ അങ്ങ് വിഴുങ്ങുകയാണ്.

 ഇത്തരം സംഭവങ്ങളൊന്നും ഇന്ത്യയില്‍ എവിടെയും നടക്കുന്നില്ലെന്നാണോ താങ്കള്‍ പറയുന്നത്?
 ഞാന്‍ നമ്മുടെ നാടിനെക്കുറിച്ചാണ് പറയുന്നത്.

കേരളത്തില്‍ അങ്ങനെയൊന്നുമില്ലെന്നാണോ ?
 കേരളത്തിലെ കാര്യമെന്താണന്നല്ല, ആ വീട്ടില്‍ എന്തായാലും ഇല്ല.

ഈ വിഷയത്തില്‍ താങ്കള്‍ വളരെ ഏകപക്ഷീയമായ നിലപാടല്ലേ എടുക്കുന്നത്? എന്തുകൊണ്ടാണ് പരാതിക്കാരായ ആ സ്ത്രീകളോട് സംസാരിക്കാത്തത്?
 എനിക്ക് ഏതുപക്ഷമാണെന്നാണ് പറയുന്നത്? ഞാനിതിനെക്കുറിച്ച് കൃത്യമായി അന്വേഷിച്ചിട്ടാണ് പറയുന്നത്.

 ആ സ്ത്രീകളോട് താങ്കള്‍ ഇതുവരെയും സംസാരിച്ചിട്ടില്ലല്ലോ?
 നിങ്ങള്‍ എല്ലാവരും കൂടി അപവാദങ്ങള്‍ പ്രചരിപ്പിച്ച ഒരു സ്ത്രീയോടാണ് ഞാന്‍ സംസാരിച്ചത്. അവര്‍ക്ക് അവകാശങ്ങളൊന്നുമില്ലേ? അവരെ ജനമധ്യത്തില്‍ ഒരു മോശം സ്ത്രീയാക്കി മാറ്റിയത് കുറ്റമല്ലേ?

 ആ സ്ത്രീയുടെ ഭാഗം താങ്കള്‍ കേട്ടു, അപ്പോഴും മറ്റു സ്ത്രീകളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല
അവരുടെ ഭാഗം അവര്‍ എല്ലാവരോടും പറഞ്ഞു കഴിഞ്ഞല്ലോ. പിന്നെന്തിനാണ് അവരോട് സംസാരിക്കുന്നത്. ഞാന്‍ ഏകപക്ഷീയമാണെന്നു പറയുന്നതിലൊന്നും കാര്യമില്ല. ഇവിടെ രണ്ടു പക്ഷമാണുള്ളത്,. കള്ളം പറയുന്നവരുടെ ഒരുപക്ഷവും കള്ളം പറയാത്തവരുടെ മറ്റൊരു പക്ഷവും.

 അപ്പോള്‍ ആ സ്ത്രീകള്‍ കള്ളം പറയുകയാണെന്ന് താങ്കള്‍ ഉറപ്പിക്കുകയാണ്.
ഉറപ്പാണെന്നല്ല ഞാന്‍ പറഞ്ഞത്. അവരെ ട്രെയ്ന്‍ ചെയ്യിച്ച് പറയിപ്പിക്കുകയാണ്. അവര്‍ പാവങ്ങളാണ്. ഞങ്ങളെല്ലാം വിധവകളാണെന്ന് അവര്‍ പറയുന്നുണ്ട്. അതില്‍ രണ്ടുപേരുടെ ഭര്‍ത്താക്കന്മാരെ മരിച്ചു പോയിട്ടുള്ളൂ. അവരില്‍ ഒരു കുട്ടി അഭിമുഖങ്ങളില്‍ പറയുന്നുണ്ട്, അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ പറഞ്ഞിട്ടാണ് ഞങ്ങളവിടെ പോയതെന്ന്. ആ കുട്ടിയെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അപ്പോഴവര്‍ കള്ളമല്ലാതെ മറ്റെന്താണ് പറയുന്നത്?

 എന്തിനാണ് നിങ്ങളിങ്ങനെ കള്ളം പറയുന്നതെന്ന് അവരോട് ചോദിക്കാന്‍ ഒരു ചെയര്‍മാന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് കഴിയുമായിരുന്നില്ലേ?
 അതൊക്കെ ചോദിക്കേണ്ടവര്‍ ചോദിക്കട്ടെ., ഞാനതിന്റെ പുറകെ നടക്കുന്നില്ല.

 താങ്കള്‍ ആ സ്ഥാപനത്തിന്റെ ചെയര്‍മാനല്ലേ?
 അവരെക്കൊണ്ട് പറഞ്ഞു ചെയ്യിക്കുന്നതാണെന്ന് എനിക്ക് കൃത്യമായി ബോധ്യമുണ്ട്. കാരണം, ആ കുട്ടിയെ ആ വീട്ടിലെ ഒരംഗത്തപോലെ കണ്ട് സ്‌നേഹത്തോടെ പെരുമാറിയിരുന്നതാണ്. അവരെപ്പറ്റി ആ കുട്ടി അപവാദം പറയാന്‍ ഒരു കാരണവമുമില്ല. എന്നിട്ട് ആ കുട്ടി തന്നെയാണ് പറയുന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ പറഞ്ഞിട്ടാണ് ഞാനവിടെ പോയതെന്ന്. ആ ഒരൊറ്റ കാര്യം മതി ഇവരെല്ലാം പറയുന്നതെന്നു കള്ളമാണെന്ന് എനിക്ക് മനസിലാക്കാന്‍. വേറൊരു സാക്ഷിയും വേണ്ട. അവര്‍ കള്ളം മാത്രമാണ് പറയുന്നത്. എനിക്കവിടുത്തെ ഓരോ തൂപ്പുകാരിയെയും പോയി കാണേണ്ട കാര്യമില്ല. അതെന്റെ ജോലിയുമല്ല.

 തൂപ്പുകാരുടെ ഭാഗത്ത് നിന്നും ഒരു പരാതിയുണ്ടാകുമ്പോള്‍ ചെയര്‍മാന്‍ എന്ന നിലയ്ക്ക് അവരെ കാണേണ്ടതല്ലേ?
ഞാനങ്ങോട്ട് പോയാണോ അന്വേഷിക്കേണ്ടത്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അവര്‍ എന്റെയടുത്തോ അല്ലെങ്കില്‍ അതിന്റെ താഴെയുള്ള ആളുകളുടെയടുത്തോ വരണ്ടേ? ഇന്നു വരെ അവര്‍ക്കാര്‍ക്കും ഒരു പരാതി ഉള്ളതായി ഞാന്‍ കേട്ടിട്ടില്ല. പരാതിയെല്ലാം കൂടി ഒരുദിവസം മീഡിയയില്‍ ആണോ വരുന്നത്? ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ അതിനൊരു സിസ്റ്റമുണ്ട്. ആ സിസ്റ്റത്തിന് അപ്പുറം പോകുന്നത് ശരിയാണോ? ആഴ്ച്ചയില്‍ ഒരു മണിക്കൂര്‍ ആണ് അവര്‍ ശങ്കര്‍ മോഹന്‍ താമസിക്കുന്ന വീട്ടില്‍ ജോലി ചെയ്യാന്‍ പോകുന്നത്.

 ഇന്‍സ്റ്റിറ്റിയൂഷിനിലെ ജീവനക്കാര്‍ ഒരാളുടെ വീട്ടില്‍ ജോലി ചെയ്യാന്‍ പോകേണ്ടി വരുന്നത് എങ്ങനെയാണ്?
 അത് ഒരാളുടെ വീട് അല്ലല്ലോ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനക്‌സ് ആണത്.

 അത് ഡയറക്ടര്‍ താമസിക്കുന്ന വീടാണല്ലോ?
 അവിടെ ഗസ്റ്റ് ഹൗസും ഉണ്ടല്ലോ, അതും താമസിക്കുന്നയിടമല്ലേ? ഒരാള്‍ അവിടെ താമസിക്കുന്നൂ എന്നതുകൊണ്ട് അത് പ്രൈവറ്റ് ആകുന്നത് എങ്ങനെയാണ്? സര്‍ക്കാര്‍ എടുത്തുകൊടുത്തിരിക്കുന്ന, സര്‍ക്കാര്‍ ചെലവിലുള്ള കെട്ടിടമാണത്. ദിവസവും അവിടെ പോയി ജോലി ചെയ്യേണ്ടതാണ്, എന്നാല്‍ അവരാണ് നിര്‍ബന്ധപൂര്‍വം പറഞ്ഞത് ആഴ്ച്ചയില്‍ ഒരു ദിവസം വന്നാല്‍ മതിയെന്ന്.

 അഞ്ച് സ്ത്രീകള്‍ പറയുന്നത് താങ്കള്‍ വിശ്വസിക്കുന്നില്ല, പക്ഷേ ഒരു സ്ത്രീ പറയുന്നത് വിശ്വസിക്കുന്നു. ശങ്കര്‍ മോഹന്റെ ഭാര്യ പറയുന്നതു മാത്രമാണ് താങ്കള്‍ വിശ്വസിക്കുന്നത്.
 എന്നാല്‍ ഒരു കാര്യം ചെയ്യാം, സത്യമേതാണ് തെറ്റ് ഏതാണെന്നത് വോട്ട് ഇട്ടു തീരുമാനിക്കാം. ആ സ്ത്രീകള്‍ക്ക് ആറായിരം രൂപയായിരുന്നു ശമ്പളം. ശങ്കര്‍ മോഹന്‍ ആണ് സര്‍ക്കാരിലേക്ക് എഴുതി അവരുടെ ശമ്പളം എണ്ണായിരം ആക്കിയത്. രണ്ടു മാസമായി അവര്‍ ആ ശമ്പളം വാങ്ങുന്നുണ്ട്. നാലു മണിക്കൂറാണ് അവരുടെ ജോലി സമയം. ഏതെങ്കിലും ദിവസം കൂടുതല്‍ സമയം ജോലി ചെയ്യുകയാണെങ്കില്‍ അഡീഷണല്‍ പേയ്‌മെന്റ് കൊടുക്കുന്നുണ്ട്. പിന്നെയവര്‍ക്ക് എന്തിനെപ്പറ്റിയാണ് പരാതി?

 എന്താണ് അവരുടെ പരാതിയെന്ന് താങ്കള്‍ അവരോട് ചോദിച്ചില്ലല്ലോ?
 ഞാനെന്തിനാണ് ചോദിക്കുന്നത്? ചെയര്‍മാന്റെ ജോലിയല്ലത്. മാധ്യമങ്ങളില്‍ വരുന്നുണ്ടല്ലോ.ആരെയെങ്കിലും പറ്റി ദൂഷ്യം പറയുമ്പോള്‍ അത് ആസ്വദിക്കുന്നതുപോലെയല്ലേ മാധ്യമങ്ങള്‍ ചെയ്യുന്നത്. അവനവനെപ്പറ്റി പറയാത്തിടത്തോളം മറ്റുള്ളവനെ കുറിച്ച് പറയുന്ന അധിക്ഷേപങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുന്നു. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് എന്താണ് തൂപ്പുകാരുമായിട്ട് ബന്ധം?

 അവര്‍ ഒരേ സ്ഥാപനത്തിലുള്ളവര്‍ അല്ലേ?
 അല്ല, അവര്‍ ഒരേ സ്ഥാപനത്തിലുള്ളവരല്ല. വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികളും ജോലിക്കാര്‍ ജോലിക്കാരുമാണ്.

 തൂപ്പുകാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംസാരിക്കാന്‍ പാടില്ലെന്നും സൗഹൃദമുണ്ടാകാന്‍ പാടില്ലെന്നുമൊക്കെ പറയുന്നത് ശരിയാണോ ?
 സൗഹൃദം പാടില്ലെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ആ ജോലിക്കാരുടെ, മറ്റാരും കേട്ടിട്ടില്ലാത്ത പരാതികള്‍ എന്തിനാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തിരിക്കുന്നത്? മാനുഷികമായി വലിയ തെറ്റാണ് ആ സ്ത്രീകള്‍ ചെയ്തിരിക്കുന്നത്. ആ വീട്ടിലെ കക്കൂസൊക്കെ കൈയിട്ട് കഴുകിച്ചെന്നു കള്ളം പറയുന്നതൊക്കെ പാപമാണ്. അങ്ങനെയുള്ളവരോട് ഞാനെന്ത് പോയി പറയാനാണ്.

 ചെയര്‍മാനല്ല, ഈ പ്രശ്‌നത്തില്‍ നേരിട്ട് പോയി ഇടപെടേണ്ടതെന്ന താങ്കളുടെ വാദം അംഗീകരിക്കുന്നു. അതേസമയം, ഒരു ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ താങ്കള്‍ എന്തൊക്കെ ചെയ്തൂ എന്നൊന്നു പറയാമോ?
സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തുന്നുണ്ട്. ആ അന്വേഷണത്തിന്റെ റിസള്‍ട്ട് വരട്ടെ. എല്ലാവരും കൂടിപ്പോയി അന്വേഷിക്കേണ്ട ആവശ്യമില്ലല്ലോ. സര്‍ക്കാര്‍ ഒരു ഉന്നതതല സമതിയെ നിയോഗിച്ചിട്ടുണ്ട്.

 താങ്കള്‍ ആ സമിതിയുടെ ഭാഗമല്ലല്ലോ?
അല്ല. അന്വേഷണം എന്നെപ്പറ്റിയല്ല. എന്നോട് സമരക്കാര്‍ ആരും ഒന്നും പറഞ്ഞിട്ടില്ല. സമരം ചെയ്യാന്‍ പോകുവാണന്നു പോലും. സമരം തുടങ്ങുകയാണെന്നു മാത്രമാണ് അറിയിച്ചത്. ആ സമയത്ത് ഞാന്‍ സുഖമില്ലാതെ കിടക്കുകയായിരുന്നു. നേരിട്ട് വരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് എന്നെ ഫോണിലോ ഇമെയില്‍ വഴിയോ ബന്ധപ്പെടാമായിരുന്നു. അതവര്‍ ചെയ്തിട്ടില്ല. അസുഖബാധിതനായിരുന്നതാല്‍ ഞാന്‍ ആ മെയില്‍ കാണുന്നത് അഞ്ചാറു ദിവസം കഴിഞ്ഞിട്ടാണ്. അതിനുള്ളിലവര്‍ സ്ഥാപനത്തിന്റെ അന്തരീക്ഷം മലിനമാക്കിയിരുന്നു. സമരം നടത്തുന്നവരുടെ അടുത്തുപോയി സംസാരിക്കേണ്ട ആവശ്യം എനിക്കില്ല. അനധികൃതമായി നടത്തുന്ന സമരമാണത്. കോവിഡ് മൂലം അടച്ചിട്ടിരുന്നൊരു സ്ഥാപനത്തില്‍, ഇനിയുള്ള സമയം പഠിക്കാനുള്ളത് പഠിക്കാതെ, അവരുടെതല്ലാത്തൊരു പ്രശ്‌നം ഏറ്റെടുത്ത് സമരം ചെയ്യണോ? നമ്മുടെ ലോകത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതൊക്കെ പരിഹരിച്ചിട്ടേ അവിടെ പഠിക്കുന്നുള്ളൂ എന്നാണെങ്കില്‍ അത് ശരിയായൊരു സമീപനമാണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മള്‍ പല അനീതികളും സഹിച്ചുകൊണ്ടാണ് ജീവിക്കുന്നത്.

 അനീതികള്‍ സഹിച്ചു ജീവിക്കണമെന്നാണോ താങ്കളുടെ അഭിപ്രായം?
 ഇതെല്ലാം പരിഹരിച്ചിട്ടേ പഠിക്കുന്നുള്ളൂ എന്നാണെങ്കില്‍ നല്ല ഐഡിയ ആണ്. കൊള്ളാം.

അവര്‍ അവരുടെ പ്രശ്‌നമല്ലേ ഉയര്‍ത്തുന്നത്, അല്ലാതെ പുറത്തു നിന്നുള്ളതല്ലല്ലോ?
 അവരുടെ പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ടാണവര്‍ നേരത്തെ നമ്മളോടത് പറയാത്തതും നോട്ടീസ് തരാത്തതുമൊക്കെ. അവര്‍ക്ക് പ്രശ്‌നമൊന്നുമില്ല. അവിടുത്തെ 99 ശതമാനം കുട്ടികളും വന്നിരിക്കുന്നത് പഠിക്കാനാണ്, സമരം ചെയ്യാനല്ല. സമരം ചെയ്യാന്‍ അവകാശമുണ്ട്. പക്ഷേ, അതിനുള്ള കാരണം വേണം. ഞാനും സമരങ്ങളെ പിന്തുണച്ചിട്ടുള്ളയാളാണ്.പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ടെലിവിഷന്‍ നടനെ ചെയര്‍മാനാക്കി കൊണ്ടുവച്ചപ്പോള്‍, അതിനെതിരേ മുമ്പില്‍ നിന്നു പ്രതിഷേധിക്കുകയും എഴുതുകയും പറയുകയുമൊക്കെ ചെയ്തിട്ടുള്ളയാളാണ് ഞാന്‍. ദേര്‍ വാസ് എ കോസ്. ഒരു കോസ് വേണം. മനുഷ്യര്‍ കേട്ടു കഴിഞ്ഞാല്‍ ശരിയാണെന്നു തോന്നുന്നൊരു കാരണം വേണം. മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത് സെന്‍സേഷണല്‍ ആക്കാനല്ല, സത്യം എന്താണെന്ന് അറിയാനാണ്.

 ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ചില ഗൂഢാലോചനകളുണ്ടെന്ന് പറഞ്ഞുവല്ലോ. അതിനെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കാന്‍ കഴിയുമോ?
 അതിപ്പോള്‍ പറയുന്നില്ല. അക്കാര്യത്തില്‍ ഒരു പൊലീസ് അന്വേഷണം നടത്തേണ്ടതുണ്ട്. ആ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള പലര്‍ക്കും അറിയാം ആരൊക്കെയാണ് അതിനു പിന്നിലുള്ളതെന്ന്. ഞാനായിട്ട് അതു പറയുന്നില്ല.

 അവര്‍ സിനിമ രംഗത്തുള്ളവരാണോ, രാഷ്ട്രീയ രംഗത്തുള്ളവരാണോ?
അതൊന്നും ഞാന്‍ പറയില്ല. ഒരു പൊലീസ് അന്വേഷണം ഇതില്‍ നടത്തണം, ഇതിനു പിന്നിലെ കുറ്റക്കാരെ പിടിക്കണം, അവരെ ശിക്ഷിക്കണം. ഒരു സ്ഥാപനത്തെ നശിപ്പിക്കാന്‍ വേണ്ടി വളരെ കൃത്യമായി ചെയ്തതാണ്. എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുക എന്നൊരു ചൊല്ലുണ്ട്. ശങ്കര്‍ മോഹന്‍ ആ സ്ഥാപനത്തില്‍ അച്ചടക്കം കൊണ്ടു വന്നു. അതാണ് വിദ്യാര്‍ത്ഥികള്‍ക്കും അവിടുത്തെ സ്റ്റാഫില്‍ ഉള്ള ചിലര്‍ക്കുമൊക്കെ ബുദ്ധിമുട്ടുണ്ടാക്കിയത്. സ്ഥാപനത്തില്‍ അച്ചടക്കം കൊണ്ടുവന്നത് പലര്‍ക്കും അസൗകര്യമുണ്ടാക്കി. ശങ്കര്‍ മോഹനെ പുറത്തു ചാടിച്ചാല്‍ പിന്നെ അച്ചടക്കം നോക്കണ്ടല്ലോ! 2014 ല്‍ ആരംഭിച്ച സ്ഥാപനം 2019 ല്‍ ശങ്കര്‍ മോഹന്‍ അവിടെ ജോയ്ന്‍ ചെയ്യുന്നതുവരെ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാവുന്ന അവസ്ഥയിലായിരുന്നു. ഈ രംഗത്ത് ശങ്കര്‍ മോഹനെക്കാള്‍ അറിവും പരിചയവുമുള്ളൊരു വ്യക്തി ഇന്ത്യയിലില്ല. സിനിമയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തെ കേരള സര്‍ക്കാര്‍ ഇങ്ങോട്ട് ക്ഷണിച്ചു കൊണ്ടുവന്നതാണ്.

 ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായൊരു സാഹചര്യത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറാനുള്ള ആലോചന വല്ലതുമുണ്ടോ?
ഞാനെന്തിനാണ് മാറുന്നത്? ഞാന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ല. അവരൊക്കെ പാവങ്ങളാണ്. എന്തോ പ്രലോഭനങ്ങള്‍ നല്‍കിയാണ് അവരെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നത്. അവര്‍ വലിയ റിസ്‌ക് ആണല്ലോ എടുത്തിരിക്കുന്നത്. അവരുടെ ജോലി തന്നെ നഷ്ടപ്പെട്ടേക്കാം. അതൊക്കെ അറിഞ്ഞുകൊണ്ടായിരിക്കുമല്ലോ അവരിതൊക്കെ ചെയ്യുന്നത്. അപ്പോള്‍ അവര്‍ക്ക് മറ്റെന്തെങ്കിലുമൊക്കെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കാം. ശങ്കര്‍ മോഹനെ അഞ്ചു ദിവസം കൊണ്ട് പറഞ്ഞയക്കും എന്നു പറഞ്ഞാണ് സമരം തുടങ്ങിയിരിക്കുന്നത്. ഒരു മാസം മുമ്പു ചേര്‍ന്ന പുതിയ ബാച്ചുണ്ട്. അവരോട് പറഞ്ഞിരിക്കുന്നത് അഞ്ചു ദിവസം കൊണ്ട് ശങ്കര്‍ മോഹനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കുമെന്നാണ്. അത്തരത്തിലുള്ളൊരു വളരെ വൃത്തികെട്ട സമരമാണവിടെ നടക്കുന്നത്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായിട്ടും അവകാശമുണ്ട്,. ബട്ട് ദാറ്റ് ഷുഡ്ബി ഫോര്‍ എ ഗുഡ് കോസ്. സമരം ചെയ്തിട്ട് അതിന്റെ കാരണങ്ങള്‍ കണ്ടു പിടിക്കാന്‍ ഇറങ്ങുകയല്ല വേണ്ടത്. അങ്ങനെയാണ് കക്കൂസിനകത്ത് കൈയിടുന്ന തരത്തിലുള്ള കാരണങ്ങളൊക്കെ വരുന്നത്. ശങ്കര്‍ മോഹന്റെ ഭാര്യ ഒരു സാധാരണ സ്ത്രീയല്ല, അവര്‍ നല്ല വിദ്യാഭ്യാസമുള്ളൊരു സ്ത്രീയാണ്. നല്ല അറിവും പെരുമാറ്റവുമൊക്കെയുള്ളൊരു സ്ത്രീയാണ്. ഇതിനൊന്നും മറ്റൊരു അര്‍ത്ഥം കാണേണ്ടതില്ല. ഒരു ഓണ്‍ലൈന്‍ മാധ്യമം എഴുതിയത് ശങ്കര്‍ മോഹന്‍ ഉന്നതകുലജാതനാണെന്ന് ഞാന്‍ പറഞ്ഞെന്നാണ്. അങ്ങനെയൊക്കെ പറയാന്‍ എനിക്ക് ഭ്രാന്തുണ്ടോ? ദളിത് പ്രശ്‌നം സമരത്തിന്റെ ഭാഗമായിരിക്കുന്ന സമയത്ത് ഞാന്‍ ഉന്നതകുല ജാതനാണെന്ന പരമാര്‍ശം ഒരാളെപ്പറ്റി ഞാന്‍ പറയുമോ? എന്റെ ജീവിതത്തില്‍ പോലും അത്തരമൊരു കണ്‍സെപ്റ്റ് എനിക്കില്ല. കെ ആര്‍ നാരായണന്‍ ഇന്ന വീട്ടില്‍ ജനിച്ചതുകൊണ്ടല്ലോ ഇന്ത്യയുടെ പ്രസിഡന്റ് ആയത്. അദ്ദേഹം ക്വാളിറ്റിയുള്ളൊരു ആളായിരുന്നു. അല്ലാതെ കുറഞ്ഞ ജാതിയില്‍ ജനിച്ചതുകൊണ്ടല്ല.

Share on

മറ്റുവാര്‍ത്തകള്‍