‘കണ്ണീരോടെ നൃത്തം ചെയ്യാൻ ഞങ്ങൾക്കാവില്ല’; മോദിയുടെ മണിപ്പൂർ സന്ദർശനത്തെ എതിർത്ത് കുക്കി-സോ ഗ്രൂപ്പുകൾ

സംഘർഷം ആരംഭിച്ചതിനുശേഷം ആദ്യമായിട്ടാണ് മോദി മണിപ്പൂർ സന്ദർശിക്കുന്നത്

മണിപ്പൂരിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് വിവിധ കുക്കി-സോ ഗ്രൂപ്പുകൾ. 2023 മെയ് മാസത്തിൽ സംഘർഷം ആരംഭിച്ചതിനുശേഷം ആദ്യമായിട്ടാണ് നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കുന്നത്. സെപ്റ്റംബർ 13നാണ് മോദിയുടെ സന്ദർശനമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്വാഗത പരിപാടിയിൽ പങ്കെടുക്കുന്നതിന് പകരം വംശീയ അതിക്രമത്തിൽ ദുരിതമനുഭവിക്കുന്നവരെ കാണുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് ഇംഫാൽ മാർ ഡിസ്‌പ്ലേസ്ഡ് കമ്മിറ്റി പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഞങ്ങളുടെ ദുരിതങ്ങൾ അവസാനിച്ചിട്ടില്ല, കണ്ണുനീർ വറ്റിയിട്ടില്ല, മുറിവുകൾ ഉണങ്ങിയിട്ടില്ല, അതിനാൽ സന്തോഷത്തോടെ നൃത്തം ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല,” ഇംഫാൽ ഹ്മാർ ഡിസ്‌പ്ലേസ്ഡ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ചുരാചന്ദ്പൂരിലെ ഗാംഗ്‌തെ സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുമ്പോഴും തങ്ങൾക്കതാവില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കുക്കി – സോ ജനതയുടെ കൂട്ടായ അഭിലാഷങ്ങൾക്ക് നീതിയും അംഗീകാരവും നൽകുന്നതിനായിരിക്കണം പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള ആവശ്യം വ്യക്തവും ശക്തവുമാണെന്നും, താത്കാലികമായ ദുരിതാശ്വാസ നടപടികൾക്ക് ശാശ്വതമായ പരിഹാരം നൽകാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം തങ്ങളുടെ ദുരിതങ്ങൾ പങ്കുവെക്കാൻ ഒരു അവസരമായാണ് മെയ്‌തേയി ഭൂരിപക്ഷ പ്രദേശങ്ങളിലുള്ളവർ കാണുന്നതെന്ന് റിപ്പോർ‍ട്ടിൽ പറയുന്നു.

സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ സാന്നിധ്യം, നീണ്ട കാലത്തെ ഞങ്ങളുടെ ദുരിതങ്ങളും വംശീയ കലാപം കാരണം സാധാരണക്കാർ എങ്ങനെയാണ് ദുരിതമനുഭവിച്ചതെന്നും പങ്കുവെക്കാൻ ഒരു വേദി നൽകും, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഒരു ഗ്രാമീണനായ സോയിബാം റീഗൻ പറഞ്ഞു. ഇമാഗി മെയ്‌റ എന്ന സ്ത്രീ സംഘടന, പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുമ്പോൾ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന മെയ്‌തേയി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

2023 മെയ് മുതൽ മെയ്‌തേയി, കുക്കി-സോ വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയ കലാപത്തിൽ 260 ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവെച്ചതിനെ തുടർന്ന് കേന്ദ്രം മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 2027 വരെ സംസ്ഥാന നിയമസഭ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

Content Summary: Kuki-Zo groups oppose Narendra Modi’s welcome ceremony in Manipur

This post was last modified on September 10, 2025 5:14 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment