ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ രൂക്ഷമായ സംഘർഷങ്ങളിൽ ഭയന്ന് നിരവധി കുടിയേറ്റ തൊഴിലാളികൾ പഞ്ചാബിൽ നിന്ന് പലായനം ചെയ്തിരുന്നു. അവരിൽ ഭൂരിഭാഗം തൊഴിലാളികളും നാട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലായെന്നാണ് ദി ന്യൂസ് മിനിറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് പഞ്ചാബിൽ ഫാക്ടറികളിലും കൃഷിയിടങ്ങളിലും നിലവിൽ തൊളിലാളികളുടെ അഭാവം രൂക്ഷമാണ്. ലുധിയാനയിലെ പവർലൂമുകൾ, ഡൈയിംഗ് യൂണിറ്റുകൾ, ദോബ മേഖലയിലെ നെൽ പാടങ്ങൾ തുടങ്ങി പ്രധാന തൊഴിൽ മേഖലകളെല്ലാം തന്നെ നിശ്ചലമായിരിക്കുകയാണ്.
മിസൈൽ ആക്രമണങ്ങളുണ്ടായതിന് പിന്നാലെ വൈദ്യുതി തടസ്സവും വന്നതിനാൽ പരിഭ്രാന്തരായ തൊഴിലാളികൾ മെയ് 8 ഓടെ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോവുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികളുടെ അഭാവം കാർഷികമേഖലയെ വലിയ രീതിയിൽ ബാധിക്കുമെന്ന് ജലന്ധർ ജില്ലയിലെ കർഷകനായ ചരൺജീത് സിംഗ് പറഞ്ഞതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. വിതയ്ക്കൽ വൈകുന്നത് നഷ്ടത്തിലേക്ക് നയിക്കുമെന്നും അത് കർഷകരുടെ ജീവിതം കൂടുതൽ ദുസഹമാക്കുമെന്ന് ഭയപ്പെടുന്നതായി ചരൺജീത് സിംഗ് പറഞ്ഞു.
തിരികെയെത്താൻ മടിക്കുന്ന തൊഴിലാളികൾക്കായി പല മേഖലകളും നിരവധി വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഉയർന്ന വേതനം, സൗജന്യ ഭക്ഷണം, ഗതാഗതം എന്നിവയാണ് പലരും പറയുന്നത്. അതേസമയം, തിരികെയെത്താൻ തൊഴിലാളികൾ ഇപ്പോഴും ഭയക്കുന്നതായാണ് ലഭിക്കുന്ന വിവരം.
പഞ്ചാബിലുടനീളം ഏകദേശം 3.9 ദശലക്ഷം കുടിയേറ്റ തൊഴിലാളികളാണ് താമസിക്കുന്നത്. ഇന്ത്യ – പാക് സംഘർഷത്തിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് തങ്ങളുടെ താമസസ്ഥലങ്ങൾ ഉപേക്ഷിച്ച് പോകാൻ അവർ നിർബന്ധിതരായതെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ വ്യോമസേനാ താവളമായ ആദംപൂർ വ്യോമസേനാ താവളത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ദോഗ്രി. മിസൈലാക്രമണത്തിൽ ദോഗ്രിയിലെ കൃഷിയിടങ്ങളിലും വീടുകളിലും അവശിഷ്ടങ്ങൾ പതിച്ചുവെന്നും മുഴുവൻ ഗ്രാമങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടുവെന്നും ദോഗ്രി നിവാസികൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
മെയ് 9 ന് രാത്രിയിൽ ഒന്നിലധികം മിസൈലുകളാണ് പഞ്ചാബിലെ കുടിയേറ്റ ഗ്രാമങ്ങളിൽ പതിച്ചത്. തുടർന്ന് ബീഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ അമൃത്സർ, ജലന്ധർ, ലുധിയാന, പത്താൻകോട്ട് എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. പ്ലാറ്റ്‌ഫോമുകൾ ജനങ്ങളെ കൊണ്ട് നിറയുകയും ടിക്കറ്റ് നിരക്ക് 800 രൂപയിൽ നിന്ന് 2,500 രൂപയായി ഉയരുകയും ചെയ്തു.
യുദ്ധത്തെ മാത്രമല്ല, കോവിഡ് കാലത്തെപ്പോലെ മറ്റൊരു ലോക്ഡൗൺ കൂടെ പ്രദേശത്ത് ഉണ്ടാകുമെന്ന് ജനങ്ങൾ ഭയപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ആദ്യ ദിവസങ്ങളിൽ പോകാൻ കഴിയാതെ ഗ്രാമങ്ങളിൽ തുടർന്ന തൊഴിലാളികൾക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചത് വലിയ ആശ്വാസമായിരുന്നു. എന്നാൽ തൊഴിലാളികളുടെ കുറവ് എല്ലാ മേഖലയിലും കാര്യമായി തന്നെ ബാധിച്ച് തുടങ്ങിയിരുന്നു. കാർഷിക മേഖല മാത്രമല്ല, ലുധിയാന, ജലന്ധർ, ബടാല എന്നിവിടങ്ങളിലെ ഫാക്ടറികളിലും തൊഴിലാളികളില്ലാതെ ബുദ്ധിമുട്ടുകയാണ്.
സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വ്യാജ വാർത്തയാണ് മറ്റൊരു കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ആക്രമണങ്ങളിൽ സാധാരണക്കാർക്ക് നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സുരക്ഷാ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ തൊഴിലാളികൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അത് പുനർനിർമ്മിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഇപ്പോഴും ഗ്രാമങ്ങളിൽ തുടരുന്നവർ അതിലേറെ പ്രതിസന്ധിയാണ് നേരിടുന്നത്. പലർക്കും കഴിഞ്ഞ മാസത്തെ ജോലിയുടെ ശമ്പളം പോലും ലഭിച്ചിട്ടില്ല. തൊഴിലാളികൾക്ക് മുഴുവൻ പണവും നൽകിയാൽ അവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമെന്ന് പല ഉടമകളും ഭയപ്പെടുന്നതാണ് ശമ്പളം വൈകുന്നതിനുള്ള കാരണം.
തൊഴിലാളികളുടെ അഭാവം മൂലം ഉണ്ടാകുന്ന പ്രതിസന്ധിക്ക് ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്ന് ബിസിനസ് ഗ്രൂപ്പുകളും കർഷക സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതയ്ക്കൽ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിന് ബോധവൽക്കരണ കാമ്പെയ്‌നുകൾ, മികച്ച സുരക്ഷാ ആശയവിനിമയം തുടങ്ങിയ മാർഗങ്ങളാണ് അവർ മുന്നോട്ട് വെച്ചിട്ടുള്ളത്.
Content Summary: Laborers flee after missile attack, Punjab’s employment sector in crisis