കടത്തില്‍ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്നവന് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കൈയില്‍ കിട്ടിയത് വെട്ടിത്തിളങ്ങുന്ന വജ്രക്കല്ല്! അറബിക്കഥയിലെന്ന പോലെയാണ് രാജു ഗൗണ്ടിന്റെ ജീവിതം മാറിയത്.
19.22 കാരറ്റ് വജ്രമാണ് മധ്യപ്രദേശ് സ്വദേശിയായ രാജു കുഴിച്ചെടുത്തത്. 80 ലക്ഷം രൂപയോളം ഇതിന് മൂല്യം വരുമെന്നാണ് വിവരം.
മധ്യപ്രദേശിലെ പന്ന പട്ടണത്തില്‍ വജ്ര ഖനി പാട്ടത്തിനെടുത്ത് ഖനനം നടത്തുന്നയാളാണ് രാജു. കഴിഞ്ഞ 10 വര്‍ഷമായി ഇങ്ങനെയൊരു ഭാഗ്യം തേടിയായിരുന്നു രാജു കുഴിച്ചു കൊണ്ടിരുന്നത്.
വജ്രനിക്ഷേപത്തിന് പ്രശസ്തമായ സ്ഥലമാണ് പന്ന. സാധാരണക്കാരായ ആളുകള്‍ തുച്ഛമായ തുകയ്ക്ക് സര്‍ക്കാരില്‍ നിന്നും വജ്രഖനികള്‍ പാട്ടത്തിന് എടുത്ത് അവിടെ ഭാഗ്യാന്വേഷണത്തിനായി ഇറങ്ങും. സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ മൈനിംഗ് ഡവല്പമെന്റ് കോര്‍പ്പറേഷന്‍(എന്‍എംഡിസി) പന്നയില്‍ യന്ത്രവത്കൃത സംവിധാനത്തിലുള്ള ഖനനം നടത്തി വരുന്നുണ്ട്. വലിയ ഖനികളാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കുന്നത്. ആഴം കുറഞ്ഞ ചെറിയ ഖനികള്‍ സര്‍ക്കാര്‍ പാട്ടത്തിനു കൊടുക്കും. ഒരു നിശ്ചിത കാലത്തേക്ക് 200-250 രൂപ വാടകയ്ക്ക് ചെറിയ ഖനികള്‍ പാട്ടത്തിനു കിട്ടും. വ്യക്തികള്‍, കുടുംബങ്ങള്‍, ചെറുകിട യൂണിറ്റുകള്‍ എന്നിവരാണ് ഇത്തരത്തില്‍ ഖനികള്‍ പാട്ടത്തിനെടുക്കുന്നത്. അവിടെ പഴയ രീതിയിലുള്ള, മനുഷ്യാധ്വാനം കൊണ്ട് മാത്രം നടത്തുന്ന ഖനനമാണ് ചെയ്യുന്നത്. മണ്‍വെട്ടികളും പാരകളും കൊട്ടകളുമൊക്കെ ഉപയോഗിച്ച് വെട്ടിയും കുഴിച്ചുമുള്ള ഖനനം. അവര്‍ക്ക് യന്ത്രങ്ങളുടെയോ സാങ്കേതിക വിദ്യകളുടെയോ സഹായമുണ്ടാകില്ല, അതിനൊന്നുമുള്ള സാഹചര്യവും അവര്‍ക്കില്ല. എന്നെങ്കിലും ഒരിക്കല്‍ ഭാഗ്യം തങ്ങളുടെ മുന്നിലും തെളിയും എന്ന പ്രതീക്ഷമാത്രമാണുള്ളത്.
സ്വകാര്യ വ്യക്തികളുടെ ഖനനത്തില്‍ വജ്രക്കല്ലുകള്‍ കിട്ടിയാല്‍ അത് സര്‍ക്കാരിനെ ഏല്‍പ്പിക്കണം. ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഓഫിസ് മുഖേനയായിരിക്കും വജ്രത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്.
2018 ല്‍ പന്നയിലെ ഒരു ഖനി തൊഴിലാളിക്ക് ഒന്നരക്കോടിയുടെ മൂല്യമുള്ള വജ്രം കിട്ടിയിരുന്നു. പക്ഷേ ഇത്തരം ഭാഗ്യം വളരെ അപൂര്‍വമാണ്.
സാധാരണ ചെറിയ കല്ലുകളാണ് ഇവര്‍ക്കൊക്കെ കിട്ടുന്നത്. രാജു ഗൗണ്ടിന് കിട്ടിയ വജ്രം അതിന്റെ വലുപ്പം കൊണ്ടാണ് ശ്രദ്ധേയമായത്- ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ബിബിസിയോട്, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വജ്ര ഖനന വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അനുപം സിംഗ് പറയുന്നു.
പന്നയ്ക്ക് സമീപമുള്ള കൃഷ്ണ കല്യാണ്‍പൂര്‍ പാട്ടി ഗ്രാമത്തിലുള്ള ഖനിയിലാണ് രാജുവിന്റെ ഭാഗ്യം തെളിഞ്ഞത്. അയാളുടെ അച്ഛനാണ് രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഈ ഖനി പാട്ടത്തിനെടുത്തത്.
മഴക്കാലം ആകുമ്പോഴാണ് തന്റെ കുടുംബം ഖനികള്‍ പാട്ടത്തിനെടുക്കുന്നതെന്നാണ് രാജു ബിബിസിയോട് പറഞ്ഞത്. മഴ തുടങ്ങിയാല്‍ കൃഷിപ്പണിയും മേസ്തരിപ്പണിയൊന്നും നടക്കാതെയാകും, അതോടെയാണ് നാട്ടുകാര്‍ ഖനികളില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നത്.
‘ ഞങ്ങള്‍ തീരെ പാവപ്പെട്ടവരാണ്, മറ്റൊരു വരുമാനവുമില്ല. ചെറിയൊരു വരുമാനമെങ്കിലും ആകുമെന്ന പ്രതീക്ഷയിലാണ് ഇവിടെ(ഖനിയില്‍) പണിക്കിറങ്ങുന്നത്’ രാജു പറയുന്നു.
വജ്രക്കലുകള്‍ കിട്ടി ജീവിതം മാറിയവരുടെ കഥകള്‍ രാജുവും കേട്ടിട്ടുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് അയാളും കുഴിക്കാന്‍ തുടങ്ങിയത്.
പതിവ് പോലെ ബുധനാഴ്ച്ചയും രാജു ഖനിയിലെത്തി. സ്ഥിരമായി ചെയ്യുന്നതുപോലെ പരമ്പരാഗത ഉപകരണങ്ങള്‍ ഉപയോഗിച്ച് വജ്രം തേടാനും തുടങ്ങി. ‘ മടുപ്പിക്കുന്നൊരു പണിയാണിത്. ഖനിയില്‍ കുഴിയെടുത്ത്, അതില്‍ നിന്നും മണ്ണും പാറക്കഷ്ണങ്ങളുമൊക്കെ വാരിയെടുത്ത്, കഴുകി അരിപ്പയില്‍ ഇട്ട് അരിച്ചെടുക്കണം. ആയിരക്കണക്കിന് കല്ലുകഷ്ണങ്ങള്‍ കാണും, അതിനിടയിലാണ് വജ്രം തിരയേണ്ടത്. അരിക്കുമ്പോള്‍ അതില്‍ വജ്രമുണ്ടോയെന്ന് സൂക്ഷമായി നോക്കിക്കൊണ്ടിരിക്കണം.’ രാജു പറയുന്നു.
അന്ന് ഉച്ചയോടെ രാജുവിന്റെ എല്ലാ കഷ്ടപ്പാടുകള്‍ക്കും ഫലമുണ്ടായി.
‘ കല്ലുകള്‍ ശ്രദ്ധാപൂര്‍വം അരിച്ചെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ചില്ല് കഷ്ണം പോലെ എന്തോ തിളങ്ങുന്നത് കാണുന്നത്. ഞാനതെടുത്ത് നോക്കി, ഒരു മങ്ങിയ തെളിച്ചം ഉണ്ടായിരുന്നു. അപ്പോഴാണെനിക്ക് മനസിലായത്, ഒടുവില്‍ ഞാനൊരു വജ്രം കണ്ടെത്തിയിരിക്കുന്നു’
നിയമം പറയുന്നതുപോലെ, കിട്ടിയ വജ്രക്കല്ല് രാജു ഡയമണ്ട് ഓഫിസില്‍ ഹാജരാക്കി. അവിടെയാണ് അതിന്റെ തൂക്കവും മൂല്യവും നോക്കിയത്.
അടുത്ത ലേലത്തില്‍ ഈ വജ്രക്കല്ല് ലേലത്തില്‍ വയ്ക്കുമെന്നാണ് അനുപം സിംഗ് ബിബിസിയോട് പറഞ്ഞത്. ലേലത്തില്‍ വിറ്റ് കിട്ടുന്ന പണത്തില്‍ നിന്നും രാജുവിന് അയാളുടെതായ വിഹിതം ലഭിക്കും. സര്‍ക്കാര്‍ എടുക്കുന്ന റോയല്‍റ്റിയും നികുതിയും കിഴിച്ചുള്ള തുകയായിരിക്കും രാജുവിന് കിട്ടുക.
കിട്ടുന്ന പണം കൊണ്ട് രാജുവിന് പല സ്വപ്‌നങ്ങളും നിറവേറ്റാനുണ്ട്. അഞ്ചുലക്ഷത്തോളം ഇപ്പോള്‍ കടമുണ്ട്. അത് ആദ്യം വീട്ടണം. കുടുംബത്തിനായി നല്ലൊരു വീട് വയ്ക്കണം, മക്കളുടെ പഠനത്തിനായും മാറ്റി വയ്ക്കണം. തനിക്കൊപ്പമുള്ള 19 ബന്ധുക്കള്‍ക്കും കിട്ടുന്ന പണത്തില്‍ നിന്ന് ഓരോ വിഹിതം കൊടുക്കാനും രാജു തയ്യാറാണ്.
ഒരു തവണത്തേക്ക് മാത്രമാണോ ഭാഗ്യം തന്നെ കടാക്ഷിച്ചതെന്ന് അറിയേണ്ടതുണ്ട് രാജുവിന്, അതിനയാള്‍ വീണ്ടും ഖനിയിലേക്ക് വജ്രം തേടി പോകാനൊരുങ്ങുകയാണ്. labourer digs up diamond worth 80 lakhs in madhya pradesh panna town
Content Summary; labourer digs up diamond worth 80 lakhs in madhya pradesh panna town