June 03, 2026 |
Share on

ലഡാക്ക് പ്രക്ഷോഭം: അക്രമങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍

തൊഴിലില്ലായ്മയും യുവാക്കളുടെ രോഷവും

ലഡാക്കിലെ ലേയിൽ യുവാക്കൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് ലഡാക്കിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സ്വതന്ത്ര സംഘടനയായ ലേ അപെക്‌സ് ബോഡി (LAB) നേതാക്കൾ പൊതുജനങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി രണ്ട് ദിവസത്തിന് ശേഷമാണ് പ്രക്ഷോഭം ആളിക്കത്തിയത്.

പ്രതിഷേധക്കാരുടെ ആവശ്യം വെറും സംസ്ഥാന പദവി മാത്രമല്ല, ഗോത്രവർഗ്ഗ മേഖലയായ ലഡാക്കിന്റെ തനതായ സ്വഭാവം സംരക്ഷിക്കുന്നതിനുള്ള ആവശ്യങ്ങൾ കൂടിയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് ലേ അപെക്‌സ് ബോഡി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 10-നാണ് ലേ അപെക്‌സ് ബോഡിയുടെ നേതൃത്വം 35 ദിവസത്തെ നിരാഹാര സമരം ആരംഭിച്ചത്. പ്രസിദ്ധ സാമൂഹ്യ പ്രവർത്തകനായ സോനം വാങ്ചുക്കിന്റെ നിരാഹാര സമരവും ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ അക്രമങ്ങളെ അദ്ദേഹം ‘അസംബന്ധം’ എന്ന് വിശേഷിപ്പിക്കുകയും, അതിലുള്ള അതൃപ്തി കാരണം സമരം അവസാനിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ നാല് വർഷമായി ലഡാക്കിന്റെ ആവശ്യങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന ലേ അപെക്‌സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസുമായി ചേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തി വരികയാണ്.

അക്ഷമരായി ജനങ്ങൾ

ലഡാക്കിലെ ലേയിൽ പ്രതിഷേധം അക്രമാസക്തമായതോടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (MHA) നീക്കങ്ങളിൽ ലേ അപെക്‌സ് ബോഡി (LAB) അതൃപ്തി രേഖപ്പെടുത്തി. തങ്ങളുമായി കൂടിയാലോചിക്കാതെ ഒക്ടോബർ 6-ന് അടുത്ത ചർച്ച നിശ്ചയിച്ച കേന്ദ്രസർക്കാർ നടപടിയെ ലേ അപെക്‌സ് ബോഡി “ഏകപക്ഷീയമായ തീരുമാനം” എന്നാണ് വിശേഷിപ്പിച്ചത്.

ഈ തീരുമാനത്തിന് പിന്നാലെയാണ് ലേ അപെക്‌സ് ബോഡി ആഹ്വാനം ചെയ്ത ഹർത്താലും പ്രതിഷേധവും അക്രമാസക്തമായത്. ഇതിനിടെ, ലേയിലെ ബിജെപി ഓഫീസിന് പ്രതിഷേധക്കാർ തീയിടുകയും ചെയ്തു. കഴിഞ്ഞ മാസം സെപ്റ്റംബർ 10-ന് ആരംഭിച്ച നിരാഹാര സമരം ഒരു ധാരണയിലെത്താതെ അവസാനിപ്പിക്കില്ലെന്ന് ലേ അപെക്‌സ് ബോഡി നേതാക്കൾ വ്യക്തമാക്കി.

“ഞങ്ങളുടെ പ്രതിഷേധം സമാധാനപരമാണെങ്കിലും ജനങ്ങൾ അക്ഷമരായിക്കൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ ഞങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് പുറത്തുപോയേക്കാം. ചർച്ചകൾക്ക് ഇതിനോടകം തന്നെ കാലതാമസം സംഭവിച്ചു,” ലേ അപെക്‌സ് ബോഡി കോ-ചെയർമാൻ ചെറിങ് ദോർജെ പറഞ്ഞു.

കഴിഞ്ഞ ഡിസംബർ മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടന്നുവരികയാണ്. ഇതിൽ അവസാന കൂടിക്കാഴ്ച നടന്നത് മെയ് മാസത്തിലായിരുന്നു. 2024 ഡിസംബർ മുതൽ ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടന്നുവരികയാണ്.

പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സോനം വാങ്ചുക്കും ഈ വിഷയത്തിൽ ആശങ്ക പങ്കുവെച്ചു. സമാധാനപരമായ പ്രതിഷേധങ്ങളിലൂടെ തങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ലെന്ന് ജനങ്ങൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഭരണം കയ്യാളുന്ന ബി.ജെ.പി പാർട്ടി, ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്താമെന്ന് നൽകിയ വാഗ്ദാനം വരാനിരിക്കുന്ന ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പിന് മുമ്പ് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അവർ വാഗ്ദാനം പാലിച്ചാൽ ലഡാക്കിലെ ജനങ്ങൾ അവർക്ക് വോട്ട് ചെയ്യും. അതുവഴി അവർക്ക് കൂടുതൽ നേട്ടങ്ങൾ കൊയ്യാനാകും, മറിച്ചായാൽ ഫലം മറിച്ചായിരിക്കും,’ വാങ്ചുക്ക് പറഞ്ഞു.

ജനങ്ങളുടെ അക്ഷമ വർധിച്ചു വരുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. ‘ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഒന്നും സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതാണ് ഉചിതം,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ അഞ്ചു വർഷമായി ഞങ്ങളുടെ ആവശ്യങ്ങൾ ഇവിടെയുണ്ട്. എന്നാൽ ഇന്ത്യയുടെ ഭരണഘടന പോലും രണ്ട് വർഷം കൊണ്ടാണ് രൂപപ്പെടുത്തിയത്,’ എന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ പ്രധാന സമുദായങ്ങളായ ബുദ്ധ-മുസ്ലിം സംഘടനകൾ ഈ പ്രക്ഷോഭത്തിൽ ഒരുമിച്ച് നിൽക്കുന്നുണ്ട്.

പ്രതിഷേധങ്ങൾക്ക് പിന്നിലെ ആവശ്യങ്ങൾ

ജമ്മു കശ്മീരിനെ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ 2019 മുതൽ തന്നെ ലഡാക്കിനെ ഒരു സംസ്ഥാനമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ 2024-ലാണ് ഇത് ഒരു വലിയ പ്രക്ഷോഭമായി മാറിയത്. ജമ്മു കശ്മീരിന് നിയമസഭ ലഭിക്കുകയും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ രൂപീകരിക്കുകയും ചെയ്തപ്പോൾ, ലഡാക്ക് ഇപ്പോഴും കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലാണ്. ഇതിനുപുറമെ, ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ തങ്ങളുടെ ഭൂമി സംരക്ഷിക്കാനുള്ള പല അവകാശങ്ങളും ലഡാക്കിന് നഷ്ടമായി.

സംസ്ഥാന പദവി: നിലവിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സ്വയംഭരണം നേടാനുള്ള അവകാശം നഷ്ടപ്പെട്ടു. അതിനാൽ, അവർക്ക് അവരുടെ കാര്യങ്ങൾ സ്വയം തീരുമാനിക്കാനുള്ള അധികാരം ലഭിക്കുന്നതിനായി സംസ്ഥാന പദവി ആവശ്യപ്പെടുന്നു.

ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക: ലഡാക്കിലെ ഗോത്രവർഗക്കാരുടെ ഭൂമി, സംസ്കാരം, തനതായ സ്വത്വം എന്നിവ സംരക്ഷിക്കുന്നതിന് ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇത് അവരുടെ അവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകും.

പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ: വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ലഡാക്കിനായി ഒരു പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇത് പ്രാദേശിക ജനങ്ങൾക്ക് സർക്കാർ ജോലികളിൽ കൂടുതൽ അവസരങ്ങൾ നൽകും.

രണ്ട് പാർലമെൻറ് സീറ്റുകൾ: നിലവിൽ ഒരു പാർലമെൻറ് സീറ്റ് മാത്രമുള്ള ലഡാക്കിന് കേന്ദ്രത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാൻ രണ്ട് സീറ്റുകൾ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

ലഡാക്കിന്റെ ആവശ്യങ്ങൾ ഭരണഘടനയ്ക്ക് പുറത്തുള്ളതല്ലെന്ന് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക് വ്യക്തമാക്കി. “ഭരണഘടനയുടെ 244-ാം അനുച്ഛേദത്തിൽ പറയുന്ന ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തണമെന്ന ഞങ്ങളുടെ ആവശ്യം ബിജെപി അവരുടെ പ്രകടന പത്രികകളിൽ ആവർത്തിച്ച് വാഗ്ദാനം ചെയ്ത കാര്യമാണ്,” 2024-ന്റെ തുടക്കത്തിൽ അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭത്തിന്റെ ഭാഗമായി 2024-ന്റെ പകുതിയോടെ ലഡാക്കിലെ ജനങ്ങൾ ഡൽഹിയിലെ ജന്തർ മന്തറിൽ ധർണ നടത്തുകയും, സോനം വാങ്ചുക്ക് ലേയിൽ നിന്ന് ഡൽഹിയിലേക്ക് കാൽനടയാത്ര നടത്തുകയും ചെയ്തിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സർവീസ് കമ്മീഷൻ, രണ്ട് ലോക്സഭാ സീറ്റുകൾ എന്നീ ആവശ്യങ്ങൾ മാത്രം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും സംബന്ധിച്ച ആവശ്യങ്ങൾ കേന്ദ്രം തള്ളിക്കളഞ്ഞുവെന്ന് ആരോപിക്കപ്പെടുന്നു. ലഡാക്ക് നേരത്തെ തന്നെ കേന്ദ്രഭരണ പ്രദേശം എന്ന ആവശ്യം ഉന്നയിച്ചിരുന്നുവെന്നും അത് ഇപ്പോൾ ലഭിച്ചുവെന്നും കാണിച്ചാണ് സംസ്ഥാന പദവി എന്ന ആവശ്യത്തെ എതിർക്കുന്നത്.

എന്താണ് ആറാം ഷെഡ്യൂൾ?

ഭരണഘടനയുടെ ആർട്ടിക്കിൾ 244 അനുസരിച്ച്, ആറാം ഷെഡ്യൂൾ അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ഗോത്രവർഗ മേഖലകൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകുന്നു. ആറാം ഷെഡ്യൂൾ പ്രകാരം, ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിലുകൾക്ക് (ADCs) രൂപം നൽകാൻ സാധിക്കും. ഭൂമി, പിന്തുടർച്ചാവകാശ നിയമങ്ങൾ, സാമൂഹിക ആചാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിയമങ്ങൾ നിർമ്മിക്കാൻ ഈ കൗൺസിലുകൾക്ക് അധികാരമുണ്ട്. നികുതി പിരിക്കാനും പ്രാദേശിക വിഭവങ്ങൾ കൈകാര്യം ചെയ്യാനും നിയമനിർമ്മാണ, സാമ്പത്തിക, ഭരണനിർവഹണ അധികാരങ്ങൾ എന്നിവയും ഈ കൗൺസിലുകൾക്ക് ലഭിക്കും. ഗവർണറുടെ അനുമതിയോടെ, സംസ്ഥാന നിയമങ്ങളെ മറികടക്കുന്ന നിയമങ്ങൾ പോലും നിർമ്മിക്കാനുള്ള അധികാരവും ഇവർക്കുണ്ട്.

നിലവിൽ ലഡാക്കിന് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിലുകൾ (LAHDCs) ഉണ്ടെങ്കിലും, അവയ്ക്ക് ജില്ലാ തലത്തിലുള്ള ആസൂത്രണത്തിനും വികസനത്തിനും മാത്രമുള്ള അധികാരങ്ങളാണുള്ളത്. ആറാം ഷെഡ്യൂൾ നൽകുന്നതുപോലുള്ള വിപുലമായ നിയമനിർമ്മാണ, ഭരണപരമായ അധികാരങ്ങൾ ഇല്ലാത്തതാണ് ഈ വ്യത്യാസം. അതിനാൽ, തങ്ങളുടെ തനതായ സ്വത്വവും ഭൂമിയും സംരക്ഷിക്കാൻ ആറാം ഷെഡ്യൂൾ പദവി അനിവാര്യമാണെന്ന് ലഡാക്കിലെ ജനങ്ങൾ വാദിക്കുന്നു.

ലഡാക്കിലെ തൊഴിലില്ലായ്മയും യുവാക്കളുടെ രോഷവും

ലഡാക്കിലെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും സർക്കാർ നിയമനങ്ങളിലെ മെല്ലെപ്പോക്കുമാണ് യുവാക്കളെ പ്രകോപിപ്പിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ലഡാക്കിനായി ഒരു പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഒരു സർക്കാർ സർവേ പ്രകാരം, ലഡാക്കിലെ 26.5% ബിരുദധാരികളും തൊഴിൽ രഹിതരാണ്. ഇത് ദേശീയ ശരാശരിയായ 13.4% നെക്കാൾ വളരെ കൂടുതലാണ്.

കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള രണ്ടാമത്തെ സ്ഥലമാണ് ലഡാക്ക്. ഒന്നാം സ്ഥാനത്ത് ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (33%) ആണ്. ആന്ധ്രാപ്രദേശ് (24%) മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി (MHA) നടന്ന ചർച്ചകളിൽ, ലഡാക്കിലെ ജോലികളിൽ 95% സംവരണം നൽകാൻ സർക്കാർ തയ്യാറാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സമരക്കാരുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നില്ല.

ബുധനാഴ്ച നടന്ന അക്രമങ്ങളോട് പ്രതികരിച്ച് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (KDA) നേതാവ് സജാദ് കാർഗിലി എക്സിൽ (X) ഒരു കുറിപ്പ് പങ്കുവെച്ചു. “ലേയിൽ നടക്കുന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്. സമാധാനപരമായിരുന്ന ലഡാക്ക് ഇപ്പോൾ സർക്കാരിന്റെ പരാജയപ്പെട്ട കേന്ദ്രഭരണ പരീക്ഷണത്തെ തുടർന്ന് നിരാശയിലും അരക്ഷിതാവസ്ഥയിലുമാണ്,” അദ്ദേഹം കുറിച്ചു.

“സർക്കാർ ഉടൻ തന്നെ ചർച്ചകൾ പുനരാരംഭിച്ച് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളും സംബന്ധിച്ച ആവശ്യങ്ങൾ അംഗീകരിക്കണം. ജനങ്ങൾ സമാധാനം പാലിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Content Summary: Ladakh protest: reasons behind the violence

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×