അമേരിക്കന്‍ ഫിലിം മേക്കര്‍ ആയ ഡേവിഡ് ലിഞ്ചിന്റെ ഷോര്‍ട്ട് ഫിലിംസും, സിനിമകളും, എത്ര ശ്രദ്ധയോടെ കാണാന്‍ ശ്രമിച്ചിട്ടും മനസിലായിട്ടില്ല. സീരിസില്‍ ട്വിന്‍ പീക്‌സ് (Twin peaks) മാത്രമാണ് കുറച്ചു കണ്ടത്. ‘rabbits ‘ ഇച്ചിരി മനസ്സിലായി. പ്ലീസ്, റിവ്യൂ ചോദിക്കരുത്. നിങ്ങള്‍ തന്നെ യൂറ്റിയൂബില്‍ കണ്ടു നോക്കു. ലിഞ്ചിനെക്കുറിച്ചു ചെറിയ ധാരണ കിട്ടും. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആണ്, തന്റെ എഴുപത്തിയെട്ടാമത്തെ വയസ്സില്‍ ലിഞ്ച് മരിക്കുന്നത്. ‘ലിഞ്ചിയന്‍’ എന്നറിയപ്പെടുന്ന ലിഞ്ച് ക്രീയേറ്റീവ് സ്‌റ്റൈല്‍ അങ്ങിനെ ആര്‍ക്കും അനുകരിക്കാന്‍ പറ്റുന്ന ഒന്നല്ല. അത്യാവശ്യം ഡാര്‍ക്ക് ആണ്, നല്ല ദുരൂഹതയുണ്ട്, ഏതോ ലെവലില്‍ മനസിലാവാത്ത സൈക്കോളജി, പരീക്ഷണ സിനിമകളുടെ (experimental films) ടോട്ടല്‍ അബ്സര്‍ഡിറ്റി – ഇങ്ങിനെയൊക്കെ പോവുന്നു വിശദീകരണങ്ങള്‍. മറ്റൊരര്‍ത്ഥത്തില്‍ ലിഞ്ച് തന്നെ പറഞ്ഞപോലെ, ഇതൊക്കെ തന്റെ ഉള്ളില്‍ നടക്കുന്നത് കൊണ്ട്, പുറമെ കൃത്യമായി വിശദീകരിക്കാന്‍ പാടാണ്- എന്ന നഗ്നസത്യം പ്രേക്ഷകര്‍ക്കും, ഫിലിം ക്രിട്ടിക്കുകള്‍ക്കും കൂടി ബാധകമാണ് എന്നാണ് തോന്നിയിട്ടുള്ളത്. ലിഞ്ചിനെ മനസ്സിലാക്കിയിട്ടുള്ള ബുദ്ധിജീവികള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ.
ഇനിയൊരു സത്യം പറയാം. മേഘ രാമസ്വാമിയിലേക്കു പോകാന്‍ ആണ് ലിഞ്ചിനെ കൂട്ടുപിടിച്ചത്. മുബിയില്‍ ലാലന്നയുടെ പാട്ട് (Lalanna’s song) കണ്ടു. ഏതാണ്ട് മുന്‍പ് വിവരിച്ച അതെ അവസ്ഥയാണ് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഉണ്ടായത്. അപ്പോഴാണ് മുംബൈയില്‍ താമസിക്കുന്ന സംവിധായിക മേഘക്കു ലിഞ്ച് ഇന്‍ഫ്‌ളുവെന്‍സ് ഉണ്ടെന്ന് വായിച്ചത്. അവരുടെ ‘what are the odds’ എന്ന ഫീച്ചര്‍ ഫിലിം മുന്‍പ് കണ്ടിട്ടുണ്ട്. ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തിയ സ്‌ക്രിപ്റ്റില്‍ രണ്ടു സ്‌കൂള്‍ കുട്ടികളാണ് താരങ്ങള്‍. പരീക്ഷണ സിനിമ ആണെങ്കിലും സിനിമ കണ്ടിരിക്കാന്‍ കൊള്ളാം. ഒരു ഓളമുണ്ട്. മ്യൂസിക് മറ്റൊരു ഘടകം ആണ്. അഭയ് ഡിയോളിനോട് എനിക്ക് കുറച്ചു പ്രേമവും ഉണ്ട്. അവസാനത്തെ മെസ്സേജ് ഒക്കെ കിട്ടി. കാണാനോ മറ്റോ ആഗ്രഹം ഉള്ളവര്‍ നെറ്റ്ഫ്‌ലിക്‌സില്‍ തപ്പിക്കോ. മേഘയുടെ ‘ന്യൂ ബോണ്‍സ്’ ഡോക്യൂമെന്ററിയും ഇഷ്ടപ്പെട്ടിരുന്നു. ഇനി ‘sheitan’ കാണണം.
ലാലന്നയുടെ പാട്ടില്‍ പാര്‍വതി തിരുവോത്തിനെയും (ഷോബി) റിമ കല്ലിങ്കലിനേയും വളരെ ഇഷ്ടപ്പെട്ടു. സ്വാഭാവികമായ പ്രകടനം. നല്ല കെമിസ്ട്രി. അത്ര വിചിത്രമായ, അല്ലെങ്കില്‍ ദുരൂഹമായ കഥാപാത്രഘടനകള്‍ അല്ല ഇവര്‍ക്ക് ഈ സിനിമയില്‍ ഉള്ളത്. കാര്യങ്ങള്‍ മാറി മറയുന്നതു അവസാന ഷോട്ടിലാണ്. പക്ഷെ തുടക്കത്തില്‍ പാര്‍വതിയും മകളും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ കുറച്ചു ലീഡുകള്‍ ഇട്ടു തരുന്നുണ്ട് മേഘ. അത്ര ലളിതമല്ല ആ കൊച്ചുവര്‍ത്തമാനം. അങ്ങിനെ അടുത്ത സുഹൃത്തായ മിറിയത്തിന്റെ വീട്ടിലെത്തുമ്പോള്‍, (ഇടയിലെ ഒരു വിഷ്വല്‍ – ലിഞ്ച് ആവാം) ഒരു പര്‍ദ്ദ സാഹോദര്യം സംഭവിക്കുന്നു. ഉള്ളത് പറഞ്ഞാല്‍ ഒരു ബ്രാഹ്‌മണ-മുസ്ലിം ഇക്വാഷന്‍. സുഹൃത്തുക്കള്‍ക്കിടയില്‍, അവരുടെ പങ്കാളികളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെയുള്ള തുറന്ന റഫറന്‍സുകള്‍ ഉണ്ട്. അത് തന്നെ – പല രീതിയില്‍ അസംതൃപ്തരായ സ്ത്രീകള്‍. ഫെസ്റ്റിവല്‍ സിനിമ ആയതു കൊണ്ട് ആ ‘ക്ലാസ്സ് ‘ പ്രതീക്ഷിക്കാം.
കാറിനുള്ളില്‍, അനാവശ്യ സ്പീഡില്‍ ഒക്കെ ഒരു ടെന്‍ഷന്‍ ഉണ്ട്. മനഃപൂര്‍വം ഉണ്ടാക്കിയ പോലെ. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കയറുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന് അത്ര വ്യക്തമല്ല, പക്ഷെ പുതിയ വസ്ത്രത്തില്‍ ഷോബി അപമാനിക്കപ്പെടുന്നു. ഇവിടെ ഒരേ സീന്‍ രണ്ടു വീക്ഷണത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. അത് മനസിലാവും. കൊള്ളാം.
ലാലന്ന വരുന്നത് ഷോബിയും മിറിയവും എത്തിച്ചേരുന്ന ബര്‍ത്ഡേ പാര്‍ട്ടിയില്‍ ആണ്. രാവിലെ അവര്‍ പുറപ്പെടുന്നതും അവിടേക്കാണ്. കുട്ടികളുടെ പാര്‍ട്ടിയില്‍, മുതിര്‍ന്നവരെ പോലെ സംസാരിക്കുന്ന ലാലന്ന, വിചിത്രമായ രീതികള്‍. ഇവിടെയും ഷോബിയും മിറിയവും രണ്ടു കാഴ്ചപ്പാടില്‍ ആണ് കാര്യങ്ങള്‍ കാണുന്നത്. ഇനിയിപ്പോ അടുത്ത ഫാന്റസി-റിയല്‍ സീനിലേക്കു നമ്മള്‍ കടക്കും. അത് മിറിയം ലീഡ് ചെയ്യുന്നു. ഇവിടെ, സത്യത്തില്‍ എനിക്ക് റിമയോട് സഹതാപം ആണ് തോന്നിയത്. സംവിധായികയുടെ കണ്ണില്‍ പുരോഗമനപരമായിരിക്കാം, എന്തോ തികഞ്ഞ അസ്വാഭാവികതയുണ്ട് ആ സീനില്‍. ചെറിയ സാന്നിധ്യം ആണെങ്കിലും ഫറാസ് ഖാന്‍ കൊള്ളാം.
കുല്‍ദീപ് മമാനിയുടെ സിനിമോട്ടോഗ്രാഫി ഓരോ ഷോട്ടിലും, കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്നു. സിനിമയുടെ ആഴം കൂട്ടുന്നു. പ്രത്യേകിച്ചും അവസാനത്തെ കടപ്പുറം. വിണ്ടു കീറിയ, നനവിലൂടെ, തെന്നി നീങ്ങുന്ന മനുഷ്യര്‍. അസ്തമയത്തിലേക്കു വിലയം പ്രാപിക്കുന്ന ലാലന്ന.
നക്ഷത്ര ഇന്ദ്രജിത്തിന് ലാലന്നയുടെ പള്‍സ് പൂര്‍ണമായും കിട്ടിയിട്ടുണ്ട്. 2022ല്‍ പൂര്‍ത്തിയായ സിനിമയില്‍, ഒരു സാധാരണ ദിവസം തുടങ്ങിയ ഷോബിയെയും മറിയത്തെയും തികച്ചും അലോസരപ്പെടുത്തുന്ന, അവരുടെ സമനില തെറ്റിക്കുന്ന ഒരു പ്രകടനം നിമിഷങ്ങള്‍ക്കുള്ളില്‍ കാഴ്ച വെക്കുന്നുണ്ട് നക്ഷത്ര. ‘ലാലന്നയുടെ പാട്ടിലെ’ ഈ അവസാന നിമിഷങ്ങള്‍ എല്ലാം സര്‍റിയല്‍ (surreal) ആണ്. എവിടെയൊക്കെയോ കണ്ടു മറന്ന ഫീലും ഉണ്ട്. ഡേവിഡ് ലിഞ്ച് പറഞ്ഞ പോലെ ‘ജീവിതത്തിന് അര്‍ത്ഥമില്ലെന്ന് സമ്മതിക്കുന്ന മനുഷ്യര്‍, അത് ആര്‍ട്ടില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്തിനാണ്’. Lalanna’s song, directed by Megha Ramaswamy movie review
Content Summary; Lalanna’s song, directed by Megha Ramaswamy movie review
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.