June 14, 2026 |
Avatar
അമർനാഥ്‌
Share on

ഭാഷയെ ‘ശരി’പ്പെടുത്തിയ പരിഭാഷകള്‍

പ്രാസംഗികന്‍; ‘ലീഗ് അച്ഛാ നഹി’ പരിഭാഷകന്‍; ‘അച്ഛന്‍ പറഞ്ഞത് ശരി’

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖം ചരിത്ര സംഭവമായി. അതുപോലെ പ്രശസ്തനായ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പരിഭാഷകന്‍. അദേഹം വിവാദപുരുഷനുമായി. പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്രധാനമന്ത്രി പറഞ്ഞതല്ല, ഉദ്ദേശിച്ചതല്ലാ എന്ന് വിവാദമുണ്ടായി. സ്വാഭാവികമായും പഴി പരിഭാഷകന്. പ്രസംഗിച്ചപ്പോള്‍ ഇടയില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ തെക്കോട്ടും പരിഭാഷ വടക്കക്കോട്ടും പോയെന്ന് ചിലര്‍ പറയുന്നു. അതെന്തെങ്കിലുമാകട്ടെ കാര്യം ഭംഗിയായി നടന്നല്ലോ അത് മതി.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പ്രസംഗം എഴുതാന്‍ ആരെയും ആശ്രയിച്ചിരുന്നില്ല. നല്ല ഭാഷാ സ്വാധീനവും സാഹിത്യ ജ്ഞാനിയുമായിരുന്നതിനാല്‍ നെഹ്‌റു അത് ഭംഗിയായി നിര്‍വ്വഹിച്ചിരുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ഓഫീസില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ പ്രശസ്തനായ പത്രപവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ ഉള്ളതിനാല്‍ ശാസ്ത്രിക്ക് മികച്ച പ്രസംഗങ്ങള്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടായില്ല.

ഇന്ദിരാഗാന്ധിയുടെ ഓഫീസില്‍ രണ്ട് പ്രഗല്‍ഭന്മാര്‍, സെക്രട്ടറി പി.എന്‍. ഹക്‌സറും പ്രസ് സെകട്ടറി എച്ച്. വൈ. ശാരദാ പ്രസാദും ഇരുവരും ഇന്ദിരാഗാന്ധിയുടെ ആദ്യകാല ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയവരാണ്. നയപരമായ കാര്യങ്ങള്‍ പ്രസംഗിക്കേണ്ടി വരുമ്പോള്‍ ഇന്ദിരാ ഗാന്ധിക്ക് വേണ്ടി ഇന്ത്യ കണ്ട ഏറ്റവും മികച്ച ബ്യൂറോക്രാറ്റായ പി.എന്‍. ഹക്‌സര്‍ എഴുതി. മറ്റു വിഷയങ്ങള്‍ ശാരദാ പ്രസാദും. പാക്കിസ്ഥാന്‍ യുദ്ധം പോലെ, രാജ്യം നിര്‍ണ്ണായക പ്രതിസന്ധികള്‍ രാജ്യം അഭിമുഖീകരിച്ചപ്പോള്‍ അത് വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞത് പി.എന്‍. ഹക്‌സിറിന്റെ മികവ് മൂലമായിരുന്നു. ബാങ്ക് ദേശസാല്‍ക്കരണം, രാജാക്കന്മാരുടെ പ്രീവിപേഴ്‌സ് തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഇന്ദിരാ ഗാന്ധി വിജയകരമായി നടപ്പിലാക്കിയതിന്റെ പിന്നിലും ഹക്‌സറായിരുന്നു. അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയും ഉപജാപകരും പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ അതവസാനിച്ചു..

പ്രസംഗങ്ങളില്‍ രാജീവ് ഗാന്ധിയെ സഹായിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.സി. അലക്‌സാണ്ടര്‍ ഉണ്ടായിരുന്നു. പിന്നീട് വന്ന ഇന്ത്യന്‍ പ്രധാനമന്ത്രിമാരൊന്നും പ്രസംഗങ്ങളില്‍ കാര്യമായി വിശ്വസിച്ചിരുന്നില്ല. ഇതിനര്‍ത്ഥം പിന്നീട് സ്ഥാനമേറ്റ പ്രധാനമന്ത്രിമാരുടെ ഓഫീസില്‍ കഴിവുള്ളവരുണ്ടായിരുന്നില്ല എന്നല്ല. അത്തരം പ്രസംഗങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു. ഈ കാലത്ത് ഓഗസ്റ്റ് 15 ലെ യോ റിപ്പബ്ലിക്ക് ദിനത്തിലേയോ പ്രധാനമന്തിയുടെ പ്രസംഗങ്ങള്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ?

വിഴിഞ്ഞത്ത് പ്രധാനമന്ത്രിയുടെത് മികച്ച പരിഭാഷകനായിരുന്നു. 12 വര്‍ഷമായി പ്രധാനമന്ത്രിയുടെ ‘മന്‍കീ ബാത്ത്’ മലയാളത്തിലാക്കുന്ന പരിഭാഷകനാണ്. മുന്‍കൂട്ടി ലഭിച്ച ‘പ്രസംഗം നല്ല രീതിയില്‍ അദ്ദേഹം പരിഭാഷപ്പെടുത്തി കൊണ്ടിരിക്കെ പ്രധാനമന്ത്രി രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് ട്രാക്ക് മാറിയതാണ് തര്‍ജ്ജമയില്‍ കല്ലുകടിയായത്.

movie image

അച്യുതൻ്റെ അറബി മുതലാളിയും പരിഭാഷകൻ പവിത്രനും, അച്യുത് മാമയും

വിഴിഞ്ഞത്ത് പ്രധാനമന്ത്രിയുടെ പ്രസംഗപരിഭാഷ വിവാദം കേട്ടപ്പോഴാണ് ‘അക്കരെ നിന്നൊരു മാരന്‍’ സിനിമയില്‍ വേറ്റുമ്മേല്‍ കൊങ്ങാറ്റ റോഡിലൂടെ അച്യുത് മാമയെ തേടി വരുന്ന അറബി മുതലാളിയെ ഓര്‍മ്മിച്ചത്. നമ്മള്‍ മലയാളികള്‍ പ്രസംഗവും പുസ്തകവും പരിഭാഷപ്പെടുത്താന്‍ മിടുക്കരാണെന്ന് പണ്ടേ തെളിയിച്ചിട്ടുണ്ടെങ്കിലും, അച്യുതന്റെ ഗള്‍ഫിലെ അറബി മുതലാളിയുടെ അറബി അച്യുത് മാമക്ക് പരിഭാഷപ്പെടുത്തുന്ന സുഹൃത്ത് പവിത്രന്‍ വ്യത്യസ്തനും ഔചിത്യമുള്ളവനുമാണ്. അറബി മുതലാളി ഉദ്ദേശിച്ച അര്‍ത്ഥം തന്നെയാണ് ടിയാന്‍ തര്‍ജ്ജമ ചെയ്തത്
അറബി മുതലാളി ‘: ‘സലാമേ സഭാല്‍ക്കേ വേറെന്താ ഷുഗര്‍’
പരിഭാഷകന്‍ പവിത്രന്റെ തര്‍ജ്ജമ’ : ‘ഈ ഭൂമി എത്ര മനോഹരമായിരിക്കുന്നു’,
അറബി മുതലാളി :’ഗവാദ് ഇന്‍ന്ത ഹറാമി’
പരിഭാഷകന്‍ പവിത്രന്‍ :’അമ്മാവന്‍ എത്ര കുലീനനായ മനുഷ്യന്‍’.
സിനിമയായാലെന്താ എന്ത് മനോഹരമായ പരിഭാഷ. തര്‍ജ്ജമക്കാരൊക്കെ ഇത് കേട്ട് പഠിക്കണം.

മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടിയുണ്ട്. ‘അദാനി’- വിഴിഞ്ഞം തുറമുഖത്തിന്റെ യഥാര്‍ത്ഥ ഗുണോഭോക്താവായ അദാനിയെന്ന പേര് കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, കേരളക്കരയിലെ  മലയാളികളും കേള്‍ക്കും മുന്‍പ് അറിയും മുന്‍പ്, അത് ആദ്യം പറഞ്ഞത് മുകേഷാണ്. അതും 40 വര്‍ഷം മുന്‍പ്. നമ്മുടെ കൊല്ലത്തെ എം.എല്‍.എ. മുകേഷാണ്. സംശയിക്കേണ്ട, നമ്മുടെ മലയാള ചലച്ചിത്രനടന്‍ മുകേഷ് തന്നെ. അറബി മുതലാളിയുടെ സാന്നിധ്യത്തില്‍ ‘അദാനി അദാനി’ എന്ന് അതിലെ കഥാപാത്രമായ പവിത്രനായി അഭിനയിച്ച മുകേഷ് അന്നേ പറയുന്നുണ്ട്. തുടരെ, തുടരെ പറയുന്നുണ്ട്… 1985 ല്‍ പുറത്തുവന്ന ‘അക്കരെ നിന്നൊരു മാരന്‍’ എന്ന ചലച്ചിത്രത്തിലാണ് എന്ന് മാത്രം. സിനിമയാണ് – ആരാണ് അദാനി? എന്താണ് അദാനി ? എന്താണ് സന്ദര്‍ഭം എന്നൊന്നും ചോദിക്കരുത്. അത് ആ പടത്തിന്ന് കഥയെഴുതിയ നടന്‍ ജഗദീഷിന് മാത്രമേ അറിയൂ.

ഓര്‍ക്കുന്നില്ലേ, ആ സിനിമയില്‍ അച്യുത് മാമയെ തേടി വരുന്ന, ശ്രീനിവാസന്‍ അഭിനയിച്ച അറബി മുതലാളിയുടെ രംഗം?. ഇനിയും സംശയം ഉള്ളവര്‍ യുട്യൂബില്‍ ഈ രംഗം കാണുക. അദാനി കേരളം കീഴടക്കുമെന്ന് മുകേഷ് അന്നേ കരുതിക്കാണും. അത് മുഴുവന്‍ പറയും മുന്‍പേ – പടത്തില്‍ ആ രംഗം പെട്ടെന്ന് അവസാനിച്ചു. തിരിഞ്ഞ് നോക്കുമ്പോള്‍ മുകേഷിന്റെ പ്രവചനസ്വഭാവമുള്ള ആ വാക്കുകള്‍ ഫലിച്ചില്ലേ? സിപിഎം നും അഭിമാനിക്കാന്‍ വകയുണ്ട്. സംഗതി കോര്‍പ്പറേറ്റാണെങ്കിലും അദാനിയെ കുറിച്ച് 40 വര്‍ഷം മുന്‍പേ സി.പി.എം. ആലോചിച്ചിരുന്നു എന്ന് പറയാമല്ലോ. (വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുകേഷിനെ ക്ഷണിച്ചോ ആവോ?) അത് പോട്ടെ.

പ്രസംഗങ്ങളെ പരിഭാഷപ്പെടുത്തല്‍ ഒരു കല തന്നെയാണ്. ആശയം നഷ്ടപ്പെടാതെ സംവദിക്കേണ്ട ഒന്ന്. ചരിത്രം അതാണ് പറയുന്നത്.

എഴുപത്തൊന്ന് കൊല്ലം മുന്‍പാണ്. ഒറ്റപ്പാലത്ത് ഹൈസ്‌ക്കൂള്‍ മുറ്റത്ത് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ഇന്ത്യന്‍ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്‍ പ്രസംഗിക്കുകയാണ്. തര്‍ജ്ജമ ചെയ്യുന്നത് യുവാവായ എന്‍.വി. കൃഷ്ണ വാര്യര്‍. ഫിലോസഫര്‍ കിങ്ങ് എന്നറിയപ്പെടുന്ന ഡോക്ടര്‍ രാധാകൃഷ്ണന്‍ വേദത്തില്‍ നിന്നും ഉപനിഷത്തില്‍ നിന്നും ഉദ്ധരണികള്‍ എടുത്തുപയോഗിച്ച് പ്രസംഗം ആരംഭിച്ചപ്പോള്‍ എന്‍.വി. അതേ താളത്തില്‍ അതേ വെളിച്ചത്തില്‍ മലയാളത്തിലേക്ക് ആവാഹിച്ചു പരിഭാഷപ്പെടുത്തി. ആദ്യ വാചകം പരിഭാഷ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ രാധാകൃഷ്ണന്‍ ആശ്ചര്യത്തോടെ എന്‍.വി യെ നോക്കി.

Dr K Radhakrishnan NV Krishna warier

ഒറ്റപ്പാലം സാഹിത്യ സമ്മേളനത്തിൽ രാഷ്ട്രപതി ഡോ. രാധാകൃഷ്ണൻ്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്ന യുവാവായ എൻ . വി. കൃഷ്ണ വാര്യർ

‘സ്വന്തമായി ഇംഗ്ലീഷ് പഠിച്ച ഒരുവന്‍ അഗസ്ത്യനേപ്പോലെ ഉള്ളം കയ്യില്‍ സമുദ്രമെടുത്ത് ആചമിക്കുന്നു. വാര്യര്‍ ആ സദസ്സില്‍ ജ്വലിച്ചു. കരഘോഷം മുഴങ്ങി. ഇതാണ് തര്‍ജ്ജമ. ഇംഗ്ലീഷിലെ ചില പദങ്ങള്‍ക്ക് മലയാളത്തില്‍ വാക്കുകളില്ല എന്ന സ്വന്തം അജ്ഞത പുറത്തുവിടുന്ന വെറും ഡിഗ്രിക്കാര്‍ക്ക് ആ തര്‍ജ്ജമ ചാട്ടയടിയായി’ കവിയായ പി. കുഞ്ഞിരാമന്‍ നായര്‍ ആ രംഗത്തെ കുറിച്ച് എഴുതിയതാണിത്.

കേരളം കണ്ട ഏറ്റവും മികച്ച ക്ലാസിക്ക് പ്രസംഗ തര്‍ജ്ജമയായിരുന്നു അത്. രാഷ്ട്രപതി രാധാകൃഷ്ണന്‍ കര്‍ക്കശനായ ഒരു വ്യക്തി കൂടിയായിരുന്നു. ഒരിക്കല്‍ ഒരു വിദേശ നയതന്ത്ര പ്രതിനിധിയെ സ്വീകരിക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത ആകാശവാണി ലേഖകന്‍ തെറ്റായി തര്‍ജ്ജമ ചെയ്തതിനാല്‍ അര്‍ത്ഥ വ്യതിയാനമുണ്ടായി. തെറ്റ് നിസ്സാരമെങ്കിലും, ആ പ്രസംഗം തിരുത്തി വീണ്ടും പ്രക്ഷേപണം ചെയ്യണമെന്ന് രാഷ്ടപതി ആവശ്യപ്പെട്ടു. അതും കടന്ന് തെറ്റായി എഴുതിയ റേഡിയോ ലേഖകനെ ജോലിയില്‍ നിന്ന് പിരിച്ച് വിടണമെന്ന് ഡോ.രാധാകൃഷ്ണന്‍ ശഠിച്ചു. തെറ്റ് വരുത്തിയ ലേഖകന്‍, ഗാന്ധിജിയുടെ കൂടെ ലണ്ടനില്‍ വട്ടമേശ സമ്മേളനത്തിന് പോയ പ്രശസ്തനായ ഒരു എഡിറ്ററുടെ മകനാണ് എന്ന വിവരം പറഞ്ഞപ്പോഴാണ് രാഷ്ട്രപതി രാധാകൃഷ്ണന്‍ ശാന്തനായി അടങ്ങിയത്.

seethi sahib

സീതി സാഹിബ്‌

 

കോഴിക്കോട് വെച്ച് ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഇംഗ്ലീഷ് പ്രസംഗത്തില്‍ ‘Water water everywhere,not a drop to drink’ പരിഭാഷകനായ കെ.എം. സീതി സാഹിബിന്റെ തര്‍ജ്ജമ ഉടന്‍ വന്നു.
‘വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിപ്പിനില്ലല്ലോ’ പിന്നീട് ഇത് ഭാഷയിലെ ഒരു ശൈലി തന്നെയായി.

ഒരു തര്‍ജ്ജമ നര്‍മ്മമാക്കി, ഒരു പ്രസംഗം കാര്‍ട്ടൂണിലൂടെ പ്രസിദ്ധമാവുക 1994 ലാണ്. സംഭവം. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഇന്ത്യന്‍ നാഷണല്‍ ലീഗുമായി ബന്ധമാകാമെന്ന് ഇഎംഎസ്. വേണ്ടെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. തര്‍ക്കം തീര്‍ക്കാനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് കേരളത്തില്‍ വന്ന് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നു. തര്‍ജ്ജമ ചെയ്യുന്നത് ഇ.എം.എസിന്റെ മകന്‍ ശ്രീധരന്‍.
സുര്‍ജിത്ത് പ്രസംഗിക്കുന്നു : ‘ലീഗ് അച്ഛാ നഹി’
ശ്രീധരന്റെ തര്‍ജ്ജമ : ‘അച്ഛന്‍ പറഞ്ഞത് ശരി’
അറിയപ്പെടാത്ത പരിഭാഷ എന്ന് തലവാചകം കൊടുത്ത് ഈ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് യേശുദാസന് പിന്നീട് ഇ.എം. ശ്രീധരന്‍ എ.കെ.ജി. സെന്ററിന്റെ വിലാസത്തില്‍ അഭിനന്ദനക്കത്ത് പോലും അയച്ചു.

1950 കളില്‍ കേരളത്തിലെത്തുന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നത് കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനായ പവനനായിരുന്നു. പവനന്റെ അനുഭവത്തില്‍ ഏറ്റവും നന്നായി പരിഭാഷ ചെയ്യാവുന്നത് ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജ്യോതി ബന്ധുവിന്റെതാണ്. ലളിതവും വ്യക്തവും ഒരു വളച്ചു കെട്ടലുമില്ലാത്തത്. അരമണിക്കൂറില്‍ കൂടില്ല ബസുവിന്റെത്.

Pavanan

പവനൻ

പരിഭാഷക്ക് ഏറ്റവും പ്രയാസം ഇടതുപക്ഷ ലോക്സഭാ എം.പിയായിരുന്ന രേണു ചക്രവര്‍ത്തിയുടേതും. അക്കാലത്ത് പാര്‍ലമെന്റിലെ മിന്നും താരമായിരുന്ന രേണു ചക്രവര്‍ത്തി പ്രസംഗം തുടങ്ങിയാല്‍ പരിഭാഷകനെ മറക്കും. അറബിക്കടലിലെ മത്സ്യത്തൊഴിലാളി പ്രശ്‌നം പറഞ്ഞു കൊണ്ടിരിക്കെ പെട്ടെന്ന്, ഐക്യരാഷ്ട്ര സഭയുടെ രക്ഷാ കൗണ്‍സില്‍ ആഫ്രിക്കന്‍ പ്രശ്‌നത്തില്‍ കൈക്കൊണ്ട നിലപാടിനെക്കുറിച്ച് പറയും. പരിഭാഷകന്‍ വെള്ളം കുടിച്ചത് തന്നെ.

എന്നാല്‍ ഇതേ രേണു ചക്രവര്‍ത്തിയെ ഞെട്ടിച്ച ഒരു പരിഭാഷ നടത്തിയ ആളാണ് നാണപ്പന്‍ എന്ന എം.പി. നാരായണ പിള്ള. 1959 ല്‍ കാശിയില്‍ വെച്ച് അഖിലേന്ത്യാ വിമന്‍സ് ഫെഡറേഷന്റെ ഒരു സമ്മേളനം നടക്കുന്നു. രേണു ചക്രവര്‍ത്തിയാണ് യോഗ നടത്തിപ്പിന്റെ പ്രധാനി. അന്ന് ബനാറസില്‍ പഠിക്കുന്ന നാണപ്പന്‍ ഇതിന്റെ ഒരു വളണ്ടിയര്‍ ആണ്. എല്ലാ സംസ്ഥാനത്ത് നിന്നുള്ള ഡെലിഗേറ്റുകള്‍ ഉണ്ട്. അവരുടെ സമ്മേളനം ആരംഭിച്ചു. അപ്പോള്‍ ഒരു പ്രശ്‌നം. പോണ്ടിച്ചേരിയില്‍ നിന്ന് വന്ന ഒരു വനിതയ്ക്ക് പ്രസംഗിക്കണം പക്ഷേ, ഇംഗ്ലീഷറിയില്ല, തമിഴ് മാത്രം അറിയാം. വേദിയില്‍ അവര്‍ പ്രസംഗിക്കുമ്പോള്‍ തമിഴില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റാന്‍ ഒരാള്‍ വേണം. രേണു ചക്രവര്‍ത്തി അത് നാണപ്പനെ ഏല്‍പ്പിച്ചു. ഒരു ഉപായവും പറഞ്ഞു കൊടുത്തു. പോണ്ടിച്ചേരി ഡെലിഗേറ്റിന് പറയാനുള്ളത് നാണപ്പന്‍ ഒരു കടലാസില്‍ സംഗ്രഹിച്ച് എഴുതുക. അവര്‍ തമിഴില്‍ പറഞ്ഞ് നിറുത്തുമ്പോള്‍ നാണപ്പന്‍ കടലാസ് നോക്കി ഇംഗ്ലീഷ് വായിക്കുക.

പോണ്ടിച്ചേരി വനിത പ്രസംഗം ആരംഭിച്ചു. നാല് മിനിറ്റ് തമിഴില്‍ ‘പ്രസംഗിച്ചു നിറുത്തി. നാണപ്പന്‍ കയ്യിലെ കടലാസ് നോക്കി ഇംഗ്ലീഷില്‍ വായിച്ചു. വീണ്ടും പോണ്ടിച്ചേരിക്കാരി അഞ്ച് മിനിറ്റ് തമിഴില്‍ ‘പ്രസംഗിച്ച് നിറുത്തി നാണപ്പനെ നോക്കി. നാണപ്പന്‍ മേലോട്ട് നോക്കി, കാരണം കടലാസില്‍ എഴുതി വെച്ചത് തീര്‍ന്നു പോയി. അതായത് പോണ്ടിച്ചേരിക്കാരി പറയാനുദ്ദേശിച്ച സകല പോയന്റും നാണപ്പന്‍ ആദ്യ വായനയില്‍ തന്നെ പരിഭാഷപ്പെടുത്തി കുളമാക്കി. കാര്യം മനസ്സിലാക്കിയ രേണു ചക്രവര്‍ത്തി നാണപ്പനെ വേദിയില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്തു. പിന്നെ പരിഭാഷകനില്ലാതെ പോണ്ടിച്ചേരിക്കാരി തമിഴില്‍ പ്രസംഗം തുടര്‍ന്നു.

അത് കുളമാക്കിയത് ഒരു നാണപ്പന്‍ ശൈലിയാണെന്ന് രേണു ചക്രവര്‍ത്തിക്ക് അറിയില്ലായിരുന്നു. കാരണം നാണപ്പന്‍ എഴുതി ”എനിക്കവരുടെ സ്വഭാവം ആദ്യമേ ഇഷ്ടമായില്ല. കോമ്രേഡ് എന്ന് ആരംഭിച്ച ശേഷം പറയുന്ന ഭാഷ ഉത്തരവിടലാണ്. സ്വതവേ ഉത്തരവിടല്‍ എനിക്ക് ഇഷ്ടമല്ല. പെണ്ണുങ്ങള്‍ കേറി ഉത്തരവിട്ടാല്‍ ഒട്ടും ഇഷ്ടമല്ല’

പറഞ്ഞ് വന്നത് പ്രസംഗങ്ങളുടെ പരിഭാഷയാണെങ്കിലും കുറെക്കൂടി പ്രാധാന്യം അര്‍ഹിക്കുന്നതാണ് അച്ചടിച്ച പുസ്തകങ്ങളുടേയും മറ്റു പരിഭാഷകള്‍. അച്ചടിച്ച അക്ഷരങ്ങള്‍, കാലത്തിനതീതമായി നിലനില്‍ക്കുന്നവയാണല്ലോ.

‘ശരിക്കും ലോകത്തെ സൃഷ്ടിക്കുന്നത് ഭാഷയാണ്. വിവര്‍ത്തനം സംസ്‌ക്കാരങ്ങളെ ഒന്നിപ്പിക്കലാണ്. അതിനാല്‍ ഞാന്‍ വിവര്‍ത്തനത്തെ കാണുന്നത് സാംസ്‌കാരിക പ്രവര്‍ത്തി എന്നതിന് ഉപരിയായ രാഷ്ട്രീയ പ്രവൃത്തിയായാണ്.’ മൂന്ന് പതിറ്റാണ്ടായി ഇന്ത്യന്‍ വിവര്‍ത്തകരുടെ എഡിറ്ററും പ്രസാധകയുമായ, ചെന്നെയില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സിന്റെ എഡിറ്ററായ മലയാളി മിനി കൃഷ്ണന്‍ പറയുന്നു..

Kunjikuttan thamburan

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

പണ്ട് തിരുവിതാംകൂറില്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമിയുടെ ഭരണകാലത്ത് സ്‌കൂള്‍ ഫൈനല്‍ പരീക്ഷകളിലെ ഉത്തരക്കടലാസുകളില്‍ വരുന്ന വന്‍ അബദ്ധങ്ങള്‍ സമാഹരിച്ച് ‘Howlers’ എന്ന ശീര്‍ഷകത്തില്‍ സര്‍ക്കാര്‍ പ്രസ്സില്‍ നിന്ന് ഒരു വിശേഷാല്‍ പ്രസിദ്ധീകരണം പുറത്തിറക്കിയിരുന്നു. തെറ്റുകള്‍ മനസിലാക്കാനും അത് ആവര്‍ത്തിക്കാതിരിക്കാനും ഭാവി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നല്‍കുന്ന ഒരു കുത്തിവെപ്പായിരുന്നു അത്. ഒരു മികച്ച പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷനുമായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ബുദ്ധിയില്‍ വിരിഞ്ഞ ആശയം. അതില്‍ വന്നിട്ടുള്ള ഏറ്റവും പ്രശസ്തമായ ഒരു ഹൗളിന്റെ തര്‍ജ്ജമ ഇങ്ങനെ:.
ചോദ്യം : ‘Magnanimity has its limits. ‘ ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥി തര്‍ജ്ജമ ചെയ്തത് ഇങ്ങനെ: ‘പോക്രിത്തരത്തിനും ഒരതിരുണ്ട്!’.
ഇത് ഒരു ഭാഷയിലും തര്‍ജ്ജമയില്ലാത്ത പോക്രിത്തരമല്ലേ?

ആനി തയ്യില്‍, സി. മാധവന്‍ പിള്ള, ഇടപ്പള്ളി കരുണാകര മേനോന്‍, എന്‍.കെ ദാമോദരന്‍, എം.എന്‍ സത്യാര്‍ഥി, വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍, അഭയദേവ്, സി.എച്ച് കുഞ്ഞപ്പ, പി.മാധവന്‍ പിള്ള, കെ രവി വര്‍മ്മ, നിലീന അബ്രഹാം, ജോര്‍ജ് ഇരുമ്പയം തുടങ്ങിയ പ്രഗത്ഭരായ വിവര്‍ത്തകര്‍ ലോക സാഹിത്യത്തിലേയും ഇന്ത്യന്‍ ഭാഷകളിലേയും മഹത്തായ കൃതികള്‍ കാലാകാലങ്ങളായി മലയാള ഭാഷയില്‍ വിവര്‍ത്തനം ചെയ്ത് വായനക്കാര്‍ക്ക് നല്‍കിയവരാണ്. മലയാള ഭാഷയുടെ പദസമ്പത്തും ശൈലികളും വളര്‍ന്ന് വികസിച്ചതിന് ആധുനിക മലയാള ഭാഷ ഇവരോട് കടപ്പെട്ടിരിക്കുന്നു.

ഒടുവില്‍ വിവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിച്ചു. 1989 മുതല്‍ കേന്ദ്ര സാഹിത്യ അക്കാദമി 24 ഇന്ത്യന്‍ ഭാഷയിലെയും വിവര്‍ത്തകരെ ആദരിക്കാന്‍ തുടങ്ങി. 1992 ല്‍ കേരള സാഹിത്യ അക്കാദമി ആദ്യത്തെ മികച്ച വിവര്‍ത്തകനുള്ള പുരസ്‌ക്കാരം നല്‍കി എ.കെ. ദാമോദരനെ ആദരിച്ചു.

ഡല്‍ഹിയില്‍ നിന്ന് ആദ്യമായി റേഡിയോവില്‍ മലയാള വാര്‍ത്ത വായിച്ച കെ. പത്മനാഭന്‍ നായര്‍, മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ കുലപതിയെന്നറിയപ്പെട്ട വാര്‍ത്തകള്‍ വായിക്കുന്ന പത്മനാഭന്‍ തന്റെ ലൈവായ വാര്‍ത്താ വായനയില്‍ തര്‍ജ്ജമ നടത്തിയ ഒരു ക്ലാസിക്ക് സംഭവമുണ്ട്. രാവിലെ ഏഴ് മണിക്ക് മലയാള വാര്‍ത്ത വായിക്കേണ്ട പത്മനാഭന്‍ ഉറങ്ങിപ്പോയതിനാല്‍ ഡല്‍ഹിയിലെ റേഡിയോ സ്റ്റുഡിയോവില്‍ ഒരു നാള്‍ വൈകിയാണ് എത്തിയത്. പരിഭാഷപ്പെടുത്താതെ ഒരു വാക്ക് പോലും വാര്‍ത്തയില്‍ വായിക്കരുത് എന്നാണ് ഓള്‍ ഇന്ത്യാ റേഡിയോവിലെ അനിഷേധ്യ നിയമം.

സമയം ഇല്ല. പ്രധാന വാര്‍ത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാര്‍ലിമെന്റിലെ ‘പ്രസംഗമാണ്. വായിക്കാനുള്ള ചുവന്ന വെളിച്ചം തെളിഞ്ഞപ്പോള്‍ പണ്ഡിറ്റ്ജിയുടെ പ്രസംഗം സ്വന്തം മനസ്സില്‍ പരിഭാഷപ്പെടുത്തി പത്മനാഭന്‍ വായിച്ചു. പതറാതെ മറ്റ് വാര്‍ത്തകളും. കൃത്യസമയത്ത് വാര്‍ത്ത പറഞ്ഞു നിറുത്തി. ‘ വാര്‍ത്തകള്‍ കഴിഞ്ഞു’

ഗുരുതരമായ തെറ്റാണ്. പണി തെറിക്കും സംശയമില്ല. വാര്‍ത്താ വിഭാഗത്തിന്റെ ഡയറക്ടര്‍ പഞ്ചാബിയായ ചൗളയാണ്. എല്ലാവരെയും വിറപ്പിക്കുന്ന ഒരു പേടിസ്വപ്നമാണ് അയാള്‍. ഡയറക്ടര്‍ ജനറലിന് വരെ അയാളെ ഭയമാണ്. അയാള്‍ മുറിയില്‍ വിളിച്ചപ്പോള്‍ രാജിക്കത്ത് എഴുതി പോക്കറ്റിലിട്ട് പത്മനാഭന്‍ അകത്ത് കയറി. ‘ സിറ്റ് സൗണ്‍’ ചൗള പറഞ്ഞു.
ഒരു കപ്പ് ചായ നീട്ടികൊണ്ട് പുഞ്ചിരിയോടെ ചൗള പറഞ്ഞു.
‘Well Iam proud of you Mr. Nair ‘ ഒരു ദിവസം പോലും വിശ്രമില്ലാതെ നിങ്ങള്‍ ജോലി ചെയ്യുകയാണെന്ന് എനിക്കറിയാം. ഒരു പ്രത്യേക പ്രതിസന്ധിയില്‍ എഴുതിയോ എഴുതാതെയോ നിങ്ങള്‍ ബുള്ളറ്റിന്‍ മുഴുവനായി പ്രക്ഷേപണം ചെയ്ത് വാര്‍ത്താ വിഭാഗത്തിന്റെ സല്‍പ്പേര് നിലനിറുത്തി. ഞാന്‍ മദിരാശിയാല്‍ ബന്ധപ്പെട്ട് ബുള്ളറ്റിനെ കുറിച്ച് ചോദിച്ചു. ഒരു കുഴപ്പവും അവര്‍ പറഞ്ഞില്ല. അയാള്‍ വീണ്ടും അഭിനന്ദിച്ചു.
‘ശിക്ഷക്ക് പകരം രക്ഷ’ കീശയില്‍ കയ്യിട്ട് ഞാന്‍ രാജിക്കത്ത് കശക്കിച്ചുളിച്ചു പത്മനാഭന്‍ നായര്‍ എഴുതി.

1962 ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായ കാലം. മധ്യകേരളത്തില്‍ അശ്ലീല മാസികകള്‍ കുടില്‍ വ്യവസായമായി പുരോഗമിച്ചു. ആലപ്പുഴ, മട്ടാഞ്ചേരി, ആലുവ തുടങ്ങി സ്ഥലങ്ങളില്‍ നിന്ന് ഇവ വന്‍ രീതിയില്‍ പ്രചാരം നേടി. മേള, സ്റ്റണ്ട്, തേന്‍ കൂട് തുടങ്ങി കേരളദ്ധ്വനി, ഭാരത ദ്ധ്വനി തുടങ്ങി ദേശീയ ചായ്വ് പ്രകടമാക്കുന്ന പേരുകളുമുള്ള അശ്ലീല മാസികകള്‍. പോലീസ് ഐ. ജി ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി.

പട്ടം താണുപിള്ള സാറാണ് ഭരിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക മൂല്യച്യുതി അഥവാ സുകൃതക്ഷയം. ഇത് അനുവദിക്കാന്‍ പാടില്ല. ചീഫ് സെക്രട്ടറി, ഒറീസക്കാരന്‍ എന്‍.എം.പട്‌നായ്ക്ക് ഇടപെട്ടു. പ്രൊസിക്യൂഷന്‍ നടപടി വേണം ഇവയെല്ലാം റെയ്ഡ് ചെയ്ത് പൂട്ടിക്കണം. അതിന്റെ ആദ്യ പടിയായി ഇതില്‍ വരുന്ന ലേഖനങ്ങള്‍ ചീഫ് സെക്രട്ടറിക്ക് വിവര്‍ത്തനം ചെയ്യാന്‍ പി.ആര്‍.ഡിക്ക് ഉത്തരവ് കിട്ടി. ഈ സാഹിത്യം ഇംഗ്ലീഷിലാക്കി ചീഫ് സെക്രട്ടറിക്ക് മുന്നിലെത്തിക്കണം.

അശ്ലീല സാഹിത്യം തര്‍ജ്ജമ ചെയ്യാന്‍ പി.ആര്‍.ഡി ഒരു വാര്‍ റൂം തുറന്നു. കവിയും പണ്ഡിതനുമായ സി.പി. ഗോപിനാഥന്‍ നായരായിരുന്നു മുഖ്യ വിവര്‍ത്തകന്‍. ഈ മാസികകളില്‍ നിറഞ്ഞു നിന്നിരുന്നത് സഭ്യതയുടെ സീമകള്‍ക്കപ്പുറത്തുള്ള ശൈലിയും പദങ്ങളുമാണ്.

മലയാളത്തില്‍ സാധനം എന്ന വാക്കിന് ഒന്നില്‍ കൂടുതല്‍ അര്‍ത്ഥമുണ്ട്. പല വാക്കുകളും ഇങ്ങനെ തന്നെ. മാസികയിലെ ‘ഗുലാന്‍’ ‘ശ്രീകോവില്‍’ എന്നിവ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ വിവര്‍ത്തകര്‍ പാടുപെട്ടു.’ Gulan’ Sanctorum’,’ The Thing’ എന്നിങ്ങനെ വാക്കുകളോടെ കഥകളുടെ തര്‍ജ്ജമ ഒറീസക്കാരന്‍ ചീഫ് സെക്രട്ടറിക്ക് വായിക്കാന്‍ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. സര്‍ക്കാര്‍ അംഗീകൃത തര്‍ജ്ജമ. സംഗതി ചീപ്പാണെങ്കിലും ചീഫ് സെക്രട്ടറി ആ സാഹിത്യം വായിച്ച് കോള്‍മയിര്‍ കൊണ്ടു.

നൂറ്റിപ്പത്തൊമ്പത് കൊല്ലം മുന്‍പ്, 1906 ല്‍ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുള്ള ‘മഹാഭാരതം’ പരിഭാഷപ്പെടുത്തിയ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വെറും 874 ദിവസം കൊണ്ടാണ് സംസ്‌കൃതത്തില്‍ നിന്ന് ‘ഭാഷാഭാരതം’ എന്ന് പേരിട്ട തന്റെ മലയാള തര്‍ജ്ജമ പൂര്‍ത്തിയാക്കിയത്. സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമായ കാര്യം.

മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന സി.എച്ച് കുഞ്ഞപ്പ പരിഭാഷപ്പെടുത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥ മലയാള ഭാഷയിലെ ഒരു ഉത്തമ വിവര്‍ത്തന മാതൃകയായി അംഗീകരിച്ച കൃതിയായിരുന്നു.. ഇംഗ്ലീഷിലുള്ള ആത്മകഥ നെഹ്‌റു സമര്‍പ്പിച്ചിരിക്കുന്നത് അന്തരിച്ച പത്നി കമലയ്ക്കാണ്.
ജവഹര്‍ലാല്‍ നെഹ്‌റു എഴുതി : ‘To Kamala , who is no more ‘
കുഞ്ഞപ്പ ഇങ്ങനെ പരിഭാഷപ്പെടുത്തി : ‘കഥാവശേഷയായ കമലയ്ക്ക്’

ഈ ആത്മകഥയുടെ പ്രൂഫ് വായിച്ചത് കുട്ടികൃഷ്ണമാരാരാണ്. ഇംഗ്ലീഷ് വലിയ പിടിയില്ലാത്ത കുട്ടികൃഷ്ണ മാരാര്‍ക്കറിയാത്ത മലയാള ശൈലിയുണ്ടോ ? നെഹ്‌റുവിന്റെ ഇംഗ്ലീഷ് തര്‍ജ്ജമക്ക് വഴങ്ങുന്നതല്ല എന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നിട്ടും അത് ഭംഗിയായി കുഞ്ഞപ്പ വിവര്‍ത്തനം ചെയ്തു.

മലയാളത്തില്‍ ഇംഗ്ലീഷില്‍ നിന്ന് സാങ്കേതിക പദങ്ങള്‍ മൊഴിമാറ്റിയ ആദ്യത്തെയാള്‍ ഒരു പക്ഷേ, കേരളവര്‍മ്മ അപ്പന്‍ തമ്പുരാനായിരിക്കും. പിന്നീട് കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ചിന്തിക്കുന്നതിന് അര നൂറ്റാണ്ട് മുന്‍പ് അദ്ദേഹം അത് ചെയ്തിരുന്നു. തമ്പുരാന്‍ മദിരാശിയിലെ ചില വ്യവ്യസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടി എഴുത്ത് ജോലികള്‍ ചെയ്തിരുന്നു.

ഒരു കമ്പനിക്ക് വേണ്ടി അലുമിനിയം പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വേണ്ട ഒരു പൊടിയുടെ കാറ്റ് ലോഗിലെ നിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് തമ്പുരാന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ദീര്‍ഘമായ ഒരു പദം വന്നു.
‘ജലാകര്‍ഷണാനേകദ്വാര സഹിത ജലധിജന്യം’
നമ്മുടെ Sponge. സ്‌പോഞ്ച് തന്നെ ! സ്‌പോഞ്ചിന് ഇത്ര കഠിന പദം ശരിയല്ല എന്ന് തോന്നിയ തമ്പുരാന്‍ പിന്നീട് അത് മാറ്റി വേറെ ഒരു പദം കണ്ടുപിടിച്ചു.

NV krishna warrier

എൻ . വി. കൃഷ്ണ വാര്യർ

1980 കളിലാണ് AIDIS വലിയൊരു വിഷയമായി ലോക ശ്രദ്ധയില്‍ വരുന്നത്. അക്കാലത്ത് എന്‍.വി.കൃഷ്ണവാര്യര്‍ കുങ്കുമം വാരികയില്‍ എഴുതിയ പംക്തിയില്‍ പുതിയ രോഗത്തിന് മലയാള പരിഭാഷ നല്‍കി. .
‘ആര്‍ജ്ജിത ശക്തി ക്ഷയ സാകല്യം’ (‘acquired immune deficiency syndrome’) .

ഒരു എന്‍.വി കഥ കൂടി. ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചപ്പോള്‍ അദ്ദേഹത്തിനടുത്തുണ്ടായിരുന്ന നോട്ടുപുസ്തകത്തില്‍ ഉണ്ടായിരുന്ന റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതാശകലം മാതൃഭൂമിയുടെ ഡല്‍ഹി ലേഖകന്‍ വികെ മാധവന്‍ കുട്ടി ടെലിപ്രിന്റില്‍ എന്‍.വി.ക്ക് അയച്ചുകൊടുത്തു. നിമിഷങ്ങള്‍ക്കകം അത് മനോഹര കവിതയായ് മാധവന്‍ കുട്ടിയുടെ മുന്നില്‍ തിരിച്ചെത്തി.
‘മനോഹരം ഘനശ്യാമം വനപാളികളെങ്കിലും നാഴികകള്‍ കഴിയും മുമ്പ് കാതമേറെക്കടക്കണം. പാലിക്കാനുണ്ട് വാഗ്ദാനം’ എന്നായിരുന്നു എന്‍.വിയുടെ തര്‍ജ്ജമ.

അച്ചടിത്തെറ്റിനെ പത്രമോഫീസില്‍ വിളിക്കുന്ന പേരാണ് അച്ചടി പിശാച്. (Printer’s Devil) ഒരു അളവുവരെ അത് പിറ്റേന്നാള്‍ തിരുത്ത് കൊടുക്കാം. അതിലും ഭീകരനാണ് പത്രമോഫീസിലെ തര്‍ജ്ജമയില്‍ വരുന്ന തെറ്റ്. എഡിറ്റര്‍മാരുടെ പേടി സ്വപ്നവും ഉറക്കം കെടുത്തുന്നവനുമാണവന്‍. ഒരു നവാഗതനായ പത്രപ്രവര്‍ത്തകന്‍ പത്രമാഫീസില്‍ ആദ്യം ചെയ്യുന്ന ജോലി വാര്‍ത്താ എജന്‍സി വാര്‍ത്തകള്‍ തര്‍ജ്ജമ ചെയ്യലാണ്. പൊറുക്കാനാവാത്ത ഒരു കൈതെറ്റില്‍ പത്രപ്രവര്‍ത്തകന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു തര്‍ജ്ജമയുടെ കഥയുണ്ട്. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലെ എല്ലാ പത്രപ്രവര്‍ത്തന ക്ലാസുകളിലും ആവര്‍ത്തിച്ചു ഒരിക്കലെങ്കിലും പറയുന്ന ദുരന്തകഥ.

സംഭവം നടന്നത് തിരുവനന്തപുരത്തെ പ്രശസ്ത പത്രത്തിലും. ‘Sleepers Washed away ‘ എന്ന എജന്‍സി വാര്‍ത്ത മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിവര്‍ത്തനം ചെയ്തത് അച്ചടിച്ച് വന്നപ്പോള്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും വലിയ ഭീമാബദ്ധം പിറന്നു. റെയില്‍പ്പാളത്തിലെ സ്ലീപ്പറുകള്‍ വെള്ളത്തില്‍ ഒഴുകിപ്പോയത്, ”ഉറങ്ങിക്കിടന്നവര്‍ വെള്ളത്തിലെഴുകിപ്പോയ്’ എന്നായി.

‘ Railway Sleepers ‘ ഉറങ്ങിക്കിടന്നവരായി. പിറ്റേന്ന് പത്രത്തില്‍ വന്ന ഈ വാര്‍ത്ത പത്രത്തിന് എക്കാലത്തെയും ചീത്തപ്പേര് സമ്മാനിച്ചു. ഒരു മാത്രയില്‍ തെറ്റായി മനസ്സിലെത്തിയത് കടലാസിലെഴുതിയപ്പോള്‍ ചരിത്രപരമായ വന്‍ അബദ്ധമായി. എം. എസ് മണിസ്വാമിയെന്ന അതെഴുതിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാന്‍ പ്രഗല്‍ഭനായിരുന്നു. ആ പത്രമോഫീസിലെ തന്നെ ഏറ്റവും അറിവുള്ളയാള്‍! എന്നിട്ടും തര്‍ജ്ജമ ചതിച്ചു.

CR Omanakuttan

സി.ആർ. ഓമനക്കുട്ടൻ

സമാനമായ അബദ്ധം, ഭാഗ്യം ഇടങ്കോലിട്ടത് കൊണ്ടു മാത്രം അപകടം ഒഴിവായ പത്രമാഫീസിലെ ഒരു തര്‍ജ്ജമ കഥ കൂടിയുണ്ട്. കൊല്ലത്തെ ‘പ്രഭാതം’ ദിനപത്രത്തില്‍ ചേര്‍ന്ന പുതിയ സബ് എഡിറ്റര്‍ തനിക്ക് കിട്ടിയ പി.ടി.എ ന്യൂസ് രണ്ട് തവണ വായിച്ചു എന്നിട്ട് തര്‍ജ്ജമ ചെയ്തു.
‘The heir of Prophet Mohammad was disappeared from Hazratbal shrine’
തര്‍ജ്ജമ :’ഹസ്രത്ത് ബാല്‍ മന്ദിരത്തില്‍ നിന്ന് മുഹമ്മദ്പ്രവാചകന്റെ അനന്തരാവകാശിയെ കാണാതായിരിക്കുന്നു.’
വാര്‍ത്ത പ്രസിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പുതിയ സബ് എഡിറ്റര്‍ എഴുതിയത് വായിച്ച് ചാടിയെഴുന്നേറ്റു.
പി.ടി.എ ഷീറ്റ് ഒറിജിനല്‍ വായിച്ച് തലയില്‍ കൈ വെച്ചു. പ്രസ് നിറുത്താന്‍ പറഞ്ഞു. എന്നിട്ട് ഒറിജിനല്‍ സൂക്ഷിച്ച് വായിക്കാന്‍ സബ് എഡിറ്ററോട് ആവശ്യപ്പെട്ടു. വായിച്ച സബ് എഡിറ്റര്‍ ഞെട്ടി. Heir അല്ല. Hair. നബി തിരുമേനിയുടെ മുടി. ‘നബിത്തിരുമേനിയുടെ വിശുദ്ധ കേശം കാണാനില്ല’ ഈ വാര്‍ത്തയാണ് ഒരു വാക്ക് തെറ്റായി തര്‍ജ്ജമയില്‍ സമൂലം മാറിയത്. ഭാഗ്യം ഇടയില്‍ കയറി വന്നില്ലായിരുന്നെങ്കില്‍ ആ വാര്‍ത്ത പിറ്റേന്ന് പത്രത്തില്‍ അച്ചടിച്ചു വന്നേനെ. പത്രപ്രവര്‍ത്തകന്റെ തുടക്കം ഒടുക്കമായേനെ. ആ പത്രപ്രവര്‍ത്തകന്റെ പേര് സി. ആര്‍. ഓമനക്കുട്ടന്‍. Language and translation speech

Content Summary: Language and translation speech

Leave a Reply

Your email address will not be published. Required fields are marked *

×