ഓമനക്കുട്ടന്‍ സാറിന്റെ പ്രിയങ്കരനായ ശിഷ്യനായിരുന്നു സലിം കുമാര്‍. ഗുരുവായ ഓമനക്കുട്ടന്‍ സാര്‍ എഴുതി രസിപ്പിച്ചു. ശിഷ്യനായ സലിം കുമാര്‍ അഭിനയിച്ചു ചിരിപ്പിച്ചു. ഇരുവരും പകര്‍ന്ന നര്‍മ്മരസം മലയാളികള്‍ക്ക് അനശ്വരമായ ഓര്‍മ്മകളാകുന്നു.
എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായ സി. ആര്‍. ഓമനക്കുട്ടന്‍ സാറിന്റെ പ്രിയശിഷ്യനായിരുന്നു നടന്‍ സലിം കുമാര്‍. മഹാരാജാസിന്റെ ചരിത്രകാരനും അദ്ധ്യാപകനുമായിരുന്ന ഓമനക്കുട്ടന്‍ സാര്‍ അന്തരിക്കുന്നതിനു രണ്ടാഴ്ചമുന്‍പ് അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിരുന്നു. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള താജ് ഗേറ്റ് വേ ഹോട്ടലിലെ വേദിയില്‍ ഓമനക്കുട്ടന്‍ സാര്‍ തന്റെ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ ഇരുന്നത് ഒരു ചരിത്ര സംഭവമായിരുന്നു. മഹാരാജാസ് കോളേജിലെ സാറിന്റെ രണ്ട് ശിഷ്യന്‍മാരാണ് വലത്തും ഇടത്തും ഇരുന്നത് – അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടിയ രണ്ട് നടന്മാര്‍; മമ്മൂട്ടിയും സലിം കുമാറും. ആ ചടങ്ങില്‍ മമ്മൂട്ടി ‘ശവം തീനികള്‍’ എന്ന പുസ്തകവും സലിം കുമാര്‍ സാറിന്റെ ‘തിരഞ്ഞെടുത്ത കഥകളും’ അവിടെ അന്ന് പ്രകാശനം ചെയ്തു.
മമ്മൂട്ടിയും സലിം കുമാറും പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുക. ഏത് എഴുത്തുകാരന് കിട്ടും ഈ അംഗീകാരം? ആ ചടങ്ങ് ഓമനക്കുട്ടന്‍ സാറെഴുതുന്ന ലേഖനങ്ങള്‍ പോലെയായിരുന്നു. കാലവും ചരിത്രവും രാഷ്ട്രീയവും സാഹിത്യവും ഗാനവും അഭിനയവും നര്‍മ്മവും എല്ലാം അവിടെ സമ്മേളിച്ചിരുന്നു.

സലിം കുമാറെന്ന പ്രശസ്ത ചലചിത്ര നടനെ കുറിച്ച് ഓമനക്കുട്ടന്‍ സാര്‍ അധികമൊന്നും എഴുതിയില്ല. എഴുതിയത് തന്റെ അരുമ ശിഷ്യനും വിദ്യാര്‍ത്ഥിയുമായ കലാകാരനായ സലിം കുമാറിനെ കുറിച്ചായിരുന്നു. യുവജനോത്സവ വേദികളിലെ മികച്ച പ്രതിഭയില്‍ നിന്ന് ചലചിത്ര രംഗത്തെക്കുള്ള സലിം കുമാര്‍ എന്ന നടന്റെ സ്വഭാവികമായ വളര്‍ച്ചയെ കുറിച്ച്.
മഹാരാജാസ് കോളേജില്‍ ഓമനകുട്ടന്‍ സാറിന് രണ്ട് പ്രിയ ശിഷ്യമാരുണ്ട്. ബിരുദ വിദ്യാഭ്യാസം പഞ്ചവത്സരപദ്ധതികളായി ആഘോഷിച്ചവര്‍, ആദ്യത്തെയാള്‍ മഹാരാജാസിലെ ത്രിവത്സര ബി. എ. കലയും കളിയും കൊണ്ട് അഞ്ചാണ്ട് നീണ്ട കോമഡിയായി അടിപൊളിയാക്കിയ സലിംകുമാര്‍. രണ്ടാമന്‍, ദ്വിവത്സര ബി.എ. കൊടി പിടിച്ചും പട നയിച്ചും അഞ്ചു വര്‍ഷത്തെ ദീര്‍ഘസമരമായി കൊണ്ടാടിയ, പരിവര്‍ത്തവാദിയായ കോണ്‍ഗ്രസ് നേതാവ് എം.എ. ജോണും. ഇരുവരും പിന്നിട് അവരുടെ മേഖലയില്‍ താര പദവിയിലെത്തി.
മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മിമിക്രിക്കും മോണോ ആക്റ്റിനുമൊക്കെ കിട്ടിയ ഒരു കെട്ട് സര്‍ട്ടിഫിക്കറ്റുകളുമായാണ് മാല്യങ്കര എസ്. എന്‍ എം കോളേജില്‍ നിന്ന് സലിം എന്ന പ്രീഡിഗിക്കാരന്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍. ഭരതനെ ചെന്നു കാണുന്നത്. നാലഞ്ച് എം.എ.യും എല്‍.എല്‍.ബി.യു മുള്ള നഗ്‌നപാദ പ്രിന്‍സിപ്പലാണ് ഭരതന്‍മാഷ്. ഇസ്തിരിയിടാത്ത ചുളുങ്ങിയ ജുബ്ബയും ഒറ്റമുണ്ടുമാണ് വേഷം. മുണ്ട് അങ്ങേയറ്റം കേറ്റി മടക്കിക്കുത്തും. ക്ലാസ്സില്‍ രണ്ടരമണിക്കൂര്‍ നേരം അലറി പ്രസംഗിക്കും. കുട്ടികള്‍ക്ക് പ്രിയപ്പെട്ടവന്‍. വിഷയസംബന്ധമായ ഒരു വാശിയും ബി.എയ്ക്കു ചേരുമ്പോള്‍ സലിം കുമാറിന് ഉണ്ടായിരുന്നില്ല. ബി.കോം. അല്ലെങ്കില്‍ ബി.എസ്.സി. എന്ന അതിമോഹങ്ങളുമുണ്ടായിരുന്നില്ല.

സലിമിന്റെ രൂപവും വെളുത്തു തുടുത്ത ചിരിയും ഭരതന്‍ മാഷിന് ക്ഷ, പിടിച്ചു. ആര്‍ട്ടിസ്റ്റാണെന്ന് കേട്ടപ്പോള്‍ പടം വരപ്പുകാരനാണെന്ന് കരുതി. സായാഹ്നകോളേജില്‍ മലയാളം ബി.എ.യ്ക്ക് പ്രവേശനം കൊടുത്തു. ഏറെ താമസിയാതെ സര്‍ക്കാര്‍ സായാഹ്നകോളേജുകള്‍ മുഴുവന്‍ അടച്ചുപൂട്ടി. സലിം വലതു കാല്‍ വെച്ച് കയറി രണ്ടാഴ്ച തികയും മുമ്പെ സായാഹ്നകോളേജ് നാമാവശേഷമായി. തുടര്‍ന്ന് മഹാരാജാസ് കോളേജില്‍ ബി.എ. മലയാളം ക്ലാസില്‍ ഇരുന്നു പ്രവേശിച്ചു. പിന്നെ അഞ്ചാണ്ട് അവിടെത്തന്നെ ഇരുന്നു കളഞ്ഞു.
സലിം കുമാര്‍ അപൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. വളരെ അപൂര്‍വമായേ ക്ലാസ്സില്‍ വരാറുള്ളു. അത് ഒരു വരവാണ്. ക്ലാസ് മുറിയില്‍ ചിരിയും അട്ടഹാസവും മുഴങ്ങുമ്പോള്‍ മുകളില്‍ സ്റ്റാഫ് റൂമിലിരുന്ന് അദ്ധ്യാപകരായ കെ.ജി. ശങ്കരപ്പിള്ളയും തുറവൂര്‍ വിശ്വംഭരനും ഒക്കെ പറയും, സലിം വന്നിട്ടുണ്ട്!
ഒരു ദിവസം ക്ലാസ്മുറിയില്‍ ചിരികളുടെ അമിട്ടുകള്‍ പൊട്ടിത്തെറിക്കുന്നതുകേട്ട് സ്റ്റാഫ് റൂമില്‍ നിന്ന് ഓമനകുട്ടന്‍ സാര്‍ ഓടിച്ചെന്നു. നോക്കുമ്പോള്‍ മേശപ്പുറത്ത് ശീര്‍ഷാസനത്തില്‍നിന്ന് ‘കള്ളന്‍’ എന്ന കവിത അവതരിപ്പിക്കുകയാണ് സലിംകുമാര്‍. ഹാസ്യവും കാവ്യവും തലകുത്തിനിന്ന് തകര്‍ത്തുവാരുകയാണ്.
ഓമനക്കുട്ടന്‍ സാര്‍ എഴുതിയ സലിം കുമാറിന്റെ ആ വളര്‍ച്ച ഇങ്ങനെ തുടങ്ങി.
‘കോളേജ് യൂത്ത് ഫെസ്റ്റിവലിന് കൊടി കേറിയാല്‍ സലിം കുമാര്‍ രാപകല്‍ കോളേജിലുണ്ട്. ഊണും ഉറക്കവുമില്ല. എന്തൊരു ഉത്സാഹവും ഉന്മേഷവുമാണ്! ബീഡി വലിച്ച് പൊള്ളിക്കരിവാളിച്ച ചുണ്ടുകളില്‍ നിറചിരിയാണെപ്പോഴും. സലിംകുമാറാണ് താരം.’
”മിമിക്രിയില്‍ ഗൗരിയമ്മയുടെ പ്രസംഗം ഉഗ്രന്‍. മോണോ ആക്ടില്‍
അയ്യപ്പപ്പണിക്കരുടെ ‘കള്ളന്‍’ ഉഗ്രോഗ്രന്‍. 1993-ല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല യുവജനോത്സവത്തില്‍ സലിം എന്ന താരം പിറന്നു. നമ്മുടെ പത്രമാധ്യമങ്ങള്‍ അത് കണ്ടറിഞ്ഞു”.

സലിംകുമാര്‍ കലാഭവനിലും ഹരിശ്രീയിലുമെല്ലാം അംഗമായി സഞ്ചാരം തുടങ്ങി. കോളേജില്‍ വരാന്‍ എവിടെ നേരം? പരീക്ഷകള്‍ നടക്കുമ്പോള്‍ കലാകാരന്‍ അമേരിക്കയിലും ഗള്‍ഫിലുമൊക്കെയാണ്. എങ്കിലും യൂത്ത് ഫെസ്റ്റിവലിന് ഓടിയെത്തും. ഫെസ്റ്റിവല്‍ കിരീടം മഹാരാജാസിന്റെ പ്രസ്റ്റീജ് പ്രോബ്ലമാണ്. അത് പിടിച്ചെടുക്കാന്‍ സലിം ഉണ്ടായേ തീരൂ…
ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും നടന്ന യുവജനോത്സവങ്ങള്‍ ഞാനോര്‍ക്കുന്നു. അമല്‍ നീരദും അന്‍വര്‍ റഷീദും സലിംകുമാറും ഒക്കെക്കൂടി കിരീടം ഉയര്‍ത്തിപ്പിടിച്ചുനില്ക്കുന്ന ആഹ്ലാദചിത്രത്തില്‍ ടീം മാനേജരായ ഞാനുമുണ്ട്”. ഓമനക്കുട്ടന്‍ സാര്‍ ആ ചരിത്രസംഭവം ഓര്‍മ്മിച്ചു.
”എറണാകുളം ഫെസ്റ്റിവലില്‍ ഉത്സവകിരീടം വാങ്ങാന്‍ കോളേജ് മുതല്‍ ടി.ഡി.എം. ഗ്രൗണ്ട് വരെ ഭരതന്‍മാഷ് കുട്ടികളുടെ തോളിലേറി വന്നു. സലിമിന്റെയും മറ്റും കഴുത്തില്‍ കവച്ചിരുന്ന് തുള്ളിക്കുതിച്ച് വന്ന പ്രിന്‍സിപ്പല്‍ ഭരതനെ കണ്ട് അന്ന് അഴീക്കോട് സാര്‍ അദ്ഭുതം കൂറി: നമ്മുടെ ഭരതനല്ലേ ആ വരുന്നത്! ഭരതനു മാത്രമേ ഇത് കഴിയൂ!”
മൂന്നാംവര്‍ഷം സലിംകുമാര്‍ ഓമനക്കുട്ടന്‍ സാറിനോട് പറഞ്ഞു, ‘മാഷേ ഞാന്‍ നിറുത്തി, ഈ മിമിക്രീം മോണോ ആക്റ്റും മത്സരം.
അതെന്താ?
എല്ലാ സമ്മാനോം എനിക്കു കിട്ടിയില്ലേ? ഫസ്റ്റും സെക്കന്റും തേര്‍ഡും!
അതെങ്ങനെ? ഓമനക്കുട്ടന്‍ സാര്‍ ചോദിച്ചു.
‘ആദ്യവര്‍ഷം ഫസ്റ്റ്, രണ്ടാം വര്‍ഷം, സെക്കന്റ്, മൂന്നാം വര്‍ഷം തേര്‍ഡ്! നിറുത്തി മാഷെ നിറുത്തി’ ഒരു സിനിമാ ഡയലോഗ് പോലെ സലിം കുമാര്‍ പറഞ്ഞു
പരീക്ഷാനാളുകളില്‍ ഗള്‍ഫ് പരിപാടിയുമായി സലിംകുമാര്‍ പോയി. കോളേജ് തുറന്നപ്പോള്‍ വീണ്ടും വന്നു. മുഴുചിരിയോടെ പ്രൊഫസ്സര്‍ ശങ്കരപ്പിള്ളയുടെ മുന്നിലെത്തി. വിനീതവിധേയനായി പറഞ്ഞു. പഠിച്ചത് മതിയായില്ല മാഷെ. പിന്നേയും ബി.എ. മൂന്നാംവര്‍ഷ ക്ലാസ്സില്‍ ചേര്‍ന്നു. അത്തവണ തൃപ്പൂണിത്തുറയില്‍ ആയിരുന്നു യൂത്ത് ഫെസ്റ്റിവല്‍ സലിം കുമാറാണ് മഹാരാജാസിനുവേണ്ടി ടാബ്ലോ അവതരിപ്പിക്കുന്നത്.
അതറിഞ്ഞ ഓമനകുട്ടന്‍ സാര്‍ കുട്ടികളോട് ചോദിച്ചു
‘എന്താ സലിം ചെയ്യാമ്പോണത്? ‘
കുട്ടികള്‍ പറഞ്ഞു ‘ഒരു മലവേടന്‍ –
”അതിനു പിന്നെ മേക്കപ്പ് വേണ്ടല്ലോ” , ഓമനകുട്ടന്‍ സാര്‍ പറഞ്ഞു
ടാബ്ലോ വിഷയം മലവേടനും പെരുമ്പാമ്പും! അതിന് പെരുമ്പാമ്പിനെ കൊണ്ടുവരാന്‍ സലിം കുമാര്‍ രാവിലെ മലയാറ്റൂര്‍ക്ക് പോയതാണ്.
ഏറെനേരം കഴിഞ്ഞ് ഒരു ടാക്സിയില്‍ സലിം പാഞ്ഞത്തി. പെരുമ്പാമ്പിനെ കിട്ടിയില്ലെന്ന്! പാമ്പിനെ കൊടുക്കാമെന്നു പറഞ്ഞവന്‍ കളിപ്പിച്ചു കളഞ്ഞെന്ന്! വന്നപോലെ പാഞ്ഞുപോയി. അങ്ങനെ ടാബ്ലോ നടന്നില്ല.

പിന്നീട്, അടുത്ത കോളേജ് തുറപ്പിന് വീണ്ടും എത്തി. അപ്പോഴും സലിം പറഞ്ഞു
‘പഠിച്ചത് മതിയായില്ല’
മതിയാകും മുമ്പെ സലിംകുമാര്‍ സിനിമയിലായി. സലിമായി താരം. സലിമിന്റെ ചിരി വെള്ളിത്തിര നിറച്ചു. വല്ലപ്പോഴും കണ്ടുമുട്ടുമ്പോള്‍ വിനീതവിധേയനായി ഓമനക്കുട്ടന്‍ സാറിനോട് പറയും:
മതിയായിട്ടില്ല മാഷെ…
Content Summary; late actor Salim Kumar’s deep bond with Professor Omanakuttan Sir and his nostalgic memories from his unforgettable Maharaja’s College days