ഇസ്രായേലിൻ്റെ വംശഹത്യാ യുദ്ധത്തിനെതിരെ ജൂൺ 17ന് രാജ്യവ്യാപകമായി പലസ്തീൻ ഐക്യദാർഢ്യദിനമാചരിക്കാൻ ഇടതു പാർട്ടികൾ. ഇടതു പാർട്ടികളുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗാസയിലെ പലസ്തീൻ ജനതയ്ക്കെതിരായ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ തങ്ങൾ അപലപിക്കുന്നുവെന്ന് പരാമർശിച്ച് കൊണ്ടാണ് പ്രസ്താവന ആരംഭിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഐ (എം)), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എംഎൽ)-ലിബറേഷൻ (സിപിഐ-എംഎൽ), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് (എഐഎഫ്ബി), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി) എന്നീ ഇടതു പാർട്ടികളാണ് സംയുക്ത പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. ഡൽഹിയിൽ ജൂൺ 17ന് രാവിലെ 11.00 മണിക്ക് ജന്തർ മന്തറിൽ പ്രകടനം നടക്കുകയെന്ന് പ്രസ്താവയിൽ പറയുന്നു.
ഇരുപത് മാസത്തിലേറെയായി ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തിലും സൈനിക ആക്രമണത്തിലുമായി രാജ്യത്ത് 55,000ത്തോളം പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. മരണപ്പെട്ടവരിൽ ഭൂരിഭാഗം സ്ത്രീകളും കുട്ടികളുമാണ്. അവശ്യ അടിസ്ഥാന സൗകര്യങ്ങളായ സ്കൂളുകൾ, ആശുപത്രികൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യം വച്ചായിരുന്നു ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിരുന്നത്. ഗാസയിലേക്കുള്ള സഹായങ്ങൾ തടയുന്ന ഇസ്രായേലിന്റെ നടപടിയെ മനുഷ്യത്വരഹിതമെന്നും സംയുക്ത റിപ്പോർട്ടിൽ വിമർശിക്കുന്നു. എം എ ബേബി ജനറൽ സെക്രട്ടറി, സിപിഐ(എം), ഡി രാജ ജനറൽ സെക്രട്ടറി, സിപിഐ, ദീപങ്കർ ഭട്ടാചാര്യ ജനറൽ സെക്രട്ടറി സിപിഐ(എംഎൽ)- ലിബറേഷൻ, മനോജ് ഭട്ടാചാര്യ ജനറൽ സെക്രട്ടറി ആർഎസ്പി,ജി ദേവരാജൻ ജനറൽ സെക്രട്ടറി എഐഎഫ്ബി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പു വച്ചിരിക്കുന്നത്.
ഗാസ മുനമ്പിലേക്ക് അവശ്യ വസ്തുക്കളുമായെത്തിയ കപ്പൽ തടഞ്ഞ ഇസ്രായേൽ നടപടിയെയും അപലപിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. തടവിലാക്കപ്പെട്ട എല്ലാ വോളൻ്റിയർമാരെയും മോചിപ്പിക്കാനും ഗാസയ്ക്ക് തടസമില്ലാത്ത മാനുഷിക സഹായങ്ങൾ എത്തിച്ചുനൽകാനും ഇടതു പാർട്ടികൾ ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ നിന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങൾക്കിടയിലും ബെഞ്ചമിൻ നെതന്യാഹു തന്റെ ഗാസ വിരുദ്ധ തുടരുകയാണ്. പലസ്തീൻ ജനതയുടെ പാലായനം, മനുഷ്യാവകാശ ലംഘനം എന്നിവ വിഷയങ്ങളിൽ തികഞ്ഞ അവഗണനയാണ് ഇസ്രായേൽ കാണിക്കുന്നത്. ഫ്രീഡം ഫോട്ടില്ല കപ്പലിനെതിരെ തുറന്നുവിട്ട ആക്രമണം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് പ്രസ്താവനയിൽ പറയുന്നു. പലസ്തീനൊപ്പം ഉറച്ചുനിൽക്കുന്നതിന് പകരം ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധവും പ്രസ്താവനയിൽ സൂചിപ്പിക്കുന്നുണ്ട്.
content summary: left parties will Observe June 17 as National Day of Solidarity with Palestine
Leave a Comment