March 27, 2025 |
Share on

ജീവിക്കാന്‍ വേണ്ടി പല ജോലികള്‍, ഒടുവില്‍ ഇഷ്ടപ്പെട്ട ജോലിക്കു വേണ്ടി ജീവന്‍ നല്‍കി

കൊല്ലപ്പെട്ട ബസ്തര്‍ ജേര്‍ണലിസ്റ്റ് മുകേഷിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്

അമ്മ, അയാള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷേ, ആ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്രയത്ര നിസ്സഹായതയിലായിരുന്നു ജീവിതം. എന്നിട്ടും അയാള്‍ പ്രതിസന്ധികളോട് പോരടിക്കാനാണ് തീരുമാനിച്ചത്. ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായൊരു നാട്ടില്‍ ജീവിക്കുമ്പോഴും സ്വന്തം ജീവിതത്തെക്കുറിച്ചോ, സുരക്ഷയെക്കുറിച്ചോ അയാള്‍ വേവലാതിപ്പെട്ടില്ല. മറ്റുള്ളവര്‍ക്ക് എത്താന്‍ പ്രായസമുള്ളിടങ്ങളില്‍, പേടിച്ചിട്ട് ആരും പോകാത്ത സ്ഥലങ്ങളില്‍ അയാള്‍ കയറിച്ചെന്നു. തനിക്ക് മാത്രമായി എല്ലാം എന്ന വിചാരമില്ലാതെ, പങ്കുവയ്ക്കുന്നതിലും അയാള്‍ ആനന്ദം കണ്ടെത്തി. എല്ലാത്തിനുമൊടുവില്‍ ഏറ്റവും മൃഗീയമായി അയാള്‍ കൊല്ലപ്പെട്ടു.

മുകേഷ് ചന്ദ്രാക്കറിനെ കുറിച്ചാണ്. അഹിതമായ വാര്‍ത്തകളുടെ പേരില്‍ സ്വന്തം ബന്ധുക്കള്‍ ഉള്‍പ്പെടെ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ 32 കാരനായ മാധ്യമ പ്രവര്‍ത്തകനെ കുറിച്ച്.

മദ്യ വില്‍പ്പനക്കാരന്‍, മോട്ടോര്‍ സൈക്കില്‍ മെക്കാനിക്ക്, കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നവന്‍ തുടങ്ങി ജീവിക്കാന്‍ വേണ്ടി അയാള്‍ പല തൊഴിലുകളും ചെയ്തിരുന്നു. ഒടുവില്‍, തന്റെ ജീവിത ലക്ഷ്യമെന്നോണം തെരഞ്ഞെടുത്ത മാധ്യമ പ്രവര്‍ത്തനം. അതിലയാള്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തു. കഠിനാദ്ധ്വാനം ചെയ്തു. ജീവിതം സമര്‍പ്പിച്ച ആ തൊഴിലിന്റെ പേരില്‍ തന്നെ ഒടുവില്‍ ജീവനും നഷ്ടമായി.

ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ ബസഗുഡയിലാണ് മുകേഷ് ജനിച്ചത്. 2000-ന്റെ മധ്യത്തില്‍ സായുധന സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടല്‍ ഏറ്റവുമധികം ബാധിച്ച പ്രദേശമാണ് ബസഗുഡ. അക്രമം മനുഷ്യജീവിതത്തെ ബാധിച്ചതോടെ, മുകേഷിന്റെ കുടുംബം ബസഗുഡയില്‍ നിന്ന് ബിജാപൂരിലെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറി. മുകേഷിന് തന്റെ കുട്ടിക്കാലത്ത് തന്നെ പിതാവിനെ നഷ്ടമായിരുന്നു. അംഗനവാടി ജീവനക്കാരിയായിരുന്ന അമ്മയായിരുന്നു, മുകേഷിന്റെയും ചേട്ടന്‍ യുകേഷിന്റെയും ഏക ആശ്രയം. കാന്‍സര്‍ ബാധിതയായിരുന്ന അമ്മയെ 2013 ല്‍ ഇരുവര്‍ക്കും നഷ്ടമായി. അമ്മയുടെ ചികിത്സ നടത്താനുള്ള ഗതിയില്ലാതെ പോയതില്‍ മുകേഷ് എന്നും സങ്കടപ്പെട്ടിരുന്നു.

അവന്‍ അമ്മയെ ഒരുപാട് സ്‌നേഹിച്ചിരുന്നു എന്നാണ് മുകേഷിന്റെയൊരു സുഹൃത്ത് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ പറഞ്ഞത്. കുട്ടിക്കാലത്ത് കുറച്ച് പാല് കുടിക്കാന്‍ അവന് കൊതിയുണ്ടായിരുന്നിട്ടും, അതിനുപോലും സാധിക്കാതിരുന്ന നിര്‍ദ്ധന കുടുംബമായിരുന്നു മുകേഷിന്റെതെന്നും സുഹൃത്ത് പറഞ്ഞു. ബിജാപൂരിലെ സാഹചര്യങ്ങള്‍ മോശമായിരുന്നതിനാല്‍, ഇതലെ ദന്തേവാഡയില്‍ അയച്ചാണ് അമ്മ മുകേഷിന്റെ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. മഹുവ(നാടന്‍ മാദ്യം) വില്‍പ്പനക്കാരനായും, മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കായുമൊക്കെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ മുകേഷ് ഒത്തിരി കഷ്ടപ്പെട്ടിരുന്നുവെന്നും സുഹൃത്ത് ഓര്‍ക്കുന്നു.

സഹോദരന്‍ യുകേഷ് ഒരു ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായിരുന്നു. സഹോദരന്‍ വഴിയാണ് മാധ്യമപ്രവര്‍ത്തനത്തോട് മുകേഷിനും താത്പര്യം തോന്നുന്നത്. പിന്നീട് ആ പ്രൊഫഷന്‍ അവന്റെ പാഷനായി മാറി. സഹാറ, ബന്‍സല്‍, ന്യൂസ് 18, എന്‍ഡിടിവി തുടങ്ങി വിവിധ മാധ്യമങ്ങള്‍ക്കൊപ്പം മുകേഷ് പ്രവര്‍ത്തിച്ചു.

സാഹസികത നിറഞ്ഞതായിരുന്നു മുകേഷിന്റെ മാധ്യമപ്രവര്‍ത്തന ശൈലി. നക്‌സല്‍ ഏറ്റുമുട്ടല്‍ പ്രദേശങ്ങളിലേക്ക് കടന്നു ചെന്നു ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗ് ചെയ്യുകയായിരുന്നു മുകേഷിന്റെ രീതി. ദുര്‍ഘടം പിടിച്ചതും, പോകാന്‍ മറ്റുള്ളവര്‍ മടിക്കുന്നതുമായ, നക്‌സല്‍ മേഖലകളിലേക്കും ഉള്‍ക്കാടുകളിലേക്ക് അവന്‍ നിര്‍ഭയനായി കടന്നു ചെന്നു. തന്റെ സംസ്ഥാനത്തിന്റെ അവസ്ഥ പുറം ലോകത്തോട് ചര്‍ച്ച ചെയ്യാന്‍ മറ്റ് മാധ്യമ പ്രവര്‍ത്തകരെ കൂടി പ്രേരിപ്പിക്കുന്നൊരു ശൈലിയും മുകേഷിനുണ്ടായിരുന്നു. തന്റെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി അവന്‍, ദുര്‍ഘട മേഖലകളിലേക്ക് ജേര്‍ണലിസ്റ്റ് സുഹൃത്തുക്കളെ കൊണ്ടു പോകുമായിരുന്നു.

ഒരു ജേര്‍ണലിസ്റ്റിന്റെ വീര്യത്തോടെയായിരുന്നു അവന്‍ എന്നും പ്രവര്‍ത്തിച്ചിരുന്നതെന്നാണ്, മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ മുകേഷിനെ കുറിച്ച് സ്മരിക്കുന്നത്. ”ഒരു സ്റ്റോറി പങ്കുവയ്ക്കാന്‍ സൗഹൃദം മാത്രമായിരുന്നു അവന് വേണ്ടിയിരുന്നത്, മറ്റൊന്നും അവന്‍ ആഗ്രഹിച്ചില്ല. അവന്റെ ബൈക്കില്‍ മറ്റുള്ളവരെ കൊണ്ടു പോകാന്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല. അദ്ദേഹം ചെയ്ത വാര്‍ത്തകള്‍ക്ക് തുച്ഛമായ ഒരു പ്രതിഫലം മാത്രമായിരുന്നു കിട്ടിയിരുന്നത്. സ്ഥിര വരുമാനം അവന് ഇല്ലായിരുന്നു. ഒരു യുവ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന് ആകെ ഉണ്ടായിരുന്നത് ജോലി ചെയ്യാനുണ്ടായിരുന്ന ഉത്സാഹം മാത്രമായിരുന്നു”.

ഞങ്ങളെപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ബസ്തറില്‍ പോയി മടങ്ങുകയാണ് പതിവ്. എന്നാല്‍ മുകേഷിനെ പോലുള്ള ലോക്കല്‍ ജേര്‍ണലിസ്റ്റുകള്‍ അവിടെ തങ്ങി റിപ്പോര്‍ട്ട് ചെയ്യും. ഒരു തവണയല്ല, കഴിഞ്ഞ നാലര വര്‍ഷമായി അവന്‍ ഇതേ കാര്യം തന്നെയാണ് ചെയ്തു കൊണ്ടിരുന്നത്. അത്തരം റിപ്പോര്‍ട്ടുകള്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഒത്തിരി സഹായം ചെയ്തിരുന്നു.

2200 രൂപ വാടക കൊടുക്കേണ്ടിയിരുന്ന ഒരു മണ്‍ കുടിലിലായിരുന്നു ബിജാപൂരില്‍ മുകേഷിന്റെ താമസം. തന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ അറിഞ്ഞിരുന്ന മുകേഷ് അഞ്ച് വര്‍ഷത്തോളം ഒപ്പം താമസിക്കാന്‍ തന്നെ അനുവദിച്ചിരുന്നുവെന്നാണ് ദന്തേവാഡയിലെ മാധ്യമപ്രവര്‍ത്തകനും മുകേഷിന്റെ ഉറ്റസുഹൃത്തുമായിരുന്ന രഞ്ജന്‍ ദാസ് പറയുന്നത്. ബിജാപൂരിലെ മിക്ക പത്രപ്രവര്‍ത്തകരും വാടകയ്ക്ക് താമസിക്കുന്നവരാണ്. ആദിവാസി വിഷയങ്ങളില്‍, പ്രത്യേകിച്ച് ജല്, ജംഗിള്‍ ഔര്‍ ജമീന്‍ (ജലം, വനം, ഭൂമി) എന്നീ വിഷയങ്ങളില്‍ മുകേഷ് വളരെ തത്പരനായിരുന്നുവെന്നാണ് ദാസ് പറയുന്നത്. ഗ്രാമീണരുടെ പ്രതിഷേധം, വ്യാജ ഏറ്റുമുട്ടലുകള്‍, സിവിലിയന്‍ കൊലപാതകങ്ങള്‍, മോശം അടിസ്ഥാന സൗകര്യങ്ങള്‍, പോഷകാഹാരക്കുറവ്, മോശം ആരോഗ്യ സൗകര്യങ്ങള്‍ എന്നിവയെ കുറിച്ച് മുകേഷ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തു. അതുവഴി ആദിവാസികള്‍ക്കിടയില്‍ അദ്ദേഹം ജനപ്രിയനായി. അവന്‍ തന്റെ ജോലിയെ സ്‌നേഹിക്കുകയും അതിനായി ജീവിക്കുകയും ചെയ്തു എന്നാണ് രഞ്ജന്‍ ദാസ് സാക്ഷ്യപ്പെടുത്തുന്നത്.

തന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ മൂലം, മുകേഷ് സംസാഥന സര്‍ക്കാരില്‍ നിന്ന് പലതവണ സമ്മര്‍ദ്ദം നേരിട്ടിരുന്നു. കൂടാതെ പൊതുമുതല്‍ നശിപ്പിച്ചതിന് മാവോയിസ്റ്റുകളെ വിമര്‍ശിച്ചപ്പോള്‍, അവരുടെ ഭീഷണിയും നേരിട്ടു. അവര്‍ (മാവോയിസ്റ്റുകള്‍) ഉപദ്രവിക്കുമെന്നായിരുന്നു ഞങ്ങള്‍ ഭയപ്പെട്ടിരുന്നത്, പക്ഷേ ഒരു കുറ്റവാളിയാല്‍ ഉപദ്രവിക്കപ്പെടുമെന്ന് ഒരിക്കലും സങ്കല്‍പ്പിച്ചിരുന്നില്ലെന്നാണ് മുകേഷിന്റെ കൊലപാതകത്തെക്കുറിച്ച് ദാസ് പറയുന്നത്.

ബസ്തര്‍ ജംഗ്ഷന്‍ എന്നായിരുന്നു മുകേഷിന്റെ സ്വന്തം യൂട്യൂബ് ചാനലിന്റെ പേര്. 1.66 ലക്ഷം പേര്‍ സബ്‌സ്‌ക്രബേഴ്‌സ് ആയി ഉണ്ടായിരുന്നു. വാര്‍ത്തകള്‍ക്ക് അദ്ദേഹത്തിന് കിട്ടിയിരുന്നത് നൂറു രൂപ മുതല്‍ പരമാവധി ആയിരം വരെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിനു യൂട്യൂബ് ചാനല്‍ വഴി പ്രതിമാസം 20,000 രൂപവരെ കിട്ടി. ഒരിക്കല്‍ 50,000 രൂപയും ലഭിച്ചു. അവന്റെ ജീവിതം ഒരു വിധത്തില്‍ രക്ഷപ്പെട്ടു വന്നപ്പോഴാണ്, ഇങ്ങനെ സംഭവിച്ചത്, ദാസ് വേദനയോടെ പറയുന്നു.

2021ല്‍, തെക്കല്‍ഗുഡയില്‍ ബന്ദികളാക്കിയ ഒരു കോബ്രാ ജവാനെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ സുരക്ഷാ സേനയെ മാവോയിസ്റ്റുകളുമായി ചര്‍ച്ച ചെയ്യാന്‍ സഹായിച്ച ഏഴ് പത്രപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ മുകേഷും ഉണ്ടായിരുന്നു.

ബിജാപൂരിലെ റോഡിന്റെ ശോച്യാവസ്ഥ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 25 ന് മുകേഷ് ചെയ്ത റിപ്പോര്‍ട്ട് എന്‍ഡിടിവിയില്‍ വന്നിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. മുകേഷിന്റെ ബന്ധു സുരേഷ് ചന്ദ്രക്കറായിരുന്നു ഈ റോഡിന്റെ കരാറുകാരന്‍. മുകേഷിന്റെ വാര്‍ത്തയില്‍ പ്രകോപിതനായ സുരേഷിന്റെ സഹോദരന്‍ റിതേഷ് മുകേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ സുരേഷാണെന്ന് പോലീസ് പറഞ്ഞു.  Life story of Mukesh Chandrakar, a journalist from Bastar who killed

Content Summary; Life story of Mukesh Chandrakar, a journalist from Bastar who killed

×