രാജ്യത്തിന്റെ ഭാവി എന്തായിരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരാമം. ഇന്നറിയാം രാജ്യത്തെ അടുത്ത അഞ്ച് വര്‍ഷം ആര് നയിക്കുമെന്ന്. എട്ടുമണിയ്ക്ക് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് ആരംഭിക്കും. 543 മണ്ഡലങ്ങളിലെ വിധിയെഴുത്തിനാണ് ഇതോടെ തുടക്കമാവുന്നത്. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഏപ്രില്‍ 19-ന് ആരംഭിച്ച വിധിയെഴുത്ത് ഏഴു ഘട്ടങ്ങളിലായി 44 ദിവസം നീണ്ടുനിന്ന പ്രക്രിയയായിരുന്നു. ജൂണ്‍ ഒന്നിനാണ് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്.ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാന നിയമസഭകളിലേക്കും നടന്ന വോട്ടെടുപ്പിന്റെയും മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതിനൊപ്പം ആരംഭിക്കും. ഇത്തവണ റെക്കോര്‍ഡ് വോട്ടിങാണ് രാജ്യത്ത് നടന്നത്. 64.2 കോടി പേര്‍ വോട്ട് ചെയ്തു. 31.2 കോടി പേര്‍ സ്ത്രീകളാണ്. Lok Sabha election 2024
വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ സ്‌ട്രോങ് റൂമുകള്‍ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക. ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
വോട്ടെണ്ണല്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന വോട്ടെണ്ണല്‍ ആയിരിക്കും ഇതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറയുന്നത്. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.വോട്ടെണ്ണല്‍ ദിനത്തിന് വേണ്ടിയുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു. കൗണ്ടിങ് ഹാളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിട്ടുണ്ട്. ഒരു ടേബിളില്‍ പരമാവധി 500 വോട്ട് ആണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന്റെ മേല്‍നോട്ടത്തിന് ഒരു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കും. പോസ്റ്റല്‍ വോട്ടെണ്ണല്‍ പ്രക്രിയ റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പ് നിരീക്ഷനും സദാ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിങ് എജന്റിനെ നിയമിച്ചിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.
പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണുന്ന 2019 വരെ നിലനിന്നിരുന്ന രീതി പുനസ്ഥാപിക്കണമെന്ന
ഇന്ത്യ സഖ്യനേതാക്കളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണി തീര്‍ക്കുക പ്രായോഗികമല്ലെന്നും കൃത്രിമം നടക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും കമ്മീഷന്‍ പറഞ്ഞു. നേരത്തെ പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയിരുന്നത്. അതിന് ശേഷമാണ് ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയിരുന്നത്. എന്നാല്‍ ക ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ത്തതിന് ശേഷം ഫലം പ്രഖ്യാപിക്കണം. അതിന് ശേഷം മാത്രമേ ഇവിഎം എണ്ണിത്തുടങ്ങാവൂ എന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രായോഗികമായ തടസങ്ങള്‍ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവെക്കേണ്ടതാണ്. പിന്നീട് കേസുകള്‍ ഉണ്ടാകുകയാണെങ്കില്‍ കോടതിക്ക് തന്നെ നേരിട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ പരിശോധിക്കാവുന്നതാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ എന്തെങ്കിലും കൃത്രിമം നടക്കും എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
രാജ്യത്ത് മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകളുടെ പ്രവചനം. തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. തെക്കേ ഇന്ത്യയിലും ബിജെപി പിടിമുറുക്കുമെന്നും സര്‍വേകളില്‍ പറയുന്നുണ്ട്. ഇന്ത്യ മുന്നണിയ്ക്ക് 200 സീറ്റുകള്‍ നേടാന്‍ സാധിക്കില്ലെന്നാണ് സര്‍വേകളിലെ അഭിപ്രായം. എന്നാല്‍, എക്സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും തള്ളുകയാണ് ഇന്ത്യ സഖ്യം. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 295 സീറ്റ് ഉറപ്പാണെന്നാണ് അവരും അവകാശപ്പെടുന്നത്.
കേരളത്തില്‍ യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും പ്രവചനങ്ങളുണ്ട്. മൂന്ന് സീറ്റുകള്‍ എങ്കിലും ഇത്തവണ ബിജെപി സ്വന്തമാക്കിയേക്കാമെന്നാണ് എക്സിറ്റ് പോള്‍ ഫലം.
അതേസമയം, ഇടതുമുന്നണിയ്ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നുാണ് ചില എക്സിറ്റ് പോളുകള്‍ പറയുന്നത്. എന്നാല്‍ നിലവിലുള്ള ഏക സീറ്റും അവര്‍ക്ക് നഷ്ടമായേക്കുമെന്നും ചില സര്‍വേകള്‍ പറയുന്നുണ്ട്.
മോദി തരംഗമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. സീറ്റുനില ഉയരുമെന്ന് പ്രതീക്ഷിക്കുന്ന പ്രതിപക്ഷം എക്‌സിറ്റ് പോളുകളെ തള്ളുകയാണ് ചെയ്തിരിക്കുന്നത്. മോദി തരംഗം ഉറപ്പിച്ച ബിജെപി ആഘോഷ പദ്ധതികള്‍ വരെ നേരത്തെ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
English Summary: Lok Sabha election 2024: How to check poll results on ECI website on June 4?