നിലമ്പൂരിൽ ഇനി വിധിയെഴുത്താണ്. പ്രചാരണത്തിന്റെ അവസാനവട്ടവും ആവേശ തിമിർപ്പിലായിരുന്ന നിലമ്പൂരിന്റെ ചൂണ്ടു വിരലിൽ പതിക്കുന്ന മഷി അടയാളം മാറ്റി മറിക്കുക ഇനി വരാനിരിക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ മുഖച്ഛായ കൂടിയാണ്. റോഡ് ഷോയും പ്രകടനവുമായി മൂന്നു മുന്നണികളും, നൂറുകണക്കിനാളുകളെ അണിനിരത്തി എസ്ഡിപിഐയും അവസാനദിനത്തിലും വീറുകാട്ടി. 1965 ല്‍ മഞ്ചേരിയില്‍ നിന്ന് വേര്‍പെടുത്തിയാണ് നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ചത്. 2.32 ലക്ഷം വോട്ടർമാരാണ് നിലമ്പൂരിൽ പോളിങ് ബൂത്തിലെത്തുക. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ കേന്ദ്രങ്ങളുള്‍പ്പെടെ 263 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദിവാസി മേഖലകള്‍ മാത്രമുള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണുള്ളത്.
11 പ്രശ്‌ന സാധ്യതാ ബൂത്തുകളുൾപ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളിലും സുരക്ഷാ സംവിധാ നമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തുമെന്നും ജില്ലാ വരണാധികാരി അറിയിച്ചിട്ടുണ്ട്. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 2,32,381 വോട്ടർമാരാണ് മണ്ഡലത്തിളുള്ളത്. ഏത് പ്രതികൂല കാലാവസ്ഥയിലും വോട്ടർമാരെ ബൂത്തിലെത്തിക്കാൻ അരയും തലയും മുറുക്കിയാണ് മുന്നണികൾ തയ്യാറെടുത്തിരിക്കുന്നത്. 42% അടിസ്ഥാന വോട്ടുള്ള മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്തിനു പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്.10,000 ഭൂരിപക്ഷം എം.സ്വരാജിന് എൽഡിഎഫും കണക്കുകൂട്ടുന്നു. മോഹൻ ജോർജിലൂടെ വോട്ടുശതമാനം ഉയർത്താമെന്ന ഉറപ്പിലാണ് എൻഡിഎ. അൻവർ പിടിക്കുന്ന വോട്ടുകളിലും എതിരാളികൾക്ക് കണ്ണുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. ഇതുവരെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ജയം സിറ്റിങ് പാർട്ടിക്കായിരുന്നു. ആ സമവാക്യം നിലമ്പൂരിൽ അട്ടിമറിക്കപ്പെടുമോയെന്നു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. ഫലത്തിൽ 2026ന്റെ സൂചനയും നിർണ്ണായകമാണ്.
21 നാള്‍ നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനും വേദിയായി മാറിയിരുന്നു. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചു കൊണ്ട് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയപ്പോൾ ഇരുമുന്നണികള്‍ക്കും ലഭിച്ച പിന്തുണ തര്‍ക്കം, നിലമ്പൂരിനെ കേരളത്തിന്റെ ചൂടുള്ള വിഷയമാക്കി മാറ്റിയിരുന്നു. വലത് കോട്ടയെന്ന് വിളിപ്പേരുള്ള നിലമ്പൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ സ്വന്തം ചിഹ്നത്തില്‍ മത്സരരംഗത്തിറങ്ങിയവര്‍ തന്നെ വിരളമാണ്. ആ അങ്കത്തട്ടിലേക്കായിരുന്നു എം സ്വരാജിന്റെ വരവ്.
നിലമ്പൂര്‍ മണ്ണിന്റെ ചൂരും ചൂടും അറിഞ്ഞ് വളര്‍ന്ന നാല് പതിറ്റാണ്ട് നിലമ്പൂര്‍ അടക്കിവാണ ആര്യാടന്‍ മുഹമ്മദിന്റെ മകനും നിലമ്പൂരുകാരുടെ ബാപ്പൂട്ടിക്കയുമായ ആര്യാടന്‍ ഷൗക്കത്ത് സ്വരാജിനും മുന്നേ ഗോദയിൽ റെഡി ആയി നിന്നിരുന്നു. കരുത്തന്മാരായ രണ്ട് നേതാക്കള്‍ ഇടതും വലതും നിന്ന് വിജയത്തിനായി ഒരുപോലെ പോരാടിയ നിലമ്പൂരിൽ പരാജിതനാകുന്നത് പിവി അൻവർ തന്നെയാകും എന്നതിൽ സംശയമില്ല. മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി മുന്നണികള്‍ നടത്തിയ പ്രചാരണത്തിൽ പത്താംക്ലാസുകാരന്‍ അനന്തുവിന്റെ മരണവും പന്നിക്കുവെച്ച കെണിയില്‍നിന്ന് ഷോക്കേറ്റുള്ള മരണവും ചര്‍ച്ചാവിഷയമായി. മലയോരകര്‍ഷകരുടെ ദുരിതത്തെച്ചൊല്ലിയുള്ള മുന്നണിപ്പോരും, പിന്നാലെ ജമാഅത്തെ ഇസ്ലാമി യുഡിഎഫിനും പിഡിപി എല്‍ഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചതും ചർച്ചകൾക്ക് എരിവുകൂട്ടി.
അൻവറിന്റെയും ബിജെപിയുടെ ജോർജിന്റെയും സ്ഥാനാർത്ഥിത്വം യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ നിലമ്പൂരിൽ വോട്ടുകൾ ഭിന്നിപ്പിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷ എൽ.ഡി.എഫിനുണ്ട്. നിലമ്പൂരിലെ ക്രിസ്ത്യൻ കുടിയേറ്റ കർഷകരുടെ പ്രതിനിധിയാണ് ജോർജ്. സ്വാഭാവികമായും ജോർജിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കുമെന്ന് ബി.ജെ.പിയും വിശ്വസിക്കുന്നുണ്ട്. മണ്ഡലത്തിൽ മുസ്‌ലിം, ക്രിസ്ത്യൻ വോട്ടുകൾക്ക് ഭൂരിപക്ഷമുള്ളതിനാലും പ്രിയങ്കാ ഗാന്ധി മണ്ഡലത്തിൽ വ്യാപകമായി പ്രചാരണം നടത്തിയതിനാലും തങ്ങളുടെ സ്ഥാനാർത്ഥി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
content summary: Nilambur By Election 2025