‘ലോക’: മലയാള സിനിമയുടെ മാറുന്ന മുഖം

മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന കിടിലനായൊരു സിനിമാറ്റിക് യൂണിവേഴ്‌സിനാണ് ദുല്‍ഖറും ഡൊമിനിക്കും ചേര്‍ന്ന് തുടക്കം കുറിച്ചിരിക്കുന്നത്‌

ലോക ചാപ്റ്റര്‍ 1 ചന്ദ്ര: അടിപൊളി പടമാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ‘ലോക’ എന്ന പേരില്‍ ഏറ്റവും ചുരുങ്ങിയത് നാല് ഭാഗങ്ങളായി പ്ലാന്‍ ചെയ്യപ്പെട്ടിട്ടുള്ള ദുല്‍ഖര്‍ സല്‍മാന്റെ ‘വേഫെയറര്‍ സിനിമാറ്റിക് യൂണിവേഴ്‌സ്’ സൂപ്പര്‍ ഹീറോ സിനിമാപരമ്പരയിലെ ആദ്യ അധ്യായമാണ് ലോക ചാപ്റ്റര്‍1 ചന്ദ്ര. 2017-ല്‍ ‘തരംഗം’ എന്ന സാമാന്യം ശ്രദ്ധിക്കപ്പെട്ട സിനിമയുമായി അരങ്ങേറിയ ഡൊമിനിക് അരുണിന്റെ ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രണ്ടാമത്തെ സിനിമയാണിത്. ഡൊമിനിക്കിനൊപ്പം ശാന്തി ബാലചന്ദ്രന്‍ കൂടി ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന കിടിലനായൊരു സിനിമാറ്റിക് യൂണിവേഴ്‌സിനാണ് ദുല്‍ഖറും ഡൊമിനിക്കും ചേര്‍ന്ന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചന്ദ്ര കണ്ടിറങ്ങുമ്പോള്‍ മനസ്സുറപ്പിച്ച് പറയാം.

സാങ്കേതിക മേഖലയില്‍ മലയാള സിനിമ കൈവരിച്ചു കഴിഞ്ഞ ഗംഭീരമായ വികാസത്തിന്റെ തിളങ്ങുന്ന അടയാളമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. നിമീഷ് രവിയുടെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും ജെയ്ക്‌സ് ബിജോയിയുടെ സംഗീതവും ബംഗ്ലന്റെ പ്രൊഡക്ഷന്‍ ഡിസൈനും ഒപ്പം ശബ്ദ രൂപകല്പനയും കളര്‍ ഗ്രേഡിങ്ങും ലൈറ്റിങ്ങും വസ്ത്രാലങ്കാരവും കലാ സംവിധാനവും എഫെക്റ്റ്‌സും ഉള്‍പ്പെടെ സാങ്കേതിക കലാ മേഖലകളില്‍ ലോക/ചന്ദ്ര പുലര്‍ത്തുന്ന മികവ് അന്യാദൃശമാം വിധം ശ്ലാഘനീയമാണ്. എന്നാല്‍ സാങ്കേതിക പൂര്‍ണത മാത്രമല്ല, സംവിധാന മികവും തിരക്കഥയുടെ ബലവുമാണ് ചന്ദ്രയുടെ വിജയത്തിന്റെ അടിത്തറ. ഹോളിവുഡ് സൂപ്പര്‍ ഹീറോ സിനിമകളുടെ പണക്കൊഴുപ്പിനും പ്രതിഭാ വിലാസത്തിനും മുമ്പില്‍ യാതൊരു താരതമ്യവും സാധ്യമല്ലെങ്കില്‍പ്പോലും വെറും മുപ്പത് കോടി രൂപയുടെ ബജറ്റില്‍ നിര്‍മിക്കപ്പെട്ട ചന്ദ്ര കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഇക്കാണുന്നത് മലയാള സിനിമ തന്നെയാണോ എന്ന് പ്രേക്ഷകന്‍ അതിശയിച്ചു പോകും. ഈ സിനിമാ പരമ്പര പൂര്‍ത്തിയാകുമ്പോഴേക്കും ഡൊമിനിക് അരുണ്‍ എന്ന റൈറ്റര്‍ ഡയറക്ടര്‍ നമ്മുടെ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ സ്വന്തം പേര് സ്വര്‍ണാക്ഷരങ്ങളില്‍ എഴുതിക്കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പിച്ച് പറയാം.

ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും നാടോടിക്കഥകളും ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരിക പാരമ്പര്യത്തിന്റെ ആധാരശിലകളാണ്. ഏത് പുരാണങ്ങളെയും അതിശയിപ്പിക്കുന്ന പുരാവൃത്തങ്ങളാല്‍ സമൃദ്ധമാണ് മലയാളിയുടെ പാരമ്പര്യവും. അനാദിയായ കാലത്തിന്റെ ഉച്ചിയില്‍ മുളപൊട്ടുന്ന അസംഖ്യം ഐതിഹ്യങ്ങള്‍ അപ്പൂപ്പന്‍ താടികള്‍ പോലെ പറന്ന് നടക്കുന്ന നമ്മുടെ ഗതകാല വ്യോമ പ്രദേശങ്ങളില്‍ നിന്ന് വാരിയെടുത്ത കുതൂഹലം നിറഞ്ഞ ഒരു പാട് കഥകളിലാണ് ഡൊമിനിക് തന്റെ വീരനായക സിനിമാ പ്രപഞ്ചത്തിന്റെ വേരുകള്‍ കണ്ടെത്തുന്നത്. സൂപ്പര്‍ ഹീറോ/സൂപ്പര്‍ ഗേള്‍ യൂണിവേഴ്‌സ് എന്ന ബ്രഹ്‌മാണ്ഡ സിനിമാറ്റിക് കോണ്‍സ്പ്റ്റ് താരതമ്യേനെ ദുര്‍ബലമായ മലയാളം ഇന്‍ഡസ്ട്രിയില്‍ സാധ്യമാക്കുക എന്ന അതീവ സാഹസികമായ ലക്ഷ്യത്തിലേക്ക് ലോക എന്ന സിനിമാ സമുച്ചയത്തെ പിടിച്ചുയര്‍ത്തുന്നത് തിരക്കഥ വേരാഴ്ത്തുന്ന മണ്ണിന്റെ ഈ ആഴം തന്നെയാണ്.

കള്ളിയങ്കാട്ട് നീലി എന്ന പ്രസിദ്ധമായ യക്ഷി സങ്കല്പമാണ് ചന്ദ്രയുടെ കഥാപാത്രനിര്‍മിതിയുടെ ഉറവയായി ഉപജീവിച്ചിരിക്കുന്നത്. തിരുവിതാംകൂറിലെ നാടോടിക്കഥകളിലും തെക്കന്‍ പാട്ടുകളിലും വില്ലടിച്ചാന്‍പാട്ടുകളിലും നിറഞ്ഞു നില്‍ക്കുന്ന ഭീകര സുന്ദരിയാണ് കള്ളിയങ്കാട്ട് നീലി. ആരേയും മയക്കുന്ന വശ്യസൗന്ദര്യത്തില്‍ നാട്ടിലെ ചെറുപ്പക്കാരേയും വൃദ്ധരേയും ഒരുപോലെ മോഹിപ്പിച്ചു വശീകരിച്ചു കൊണ്ടുപോയി മാറുപിളര്‍ന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഉഗ്രരൂപമുള്ള യക്ഷിയായാണ് നീലി പഴയ തിരുവനന്തപുരത്തിന്റെ വാമൊഴികളിലും ഐതിഹ്യങ്ങളിലും അറിയപ്പെട്ടിരുന്നതെങ്കില്‍, ഫ്യൂഡല്‍-നാട്ടുരാജ- ജാതീയ-വരേണ്യ തേര്‍വാഴ്ചകളോട് വീറോടെ പൊരുതുന്ന കീഴാള സ്ത്രീത്വത്തിന്റെ വീര്യത്തിന്റെയും ചെറുത്തുനില്‍പിന്റെയും പ്രതിനിധാനമാണ് നീലിയെന്ന് ചരിത്രത്തിന്റെ സബാള്‍ട്ടേണ്‍ പുനര്‍വായനകള്‍ ബോധ്യപ്പെടുത്തുന്നു. നീലിയുടെ കഥയുടെ ഹൊറര്‍, പ്രണയം, കോമഡി മിക്‌സാണ് മഹാനടന്‍ ജഗതി ശ്രീകുമാറിന്റെ പിതാവും നാടകാചാര്യനുമായ ജഗതി എന്‍ കെ ആചാരിയുടെ രചനയില്‍ മധുവിനെയും ജയഭാരതിയെയും പ്രധാന താരങ്ങളാക്കി പഴയ കാല ഹിറ്റ് മേയ്ക്കര്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കള്ളിയങ്കാട്ടു നീലി എന്ന 1969-ലിറങ്ങിയ ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമ. ബിച്ചു തിരുമല-ശ്യാം-എസ് ജാനകി കോംബോയില്‍ രൂപം കൊണ്ട ‘നിഴലായ് ഒഴുകിവരും ഞാന്‍ യാമങ്ങള്‍ തോറും’ എന്ന സുപ്രസിദ്ധമായ പ്രേത ഗാനം
ഈ ചിത്രത്തിലേതാണ്. എന്നാല്‍ ഹൊറര്‍ എലമെന്റിന് പകരം നീലിയുടെ അമാനുഷിക സിദ്ധികളും കരുത്തും ആണ് ചന്ദ്രയുടെ നിര്‍മിതിയില്‍ ഡൊമിനിക് കടം കൊള്ളുന്നത്. സൂപ്പര്‍ ഗേള്‍ സിനിമ എന്ന നിലയ്ക്ക് നായിക മാത്രമല്ല നായക/പ്രതിനായക തലങ്ങളില്‍ ഒരു പോലെ അമാനുഷിക, അതിമാനുഷിക കഥാപാത്രങ്ങളുടെ ഒരു വിസ്മയ സഞ്ചയം തന്നെയാവും ലോക എന്ന് ചന്ദ്ര ഇന്‍സ്റ്റാള്‍മെന്റ് പറഞ്ഞു വെക്കുന്നു. ഒന്നുകൂടെ കൃത്യമായി പറഞ്ഞാല്‍ വരാന്‍ പോകുന്ന വമ്പിച്ച വിസ്മയക്കാഴ്ചകളുടെ കൊതിപ്പിക്കുന്ന തിരനോട്ടമാണ് ചന്ദ്ര. ഇതേ ഊറ്റത്തില്‍ തുടര്‍ സ്‌ക്രിപ്റ്റുകള്‍ രൂപപ്പെടുകയാണെങ്കില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നാല് ഭാഗങ്ങള്‍ക്കുമപ്പുറം, മാര്‍വെലും ഡിസിയും പോലെ ബൃഹത്തായൊരു സിനിമാ പ്രപഞ്ചത്തിന്റെ സാധ്യത പോലും ലോകയ്ക്ക് മുമ്പിലുണ്ടെന്ന് സാരം.

സിനിമയിലേക്ക് വരികയാണെങ്കില്‍, തിന്മയെ തടുക്കുകയും ദുര്‍ബലര്‍ക്കും നിസ്സഹായര്‍ക്കും രക്ഷാ കവചമാകുകയും ചെയ്യുകയെന്നതാണ് അടിസ്ഥാനപരമായി നീലിയുടെ മിഷന്‍. നീലിയുടെ പ്രസന്റ് വേര്‍ഷന്‍ ആയ ചന്ദ്ര സ്വീഡനില്‍ ഒരു മിഷന്‍ പൂര്‍ത്തീകരിച്ച ശേഷം ബാംഗ്ലൂരില്‍ അടുത്ത ജീവിതം ആരംഭിക്കുന്നിടത്താണ് പടം ആരംഭിക്കുന്നത്. ഈ സ്വീഡന്‍ റഫറന്‍സ് മുതല്‍ ചന്ദ്രയുടെ സൂപ്പര്‍ നാച്വറല്‍ ടീമിന്റെ സെര്‍വറിനും ബെയ്‌സ്‌മെന്റിനുമൊക്കെ നല്‍കിയ ‘സ്റ്റാര്‍ വാര്‍സ്’ ശൈലിയിലുള്ള രൂപകല്പനയില്‍ വരെ പടത്തിന് ഒരു ഇന്റര്‍നാഷനല്‍ അപ്പീല്‍ നല്കുവാനുള്ള സംവിധായകന്റെ അഭിവാഞ്ജ പ്രകടമാണ്. ഇക്കാര്യത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗളന്റെ സംഭാവനകള്‍ എടുത്ത് പറഞ്ഞേ മതിയാകൂ. ചന്ദ്രയുടെ റോളില്‍ മിന്നുന്ന പ്രകടനമാണ് കല്യാണിയുടേത്. സാധാരണ ഗതിയില്‍ നിര്‍മമത്വവും മിഷന്‍ സീക്വന്‍സുകളില്‍ രൗദ്രതയും പുലര്‍ത്തുന്ന കഥാപാത്രമാണ് ചന്ദ്രയുടെത്. അത് അങ്ങനെത്തന്നെ ഉള്‍ക്കൊള്ളുവാന്‍ കല്യാണിയ്ക്ക് സാധിച്ചു. യാനിക് ബെന്നിന്റെ ആക്ഷന്‍ കൊറിയോഗ്രാഫിയുടെ ചടുലത ഉശിരോടെ പകര്‍ത്തിയെടുക്കുന്നതിലും കല്യാണി മിടുക്ക് കാട്ടി. കല്യാണിയ്ക്ക് സമാന്തരമായി മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് ഡാന്‍സ് കൊറിയോഗ്രാഫര്‍ കൂടിയായ അഭിനേതാവ് സാന്‍ഡി മാസ്റ്ററാണ്. ‘ലിയോ’യിലെ ചോക്‌ളേറ്റ് കോഫി സീനില്‍ ടെറര്‍ സൃഷ്ടിച്ച സാന്‍ഡി മാസ്റ്റര്‍, അതേ മികവ് ചന്ദ്രയിലും ആവര്‍ത്തിക്കുന്നു. സാന്‍ഡിയുടെ ഗ്യാങ്ങില്‍ വരുന്ന കഥാപാത്രമായി ശരത് സഭയ്ക്കും നല്ല ബ്രേക്കാണ് ചന്ദ്രയില്‍ ലഭിച്ചത്.

ബാംഗ്ലൂരില്‍ രഹസ്യ ജീവിതം നയിക്കുന്ന ചന്ദ്രയുടെ എതിര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഫ്രീക്കന്മാരുടെ ഗ്യാങ്ങില്‍ ഉള്‍പ്പെടുന്നവരാണ് നസ്ലന്റെ കഥാപാത്രം സണ്ണിയും ചന്തു സലിംകുമാറിന്റെ വേണുവും അരുണ്‍ കുര്യന്റെ നൈജിലും. സണ്ണിയ്ക്ക് ചന്ദ്രയോട് തോന്നുന്ന ഇന്‍ഫാച്യുവേഷന്‍, സവിശേഷമായ ഒരു റിലേഷന്‍ഷിപ്പായി വികസിക്കുന്ന മുറയ്ക്കാണ് ചന്ദ്രയുടെ വ്യക്തിപരമായ വിശദാംശങ്ങളും ജീവചരിത്രവും വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളും ക്രമാനുഗതമായി പ്രേക്ഷകന് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഒരു സൂപ്പര്‍ ഗേളിനെ പ്രാഥമികമായി മലയാളി ഓഡിയന്‍സിന് കണ്‍വിന്‍സിങ്ങാവുന്ന വിധത്തില്‍ ഘട്ടം ഘട്ടമായി അവതരിപ്പിക്കുവാനും ലാര്‍ജര്‍ ദാന്‍ ലൈഫ് ആയി പടത്തിന്റെ ടെമ്പോ ഏത് തലത്തിലേക്ക് ഉയര്‍ത്തുമ്പോഴും അടിസ്ഥാന സന്തുലിതത്വം നിലനിര്‍ത്തുവാനും നസ്ലന്റെയും കൂട്ടുകാരുടെയും ലൈറ്റും ഹ്യുമറസും ആയ, അതേ സമയം ഭയത്തിന്റെയും ആകാംക്ഷയുടെയും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും അരങ്ങായ കെയര്‍ ഫ്രീ ബോയ്‌സ് ഗാങ് എന്ന സങ്കേതത്തെയും അവരുടെ പൊട്ടിച്ചിരിപ്പിക്കുന്ന ഡയലോഗുകളെയും വളരെ ഫലപ്രദമായി സംവിധായകന്‍ പ്രയോജനപ്പെടുത്തുന്നു. പല കാലങ്ങളില്‍ പല ദേശങ്ങളില്‍ ജീവിച്ചു പോന്ന, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനിച്ച, ഒരിക്കലും മരിക്കാത്ത അമാനുഷിക സ്ത്രീയാണ് ലോക എന്ന് തിരിച്ചറിയുന്നതിന് മുമ്പുള്ള ചാപല്യങ്ങളിലും പിന്നീടുള്ള ഭയം കലര്‍ന്ന പ്രണയഭാവങ്ങളിലും മറ്റൊരാളെ സങ്കല്‍പ്പിക്കാനാകാത്തത്ര മികവോടെ മികച്ച പ്രകടനമാണ് നസ്ലന്റെത്. ഇതുവരെ കണ്ട ഇനാക്റ്റീവ് ആയ പ്രകടനങ്ങളില്‍ നിന്ന് ഭിന്നമായി, അച്ഛന്റെ ഡയലോഗ് ഡെലിവറിയുടെ അനുകരണവും അത് പകരുന്ന ഊര്‍ജവും ഉപയോഗപ്പെടുത്തി സലിംകുമാര്‍ പോക്കറ്റ് എഡിഷനായി ചന്തുവും കൈയടി നേടുന്നു.

അവയവക്കച്ചവട റാക്കറ്റാണ് പടത്തില്‍ ചന്ദ്രയുടെ എതിരാളികളായി ആദ്യം പ്രത്യക്ഷപ്പെടുന്നത്. പടത്തിന്റെ ആദ്യ പകുതിയില്‍, തിരക്കഥയുടെയും സംവിധാനത്തിന്റെയും കെട്ടുറപ്പിന്റെ അസാമാന്യമായ ആകര്‍ഷണ വലയത്തില്‍ പ്രേക്ഷകനെ അപ്പാടെ കെട്ടിയിട്ടുകളയുന്നു. വളരെ വളരെ ഗ്രിപ്പിങ് ആയി മുന്നോട്ട് പോകുന്ന പടം, ഇടവേള വരെ പ്രേക്ഷകന് ഇനിയെന്ത് എന്നതിന്റെ ഒരു ക്ലൂ പോലും നല്‍കുന്നില്ല. ഇന്റര്‍വെല്‍ കഴിഞ്ഞ് ആദ്യത്തെ കുറച്ച് സമയം ഒരല്‍പം മൂര്‍ച്ച കുറയുന്നുണ്ട്. എന്നാല്‍ ഒരു പ്രധാന കഥാപാത്രത്തിനുണ്ടാകുന്ന അപ്രതീക്ഷിതമായ പരിണാമം കഥയുടെ സ്വഭാവവും പ്രമേയ ഗതിയും അപ്പാടെ മാറ്റിമറിക്കുകയാണ്. അവസാന അര മണിക്കൂറും മിഡ്-എന്‍ഡ് ക്രെഡിറ്റ് സീനുകളും (ക്രെഡിറ്റ്‌സ് മുഴുവന്‍ കാണിച്ചു കഴിയാതെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കരുത്) വരാന്‍ പോകുന്ന വലിയ അത്ഭുതങ്ങളിലേക്ക് പ്രേക്ഷക ശ്രദ്ധ ക്ഷണിക്കുന്നു. വടയക്ഷികളും ചാത്തന്മാരും രക്തദാഹികളായ വാമ്പയറുകളും രക്ഷകരായ അതിമാനുഷരും അതിപ്രാചീനമായ ഐതിഹ്യങ്ങളും അത്യാധുനികമായ വൈറോളജിയുമെല്ലാം കൂടിക്കലര്‍ന്ന അതി സങ്കീര്‍ണ്ണവും അത്യത്ഭുതകരവുമായ ഒരു ലോകമാണ് ലോകയുടെ വരും ഇന്‍സ്റ്റാള്‍മെന്റുകളില്‍ കാത്തിരിക്കുന്നതെന്ന് ചാപ്റ്റര്‍ വണ്‍ ചന്ദ്ര വിളിച്ചോതുന്നു.

നസ്ലന്‍ ബോധമറ്റ് വീഴുന്ന രണ്ട് രംഗങ്ങളുണ്ട് പടത്തില്‍. ഒന്ന് പക്കാ തമാശയും മറ്റേത് തീര്‍ത്തും സീരിയസുമാണ്. ഇതിലെ തമാശ രംഗത്ത് വീഴുന്ന ദൃശ്യത്തിന് പകരം ആഫ്റ്റര്‍ ദി സീക്വന്‍സ് ആയി വരുന്ന ശബ്ദത്തെയാണ് സംവിധായകന്‍ ആശ്രയിക്കുന്നത്. പ്രത്യക്ഷമായ കാഴ്ചയെക്കാള്‍ ഭാവനാധിഷ്ഠിതമായ ആ ശബ്ദമാണ് കൂടുതല്‍ ചിരിയുയര്‍ത്തുക എന്ന് കൃത്യമായി നടത്തിയ തിരിച്ചറിവില്‍ മുദ്രിതമാണ് ഡൊമിനിക് അരുണ്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റും പ്രതിഭയും. ചന്ദ്രയിലെ മിന്നുന്ന കാമിയോകള്‍ കൂടി പൂര്‍ണ രൂപങ്ങളിലേക്ക് വികസിക്കുന്നതോടെ ലോകയുടെ തുടരധ്യായങ്ങളില്‍ അയാള്‍ വലിയ മായാജാലങ്ങള്‍ തീര്‍ക്കുമെന്നുറപ്പാണ്. അതിന്റെ തിളങ്ങുന്ന പ്രാരംഭമായ ചന്ദ്ര, തിയേറ്ററുകളില്‍ നിന്ന് തന്നെ കണ്ട് ആസ്വദിക്കുക! Lokah chapter 1 Chandra; Malayalam movie review 

Content Summary; Lokah chapter 1 Chandra; Malayalam movie review

കെ സി ഷൈജല്‍

എഴുത്തുകാരൻ, ചലച്ചിത്ര നിരൂപകൻ, വിവർത്തകൻ

More Posts

കെ സി ഷൈജല്‍: എഴുത്തുകാരൻ, ചലച്ചിത്ര നിരൂപകൻ, വിവർത്തകൻ
Related Post
Leave a Comment