ലോട്ടറി അടിക്കുന്നതും ഒറ്റരാത്രികൊണ്ട് കോടീശ്വരനാകുന്നതും എല്ലാവരും കാണുന്നൊരു മനോഹര സ്വപ്നമായിരിക്കും. എന്നാല്‍ പത്ത് മില്യണ്‍ പൗണ്ടിലധികം (ഏകദേശം 100 കോടിയിലധികം രൂപ) മൂല്യമുള്ള ജാക്ക്‌പോട്ട് അടിക്കുകയും, എന്നാല്‍ സമയപരിധി അവസാനിച്ചുപോയതോടെ തുക കൈപറ്റാതെ വരികയും ചെയ്താല്‍ പിന്നെ ജീവിതം മുഴുവന്‍ ഒരു ദുസ്വപ്നമായി മാറിപ്പോകും.
തെക്ക്-കിഴക്കന്‍ ലണ്ടനില്‍ നിന്നാണ് ഇങ്ങനെയൊരു വാര്‍ത്ത. നാഷണല്‍ ലോട്ടറി വിജയികള്‍ക്ക് തങ്ങളുടെ സമ്മാനത്തുക അവകാശപ്പെടാന്‍ 180 ദിവസത്തെ സമയമാണ് ലഭിക്കുന്നത്. ഈ സമയപരിധി കഴിഞ്ഞാല്‍ അവര്‍ക്ക് തുക ലഭിക്കാന്‍ യാതൊരു അര്‍ഹതയുമുണ്ടാവില്ല. ‘വിപുലമായ തിരച്ചില്‍’ നടത്തിയിട്ടും, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 4-ന് ബെക്‌സ്ലിയില്‍ നിന്ന് വാങ്ങിയ 10.6 മില്യണ്‍ പൗണ്ട് സമ്മാനമടിച്ച ലോട്ടോ ടിക്കറ്റിന് സാധുവായ അവകാശവാദങ്ങളൊന്നും ലഭിച്ചില്ലെന്ന് നാഷണല്‍ ലോട്ടറി അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയോടെ ഇതിനുള്ള സമയപരിധി അവസാനിച്ചു. ഇതോടെ ബെക്‌സ്ലിയിലെ ആ ‘കോടീശ്വരന്‍’ വെറുംകൈയോടെ മടങ്ങേണ്ടി വന്നു. ഈ വന്‍തുക ഇനി ലോട്ടറി പിന്തുണയ്ക്കുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഇത്രയും വലിയൊരു ജാക്ക്‌പോട്ട് തുക ആരും അവകാശപ്പെടാതെ പോകുന്നത് അപൂര്‍വമാണെന്ന് നാഷണല്‍ ലോട്ടറി നടത്തിപ്പുകാരായ ഓള്‍വിന്‍ പറഞ്ഞു. സാധാരണയായി ചെറിയ തുകകളാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ പോകാറുള്ളതെന്നും ഇത്ര വലിയ തുക ക്ലെയിം ചെയ്യപ്പെടാത്തത് അസാധാരണമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 3.2 മില്യണ്‍ പൗണ്ടിലധികം മൂല്യമുള്ള അഞ്ച് ‘മേജര്‍’ ലോട്ടറി സമ്മാനങ്ങളാണ് ഇത്തരത്തില്‍ അവകാശികളെ കാത്തിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം യൂറോ മില്യണ്‍സ് അല്ലെങ്കില്‍ ലോട്ടോ ടിക്കറ്റുകളിലൂടെ ലഭിച്ച ഒരു മില്യണ്‍ പൗണ്ട് വീതമുള്ള സമ്മാനങ്ങളാണ്.
ബെക്‌സ്ലിയിലെ ആ നിഗൂഢ കോടീശ്വരന് വേണ്ടിയുള്ള വ്യാപകമായ തിരച്ചിലിന് ഒടുവില്‍, ടിക്കറ്റ് ഉടമ സമ്മാനത്തുക കൈപ്പറ്റാന്‍ എത്തിയില്ലെന്നും ജീവിതം തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ആ തുക അവര്‍ക്ക് നിര്‍ഭാഗ്യവശാല്‍ നഷ്ടമായെന്നും ഓള്‍വിനിലെ സീനിയര്‍ വിന്നേഴ്‌സ് അഡൈ്വസറായ ആന്‍ഡി കാര്‍ട്ടര്‍ സ്ഥിരീകരിച്ചു. ടിക്കറ്റ് ഉടമയ്ക്ക് ഒട്ടും ആശ്വാസം നല്‍കാത്ത വാക്കുകളാണെങ്കിലും, ഈ പണം ഇനി നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും നാഷണല്‍ ലോട്ടറി ഫണ്ട് ചെയ്യുന്ന പദ്ധതികള്‍ക്കായി ഓരോ ആഴ്ചയും ശേഖരിക്കപ്പെടുന്ന 33 മില്യണ്‍ പൗണ്ടിനോടൊപ്പം ഈ തുകയും ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെക്‌സ്ലി മേഖലയിലുള്ള കമ്മ്യൂണിറ്റി ആര്‍ട്‌സ് സംഘടനയായ ‘എക്സ്ചേഞ്ച് എറിത്ത്’, ഭിന്നശേഷിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കുന്ന ‘യു ആന്‍ഡ് മി ഹാപ്പി ഫാമിലി ചില്‍ഡ്രന്‍സ് ഡിസബിലിറ്റി ട്രസ്റ്റ്’ തുടങ്ങിയ നിരവധി പദ്ധതികളെ ലോട്ടറി ഫണ്ട് നിലവില്‍ പിന്തുണയ്ക്കുന്നുണ്ട്. ഇത്തരം ജനക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കാകും ഇനി ഈ തുക എത്തിച്ചേരുക.
Content Summary: London national lottery jackpot winner misses out on £10.6m expires after 180-day claim period
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.