യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം. ലോസ് ആഞ്ചലസിലുടനീളം ട്രംപ് സൈനിക വലയം തീർത്തിരിക്കുകയാണെന്നും ജനാധിപത്യം ആക്രമണത്തിനിരയാവുകയാണെന്നും ഗാവിൻ ന്യൂസോം ആരോപിച്ചു. അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം തുടരുന്ന നടപടികളിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചലസിൽ ആളിപ്പടരുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഗാവിൻ ന്യൂസോമിന്റെ പ്രതികരണം.
ട്രംപിന്റെ കുടിയേറ്റ നടപടികൾ അനധികൃത കുടിയേറ്റക്കാരെ മാത്രമല്ല ലക്ഷ്യമിടുന്നതെന്നും രാജ്യത്ത് ദിവസേവേതനത്തിനായി പണിയെടുക്കുന്ന സാധാരണക്കാരെയും ബാധിക്കുന്നുവെന്ന് ഗാവിൻ ന്യൂസോം പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പാത്രം കഴുകുന്നവർ, തോട്ടക്കാർ, തയ്യൽക്കാർ തുടങ്ങിയ സാധാരണ തൊഴിലാളികളെ മുഴുവനായും തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് ട്രംപ് ഭരണകൂടം നടത്തുന്നതെന്നും ഗാവിൻ ന്യൂസോം പറഞ്ഞു.
വൈറ്റ് ഹൗസുമായുള്ള സംഘർഷങ്ങൾ രൂക്ഷമായതോടെ, യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാർ നിരപരാധികളായവരെ കൂടി കസ്റ്റഡിയിലെടുക്കുകയാണ്. ഒമ്പത് മാസം ഗർഭിണിയായ ഒരു യുസ് പൗരയായ സ്ത്രീയെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. മാത്രമല്ല, സ്കൂളുകൾക്ക് സമീപം ഐസിഇയുടെ അടയാളമില്ലാത്ത കാറുകൾ ഉപയോഗിക്കുകയും ചെയ്തു, ന്യൂസോം പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തൻ്റെ അനുവാദമില്ലാതെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന് നാഷണല് ഗാര്ഡുകളെ ലോസ് ഏഞ്ചല്സിൽ വിന്യസിച്ചതിനെക്കുറിച്ചും ഗാവിൻ ന്യൂസോം പറഞ്ഞു. ട്രംപിന്റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ ഇത് മറ്റ് സംസ്ഥാനങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും പറഞ്ഞു. കാലിഫോർണിയ ട്രംപിന്റെ ആദ്യത്തെ ലക്ഷ്യമായിരിക്കാം, എന്നാൽ ഇത് ഇവിടെ അവസാനിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ന്യൂസോം കൂട്ടിച്ചേർത്തു.
പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ലോസ് ആഞ്ചലസിൽ പ്രാദേശിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോസ് ആഞ്ചലസ് മേയർ കാരൻ ബാസിന്റേതാണ് പ്രഖ്യാപനം. ഐസിഇയുടെ റെയ്ഡുകൾ അവസാനിപ്പിച്ചാൽ മാത്രമേ പ്രതിഷേധം അവസാനിക്കുകയുള്ളൂവെന്ന് മേയർ അറിയിച്ചു. പ്രക്ഷോഭത്തെ തുടർന്ന് കാലിഫോർണിയയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
അനധികൃത കുടിയേറ്റകാകരെ അടിച്ചമർത്താൻ 4000ത്തോളം സുരക്ഷാ അംഗങ്ങളെയാണ് നഗരത്തിൽ വിന്യസിപ്പിച്ചത്. കുടിയേറ്റക്കാർക്ക് എതിരെയുള്ള ഭരണകൂട ആക്രമണം കനത്തതോടെയാണ് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. ഇതോടെ ഫെഡറൽ സർക്കാരും കാലിഫോർണിയൻ നേതാക്കളും തമ്മിലുള്ള സംഘർഷവും വർദ്ധിക്കുകയായിരുന്നു. ഫെഡറൽ സർക്കാർ കുടിയേറ്റക്കാർക്കെതിരെ നടത്തിയ റെയ്ഡുകൾ ദിവസ വേതനക്കാരായ തൊഴിലാളികളെ കാര്യമായി ബാധിച്ചിരുന്നു. കൂടാതെ നഗരത്തെയാകെ സ്തംഭനാവസ്ഥയിലാക്കുകയും ചെയ്തു. 1965ന് ശേഷം ഇതാദ്യമായാണ് ഗവർണറുടെ അനുമതിയില്ലാതെ ഒരു പ്രസിഡന്റ് നാഷണൽ ഗാർഡിനെ വിന്യസിപ്പിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡരൽ ഗവൺമെന്റിന്റെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചൽസിൽ പ്രതിഷേധം കനക്കുന്നത്. ശനിയാഴ്ച ലോസ് ആഞ്ചൽസിലെ പാരാ മൗണ്ടിൽ ആരംഭിച്ച പ്രതിഷേധമായിരുന്നു സംഘർഷത്തിലേക്ക് വഴി മാറിയത്. ട്രംപ് നാഷണൽ ഗാർഡിനെ ഇറക്കിയതോടെ പ്രതിഷേധം കൂടുതൽ രൂക്ഷമായി.
Content Summary: los angeles protest; Gavin Newsom says Trump is destroying U.S democracy
This post was last modified on June 11, 2025 12:51 pm
Leave a Comment